ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 1 March 2011

സസി എന്നും സസ്യന്നെ!!

ശശി എന്ന് പേരുള്ളവനൊക്കെ ഇപ്പോള്‍ അങ്ങാടിയിലൂടെ നടക്കാന്‍ വയ്യാതായ കാലമാണ്.
ചിലര്‍ തലയില്‍ മുണ്ടിട്ടു നടക്കുന്നു, ചിലര്‍ പേര് മാറ്റാന്‍ ഗസറ്റില്‍ പരസ്യം ചെയ്തു കാത്തിരിക്കുന്നു.
പ്രണയസമ്മാനമായി പ്രിയകാമുകിക്ക് ആരാന്റെ വിയര്‍പ്പിന്റെ ഓഹരി കൊടുത്തത് നാട്ടാരറിഞ്ഞപ്പോഴാണ് ദല്‍ഹി നായരായ ഒരു ശശി കുടുങ്ങിയത്. ഭാവിയില്‍ കാബിനെറ്റ്‌ റാങ്കിലേക്ക് ഉയരുമായിരുന്ന ഒരു കേന്ദ്രമന്ത്രി സ്ഥാനവും കൊണ്ടാണ് ആ രാഷ്ട്രീയസുനാമി പോയത്. ഫ്ലൈറ്റിലെ പാവപ്പെട്ടവന്റെ ഇകോണമി ക്ലാസ്സിനെ കന്നുകാലി ക്ലാസ്സെന്നു വിളിച്ചപ്പോഴും നെഹ്‌റു കുടുംബത്തെക്കുറിച്ച് മോശമാക്കി എഴുതിയപ്പോഴും മന്ത്രിവസതി വെടിഞ്ഞു പഞ്ചനക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞപ്പോഴും അമേരിക്കന്‍ സ്റ്റൈലില്‍ ദേശീയ ഗാനത്തിന് പോസ് ചെയ്തപ്പോഴും ജനം ഒരു വിവരമുള്ള മനുഷ്യനല്ലേ എന്ന് വെച്ച് വെറുതെ വിട്ടതായിരുന്നു. ഇപ്പോള്‍ കാശിനു ക്ലാസ്സെടുത്തും പ്രസംഗിച്ചും ട്വീറ്റിയും പുത്തകമെഴുതിയും ജീവിക്കുന്നു പാവം. അതിനിടക്ക് അഴിമതിയുടെ റെക്കോര്‍ഡ്‌ ഭേദിച്ച് രാജ്യത്തെ നാണം കെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രചാരണത്തിന് മോഡല്‍ ആയി ദുഫായില്‍ പോയി രണ്ടു മൂന്നു ദിവസം ഇരുന്നതിന് പതിമൂന്നര ലക്ഷം എഴുതി വാങ്ങിച്ചത്രേ ഈ ശശി.   ന്റെ സസ്യേ...!!

                    
       മറ്റൊരു ശശി മാവിലായിക്കാരനാണ്. അങ്ങേരുടെ പേര് കേള്‍ക്കാത്ത ഒരു
മാഫിയ പരിപാടിയും ഇപ്പോള്‍ നാട്ടിലില്ല. തെറ്റിദ്ധരിക്കരുത്, നമ്മുടെ സിനിമാ സ്ടണ്ടുകാരന്‍ മാഫിയാ ശശിയല്ല. ഇത് പാര്‍ട്ടിയുടെ ഈറ്റില്ലവും പോറ്റില്ലവുമായ കണ്ണൂരിലെ സെക്രട്ടറി ആയിരുന്ന മഹാന്‍,
മഹാകവി ജി സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉശിരന്‍ സഖാവ്‍. ഉശിരെല്ലാം നാട്ടിലെ പാവപ്പെട്ട യൂത്ത്‌ സഖാക്കളുടെ കെട്ടിയോളുമാരുടെ നേരെയാണ് കാലങ്ങളായി സഖാവ് കാണിച്ചിരുന്നതെന്നാണ് പരമ രഹസ്യം. പരസ്യപ്പെടുത്തിയാല്‍ പാര്‍ട്ടി ഊര് വിലക്കാനും പറമ്പിലെ തേങ്ങയും അടക്കയും ചാക്കിലാക്കി കൊണ്ട്പോകാനും സാധ്യതയുള്ളതിനാല്‍ എല്ലാവരും മൌനത്തിലാണ്. മണിക്കൂറിടവിട്ടു ചാനലിലൂടെ പുറത്തേക്കു നാവിട്ടലക്കുന്ന അഭിനവ സദാചാര അവതാരങ്ങളും അബ്ദുള്ളക്കുട്ടിയെ ഒതുക്കാനിറങ്ങി കളസം കീറിയ കുട്ടിസഖാക്കളുടെ നവശ്രീരാമസേനയും വരെ ഒന്നും  വിട്ടു പറയുന്നില്ല. നേതാവിന്റെ കഴുത്തിലെ ഞരമ്പിനാണ് സൂക്കേടെന്നാണ് പാര്‍ട്ടി ഭാഷ്യം. രോഗം ആ ഞരമ്പിനല്ലെന്നു പാര്‍ട്ടിയിലെ ചില പ്രാദേശിക യുവനേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടത്രേ. നാട്ടിലെ പെണ്ണ് കേസും കളള് കേസും തുടങ്ങി സകലമാന മാഫിയാ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ഒതുക്കി തീര്‍ക്കലായിരുന്നത്രെ ഈ ശശിയുടെ ഒരു കാലത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വാട്ടര്‍ ലൂ ആയി മാറിയ മലപ്പുറത്തെ സമ്മേളന വേദിയിയിലിരുന്നു മഹിളാസംഘത്തിലെ തരുണീമണികള്‍ക്ക് ചൂടന്‍ എസ് എം എസ് അയച്ചു കളിച്ച വേറൊരു സഖാവുണ്ടായിരുന്നു. അന്ന് ശശി സംസ്ഥാന സമിതിയിലേക്ക് മത്സരിക്കാന്‍ സ്റ്റേജിന്റെ  പിന്നാമ്പുറത്തേക്ക് പോയതിനാല്‍ അവര്‍ രക്ഷപ്പെട്ടു. ഇനി കത്ത് പാട്ടുണ്ടാക്കി ഫോട്ടോകോപ്പിയെടുത്തു ഒന്ന്  പാര്‍ട്ടി സെക്രട്ടറിക്കും മറ്റൊന്ന് പത്രക്കാര്‍ക്കും പോസ്റ്റ് ചെയ്തു ധാരകോരാന്‍ പോയിരിക്കുകയാണ് ഈ ശശി.
ഏതായാലും പ്രജകള്‍ക്കു ഒന്നേ പറയാനുള്ളൂ.
" സസി എന്നും സസ്യന്നെ! "                 

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...