ചില്ലിട്ട ജാലകത്തിലൂടെ ഇളം നിറത്തിലുള്ള വിരിയും കടന്നു മുറിക്കകത്ത് നിഗൂഡതകളെ പേറുന്ന ഒരു നീലവെളിച്ചം പടര്‍ത്തിയിരിക്കുന്നു പുറത്തു നിന്നും അരിച്ചെത്തിയ നിലാവ്. ഒരു ചീവിട് പോലും ചിലയ്ക്കാത്ത കനത്ത നിശബ്ദതയെ ഭേദിച്ച് കട്ടിലിനടിയില്‍ ഘടിപ്പിച്ച സ്റ്റീരിയോയില്‍ നിന്നും ഹൃദയം പിടിച്ചു നിര്‍ത്തുന്ന ശബ്ദത്തില്‍ മെഹ്ദി ഹസന്‍ പാടുന്നു:
യൂ സിന്ദഗി കി രാഹ് മേം ഠക് രാ ഗയാ കൊയീ
ഇക് രോഷ്നി അന്ധേരാ മേം ബികരാ ഗയാ കൊയീ

ഞാനൊരു തിരിഞ്ഞു നടത്തത്തിനൊരുങ്ങി പതുക്കെ കണ്ണുകളടച്ചു.
മെഹ്ദി ഹസന്‍ പാട്ട് തുടര്‍ന്ന് കൊണ്ടിരുന്നു:
പെഹലെ വൊഹ് മുജ്ജ്കോ ദേഖ് കര്‍ ഭര്‍ ഹംസി ഹോഗയീ
ഫിര്‍ അപ്നെ ഹി ഹസീന്‍ ഖയാലോന്‍ മേ ഖോ ഗയീ
സര്‍ഗാത്മകതയുടെ ആഘോഷമായി വന്ന അധ്യാപന പരിശീലന കാലം. മനശാസ്ത്ര വഴിയിലെ സങ്കേതങ്ങള്‍ പുതുമയോട അറിഞ്ഞു വരുന്ന സമയം. അറിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം പരീക്ഷിച്ചു നോക്കുന്നതില്‍ തുടങ്ങി ഞങ്ങളുടെ ഗവേഷണ ത്വര. അത്തരമൊരു ഘട്ടത്തിലാണ് സ്വന്തമായൊരു വീക്ഷണവുമായി അവള്‍ വരുന്നത്. ചിന്തകളുടെ തരംഗദൈര്‍ഘ്യം ക്രിയാത്മകമായി പരിരംഭണം ചെയ്യുമ്പോള്‍ രണ്ടുപേര്‍ പ്രണയാതുരരാകാന്‍ സാധ്യതയേറുന്നുവെന്നും മറിച്ചായാല്‍ അവരൊരിക്കലും ഒരു നേര്‍രേഖയില്‍ സന്ധിക്കില്ലെന്നുമുള്ള അത്യന്തം നൂതനമെന്നു അവള്‍ തന്നെ സ്വയം വിശേഷിപ്പിച്ച ഒരു തോട്ട്. അതൊരു തോട്ടല്ലെന്നും പ്രണയിക്കാന്‍ കൊതിക്കുന്ന വിവിധ ആശയക്കാരെ പരസ്പരം അകറ്റാനുള്ള ഒരാട്ടാണെന്നും ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു (നേരിട്ട് പറയാന്‍ പേടിയായിട്ടാ... ദേഹോപദ്രവം ആര്‍ക്കാണ് പേടിയില്ലാത്തത്? ).