ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 6 July 2013

ജനാധിപത്യത്തിലെ കാവൽപട്ടികൾ കൊടിച്ചിപ്പട്ടികളാകുമ്പോൾ.....


    


ജനാധിപത്യത്തിലെ ചിരപുരാതനമായ ഒരു സങ്കല്പ്പമാണ് മാധ്യമങ്ങളെന്ന നാലാംതൂണ്. പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയും മീഡിയ എന്ന
കാവൽപട്ടിയുടെ നിതാന്തമായ സർവിലൻസിൽ തങ്ങളുടെ ഇടപെടലുകളിൽ
അവിഹിതങ്ങൾ വന്നുപെടാതിരിക്കാൻ സദാ ജാഗരൂകരായിരിക്കണം
എന്നാണ് അലിഖിത നിയമം.    ഇത്തരത്തിൽ മൂന്നു തൂണുകളേയും ഉലയാതെ നിർത്തി ജനാധിപത്യമെന്ന വയസ്സൻപാലത്തെ ഉയർത്തി നിർത്തുന്ന മാധ്യമങ്ങളെന്ന നാലാംതൂണിന് മീഡിയ ആക്റ്റിവിസത്തിന്റെ ജന്നി ബാധിച്ചു
തുടങ്ങുന്നത് സെൻസേഷണലിസം അവരുടെ ദൃശ്യകമ്പോളത്തെ നിർണയിക്കുന്ന ഒന്നായി മാറിയതോടെയാണ്. വാർത്തകൾ എന്നത് മറ്റേതൊരു
വിനോദപരിപാടികളെയും പോലെ 'പ്രൊഡ്യൂസ്' ചെയ്യപ്പെടേണ്ട
ഒന്നാണെന്നും ന്യൂസ്‌ സ്റ്റുഡിയോകൾ എന്നത് കോടതിയിലെ സാക്ഷിക്കൂടുകൾ പോലെ വിചാരണകൾ നടത്തപ്പെടേണ്ട ഇടങ്ങളാണെന്നും അവതാരകൻ
കഴുത്തിലണിഞ്ഞിരിക്കുന്ന കൗപീനം നാട്ടുപഞ്ചായത്തിലെ  പ്രാകൃതജഡ്ജിയുടെ ന്യായാന്യായ യുക്തിയെ തന്നിലേക്ക് സന്നിവേശിപ്പിച്ചതിന്റെ അടയാളമാണെന്നും പലർക്കും തോന്നിതുടങ്ങിയതോടെയാണ് പത്രപ്രവർത്തനം ഒരുതരം മാഫിയാ
പ്രവർത്തനമായി തരംതാണു തുടങ്ങിയത്.


ഈ പുഴുക്കുത്തിന്റെ ആഴം നമ്മുടെ രാജ്യത്ത് അതിന്റെ മുഴുവൻ
വ്യാപ്തിയിൽ വെളിവാക്കപ്പെട്ടത് അധികാരത്തിന്റെ ഇടനാഴികളിൽ
ഇടനിലക്കാരിയുടെ വേഷം പകർന്നാടിയെത്തിയ നീര റാഡിയയുടെ ടെലിഫോണ്‍ ടേപ്പുകൾ പുറത്തായതോടെയാണ്. ഇന്ത്യൻ മീഡിയാരംഗത്തെ
രണ്ട് വിഗ്രഹങ്ങളാണ് അന്ന് വീണുടഞ്ഞത്, ബർക്കാ ദത്തും വീർ സംഗവിയും.
ബർക്കാ ദത്തിന്റെയൊക്കെ പ്രേതം ബാധിച്ച പല എൻകൗണ്ടർ വീരത്തികളും വീരന്മാരും നമ്മുടെ മലയാളചാനൽ രംഗത്തും ഉണ്ട്. മാന്യമായ ആശയസംവേദനങ്ങൾക്കപ്പുറം ഒരു തരം  സാഡിസം തീണ്ടിയ
ചേഷ്ടകളോടെ ന്യൂസ് റൂമുകളിൽ ഇരിക്കുന്ന ഇത്തരക്കാർ
പൊതുപ്രവർത്തകർ ആയിപ്പോയി എന്ന ഒരൊറ്റ കാരണത്താൽ സ്വയം
നിയന്ത്രിതമാവേണ്ടി വരുന്നവരുടെ ഗത്യന്തരമില്ലായ്മയെ മുതലെടുത്ത്‌
പൊതുസമൂഹത്തിന് മുന്നിൽ അവരെ വസ്ത്രാക്ഷേപം ചെയ്യുന്നത്
കാണുമ്പോൾ രാഷ്ട്രീയം ഇങ്ങനെ ഷണ്ഢീകരിക്കപ്പെടാൻ ഹേതുവായ
ഒരുപാട് കള്ളനാണയങ്ങളെക്കുറിച്ചോർത്ത് പരിതപിക്കുകയല്ലാതെ
എന്ത് ചെയ്യാൻ?            


കഴിഞ്ഞ ഒന്നുരണ്ടാഴ്ച്ചകളായി മലയാളത്തിലെ മീഡിയാപരിസരം കുറച്ച്
ഫോണ്‍കോളുകളിൽ ചുറ്റിത്തിരിയുകയാണ്. 'സുതാര്യകേരളം' എന്നത്  ചെറിയൊരു അക്ഷരപുനർവിന്യാസത്തോടെ 'സരിതകേരളം' ആയി
മാറിയ ദിവസങ്ങൾ.  അവരുടെ ഫോണിൽ നിന്ന് പോയതോ അതിലേക്കു വന്നതോ ആയിട്ടുള്ള നമ്പറുകൾ വെച്ച് സകലമാന രാഷ്ട്രീയക്കാരുടെയും
സദാചാരത്തിന് മാർക്കിടുന്ന തിരക്കിലാണ് പല  ന്യൂസ്റൂം സദാചാര  പോലീസുകാരും അവരുടെ റിപ്പോർട്ടിംഗ് ലൈനിലുള്ള മറ്റ് മഫ്ടിക്കാരും.


വിവേകത്തോടെ കാര്യങ്ങൾ നിരീക്ഷിച്ചാൽ ചിലത് വളരെ
വ്യക്തമാണ്. സരിതയും ബിജുവും 'ഹൈ പ്രൊഫൈൽ' തട്ടിപ്പുകാരാണ്. അവർ തട്ടിപ്പിനായി തെരഞ്ഞെടുത്ത ബിസിനസ് സെക്ടർ എന്നത് ഏറ്റവും
വേഗത്തിൽ ഉപഭോക്താക്കളെയും സംരംഭകരെയും സാമാജികരെയും ഒരുപോലെ ആകർഷിക്കാൻ പൊട്ടൻഷ്യൽ ഉള്ള ഒന്നുമാണ്.
ഒരു ആൾട്ടർനേറ്റീവ് ഊർജ്ജപദ്ധതി എന്നതിനാൽ  ഇത്തരം പദ്ധതിയുമായി
മുന്നോട്ട് വരുന്ന സംരംഭകർക്കു ഭരണസംവിധാനങ്ങളുടെ
ഇടനാഴികളിലേക്കും അടുക്കളപ്പുറങ്ങളിലേക്കും ഒടുക്കം അന്തപുരങ്ങളിലേക്കും എത്തിപ്പെടാൻ ഒട്ടും കഷ്ടപ്പെടേണ്ടിവരുന്നില്ല
എന്നതാണ് നേര്. സർക്കാർ 'അനർട്ട്' പോലുള്ള ഏജൻസികൾ വഴി
സബ്സിഡി പോലും കൊടുക്കുന്ന ഇത്തരം പദ്ധതികൾ ഭരണ പ്രതിപക്ഷ ഭേദമന്യേ ഓരോ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന നിയമസഭാ
സാമാജികർ  ഏറ്റെടുത്തു നടത്തുന്നത് ഒരു പുതിയ കാര്യവുമല്ല. ഈയൊരു സാധ്യതയേയാണ് സരിതവും ബിജുവും അവരുടെ
ആസൂത്രിതമായ തട്ടിപ്പിന് വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയത്.


 അധികാരത്തിന്റെ ഇടനാഴികളിൽ വ്യക്തിബന്ധങ്ങളുണ്ടാക്കിയ ഇവർ
അത്തരം ബന്ധങ്ങളെ മനോഹരമായി മാർക്കറ്റ്‌ ചെയ്തു. അങ്ങിനെയാണ് രാഷ്ട്രീയക്കാരും ജഡ്ജിമാരും സിനിമാനടിമാരുമൊക്കെ
ഇവരുടെ മാർകറ്റിങ്ങ് സ്ട്രാറ്റജിയുടെ ഉപകരണങ്ങൾ ആയി മാറുന്നത്.
രാഷ്ട്രീയത്തിലെ പരാന്നജീവികളായ പേർസണൽ സ്റ്റാഫ് എന്ന വിഭാഗത്തെ, അതും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളവരെ വരെ, കയറിച്ചെന്നു
സ്വാധീനിക്കാൻ മാത്രം വളർന്ന ഈ ടീം രാഷ്ട്രീയത്തിലെ കുറച്ച്
കള്ളനാണയങ്ങളെയും അഴിമതിയുടെ പങ്കുപറ്റുന്നവരാക്കി മാറ്റി എന്നത്
വ്യക്തമാണ്. അതാരൊക്കെയെന്നതു അത്തരം ട്രാൻസാക്ഷനുകൾ അന്വേഷണ
വിധേയമാകുന്നത്തിലൂടെ പുറത്തുവരേണ്ടതാണ്.


എന്നാൽ  ജനാധിപത്യത്തിലെ കാവൽപട്ടികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന
മീഡിയ എന്ന വർഗ്ഗം  ഈ വിഷയത്തിൽ കാണിക്കുന്ന വൃത്തികേടുകൾ
കാണുമ്പോൾ തെരുവിൽ എല്ലിൻ കഷ്ണത്തിന് വേണ്ടി കടിപിടി കൂടുന്ന
കൊടിച്ചിപ്പട്ടികളുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവല്ലോ എന്ന് പരിതപിക്കേണ്ടി  വരുന്നു. സരിതയുടെ ഫോണിൽ നിന്ന് ഒന്നോ രണ്ടോ
കോൾ വന്നതായി കണ്ട ഉടനെ അത്തരക്കാർക്ക്‌ ഈ സാമ്പത്തിക തട്ടിപ്പിൽ
വല്ല പങ്കുമുണ്ടോ എന്ന  ചോദ്യമുയർത്തുന്നതിനു പകരം അവരെ
സദാചാരവിരുദ്ധരായും അവിഹിതക്കാരായും വരികൾക്കിടയിലൂടെ
ചിത്രീകരിക്കാനുള്ള ത്വരയോടു കൂടിയ  ഈ 'ജീർണലിസം' നിശിതമായി
തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്.  ഈ വാർത്താജീവികളുടെയൊക്കെ
സരിതാവിലാസം വിളികളും എസ് എം എസ്സും ഇതേ ലിസ്റ്റിൽ ഉണ്ടെന്ന്
 ഇവന്മാരുടെ ചാത്തനേറ് കൊണ്ട് ഒരാഴ്ച്ചയായി പുളഞ്ഞുകൊണ്ടിരുന്ന
ചിലർ  മൊഴിഞ്ഞപ്പോഴേക്കും ന്യൂസ് റൂമുകളിൽ ആത്മരോഷം  അണപൊട്ടി,
ശിഷ്യന്മാരെ അടവുകൾ പഠിപ്പിച്ച് ചേകവർ ന്യൂസ് അവർ നടത്താൻ
അങ്കകളരിയിലിറക്കി. അവർ അവരുടെ ഗുരുക്കന്മാർക്കു വേണ്ടി ന്യൂസ്
ഡെസ്കിൽ ചാഞ്ഞും കിടന്നും വായിട്ടലച്ചു രക്തം പൊടിച്ചു.       


അധികാരത്തിന്റെ സോപാനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കരാളഹസ്തങ്ങളെ ജനസമക്ഷം കൊണ്ടുവരേണ്ടത്  മാധ്യമധർമ്മം
തന്നെയാണ്. എന്നാൽ ഒരു ചെറിയ വിടവ് കാണുമ്പോഴേക്കും
അതിൽ അവിഹിത സാധ്യതകളുടെ അനന്തവാതായനങ്ങൾ വരച്ചു
ചേർക്കുന്ന ഈ ജീർണ്ണിതപത്രപ്രവർത്തനം അവസാനിപ്പിക്കേണ്ട
സമയമായിരിക്കുന്നു.    പൊതുപ്രവർത്തകർക്കും  ഒരു കുടുംബമുണ്ടെന്നും അവരും ബന്ധങ്ങളുടെ ഊഷ്മളതയിൽ ജീവിക്കാൻ കൊതിക്കുന്ന
മനുഷ്യജീവികളാണെന്നും തിരിച്ചറിയാതെ നെല്ലും പതിരും
വേർതിരിയുന്നതിന് മുന്നേ വിചാരണക്കാരന്റെ നാവും ന്യായാധിപന്റെ
കോട്ടുമായി സ്ക്രീനിൽ തെളിഞ്ഞുവരുന്ന ഈ സാമൂഹ്യവിരുദ്ധരെ
ചമ്മട്ടിക്കടിക്കാൻ പൊതുജനമിറങ്ങുന്ന കാലം അതിവിദൂരമല്ല. കാരണം അവരുടെ വീടിന്റെ സ്വീകരണ മുറികളിൽ നിങ്ങളുതിർക്കുന്ന വിസർജ്ജ്യം
അതിന്റെ എല്ലാ സീമകളും ലംഘിച്ചു തുടങ്ങിയിരിക്കുന്നു എന്നതുതന്നെ!
 

13 comments:

 1. സത്യം

  ബഹറിനിലെ എന്റെ താമസസ്ഥലത്ത് ചാനലുകളില്ല
  നാട്ടില്‍ ജീവിച്ചാലും ചാനലുകളോട് നോ എന്ന് പറയണമെന്നാണ് ആഗ്രഹം

  ReplyDelete
 2. News channels veykathayiththutangiyirikkunnu ippol....

  ReplyDelete
 3. News channels veykathayiththutangiyirikkunnu ippol....

  ReplyDelete
 4. ഇന്ന് ഇവരാണല്ലൊ ഭരിക്കുന്നത്

  ReplyDelete
 5. നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും പുഴുക്കുത്ത് പിടിച്ച തൂണ്‍ ഈ നാലാം തൂണാണ്. പിന്നെ ജുഡീഷ്യറി. അതും കഴിഞ്ഞേ രാഷ്ട്രീയക്കാര്‍ വരൂ. ആടിനെ പട്ടിയാക്കുവാനും പട്ടിയെ ആടാക്കുവാനും ഈ നപുംസകങ്ങള്‍ക്ക് ഒരു ഉളുപ്പുമില്ല.

  ReplyDelete

 6. നികേഷ് കുമാറിനെയും സരിത വിളിച്ചിരുന്നു എന്നാണു ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതായി ചാനലുകളിലും മറ്റും കണ്ടത് . അതിന് നികേഷ് വല്ലാതെ വിഷമിക്കുന്നുവത്രെ ..!!!
  മുഖ്യ മന്ത്രിക്കു നേരിട്ട് പരാതി കൊടുത്ത്തിരിക്കുന്നുവത്രേ ... !!!


  ചാനൽ റേറ്റിങ്ങ് മാത്രം ലക്ഷ്യമാക്കി എത്ര ബ്രേകിംഗ് ന്യൂസ്‌ കൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു പൊതു ജനം തെറ്റായ ധാരണകളിൽ അകപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഇവർ തയ്യാറാണോ ?

  വാർത്തകളുടെ തലക്കെട്ട്‌ മാത്രം നോക്കി പൊതു ജനങ്ങൾ തെറ്റിദ്ധരിക്കണം എന്ന ഉദ്ദേശമില്ലാതെയാണ് തങ്ങൾ കയ്യിൽ കിട്ടുന്ന ബ്രേകിംഗ് ന്യൂസ്‌ കൾ നല്കിയിട്ടുള്ളത് എന്ന് സത്യസന്ധമായി പറയാൻ ഇവര്ക്ക് സാധിക്കുമോ ?


  അപ്പുക്കുട്ടന് എന്തും ആവാം !!!

  ReplyDelete
 7. എന്‍റെ കമന്‍റ് എവിടെപ്പോയി?

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. Vettathan Sir, Your comment was in Spam, now I have moved here

   Delete
 8. ലേഖനം നന്നായി... കൃത്യമായി പറയാനുള്ളത് വ്യക്തമാക്കിയതിന് അഭിനന്ദനങ്ങള്‍...

  ReplyDelete
 9. ഒരേ വാര്‍ത്തതന്നെ വിവിധ പത്രങ്ങളും,ചാനലുകളും അവരുടേതായ വീക്ഷണകോണുകളിലൂടെ പലരൂപത്തില്‍ ചിത്രീകരിച്ചു കാണുമ്പോള്‍
  മാധ്യമധര്‍മ്മത്തിന്‍റെ സ്ഥാനം എവിടെയെന്ന് ചിന്തിച്ചുപോകാറുണ്ട്.
  ലേഖനം നന്നായി.
  ആശംസകള്‍

  ReplyDelete
 10. പൊതുപ്രവർത്തകർക്കും ഒരു കുടുംബമുണ്ടെന്നും അവരും ബന്ധങ്ങളുടെ ഊഷ്മളതയിൽ ജീവിക്കാൻ കൊതിക്കുന്ന മനുഷ്യജീവികളാണെന്നും തിരിച്ചറിയാതെ നെല്ലും പതിരും വേർതിരിയുന്നതിന് മുന്നേ വിചാരണക്കാരന്റെ നാവും ന്യായാധിപന്റെ കോട്ടുമായി സ്ക്രീനിൽ തെളിഞ്ഞുവരുന്ന ഈ സാമൂഹ്യവിരുദ്ധരെ ചമ്മട്ടിക്കടിക്കാൻ പൊതുജനമിറങ്ങുന്ന കാലം അതിവിദൂരമല്ല...... You said it .

  ചാനല്‍ റേറ്റിങ്ങ് കൂട്ടിയും, സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചും മുതലാളിക്ക് കാശുണ്ടാക്കിക്കൊടുത്ത് തങ്ങളുടെ പങ്ക് പറ്റാന്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകരെ പൊതുജീവിതത്തില്‍ നിന്ന് ആട്ടിയോടിച്ചില്ലെങ്കില്‍ നമ്മുടെ സമൂഹത്തെ അരാജകത്വത്തിന്റെ കൂത്തരങ്ങാക്കി ഇവര്‍ മാറ്റുകതന്നെ ചെയ്യും.....

  ReplyDelete
 11. നന്നായി ഇന്നത്തെ മലിമസമായ കാലത്തെക്കുറിച്ച്‌ ഇത്തിരി വിചാരം..അഭിനന്ദനങ്ങള്‍

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...