ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 16 April 2013

മെഹ്ദി പാഠങ്ങൾ - 8 : രഫ്താ രഫ്താ....


മെഹ്ദി ഗസലുകളിലൂടെയുള്ള  പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ്.

"പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ..." എന്ന് പ്രിയകവി വീരാൻകുട്ടി കുറിക്കുമ്പോൾ, അത് ഷഹബാസ് ഉള്ളുലച്ചു പാടുമ്പോൾ,
ഒക്കെയും നമ്മൾ തിരിച്ചറിവിന്റെ നീറ്റുപൊള്ളലിൽ ഉള്ളുലച്ചുരുത്തിരിയുന്ന ഒരാർത്തനാദം പുറത്തേക്കെടുക്കാനാകാതെ  മൗനത്തിൽ  പൊതിഞ്ഞു കെട്ടിപ്പൂട്ടി വെക്കാറില്ലേ?  അതിനാൽ നമ്മൾ പ്രണയത്തെക്കുറിച്ചല്ലാതെ എന്ത് പാടാൻ?

പ്രണയം പാടാൻ മെഹ്ദിയല്ലാതെ ഏതു  നാദം?

പ്രേയസ്സി എന്നത്  വേറിട്ടൊരു ഉടലും ഉള്ളുമായി നില്ക്കുന്നു എന്നല്ലാതെ എപ്പോഴെങ്കിലും അവൾ നിങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടോ? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്ന തട്ട് വ്യവസ്ഥിതിക്കപ്പുറം അധികാരാധീശത്വങ്ങളുടെ ഗ്രാവിറ്റി ഭേദിച്ച്    അപ്പൂപ്പൻതാടികളായി എപ്പോഴെങ്കിലും നിങ്ങളൊരുമിച്ചു ഒരു രാവെങ്കിലും അനുഭൂതിയുടെ ആകാശങ്ങളിലേക്ക് പറന്നു പോയിട്ടുണ്ടോ?

ഇല്ലെങ്കിൽ ഈ ഗസലിലേക്ക്‌ മടങ്ങി വരിക. മെഹ്ദിയെന്ന പ്രേമഗായകന്റെ കൂടെ ഈ രാഗനൗകയിൽ കയറുക. ഔപചാരികതകളും അധീശത്വഭാവങ്ങളും ഈ ആഴിയുടെ ആഴങ്ങളിലേക്കുപേക്ഷിക്കുക. എന്നിട്ട് രണ്ട് അസ്തിത്വങ്ങൾ എങ്ങനെയാണ് ഒന്നായി പരിണമിക്കുന്നതെന്ന് അനുഭവിച്ചറിയുക.

രഫ്താ രഫ്താ വൊ മേരീ  ഹസ്തീ കാ സാമാ  ഹോ ഗയേ.....


ഈ ഗസലിന്റെ വരികൾ യഥാർത്ഥത്തിൽ ആരുടേതാണെന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു.  'സീനത്ത്' എന്ന പാകിസ്താനി സിനിമക്ക് വേണ്ടി തസ്ലീം ഫസ്ലി എഴുതിയ പാട്ടിന്റെ വരികളാണ് പിന്നീട് മെഹ്ദി ഹസ്സൻ സാബ്
ഗസൽ സതിരുകളിലൂടെ ആസ്വാദകരുടെ  പ്രണയതന്ത്രികളിലേക്ക് രാഗോർജ്ജമായി?? (അങ്ങനെയൊരു ഊർജ്ജം ഫിസിക്സിൽ കാണില്ല!) സംവേദനം ചെയ്ത് പോപ്പുലർ ആക്കിത്തീർത്തത്.

എന്നാൽ തസ്ലീം ഫസലി ഇതെഴുതുന്നതിനും ഒരു പതിറ്റാണ്ട് മുന്നേ ബസന്ത്
പ്രകാശിന്റെ സംഗീതത്തിൽ  ആശാജിയും മഹേന്ദ്ര കപൂറും  'ഹം കഹാ ജാ രഹേ ഹേ' എന്ന ഹിന്ദി സിനിമക്ക് വേണ്ടി ഇതേ വരികളോട് അങ്ങേയറ്റം
സാമ്യമുള്ള ഒരു പാട്ട് പാടിയിട്ടുണ്ട്‌.....,  അതെഴുതിയത് ഇന്ത്യൻ പാട്ടെഴുത്ത്
മേഖലയിൽ ഖമർ ജലാലാബാദി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന
അമൃത്സർ സ്വദേശി ഓം പ്രകാശ് ഭണ്ഡാരിയാണ്.

ആദ്യം തസ്‌ലീം ഫസലി 1976 -ൽ   'സീനത്ത്' എന്ന പാകിസ്താനി ചിത്രത്തിന്
വേണ്ടിയെഴുതിയ പാട്ട് കേട്ട് നോക്കാം. ഈ സിനിമക്ക് വേണ്ടി പാടിയതും മെഹ്ദി സാബ് തന്നെയാണ്:


ഇനി അതിനും പത്തു വർഷങ്ങൾക്കു മുന്നേ 1966-ൽ ഖമർ ജലാലാബാദി  'ഹം കഹാ ജാ രഹേ ഹേ' എന്ന ഇന്ത്യൻ സിനിമക്ക് വേണ്ടി എഴുതിയ പാട്ട് കേട്ട് നോക്കൂ :


രണ്ടു പാട്ടുകളുടെയും വരികൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും, തസ്‌ലീം ഫസലി കോപ്പിയടി എന്ന ആഗോള പ്രതിഭാസത്തിൽ സാധാരണ ആരും കാണിക്കാറുള്ള സ്വന്തം പ്രതിഭയുടെ കരവിരുത് പോലും കാണിക്കാൻ മെനക്കെടാതെ ഖമർ ജലാലാബാദിയുടെ വരികളിൽ നിന്നും  ഏറെക്കുറെ ഈച്ചകോപ്പി അടിക്കുകയായിരുന്നു.

ഈ പാട്ടിനെ പിന്നെയും വെറുതെ വിടാൻ തയ്യാറാകാതെ പോയ ചരിത്രവും നമുക്കുണ്ട്. മെഹ്ദി സാബിന്റെ ഏറ്റവും ജനകീയമായ ഒരു ഗീതകം എന്നതിനാൽ തന്നെ ഈ പാട്ടിന്റെ വരികൾ ഏവർക്കും ഒരുപക്ഷെ മനപ്പാഠമായിരിക്കും. പോരാത്തതിന് ഇതിന്റെ വരികൾക്കുള്ള യഥാർത്ഥ
ക്രെഡിറ്റ് ആർക്കവകാശപ്പെട്ടതാണെന്നതിനെക്കുറിച്ച്  ഇന്ത്യാ-പാകിസ്താൻ  അതിർത്തി തർക്കം പോലെ തന്നെയുള്ള ഒരു വിവാദം
ഇരു രാജ്യങ്ങളിലെയും ഗസൽ പ്രേമികൾക്കിടയിൽ നിലനിൽക്കുന്നുമുണ്ട്.
ഇത്രയൊക്കെയായിട്ടും ബോളിവുഡിൽ നമ്മുടെ സ്വന്തം പാട്ടെഴുത്തുകാരൻ
സമീർ ഈ പാട്ടിന്റെ വരികളെ സമർത്ഥമായി വീണ്ടും കോപ്പിയടിച്ചു
എന്നതാണ് രസം. ആമിർഖാനും മമത കുൽക്കർണിയും അഭിനയിച്ച 1995-ൽ  ഇറങ്ങിയ  ആശുതോഷ് ഗവാർകറിന്റെ  'ബാസി' എന്ന ചിത്രത്തിന്
വേണ്ടിയാണ് സമീർ ഇങ്ങനെയൊരു കരവിരുത് കാണിച്ചത്. അനു മാലികിന്റെ സംഗീതത്തിൽ അൽക യാഗ്നിക്കും ഉദിത് നാരായണും ചേർന്ന് പാടിയ  ആ പാട്ടിൽ പക്ഷെ തസ്ലീം ഫസലിയെപ്പോലെ പ്രതിഭാരാഹിത്യം
സമീർ കാണിച്ചില്ല.  വിദഗ്ദ്ധമായി സമീർ അദ്ധേഹത്തിന്റെ ക്ലാസ് കാണിച്ചു ആ പാട്ടെഴുത്തിൽ എന്നതാണ് ശരി.  'രഫ്താ രഫ്താ' എന്ന് തുടങ്ങുന്നതിന്
പകരം അദ്ധേഹം 'ധീരേ ധീരേ' എന്നാക്കി.
ഏതു പോലെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ജോണ്സൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടിയ 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി....' എന്ന ഓ എൻ വിയുടെ വരികളെടുത്ത്‌ അതിലെ 'മെല്ലെ മെല്ലെ' എന്നത് വെട്ടി 'പയ്യെ പയ്യെ ...' എന്നാക്കിയാലെങ്ങിനെയിരിക്കും,
അതു തന്നെ!

ആ പാട്ട് താഴെ കേൾക്കാം:ഏതായാലും മുഴുവനായും  പതിച്ചെടുക്കാതെ  കുറെ വരികൾ സ്വന്തമായി തന്നെ ചേർത്തിട്ടുള്ളതിനാൽ നമുക്ക് സമീറിനെ വെറുതെ വിടാം.
കൈഫി ആസ്മി, ജാവേദ്‌ അഖ്തർ, ഗുൽസാർ തുടങ്ങിയ നമ്മുടെ പ്രിയപ്പെട്ട
എഴുത്തുകാരുടെ നിരയിൽ തന്നെ നിർത്താവുന്ന പ്രതിഭയുള്ള ഒരാളാണ്
സമീർ എന്നത് എത്രയോ മികച്ച പാട്ടുകളിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.


പാട്ടിന്റെ യഥാർത്ഥ കർത്താവ് ആരുമാവട്ടെ, നമ്മളിലേക്കതെത്തിയത് മെഹ്ദിയെന്ന മാധ്യമത്തിലൂടെയാണ്.  അത് കൊണ്ട് തന്നെ നമ്മൾ ആ മാന്ത്രിക വീചികളിലേക്ക് തിരിച്ചു നടക്കുന്നു.രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ 
പെഹലെ ജാൻ ഫിർ ജാനെ ജാൻ ഫിർ ജാനെ ജാനാ ഹോ ഗയേ  

ദിൻ ബെ ദിൻ ബഡ്തീ ഗയീ ഇസ് ഹുസ്ന് കീ രഅനാഇയാം 
പെഹലെ ഗുൽ ഫിർ ഗുൽ ബദൻ ഫിർ ഗുൽ ബെ ദാമൻ ഹോ ഗയേ 

ആപ് തോ നസ്ദീക് സെ നസ്ദീക് തർ ആതേ ഗയേ 
പെഹലെ ദിൽ ഫിർ ദിൽറുബാ ഫിർ ദിൽ കെ മെഹമാൻ ഹോ ഗയേ 

പ്യാർ ജബ് ഹദ് സേ ബഡാ സാരേ തകല്ലുഫ് മിട്ട് ഗയേ 
ആപ് സേ ഫിർ തും ഹുയേ ഫിർ തൂ കാ ഉൻവാൻ ഹോ ഗയേ ആശയം സംഗ്രഹിച്ചു നോക്കാം:


മെല്ലെ മെല്ലെ  അവളെന്റെ അസ്തിത്വത്തിന്റെ ഭാഗമായി
ജീവനായ് പിന്നെ ജീവന്റെ ജീവനായ് പിന്നെയിഷ്ടപ്രാണേശ്വരിയായി

അനുദിനം അവളാം  അഴകിന്റെ പൊലിവേറിയേറി വന്നൂ
പൂവായ് പിന്നെ പൂവുടലായ് പിന്നെയടിമുടി ഒരു പൂമരമായി ‌

അവളെന്നിലേക്കനുസ്യൂതം അടുത്തു കൊണ്ടേയിരുന്നു
മനമായ്‌ പിന്നെ മനസ്സ്വിനിയായ് ഒടുക്കം ഹൃത്തിന്റെ അതിഥിയായി  

പ്രണയമതിരുകൾക്കപ്പുറമേറുമ്പോൾ ഔപചാരികതകൾ മാഞ്ഞുപോകുന്നു
താങ്കളെന്നത് നിങ്ങളായും പിന്നെയത് നീയെന്നയിനമായും പരിണമിക്കുന്നു  


ഈ ഗസൽ കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇനി വീണ്ടും ഒന്നുകൂടി കേൾക്കൂ, വരികളിലെ അനുരാഗഗാഥയുടെ മാധുര്യമറിഞ്ഞു കൊണ്ട്...
രണ്ടുടലുകൾ ഒരസ്തിത്വമാകുന്നതിന്റെ പ്രണയരസതന്ത്രം അനുഭവിച്ചറിയാം ഈയൊരു യാത്രയിൽ....

മെഹ്ദി പാഠങ്ങളിലൂടെ ഇതുവരെയുള്ള നിങ്ങളുടെ യാത്രയെക്കുറിച്ച് ഇവിടെ കുറിക്കുക,നമ്മൾ അറിയാനാഗ്രഹിക്കുന്ന മെഹ്ദി ഗസലുകൾ ഇവിടെ കൊണ്ടു വരിക. നമുക്കൊന്നിച്ച്‌ ആ നാദസാഗരത്തിൽ മുത്തുകൾ തേടി ഊളിയിടാം.

വീണ്ടും വരാം, മറ്റൊരു മെഹ്ദി പാഠവുമായി....   ശുഭം!


ഈ ഗസൽ മെഹ്ദി ഹസ്സൻ സാബ് കണ്‍സേർട്ടിൽ ആലപിക്കുന്നത് താഴെ കേൾക്കാം:  17 comments:

 1. ദിൽ -എ-നാദാൻ .. തുഝെ ഹുവാ ക്യാ ഹെ .. ഈ പാട്ടിനെക്കുറിച്ചു എഴുതുമോ ഒറ്റമൈനെ ?

  ReplyDelete
  Replies
  1. ഗാലിബിനെ തന്നെയാണല്ലോ ഇത്തവണ കയറിപ്പിടിച്ചിരിക്കുന്നത്!

   ഗഹനമാണ് പ്രയോഗങ്ങൾ. ഏതായാലും ശ്രമിച്ചു നോക്കാംല്ലേ....

   ദിൽ ഏ നാദാൻ തുഝെ ഹുവാ ക്യാ ഹേ.....

   നിഷ്കളങ്ക ഹൃദയമേ നിനക്കെന്താണ് പറ്റിയത്?

   എന്താണ് പറ്റിയതെന്ന് അന്വേഷിച്ചിട്ട് തന്നെ ബാക്കി കാര്യം!

   Delete
  2. :) മെഹ്ദി സാബും .. ജഗ്ജീത് ജി യും പാടിയതാണ് ഏറേ ഇഷ്ടം ... തീര്ച്ചയായും ശ്രമിക്കൂ .. അപ്പോളേക്കും ഞാൻ അടുത്ത കവിത ഓര്ക്കട്ടെ ..:)

   Delete
 2. അഭൗമമായ ആ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഈശ്വരന്‍ മെഹ്ദിയുടെ ശബ്ദത്തില്‍ പാടുന്നുവെന്ന് ലാതാമങ്കേഷ്കര്‍ പറഞ്ഞത്...

  'സീനത്തിലെ' ഗാനത്തിന്റെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല. തുടരുക ഈ മെഹ്ദി പാഠങ്ങള്‍.....

  ReplyDelete
  Replies
  1. നന്ദി പ്രദീപ്‌ മാഷ്‌, മെഹ്ദിയെ പിന്തുടർന്നു വരുന്നതിന്.

   സീനത്തിന്റെ ലിങ്ക് ശരിയാക്കിയിട്ടുണ്ട്

   Delete
 3. ഹൊ എത്ര സുന്ദരം, നല്ല പോസ്റ്റ്, മെഹഫിൽ
  നന്ദി
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ഷാജു , ഈ സതിരിൽ കൂട്ടു വരുന്നതിന്

   Delete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഈ നല്ല കുറിപ്പിനു ആശംസകള്‍...

  ReplyDelete
 7. അർഥം അറിഞ്ഞു ഗസൽ കേൾക്കുക എന്നത് പാട്ടിന്റെ ആത്മാവ് അറിഞ്ഞ് കേൾക്കുക എന്നത് തന്നെയാണ് . ഗുലാം അലിയുടെ അവാരഗിയുടെ
  ചില വരികളുടെ അർഥം ആരിഫ് സൈൻ ഭായ് പറഞ്ഞു തന്ന ശേഷം ഞാൻ എത്ര തവണ ആ ഗസൽ വീണ്ടും വീണ്ടും കേട്ടെന്നു അറിയില്ല . വേറൊരു അനുഭാവം ആയിരുന്നു അത് .
  രഫ്താ രഫ്താ , മെഹ്ദിയെ ഒരിക്കൽ കൂടി കേൾക്കട്ടെ .
  നല്ല പോസ്റ്റ്‌ .

  ReplyDelete
 8. എത്തിപ്പെടാൻ താമസിച്ച ഇടം .... മൻസൂര് ചെറുവാടി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് .... ഇക് ഐസാ ഘർ ചാഹിയേ മുജ്കോ .................... ഏക്‌ കോനെ മേ ഗസല കി മെഹ്ഫിൽ .. ഏക്‌ കോനെ മേ മേ ഗാന ഗാഒ ...........

  ReplyDelete
  Replies
  1. Thanks Shihab for your good words. Awaited your new stories..

   Delete
 9. ഇഷ്ടം കുറിക്കുന്നു.

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...