ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 1 March 2011

മന്ത്രി ഭരണം മക്കള്‍ വക -പാര്‍ട്ടി തിരക്കിലാണ്.....
 പോണ പോക്കില്‍ ഉമ്മറത്തെ കഴുക്കോല്‍ വരെ ഊരിക്കൊണ്ട് പോകുന്ന തിരക്കിലാണ് പാര്‍ട്ടി. ഇനി അടുത്ത അഞ്ചു കൊല്ലത്തേക്ക് ജീവിച്ചു പോകാനുള്ള ആസ്തി ഉണ്ടാക്കിയിടണം. പഴയ പോലെ ഹുണ്ടിക പിരിച്ചൊന്നും കിട്ടുന്ന ചില്ലറപ്പൈസ കൊണ്ട് ജീവിച്ചു പോകാന്‍ കഴിയുന്ന ഒരു അവസ്ഥയിലല്ല തലപ്പത്തുള്ള സഖാക്കള്‍. ഷേവ്‌ ചെയ്തതിന്റെ കൂലിയായി രണ്ടണ കൊടുക്കാനില്ലാത്തത് കൊണ്ട് മാനം പോയ കൃഷ്ണപിള്ളയുടെ അനന്തരക്കാര്‍ ഒറ്റക്കൊറ്റക്കു ഓരോ മിനി കോര്‍പറേറ്റ് ആയി മാറിയിരിക്കുന്നു. നേരിട്ടും ബിനാമിയായും ഇവര്‍ നടത്തുന്ന ഇടപാടുകള്‍ കണ്ടു നാട്ടിന്‍പുറത്തെ പാവം സഖാക്കള്‍ കണ്ണും തള്ളിയിരിക്കുകയാണ്. ഇത്തവണ കമ്മ്യുണിസ്റ്റ്‌ കള്ളന്മാര്‍ മികച്ച ആസൂത്രണത്തോടെയാണ് ഭരണത്തിലേറിയത്. മോഷണം നേരെ ചൊവ്വേ നടത്താന്‍ മീഡിയ ഇങ്ങനെ കണ്ണ് തുറന്നിരിക്കുന്ന കാലത്ത് വലിയ പ്രയാസമാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം അനന്തരമായി രക്തത്തില്‍ അലിഞ്ഞു കിട്ടിയ മക്കളെ വെച്ചാണ് കളി. അതില്‍ ലീഡര്‍ഷിപ്‌ നല്‍കുന്നത് കള്ളന്മാരുടെ നേതാവ് പെരുങ്കള്ളന്‍ എന്ന് പറയുന്നത് പോലെ മന്ത്രിമാരുടെ മുഖ്യന്‍ മുഖ്യമന്ത്രി തന്നെ.പ്രതിപക്ഷത്തിരിക്കുമ്പോഴേ അങ്ങേര്‍ ഐ ടി രംഗത്തുണ്ടായിരുന്ന തന്റെ മകനെ മുന്നില്‍ വെച്ചാണ് തീവെട്ടിക്കൊള്ള തുടങ്ങിയത്. ഐ ടി വകുപ്പിന്റെ പ്രൊജക്റ്റ്‌ ഓരോന്നും ഇടനിലക്കാരന്റെ വേഷത്തില്‍ വരുമാന സ്രോതസാക്കിയ മുഖ്യപുത്രന്‍ ഡല്‍ഹിയിലിരുന്നു അപ്പന് വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കലായിരുന്നു പിന്നത്തെ പണി. ചന്ദന മാഫിയക്കെതിരെ കണ്ട കുന്നും മലയും കയറി നടന്നു മദിച്ച് നിയമസഭയില്‍ നീട്ടിയും കുറുക്കിയും വായിട്ടലച്ചിരുന്ന വേലിക്കകത്ത് അച്യുതാനന്ദന്‍ ഇപ്പോള്‍ ശരിക്കും വേലിക്കകത്താകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ ശത്രുക്കളെ സംഹരിക്കാനായി  ജുഡീഷ്യറിയിലെ പ്രമുഖരെ സ്വാധീനിക്കാന്‍ കോടതി വരാന്തയില്‍ കറങ്ങി നടക്കുന്ന പിമ്പുകളുമായി മുഖ്യന്റെ ഓഫീസിനുള്ള ബന്ധം സീനിയര്‍ അഭിഭാഷകനായ രാംകുമാര്‍ തെളിവ് സഹിതം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ട് വരുന്നു,  അതേസമയം തന്നെ മകനിലൂടെ  ചന്ദന മാഫിയയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി അത് വരെ നിയമസഭയിലും പുറത്തും ചന്ദന മാഫിയ എന്ന്  പെരുമ്പറ കൊട്ടിയിരുന്ന പഴയ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളില്‍ പിന്നോട്ട് പോക്ക് ദൃശ്യമാകുന്നു. പ്ലേ വിന്‍ ലോട്ടറി മാഫിയയുമായി മകനും കുടുംബവും ഇടപാടുകാരാണ്. കള്ളുകുടിയും പെണ്ണ് പിടിയുമാണ് തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലബ്ബില്‍ കാര്യമായി നടക്കുന്ന വിനോദ പരിപാടികളെന്ന് മാലോകരെ അറിയിച്ച മുഖ്യന്‍ തന്റെ പുത്രന്‍ അവിടത്തെ സ്ഥിരം കക്ഷിയാണെന്ന വിവരം മറച്ചു വെക്കുന്നു. കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉദ്യോഗക്കയറ്റം വാങ്ങുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഉല്ലാസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ കറങ്ങി വരുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങനെ ഇത്ര വലിയ ആഡംബര ജീവിതത്തിനു പ്രാപ്തനാകുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ മറ്റുള്ളവന്റെ തന്തക്ക് പറയുന്ന പഴയ നമ്പറുമായി മുഖ്യന്‍ രംഗത്ത് വരുന്നു.  
സ്റ്റേറ്റിന്റെ വ്യവസായം നോക്കി നടത്തുന്ന മറ്റൊരു മന്ത്രി പുംഗവന്‍,  പഴയ തൊഴിലാളി നേതാവ്, ഇന്ന് കോഴിക്കോടും പരിസരത്തും വാങ്ങിക്കൂട്ടാന്‍ ഭൂമിയൊന്നും ബാക്കിയില്ല. കുടുംബം അമേരിക്കയില്‍ പോയി വരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മെലിഞ്ഞു കറുത്ത ഈ തൊഴിലാളി ഇപ്പോള്‍ ചുവന്നു തുടുത്തു വെള്ളത്തിലിട്ടു പൊതിര്‍ത്തിയ അവില് പോലെ ചീര്‍ത്തിരിക്കുന്നു. കിനാലൂരിലെ നാട്ടുകാരുടെ നേരെ പോലീസിനെക്കൊണ്ട് തേര്‍വാഴ്ച നടത്തി റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് വഴിയൊരുക്കാനുള്ള അങ്ങേരുടെ നീക്കം പാളിയപ്പോള്‍ നടത്തിയ പത്രസമ്മേളനം ഒരു തേര്‍ഡ് റേറ്റ് ചട്ടമ്പിയുടെ ശരീര ഭാഷയോട് കൂടിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പിന്നെയാണ് പിന്നാമ്പുറ കഥകള്‍ കിനാലൂരിന്റെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടു തുടങ്ങിയത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അതീവ രഹസ്യമായി അവിടെ സന്ദര്‍ശനം നടത്തിയിരുന്നുവത്രേ. സംഗതി പുറത്തു വന്നതോടെ ഡിഫി നേതാക്കളും ബേബി സാറും ഒക്കെ നിഷേധിച്ചു. പക്ഷെ പ്രാദേശിക നേതാക്കള്‍ വന്ന വണ്ടിയുടെ നമ്പര്‍ വരെ പുറത്തു വിട്ടതോടെ കിനാലൂരില്‍ തുടങ്ങുന്ന പി റ്റി ഉഷയുടെ അത്ലറ്റിക്സ് സ്കൂളില്‍ സന്ദര്‍ശിച്ചതാണത്രെ സംസ്ഥാന സെക്രട്ടറി. അപ്പോള്‍ സ്വാഭാവികമായും സംശയങ്ങളുയരുന്നു. എന്തിനാണ് സന്ദര്‍ശനം അതീവ രഹസ്യമാക്കി വെച്ചത്? എന്തിനാണ് സന്ദര്‍ശനം പാര്‍ട്ടി ചുമതലപ്പെടുതിയവര്‍ ഔദ്യോഗികമായി നിഷേധിച്ചത്? സംഗതി വളരെ സിമ്പിള്‍ ആണ്. ഉഷ സ്കൂള്‍ ഓഫ് അത്ലെടിക്സില്‍ പണം മുടക്കിയ ഒരാള്‍ ഫാരിസ്‌ അബൂബക്കര്‍ എന്ന ‘വെറുക്കപ്പെട്ട’ ഒരു പാവം തൊഴിലാളി ആണ്. അദ്ധേഹവും പാര്‍ട്ടി സെക്രെട്ടരിയും തമ്മിലുള്ള ഇടപാടുകള്‍ നാട്ടില്‍ പണ്ടേ പാട്ടായ സ്ഥിതിക്ക് കാര്യങ്ങളുടെ കിടപ്പ് എല്ലാവര്‍ക്കും ബോധ്യം വന്നു.  
ഇതിലുമൊക്കെ ഭീകരമാണ് പിന്‍വാതില്‍ നിയമനങ്ങളുടെയും പി എസ് സിയിലെ തോന്നിവാസങ്ങളുടെയും കാര്യം. എസ് എഫ് ഐ ക്കും ഡി വൈ എഫ് ഐ ക്കും ഇനി നല്ലത് പാര്‍ട്ടികള്‍ പിരിച്ചു വിട്ടു വേറെ പണിക്ക് പോവലാണ്. അല്ലെങ്കില്‍ നാട്ടിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഇവരെയൊക്കെ തല്ലിയോടിക്കുന്ന കാലം അതിവിദൂരമല്ല. ഒരു വിപ്ലവവീര്യമുള്ള വിദ്യാര്‍ഥി യുവജന സംഘടനക്ക് മുന്നില്‍ വരാവുന്ന ഏറ്റവും സെന്‍സിറ്റീവ് ആയ ഒരു വിഷയമല്ലേ ഇത്? സംസ്ഥാനത്തെ സ്വയം ഭരണാവകാശമുള്ള ഒരു നിക്ഷപക്ഷ ബോഡിയില്‍ സഖാക്കളുടെ പേക്കൂത്തും തോന്നിവാസവും നിരന്തരമായി സംഭവിക്കുക. പരീക്ഷ പോലും എഴുതാത്തവന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ഇടനിലക്കാരനിലൂടെ ജോലി നേടി സര്‍ക്കാര്‍ ശമ്പളം പറ്റുക. സകല പി എസ് സി പരീക്ഷയുടെയും ചോദ്യപ്പേപ്പര്‍ ചന്തയില്‍ ചോര്‍ന്നു കിട്ടുക, നാട്ടില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത  നേടി ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷോപലക്ഷം യുവാക്കളെ വിഡ്ഢികളാക്കി സ്വന്തക്കാരെയും ബന്ധുക്കളെയും പിന്‍വാതില്‍ വഴി കയറ്റി ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിസഭ ചേര്‍ന്ന് സ്ഥിരപ്പെടുത്തുക, യൂണിവേര്‍സിറ്റി കളിലെ നിയമന പരീക്ഷകളിലൊക്കെയും റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചു എട്ടാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു അങ്ങാടിയില്‍ തെക്ക് വടക്ക് നടക്കുന്ന സഖാക്കളെ എല്ലാം മുന്നിലെത്തിക്കുക, അത് കണ്ടു പിടിച്ച കോടതി പുനര്‍മൂല്യനിര്‍ണയത്തിനു ഉത്തരവിടുമ്പോള്‍ ഉത്തര പേപ്പറുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാക്കുക. പ്രിയപ്പെട്ട എസ് എഫ് ഐ ക്കാരാ, എവിടെപ്പോയെടോ നിന്റെ കൊടിയും വടിയും വായിലെ നാവും? അഞ്ചു കൊല്ലം പാര്‍ട്ടി ഭരിക്കുമ്പോള്‍ ഓഫീസിന്റെ കോണില്‍ ചാരി വെക്കാനുള്ളതാണോ നിന്റെയൊക്കെ വിപ്ലവ വീര്യവും യുവ സമൂഹത്തോടുള്ള കടപ്പാടും? അഭ്യസ്ത വിദ്യര്‍ ഇത്രയേറെ അപമാനിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും പോയ ഒരു കാലമുണ്ടോ കേരളത്തില്‍?  കേരളത്തിലെ മുഴുവന്‍ കോളേജുകളിലും യൂനിവേര്‍സിറ്റികളിലും മോശമല്ലാത്ത സാന്നിധ്യമുള്ള ഒരു സംഘടന എങ്ങിനെയാണ് ഒരു തലമുറയോട് ഒരു ഭരണകൂടം കാണിക്കുന്ന നെറികേടിനോടൊപ്പം നില്‍ക്കാന്‍ ആവുക? ഒരു വിദ്യാര്‍ഥി യുവജന സംഘടന ഏറ്റെടുക്കേണ്ട ഇതിലും കാതലായ മറ്റൊരു വിഷയമുണ്ടോ? ഇനി വരാനുള്ള അഞ്ചു കൊല്ലം ബസ്സിനു കല്ലെറിഞ്ഞും പൊതു മുതല്‍ നശിപ്പിച്ചും കാമ്പസുകളില്‍ ഗുണ്ടായിസം നടത്തിയും നിത്യവൃത്തി കഴിയാമെന്നുള്ള ഒരു വിചാരം ഏതായാലും ഒരു വഞ്ചിത സമൂഹത്തിനു മുന്നില്‍ വേണ്ടി വരില്ല തന്നെ. കാരണം അവര്‍ എന്നെത്തേക്കാളും പ്രബുദ്ധരാണ്.
ഒരു വ്യാജ രാജ്യമായി ഈ മലയാള മണ്ണ് മാറിയെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഇവിടത്തെ ലോട്ടറി വ്യാജം, ഇവിടത്തെ മദ്യം വ്യാജം, ഇവിടത്തെ നിയമനം വ്യാജം, ഇവിടത്തെ പട്ടയം വ്യാജം, ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം... ഇങ്ങിനെ പോകുന്നു വ്യാജമാരുടെ നീണ്ട നിര. ജനം രണ്ടു തവണയായി ആണിയടിച്ചു വെച്ചിട്ടുണ്ടെന്നറിയാവുന്നത് കൊണ്ടും നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനത്തെ ആണിയും അടിച്ചു പെട്ടി അടക്കം ചെയ്യാനിരിക്കുകയാണെന്നു തികഞ്ഞ ബോധ്യമുള്ളത് കൊണ്ടും ഇപ്പോള്‍ ഒടുവിലത്തെ  വെട്ടലും ഊറ്റലുമാണ് എല്ലാ വകുപ്പുകളിലും നടത്തുന്നത്. സ്വന്തക്കാരെ മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകിക്കയറ്റുന്നു, യോഗ്യതക്കനുസരിച്ചു തസ്തിക, തസ്തികക്കനുസരിച്ച് യോഗ്യത, കയറാനുള്ള സ്വന്തക്കാരന്‍ പത്താം ക്ലാസുകാരനാണെങ്കില്‍ ഉന്നത തസ്തികക്കുള്ള യോഗ്യതയും പത്താം ക്ലാസ്സ്‌ എന്നിങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക്. ഇനിയൊരു തിരിച്ചു വരവ് സമീപകാലങ്ങളിലൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല എന്ന് ചുരുക്കം. ഏതായാലും  പ്രജകള്‍ എല്ലാം കൂട്ടി വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നാണാവോ അവര്‍ വല്ല ഈജിപ്തുകാരെയോ ടുണീഷ്യക്കാരെയോ പോലെ തലസ്ഥാനം വളഞ്ഞു ഇവനെയൊക്കെ കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏതായാലും സഖാക്കള്‍ ജാഗ്രതൈ!  

1 comment:

  1. Super ridiculous. This goverment is far better than any goverment in Kerala. Ommen chandi, kunhali, joseph, mani, kuruvila, pilla very good combination. Smart city alone is enough for VS credibility and commitment to the people. Kunhali tried to sell 100 acres of land along with Ommen chandi. People will not forget this. Any woman who has respect to their feminity will not vote to UDF since they do not have shame to proclaim Kunhali and Joseph

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...