ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 7 May 2011

സംസ്കാര സമ്പന്നന്‍!!

  ഒരു മുഖ്യമന്ത്രിക്ക് എത്ര കണ്ടു വിവരവും വിദ്യാഭ്യാസവും വേണം? ഈയൊരു ചോദ്യം ഇടയ്ക്കിടെ പല കോണില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാറുണ്ടെങ്കിലും അതില്‍ ഒട്ടും കഴമ്പില്ല എന്നത് പല മുന്‍കാല ഭരണകര്‍ത്താക്കളെയും ഡിപ്ലോമാറ്റുകളെയും ഓര്‍ക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാവും. കേവല അകാദമിക യോഗ്യതകള്‍ക്കപ്പുറം കടന്നു വന്ന ജീവിതവഴിയിലെ കടുത്ത പരീക്ഷണങ്ങളില്‍ നിന്നും ഊറ്റിയെടുത്ത അനുഭവങ്ങളുടെ പാഠം അവരെ കര്‍മ്മരംഗത്ത് മറ്റാരേക്കാളും പ്രാഗത്ഭ്യമുള്ളവരാക്കി.   അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ മുഖ്യനും അനുഭവങ്ങളുടെ കാര്യത്തില്‍ ഒട്ടും ദരിദ്രനല്ല. പഴയ നാലാം ക്ലാസും ഗുസ്തിയുമാണെങ്കിലും ചവിട്ടിവന്ന പോരാട്ടവഴികളില്‍ നിന്നും അദ്ദേഹം ആര്‍ജ്ജിച്ചെടുക്കേണ്ടതായ ഒട്ടേറെ മൂല്യങ്ങള്‍ പാര്‍ലമെന്‍റ്ററി മോഹങ്ങളുടെ ചക്കരക്കുടത്തില്‍ കയ്യിട്ടു വാരാന്‍ അവസരം കിട്ടിയതോടെ കൈവിട്ടുപോയോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

  ഇപ്പോഴിത് പറയേണ്ടി വരുന്നത് എന്‍ എസ് എസ്സിന്‍റെ സുകുമാരന്‍ നായര്‍ വീ എസ്സിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കേരളത്തിന്‍റെ പൊതുസംസ്കാരത്തിന് ചേര്‍ന്നതായില്ല എന്ന പാര്‍ട്ടി സെക്രെട്ടറിയെറ്റ് വിലയിരുത്തലിന്‍റെ പശ്ചാതലത്തിലാണ്. അഭിനവ എന്‍ എസ് എസ് നേതൃത്വം ഒരു കാലത്തും സഹിഷ്ണുതയുടെ വര്‍ത്തമാനം  നടത്തിയ ചരിത്രമില്ല. നാരായണപ്പണിക്കരായിരുന്നപ്പോഴും നിലപാടുകളുടെ വിശദീകരണങ്ങള്‍ വരാറുള്ളത്  ദാര്‍ഷ്ട്യത്തിന്‍റെ സ്വരത്തില്‍ തന്നെയായിരുന്നു. ജാതീയ ചട്ടക്കൂടിനപ്പുറം വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന മന്നത്തിന്‍റെ അനുയായികള്‍ പക്ഷെ ഇത്തരം ജല്പനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാറില്ല എന്നത് മുമ്പ് കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളും ഉദാഹരിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാകും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുള്ളത് പരിശോധിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇപ്പറഞ്ഞ വീ എസ് അച്ചുതാനന്ദന്‍ കേരളീയ പൊതു സംസ്കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രയോഗങ്ങളും പ്രസ്താവനകളുമാണോ  കഴിഞ്ഞ കാലങ്ങളില്‍ നടത്തി വന്നിരുന്നത്? ഇങ്ങനെയൊരാളെ  നമ്മുടെ നാടിന്‍റെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തേണ്ടി വന്നല്ലോ എന്ന് ലജ്ജിക്കേണ്ട എത്ര സന്ദര്‍ഭങ്ങള്‍ ഒരു ശരാശരി മലയാളിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മാത്രം ഉണ്ടായിട്ടുണ്ട്? വീ എസ് അച്ചുതാനന്ദനെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത് സ്വഭാവഹത്യയുടെ രാഷ്ട്രീയമാണ്. politics of hatred എന്ന പുതിയ കാലത്തിന്‍റെ ചവറു രാഷ്ട്രീയം. എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരെ, അത് സ്വന്തം പാര്‍ട്ടിയിലായാല്‍ പോലും, തുടര്‍ച്ചയായി വേട്ടയാടി വ്യക്തിഹത്യ ചെയ്തു പൊതു സമൂഹത്തിനു മുന്നില്‍ അവരെ വെറുക്കപ്പെടേണ്ടവരായി ചിത്രീകരിക്കുക. ആദര്‍ശത്തിന്‍റെ ഒരു സ്യൂഡോ കവചം സ്വയം സൃഷ്ടിച്ചു മകനെക്കൊണ്ട് തീവെട്ടികൊള്ള നടത്തി ഭരണത്തിന്‍റെ മുഴുവന്‍ അരുതായ്മകളും അനുഭവിക്കുക, അപ്പുറം ഒരു ചാവേറിനെ പ്പോലെ പാര്‍ട്ടിയെ വെല്ലുവിളിച്ചു നിഷേധിക്കപ്പെട്ട സീറ്റ് പിടിച്ചു വാങ്ങുക തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍  കുറെ കാലമായി അച്ചുതാനന്ദന്‍ നിലനില്‍പ്പിന്‍റെ രാഷ്ട്രീയചതുപ്പില്‍ കാണിച്ചു കൊണ്ട് നില്‍ക്കുന്നു.

വീയെസ്സിന്‍റെ സംസ്കാര സമ്പന്നമായ പ്രയോഗങ്ങള്‍ കേരള പൊതുസമൂഹത്തെ സമ്പുഷ്ടമാക്കിയതിന്‍റെ ഉദാഹരണങ്ങള്‍ അനവധിയാണ്. പണ്ട് സഖാവ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ധേഹത്തിന്‍റെ കുപ്രസിദ്ധങ്ങളായ  വികടസ്ഖലിതങ്ങളെ 'തമാശക്കാരന്‍' എന്ന ലേബലില്‍ ജനത്തെ കൊണ്ട് സഹിപ്പിച്ചു പോന്നെങ്കിലും വീയെസ്സിന്‍റെ മുരടന്‍ സ്വഭാവം അത്തരമൊരു വ്യാഖ്യാനത്തിനും പ്രസക്തിയില്ലാതാക്കി. വീയെസ്സ് തന്‍റെ സംസ്കാര സമ്പത്തിന്‍റെ ആദ്യ വിഹിതം കൊടുത്തത് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞനുമായ  ഡോ. എ പി ജെ. അബ്ദുല്‍ കലാമിന് നേരെയാണ്. "ആ ആകാശത്തേക്ക് വാണം വിട്ടു കളിക്കുന്നയാളല്ലേ" എന്ന സംസ്കാര സമ്പന്നമായ പ്രയോഗം ഏതു മലയാളിയേയാണ്‌ പുളകം കൊള്ളിക്കാതെ പോയത്!
പിന്നീട് കേരളീയന്‍ രാജ്യത്തിന് മുമ്പില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതിയുണ്ടാക്കിയ ഒരു മഹത്തായ സാംസ്കാരിക പ്രയോഗം വീയെസ്സില്‍ നിന്ന്  ഉണ്ടാകുന്നത് മേജര്‍ സന്ദീപ്കുമാര്‍ എന്ന മലയാളി കമാന്റോ മുംബൈ ഭീകരാക്രമണ സമയത്ത് ശത്രുവിന്‍റെ വെടിയേറ്റ്‌ വീരമൃത്യു വരിച്ചപ്പോഴാണ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ആ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് തേങ്ങുമ്പോള്‍ ഔദ്യോഗിക ബഹുമതികളോടെയുള്ള വീര ജവാന്‍റെ ശവദാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ഒടുവില്‍ പൊതുസമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും വിമര്‍ശം ശക്തമായതോടെ മേജറിന്‍റെ വീട് സന്ദര്‍ശിക്കാന്‍ ചെന്ന മുഖ്യമന്ത്രിയോട് പുത്രനഷ്ടതോടൊപ്പം സ്വന്തം ഭരണ നേതൃത്വത്തില്‍ നിന്നുള്ള അവഹേളനത്തിനിരയായ ആ പിതാവിന്‍റെ ആത്മഗതത്തെ സന്ദര്‍ഭത്തിനൊത്തു ഉള്‍കൊള്ളാന്‍ കഴിയാതെ "മരിച്ച പട്ടാളക്കാരന്‍റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടിയും അങ്ങോട്ട്‌ തിരിഞ്ഞു നോക്കുമായിരുന്നില്ല" എന്ന് ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളുടെ മുന്നില്‍ സ്ഖലിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സാംസ്കാരിക പെര്‍ഫോര്‍മന്‍സില്‍ തകര്‍ന്നു പോയത് മലയാള നാടായിരുന്നു.
സ്വന്തം പാര്‍ട്ടിയില്‍ വിഭാഗീയത മൂര്‍ച്ചിച്ചു കടലിലെ വെള്ളവും ബക്കറ്റിലെ വെള്ളവുമായി സൈദ്ധാന്തിക ചര്‍ച്ചകള്‍ മുറുകിയപ്പോഴാണ്‌  പാര്‍ട്ടി സെക്രെടറി ഉള്‍പ്പെടുന്ന വിഭാഗത്തെ "അഭിനവ ഗോര്‍ബച്ചേവുമാര്‍" എന്ന് വിളിച്ച് ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ തന്‍റെ സംസ്കാരം കൊണ്ട് വീയെസ്സ് പുഷ്ടിപ്പെടുത്തിയത് . രണ്ടിനെയും പിടിച്ചു പീബിക്ക് പുറത്തിടുന്നത് വരെയെത്തി സാംസ്കാരിക പ്രയോഗങ്ങളുടെ പോക്ക്.

ലക്ഷക്കണക്കിന്‌ മലയാളി കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാലങ്ങളായി നല്‍കുന്ന രാജ്യമാണ് യു എ ഇ.  സ്വദേശിവല്‍ക്കരണത്തിന്‍റെയും മാന്ദ്യത്തിന്‍റെയും  കാലത്ത് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഊഷ്മളമായ നയതന്ത്ര സംവേദനങ്ങളിലൂടെ പരമാവധി ആഘാതം കുറക്കാന്‍ രാജ്യം കിണഞ്ഞു ശ്രമിക്കുമ്പോഴാണ് ഇവിടെയൊരു മുഖ്യന്‍ നിരന്തരമായി യു എ ഇ യിലെ രാജഭരണകൂടവുമായി അടുത്ത ബന്ധമുള്ള ടീകോം എന്ന മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനത്തെ അധിക്ഷേപിച്ചു കൊണ്ടിരുന്നത്. ഗള്‍ഫ്‌ ന്യൂസ്‌ ഉള്‍പ്പെടെയുള്ള ദുബായിലെ സജീവമായ മീഡിയകളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളായ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രവാസികള്‍ അന്തംവിട്ടിരുന്നു പോയ ഒരു സമയമായിരുന്നു അത്.  ടീകോം ദുബായ് നഗര വികസനത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും അവരുടെ ആസ്തിയും നേരിട്ടറിയാവുന്ന പല പ്രവാസികളും മുഖ്യന്‍റെ ജല്പനം കേട്ട് അന്ധാളിച്ചു പോയി. വിമര്‍ശനം പോയി പ്പോയി ടീകോം ചെയര്‍മാന്‍ ഫരീദ് അബ്ദുറഹ്മാന്‍ കേരളത്തില്‍ ചര്‍ച്ചക്ക് വരുന്നത് കള്ള് കുടിക്കാനാണെന്നു വരെ വിളിച്ച് കൂവി സംസ്കാര സമ്പന്നനായ മുഖ്യമന്ത്രി. ഒടുവില്‍ ഇതിന്‍റെ ആഘാതം കുറക്കാന്‍ കേന്ദ്രതലത്തില്‍ നയതന്ത്ര ഇടപെടലുകള്‍ വേണ്ടി വന്നു എന്ന് ഈയിടെ വയലാര്‍ രവി വ്യക്തമാക്കുകയുണ്ടായി.

സ്ത്രീ സമൂഹത്തിന്‍റെ പുതിയ രക്ഷകനായി അവതരിച്ച വീയെസ്സ് ശക്തമായ ചില സ്ത്രീപക്ഷ സാംസ്കാരിക പ്രയോഗങ്ങള്‍ കൂടി നടത്തി മലയാളിയെ അഭിമാന പൂരിതമാക്കി. ആദ്യം സിന്ധു ജോയി പാര്‍ട്ടി വിട്ടപ്പോഴാണ് "ഏതോ ഒരുത്തി" എന്ന സാംസ്കാരിക പ്രയോഗം വീയെസ്സില്‍ നിന്നും വരുന്നത്. മുഖ്യ മന്ത്രിയെ സുകുമാരന്‍ നായര്‍ "ഒരുത്തന്‍" എന്ന് വിളിച്ചത് കേരളീയ സംസ്കാരത്തിന് ചേര്‍ന്നതായില്ല എന്ന പാര്‍ട്ടി നിലപാട് ഇതോടു കൂട്ടി വായിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. "ഒരുത്തി" എന്നത് പോലെയല്ല "ഒരുത്തന്‍". വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തില്‍ "ഒരുത്തി" മഹത്തായതും "ഒരുത്തന്‍" മ്ലേച്ചവുമായ പ്രയോഗങ്ങളാകുന്നു.  അതും കഴിഞ്ഞു പിന്നീട് മുഖ്യന്‍റെ അടുത്ത സ്ത്രീ ശാക്തീകരണ സാംസ്കാരിക ഇടപെടല്‍ വരുന്നത് സ്വന്തം മണ്ഡലത്തിലെ എതിര്‍  സ്ഥാനാര്‍ഥിയും   ബ്ലോഗ്ഗെറും സാമൂഹ്യ പ്രവര്‍ത്തകയുമായ ലതികാ സുഭാഷിന് നേരെയാണ്. വീയെസ്സിന് നേരെയുള്ളത് ഒരു അപ്രസക്തയായ സ്ഥാനാര്‍ഥിയല്ലെന്നും അവിടെ അറിയപ്പെടുന്ന ആളാണല്ലോ എന്ന പത്രക്കാരുടെ ചോദ്യത്തിനാണ് സംസ്കാരം നിറഞ്ഞു തുളുമ്പിയ വിഖ്യാതമായ ആ ദ്വയാര്‍ത്ഥ പ്രയോഗം മുഖ്യനില്‍ നിന്നുണ്ടായത്: " അതെ, അവര്‍ പല കാര്യങ്ങളിലും വളരെ പ്രശസ്തയാണ്. അതവിടത്തെ നാട്ടുകാരോട് ചോദിച്ചാല്‍ നന്നായിട്ടറിയാം" എന്നുള്ള ഈ മറുപടി കേട്ട് തങ്ങള്‍ക്കു അവതരിച്ച രക്ഷകനെയോര്‍ത്തു കേരളീയ സ്ത്രീസമൂഹം പുളകം കൊണ്ടു. ഇനിയും ഇത്തരം പൊതുസമൂഹത്തോട്‌ ചേര്‍ന്ന് നില്‍ക്കുന്ന സംസ്കാര സമ്പന്നമായ പ്രയോഗങ്ങള്‍ കൊണ്ടു കേരളീയ സാംസ്കാരിക പൈതൃകത്തെ സമ്പുഷ്ടമാക്കാന്‍ വീയെസ്സിന് ദീര്‍ഘായുസ്സും അവസരവും ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു . ആമേന്‍...

5 comments:

LinkWithin

Related Posts Plugin for WordPress, Blogger...