ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 22 August 2011

രാഹുല്‍ ദ്രാവിഡ്‌ - ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ

      
  അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ  നടക്കും, എത്ര ദൂരവും...., സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍.....


 വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍  മണ്ണിലെ പെര്‍ത്തില്‍, 


നെഞ്ചു വരെ ഉയര്‍ന്നു പൊങ്ങുന്ന ബൌണ്‍സറുകളുടെ മരണക്കെണിയൊരുക്കുന്ന ബ്രിസ്ബേനില്‍,  


പ്രവചനാതീതമായ പന്തിന്‍റെ കറക്കം കൊണ്ട് സ്പിന്നര്‍മാരുടെ ഇഷ്ട ഗ്രൗണ്ടായി മാറിയ  സിഡ്നിയിലെയും,  അഡലൈഡിലെയും ഈര്‍പ്പം വറ്റി വരണ്ട പിച്ചുകളില്‍, 


സീമര്‍മാരുടെ വിളനിലമായ മെല്‍ബണില്‍, റിവേര്‍സ് സിംഗുകള്‍ യഥേഷ്ടം പിറക്കുന്ന ഇംഗ്ലിഷ് മണ്ണിലെ ഓവലില്‍, 
ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ ന്യൂസിലാന്റിലെ  ഈഡന്‍ പാര്‍കിലും ഓക് ലാന്‍ഡിലും, 


ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വിണ്ടു കീറിയ കരീബിയന്‍ പിച്ചുകളില്‍, 


ചുട്ടു പഴുത്തു കിടക്കുന്ന ഏഷ്യന്‍ ഗ്രൌണ്ടുകളില്‍....


 ഇവിടങ്ങളിലെല്ലാം വില്ലോമരത്തില്‍ കടഞ്ഞെടുത്ത ഒരു മാന്ത്രികവടിയുമായി വന്‍മതിലുപോലെ പ്രതിരോധത്തിന്‍റെ  ആള്‍രൂപമായി ഒരു അവധൂതനെപ്പോലെ അയാള്‍.....

Saturday 20 August 2011

ജോണ്‍സണ്‍ - മെലഡിയുടെ ഗുല്‍മോഹര്‍...

        മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് മലയാളത്തില്‍ വിരിയിച്ചെടുത്ത  ഒരു പിടി മെലഡികളുടെ മാത്രം  മാസ്മരികത മതി ജോണ്‍സണ്‍ എന്ന കുറിയ മനുഷ്യന്‍ അനശ്വരനായി ഇവിടെ നില നില്‍ക്കാന്‍. ശാസ്ത്രീയമായി കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ഒന്നും അഭ്യസിക്കാത്ത   ജോണ്‍സണ്‍  സുധ ധന്യാസിയിലും കല്യാണിയിലും മോഹനത്തിലും ആഭേരിയിലും പഹാടിയിലും കാപി രാഗത്തിലുമെല്ലാം കടഞ്ഞെടുത്ത പാട്ടുകള്‍ ജന്മസിദ്ധമായ സര്‍ഗ വൈഭവത്തിന്‍റെ കയ്യൊപ്പുകള്‍ ചാര്‍ത്തിയ സംഗീതാല്ഭുതങ്ങളാണ്.  
     പ്രണയിനിക്ക് കൊടുക്കാന്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍  ആദ്യം വരുന്നവയിലൊന്ന് തീര്‍ച്ചയായും പൂവച്ചല്‍ ഖാദറിന്‍റെ  വരികള്‍ക്ക്  ജോണ്‍സണ്‍ ഈണമിട്ടു യേശുദാസ് പാടിയ 'ഒരു കുടക്കീഴില്‍' എന്ന ജോഷി ചിത്രത്തിലെ "അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...."
ആയിരിക്കും എന്നതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. 
      ഗായകനെന്ന നിലയില്‍ എം ജി ശ്രീകുമാറിന് മേല്‍വിലാസമുണ്ടാക്കി കൊടുത്ത കിരീടത്തിലെ " കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി....", കൗമാര സ്വപ്നങ്ങളില്‍ ഗന്ധര്‍വ സാന്നിധ്യം നിറച്ച 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിലെ " ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...", തെരുവുഗീതത്തിനും ക്ലാസ് മെലഡിയുടെ സങ്കേതങ്ങള്‍ പറ്റുമെന്ന് കാണിച്ച ചെങ്കോലിലെ "മധുരം ജീവാമൃത ബിന്ദു...",  കെ എസ്   ചിത്രയുടെ എന്നത്തെയും മാസ്റ്റര്‍ പീസ്‌ ആയ ചമയത്തിലെ "രാജഹംസമേ....", ഓ എന്‍ വി യുടെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ വരികള്‍ക്ക് മെലഡിയുടെ തേന്‍ പുരട്ടി ജോണ്‍സണ്‍ അവതരിപ്പിച്ച പൊന്‍മുട്ടയിടുന്ന താറാവിലെ "  കുന്നിമണി ചെപ്പു തുറന്നു..", കാവാലത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ ജീവന്‍ നല്‍കിയ "  ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി..." , കൈതപ്രവുമായി ചേര്‍ന്നൊരുക്കിയ സല്ലാപത്തിലെ "പൊന്നില്‍ കുളിച്ചു  നിന്ന... ", നമുക്ക് പാര്‍ക്കാന്‍  മുന്തിരിതോപ്പുകളില്‍ ഓ  എന്‍ വി യുമായി ചേര്‍ന്ന് "പവിഴം പോല്‍ പവിഴാധരം പോല്‍..", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം...",     ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ "മെല്ലെ മെല്ലെ  മുഖപടം..." അങ്ങിനെ എത്രയെത്ര ഗാനോപഹാരങ്ങള്‍....
        തൃശ്ശൂരിലെ നെല്ലിക്കുത്ത് ഫെറോന ചര്‍ച്ചിലെ ക്വയറില്‍ പാടി തുടങ്ങി 'വോയിസ്‌ ഓഫ് തൃച്ചുര്‍' എന്ന ഗാനമേള ട്രൂപില്‍  ഹാര്‍മോണിയം മുതല്‍ കോങ്ഗോ ഡ്രം വരെയുള്ള ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഒറ്റയ്ക്ക് വായിക്കുന്ന അത്ഭുത ബാലനായി വളര്‍ന്നു, ദേവരാജന്‍ മാഷിന്‍റെ ശിഷ്യനായി, സഹായിയായി, 1974 -ല്‍ ഭരതന്‍റെ ആരവത്തില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കി ഇന്‍ഡസ്ട്രിയിലേക്ക് വരവറിയിച്ച്, 1981  -ല്‍ സില്‍ക്ക് സ്മിതയുടെ ആദ്യ പടമായ ഇണയെ തേടിയില്‍ ആര്‍ കെ ദാമോദരന്‍റെ വരികള്‍ക്ക് ഈണമിട്ടു ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി, ആര്‍ കെ ശേഖറിന് ശേഷം അര്‍ജ്ജുനന്‍ മാഷിന്‍റെയും ദേവരാജന്‍റെയും എ ടി ഉമ്മറിന്‍റെയുമെല്ലാം പാട്ടുകള്‍ക്ക്  , ഓര്‍ക്കസ്ട്രെഷന് ഒരുക്കി, , കാവാലം , ഓ  എന്‍ വി, ചുള്ളിക്കാട്, കെ ജയകുമാര്‍, കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി തുടങ്ങി ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും ‍വരികള്‍ക്ക് ഈണം  തീര്‍ത്തു പാട്ടാക്കി, ഇടയിലെ ബീജിയം കമ്പോസ് ചെയ്തു, പാട്ടിന്‍റെ മുഴുവന്‍ ഓര്‍ക്കസ്ട്രെഷന്‍ നിര്‍വഹിച്ചു,  സിനിമകള്‍ക്ക്‌ മുഴുനീളം പശ്ചാത്തല സംഗീതം രചിച്ചു,   വയലാര്‍ - ദേവരാജന്‍, പി ഭാസ്കരന്‍ - എം എസ് ബാബുരാജ്, ശ്രീ കുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി,  ഓ എന്‍ വി - എം ബി ശ്രീനിവാസ്  എന്നിങ്ങനെയുള്ള എഴുത്തും ഈണവും ചേര്‍ന്നുള്ള ഹിറ്റ്‌ കോമ്പിനേഷനുകളിലേക്ക്  കൈതപ്രം - ജോണ്‍സണ്‍   എന്ന പുതിയ ഒരു  കൂട്ടുകെട്ട് കൂടി എഴുതി ചേര്‍ത്ത് അയാള്‍ കാലത്തിനപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു, തന്‍റെ സന്തതസഹചാരിയായ ഗിറ്റാറിന്‍റെ തന്ത്രികളില്‍ ശോകഹാരിയായ ഒരു  നോട്ട് ബാക്കി വെച്ച്.....
ഗാനാഞ്ജലികള്‍....

Tuesday 9 August 2011

ഓര്‍മ്മക്കൂട്ടില്‍ 2 - പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും

        
         ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത്തിലേക്കുള്ള  ഒരു ക്രാഷ് ലാന്ടിംഗ് ആയിരുന്നു സത്യത്തില്‍ സ്കൂളില്‍ നിന്നും കോളേജിലേക്കുള്ള ആ പറിച്ചു നടല്‍. നൂറോളം പേരുള്ള ക്ലാസ് മുറികള്‍ ഒരു പൂരപ്പറമ്പ് പോലെ ഹരം പകരുന്നതായിരുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'  എന്ന പോലെയായിരുന്നു  മിക്ക അവറുകളും. ആരൊക്കെയോ കയറി വന്നു മൈക്‌ വെച്ച് ഘോരഘോരം പ്രസംഗിക്കുന്നു. കോളേജില്‍ ടീച്ചര്‍മാര്‍ അല്ല, ലെക്ചര്‍മാരാണുണ്ടാവുക എന്ന് നേരത്തെ സ്കൂള്‍ സാറമ്മാര്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് ഇത്തരം പ്രഘോഷണങ്ങള്‍ തുടക്കത്തില്‍ ഞങ്ങള്‍ വളരെ ഭയഭക്തിബഹുമാനത്തോടെ കേട്ട് കൊണ്ടിരുന്നു. 

     പിന്നെ പിന്നെ  ഹാജര്‍ അറിയിക്കാന്‍ മാത്രമായി കയറ്റം. ഹാജരറിയിച്ചാല്‍ പിന്നെ താല്പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് പ്രത്യേകം അറിയിപ്പ് തരുന്ന വിശാലമനസ്കരായ കുറച്ചു അധ്യാപകര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ മാതൃകാധ്യാപകരായി ഞങ്ങള്‍ വാഴ്ത്തി പാടി. അവരെ പുറത്തു വെച്ച് കാണുമ്പോള്‍ എണീറ്റ്‌ നിന്ന് ബഹുമാനിച്ചു, ബസില്‍ സീറ്റൊഴിഞ്ഞു കൊടുത്തു പകരം അതില്‍  അവരെ പിടിച്ചിരുത്തി, സ്റ്റാഫ്‌ ക്ലബ്ബിലേക്ക് സിഗറെറ്റും പാന്‍ പരാഗും എത്തിച്ചു കൊടുത്തു, കാമ്പസിലെ മൂത്രപ്പുരകളില്‍ നടത്തുന്ന കൊത്തുപണികളില്‍ നിന്നും അവരുടെ പേരുകളും  ചിത്രങ്ങളും  പ്രത്യേകം ഒഴിവാക്കി, അങ്ങിനെയൊരുപാട് സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ അവര്‍ക്ക് നേരെ പ്രിയ ശിഷ്യഗണങ്ങളായ ഞങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പകരം നന്ദിയായി ഞങ്ങളുടെ അറ്റെന്‍ഡന്‍സ് കൃത്യമായി അവര്‍ മാര്‍ക്ക് ചെയ്തു. 


ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍

       നീരൊട്ടി വരണ്ട മണ്ണിലേക്ക് പുതുമഴയിരമ്പിയിറങ്ങുന്നത് പോലെയാണ് ചില പ്രത്യേക പിരീഡുകളില്‍ ഞങ്ങള്‍ ഇടിച്ചു കയറിയിരുന്നത്. കാരണം ചില വിഷയങ്ങളെടുക്കാന്‍ വരുന്ന ഗസ്റ്റ് ലെക്ചര്‍മാരെ ഞങ്ങള്‍ക്കു പെരുത്ത്‌ ഇഷ്ട്ടമായിരുന്നു. പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെ പഠിപ്പിക്കാനിറങ്ങുന്ന ഇത്തരം പെണ്‍ ലെക്ച്ചര്‍മാര്‍ എന്ത് കൊണ്ടോ ഞങ്ങളില്‍ ക്ലാസില്‍ കയറാനുള്ള ഒരു ത്വരയുണ്ടാക്കുന്നതില്‍ വിജയിച്ചു (ഇതിനെയാണോ ഫിസിക്സില്‍ 'ത്വരണം' എന്ന് പറയുന്നത് ആവോ? . കാരണം പ്രീഡിഗ്രീ ഫിസിക്സിലെ സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുടെ ഡെഫിനിഷന്‍ എന്നോട് ചോദിച്ചു നോക്കൂ ,  മണി മണി പോലെ ഞാന്‍ ഉത്തരം പറയും, ഇപ്പോഴും!! ഹീറ്റ് ട്രാന്‍സ്ഫര്‍ പഠിപ്പിച്ച ആ ടീച്ചറുടെ ഒറ്റ ക്ലാസ് പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല! സത്യം!! ഹി  ഹി..)

LinkWithin

Related Posts Plugin for WordPress, Blogger...