ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പുകള്‍‍. Show all posts

Saturday, 29 August 2015

ഓർമ്മക്കൂട്ടിൽ -4: പുഴ കരയെ പുൽകുന്ന മണ്‍സൂണ്‍ കാലങ്ങൾ


   ഉരുളന്‍ കല്ലുകള്‍ ചേര്‍ത്ത് വെച്ചു മണ്ണ് തേമ്പി അടുക്കി നിര്‍ത്തിയ ചുറ്റുമതിലിന് മുന്നില് നിൽക്കുമ്പോൾ അതൊരു  ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ ഓര്‍മ്മിപ്പിക്കും. . 
അങ്ങിങ്ങായി മുഴച്ചും മെലിഞ്ഞുമിരിക്കുന്ന അതിന്റെ മുകളില്‍ അപ്പക്കാടുകളും വളളിപടലങ്ങളും വേരിറക്കി തൂങ്ങി നില്ക്കുന്നു . കയ കടന്നു ചെന്നാല്‍ കാണാം
താഴോട്ടു വളഞ്ഞു പുളഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാത. ഇരുവശവും പൂത്തുലഞ്ഞു നില്‍ക്കുന്ന കശുവണ്ടി മരങ്ങള്‍, ചുറ്റും തേൻ നുകരാൻ മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങൾ 

കുറച്ചു കൂടി താഴോട്ടിറങ്ങിയാൽ  അണ്ണാറക്കണ്ണന്‍മാർ  കലപില കൂട്ടി ഓടിക്കളിക്കുന്ന കൂറ്റന്‍ വരിക്കപ്ലാവ്. മധുരം കിനിയുന്ന എത്രയോ ചക്കക്കാലം പകര്‍ന്നു തന്ന ഈ മുത്തശ്ശിമരത്തില്‍ നിറയെ പുളിയനുറുമ്പുകളുടെ പ്ലാവിലക്കൂടുകളാണ്. 

  അല്പം താഴെയായി ഊഞ്ഞാലാട്ടത്തിന്റെ മനോഹര ബാല്യം ഒരുക്കിയ പേരയ്ക്കാമരം വേലിപ്പത്തലിലേക്ക് കൊമ്പ് ചായിച്ചു കിടക്കുന്നു. ഇതിന്റെ ഒരുപാട് ചുള്ളികള്‍ നല്ല എരിവുള്ള വടികളായി 
ഏഴ്  ഡി ക്ലാസില്‍  ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോര്‍ജ്ജ്  മാഷിന്റെ മേശപ്പുറം അലങ്കരിക്കാന്‍ വേണ്ടി ക്ലാസ് ലീഡറിന്റെ ഭാരിച്ച ഉത്തരവാദിത്തത്തോടെ എത്തിച്ചു കൊടുത്ത കാലം. അതേ വടി കൊണ്ട് തന്നെ 'ബില്ഡ്'  എന്ന വാക്ക് 'ബുയില്‍ഡ്' എന്ന് വായിച്ചതിനു ജോര്‍ജ്ജ് മാഷിന്റെ കയ്യില്‍ നിന്നും ചന്തി 
പൊള്ളിച്ചു തല്ല്  വാങ്ങിയപ്പോള്‍ ക്ലാസ്സിലെ ശത്രുക്കള്‍ എന്നെ നോക്കി 
ചിരിച്ചതും  ഇന്നലെ കഴിഞ്ഞ പോലെ.

   ഇനിയങ്ങോട്ട് ചെങ്കുത്തായ ഇറക്കമാണ്.  ഇടതുവശത്ത്  മനം മയക്കുന്ന സുഗന്ധം  പരത്തി പൂത്തുനില്‍ക്കുന്ന ഇലഞ്ഞി.   ഞെട്ടറ്റു കുഞ്ഞുപമ്പരങ്ങള്‍  കണക്കെ താഴോട്ടു കറങ്ങി വരുന്ന ഇലഞ്ഞിപ്പൂക്കളെ പൊടിയനി മരത്തിന്റെ ഇല പറിച്ചു കുമ്പിള്‍ കുത്തി അതില്‍ നിറച്ചു വെക്കും, പിന്നീട് നൂലില്‍ കോര്‍ത്ത്‌  മാലയുണ്ടാക്കാന്‍. ഇന്നും ബാല്യം വന്നു വിളിക്കുമ്പോള്‍ ഓര്‍മകളുടെ ഓരത്ത് ആ ഇലഞ്ഞിപ്പൂമണമിങ്ങനെ പരന്നു  നടക്കും, വെറുതെ കൊതിപ്പിച്ച് ....

വലിയ ഇറക്കം തീര്‍ന്നു അല്പം  നിരപ്പായ ഊടുവഴിയിലൂടെ പിന്നെയും താഴേ തൊടിയിലേക്ക്‌ നടക്കുമ്പോള്‍ ഇരുവശത്തുമായി പലതരം മാവുകള്‍ . വവ്വാലുകളും കിളികളും പാതി തിന്ന്  താഴേക്കു  കൊത്തിയിട്ട  പഴുത്ത മാമ്പഴങ്ങള്‍ പാതയോരത്ത് ചിതറിക്കിടക്കുന്നു. ആ വഴിയിലൂടെ കടന്നു പോകുമ്പോള്‍ നാവില്‍ കൊതിയുടെ കപ്പലോട്ടം. കുഞ്ഞു വലിപ്പമുള്ള ചക്കരമാമ്പഴങ്ങള്‍ ആണ് ഏറ്റവും മധുരിക്കുന്നത്. അതിന്റെ താഴത്തെ കൂര്‍ത്ത അഗ്രത്തില്‍ കടിച്ചു വലിക്കുമ്പോള്‍ ഒരു ശർക്കരപ്പാവ് അപ്പാടെ ഒഴുകി വരും നാവിന്‍ തുമ്പിലേക്ക്‌.

ചെറിയൊരു കല്പ്പടവിറങ്ങിയാൽ  എത്തുന്നത്‌ ആൾമറയില്ലാത്ത ഒരു മണ്‍കുഴിയിലേക്കാണ്. ഏതു  കാലത്തും  കുളിര്  കളയാതെ കാത്തു വെക്കുന്ന 
ഇതിലെ തെളിനീരിലാണ് ബാല്യം മുഴുവന് ആറാടിയത്.
ആമകളും മീന്‍കൊത്തി പൊന്മാനും പാമ്പുകളുമെല്ലാം സഹവസിക്കുന്ന ഈ കിണര്‍ ഒരിക്കല്‍ പോലും 
വറ്റിപ്പോയതായിട്ടു കണ്ടിട്ടില്ല. പാമ്പുകള്‍ ഇടയ്ക്കിടെ അഴിച്ചു വെച്ച് പോകുന്ന
 അതിന്റെ പടങ്ങളും വെള്ളാരം കല്ലുകളും വര്‍ണ്ണരാജികളില് പൊതിഞ്ഞ കോലന്‍ തുമ്പികളുമൊക്കെ ആ കിണറിന്റെ അരികത്തു ഞങ്ങള്‍ക്ക് 
കളിപ്പാട്ടങ്ങളായി. 

തട്ട് തട്ടായി മുകളിലേക്ക് വിതാനിച്ചിട്ടുള്ള തോട്ടങ്ങളിൽ തെങ്ങും  കവുങ്ങും 
ഇട കലർന്ന് നിൽക്കുന്നു. ഏറ്റവും താഴെ തട്ടിലെത്തുമ്പോൾ പിന്നെ കാണുന്നത്  പരന്നു കിടക്കുന്ന നെൽവയലുകൾ. അങ്ങേ അതിരായി കടലുണ്ടി പുഴയുടെ കൈവഴി , ഇപ്പുറം കുഞ്ഞുകുഞ്ഞു കുളങ്ങൾ. മണ്‍സൂണ്‍ ശക്തമാകുന്നതോടെ പുഴ കരകവിഞ്ഞൊഴുകി വയലും മൂടി മേലെ തോട്ടത്തിലേക്ക്  കയറി വരും. ഒപ്പം പുഴമീനുകളുടെ കുത്തൊഴുക്കും. വാഴത്തടിയിൽ തീർത്ത കെട്ടുതോണികളിൽ നായാട്ടു സംഘങ്ങൾ രാത്രി വലിയ ടോർച്ചുമായി മീൻവേട്ടയ്ക്കിറങ്ങും. വീർപ്പടക്കി കാത്തിരുന്നു ഒടുവിൽ കയറിവരുന്ന മീനിന്റെ കണ്ണിലേക്ക് ടോർച്ചിന്റെ കുത്തുന്ന വെളിച്ചം പായിക്കും. ഒരു വേള പകച്ചു നിന്നുപോകുന്ന അതിന്റെ മുതുകിൽ നൊടിയിടയിൽ മിനുത്ത  മൂർച്ചയുള്ള കത്തി പതിക്കും. ഒരു പിടച്ചിലിൽ വെള്ളം ചെഞ്ചായമണിയും. 'വെട്ടിപ്പിടുത്തമെന്ന' ഈ സമയകലയിൽ  വരാലും ആരലും വാളയും പരൽപൊടികളും രക്തസാക്ഷികളായി മീൻകുട്ടകളിലേക്കും അപ്പുറം വറച്ചട്ടിയിലേക്കും ഒടുക്കം തീന്മേശയിലേക്കും ആനയിക്കപ്പെടും. അങ്ങനെ ഓരോ മണ്‍സൂണ്‍കാലവും പുഴമീൻ മണക്കുന്ന ഓർമ്മപ്പുഴയാകും. 

Sunday, 5 August 2012

ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍

    
       കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ  ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം  കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
 അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ   ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.

എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും  പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ,  പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും 
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക്‌ കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:

 "എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"  

അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ്  വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍  സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ  ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ്  ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ  ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.

Tuesday, 29 November 2011

ഓര്‍മ്മക്കൂട്ടില്‍ 3 - ഓര്‍മയിലെ രണ്ടാം ക്ലാസ്


ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം

   പ്രവാസത്തിന്‍റെ ഊഷരതയില്‍ നിന്നും പിറന്ന മണ്ണിന്‍റെ ഊഷ്മളതയിലേക്ക് പറന്നിറങ്ങിയ ഇക്കഴിഞ്ഞ ഓണക്കാലത്തെ ഒരു സുന്ദര പകല്‍. വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍  അട്ടം നോക്കിക്കിടക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് ഒരാള്‍  കടന്നു വരുന്നു. വെളുത്ത കുപ്പായത്തിന്‍റെ കീശയില്‍ കുത്തി നിറച്ച ഒരു പാട് കടലാസുകള്‍ക്കിടയില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പേപ്പര്‍ കഷ്ണം പുറത്തേക്കെടുത്തു എന്‍റെ മുന്നിലേക്ക്‌ നീട്ടിക്കൊണ്ടദ്ദേഹം അരികിലായി ഇരുന്നു. കൊല്ലങ്ങളുടെ പഴക്കം കൊണ്ടാവണം ആ പേപ്പര്‍ കഷ്ണത്തിന്‍റെ അരികുകള്‍ ദ്രവിച്ചു ഉടനീളം ഒരു പിങ്ക് നിറം പരന്നിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാകാതെ  അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
"സൂക്ഷിച്ചു വെച്ചിരുന്ന പഴയ കുറെ പേപ്പറുകള്‍ വെറുതെ പരതി നോക്കിയപ്പോള്‍ കിട്ടിയതാണ്. അതിലേക്കു നോക്കിയിരുന്നു ഞാന്‍ ഇന്നലെ ഒരുപാട് കരഞ്ഞു"
 
പ്രായം തളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍റെ കണ്‍കോണുകളില്‍ ഈറന്‍ മുത്തുകള്‍ നിറഞ്ഞു തിളങ്ങുന്നത് കണ്ടതോടെ അനിയന്ത്രിതമായ ആകാംക്ഷയില്‍ ഞാന്‍ ആ കടലാസിലൂടെ കണ്ണോടിച്ചു.  എന്‍റെ അകം ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു സ്കൂള്‍ ക്ലാസ് മുറിയിലേക്ക് അതിവേഗം ചുരുങ്ങി. ഞാനൊരു രണ്ടാം ക്ലാസുകാരനായി പുനരവതരിച്ചു. ഒരുപാട് ഓര്‍മചിത്രങ്ങളുടെ ഒരു തിരനോട്ടമായിരുന്നു പിന്നെ കുറേ നേരത്തേക്ക്.  പ്രിയപ്പെട്ട പാത്തുമ്മ ടീച്ചര്‍ കയ്യില്‍ ഒരു കൂരിമരത്തിന്റെ വടിയുമായി മേശയില്‍ ഉച്ചത്തില്‍ അടിച്ചു രണ്ടാം ക്ലാസിലെ പോക്കിരികളെ അടക്കിയിരുത്തുന്ന   ചിത്രം, ആറാം വയസ്സിലെ ഡിഫ്തീരിയക്കോ മറ്റോ ഉള്ള കുത്തിവെപ്പ് കഴിഞ്ഞു ചന്തിയില്‍ കൈയുഴിഞ്ഞു ആര്‍ത്തുകരഞ്ഞു ക്ലാസ്സിലേക്കോടി വരുന്ന സഹപാഠികളെ കണ്ടു മുട്ട് വിറച്ചു രണ്ടാം ക്ലാസിന്റെ മുന്നില്‍ നിന്നും കുത്തിവെപ്പ് നടക്കുന്ന സ്റ്റാഫ് മുറിയിലേക്ക് നീളുന്ന വരിയില്‍ തങ്ങളുടെ ഊഴവും കാത്തു  നിലവിളിയോടെ നില്‍ക്കുന്ന ചിത്രം, കടലാസ് തുണ്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ കുത്തിനിറച്ചു ചാക്ക് നൂല് കൊണ്ട് വരിഞ്ഞുണ്ടാക്കിയ കെട്ടുപന്തു കൊണ്ട് ക്ലാസ്സിനകത്തു ഫുട്ബാള്‍ കളിച്ചു ബെഞ്ചിന്‍റെ കാലില്‍ കൊണ്ട് മുറിഞ്ഞ തള്ളവിരലുമായി പീ റ്റീ മാഷുടെ റൂമില്‍ ടിന്ചെര്‍ അയഡിന്‍റെ എരിവു കൊള്ളാന്‍ കാത്തിരിക്കുന്ന വേദനാചിത്രം, സ്കൂളിനു മുന്നിലെ പെട്ടിപ്പീടികയില്‍ നിന്നും വാങ്ങിയ ഉപ്പുവെള്ളത്തില്‍ പുഴുങ്ങിയ സ്വീറ്റ് കോണിന്‍റെ ബാക്കിയാകുന്ന തണ്ട് കൊണ്ട് സ്കൂളിന്‍റെ ഓടെറിഞ്ഞു പൊട്ടിച്ചതിന് ഹെഡ്മാഷ്‌ കുര്യന്‍ സാറിന്‍റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഏറ്റുവാങ്ങുന്നതിന്‍റെ ദയനീയ ചിത്രം,

Monday, 3 October 2011

നന്ദി സൗഹൃദമേ നന്ദി....


 ഒട്ടും വിചാരിച്ചതല്ല, കാലങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടിച്ചേരല്‍ ഉണ്ടാകുമെന്ന്. കാലിക്കറ്റ്‌ യൂനിവേര്‍സിറ്റി കാന്‍റീന്‍  മുറ്റത്തെ പേരാലിന്‍റെ ചുറ്റുതറയില്‍ ഓര്‍മകളുടെ വേലിയേറ്റങ്ങളുമായി ഞങ്ങള്‍ നാലുപേര്‍. തൃശൂര്‍ പൂരനഗരിയിലെ  ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇതുപോലൊരു ആല്‍ത്തറയില്‍ ഇതേ കൂട്ടം ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് കണ്ണൂര്‍ യൂനിവേര്‍സിറ്റി കാമ്പസിന്‍റെ മുന്നില്‍ ഊഞ്ഞാല്‍പ്പടി പോലെ താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിലും. അന്നഞ്ചു പേര്‍. 
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിതള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഹേമന്തത്തെ വരവേല്‍ക്കാന്‍ വസന്തത്തില്‍ തളിര്‍ത്തു വിരിഞ്ഞ അഞ്ചിതള്‍പൂവില്‍ നിന്നൊരിതളിന്‍റെ അനിവാര്യമായ പൊഴിച്ചില്‍.
ചില പിന്‍മടക്കങ്ങള്‍ അങ്ങിനെയാണ്, അറിയാത്ത തുരുത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ ആദ്യത്തെയൊരന്ധാളിപ്പ്, പിന്നെ ഒരു നിഷേധിയെപ്പോലെ മനസ്സിനെ ഫാന്‍റസികളിലേക്ക് മേച്ചു വിടുന്നു, പിന്നെ പിന്നെ മടുപ്പിന്‍റെ കുപ്പായമണിഞ്ഞു ഒരു പാകപ്പെടലിന്‍റെ ജീവിതപ്പെട്ടു പോകല്‍...  
ഓര്‍മ മരുന്നും ഒപ്പം മാരണവും ആകുന്ന ചില നേരങ്ങള്‍, നേരറിവുകള്‍‍, നെരിപ്പോടുകള്‍...
ഇനിയും പൊഴിയുവാന്‍ ഋതുഭേദങ്ങള്‍ക്ക് കാതോര്‍ത്ത്‌ ശേഷിക്കുന്ന ഇതളുകള്‍....


സൗഹൃദമേ.....
നിങ്ങളെ
ന്‍റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു. 

സൗഹൃദമേ...
ആയുസ്സി
ന്‍റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന്  ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...

സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥിക
ന്‍റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു  വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,

സൗഹൃദമേ...
പകരം തരാന്‍ ഈയുള്ളവന്‍റെ കയ്യിലെന്തുണ്ട്? പുറംപൂച്ചിനാല്‍ തീര്‍ത്ത  സിരകളും ഗര്‍വ്വിന്‍റെ അശുദ്ധി പേറും ചുവപ്പിനെ വഹിക്കുന്ന ധമനികളും നിറഞ്ഞ ഒരു മിടിക്കുന്ന മാംസപിണ്ഡ മല്ലാതെ!  ഇതെടുത്തു കൊള്‍ക, ഓരോ മിടിപ്പും നിങ്ങള്‍ക്കുള്ള ഈയുള്ളവന്‍റെ  നന്ദി പ്രഘോഷണമാകട്ടെ. 

Tuesday, 9 August 2011

ഓര്‍മ്മക്കൂട്ടില്‍ 2 - പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും

        
         ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത്തിലേക്കുള്ള  ഒരു ക്രാഷ് ലാന്ടിംഗ് ആയിരുന്നു സത്യത്തില്‍ സ്കൂളില്‍ നിന്നും കോളേജിലേക്കുള്ള ആ പറിച്ചു നടല്‍. നൂറോളം പേരുള്ള ക്ലാസ് മുറികള്‍ ഒരു പൂരപ്പറമ്പ് പോലെ ഹരം പകരുന്നതായിരുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'  എന്ന പോലെയായിരുന്നു  മിക്ക അവറുകളും. ആരൊക്കെയോ കയറി വന്നു മൈക്‌ വെച്ച് ഘോരഘോരം പ്രസംഗിക്കുന്നു. കോളേജില്‍ ടീച്ചര്‍മാര്‍ അല്ല, ലെക്ചര്‍മാരാണുണ്ടാവുക എന്ന് നേരത്തെ സ്കൂള്‍ സാറമ്മാര്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് ഇത്തരം പ്രഘോഷണങ്ങള്‍ തുടക്കത്തില്‍ ഞങ്ങള്‍ വളരെ ഭയഭക്തിബഹുമാനത്തോടെ കേട്ട് കൊണ്ടിരുന്നു. 

     പിന്നെ പിന്നെ  ഹാജര്‍ അറിയിക്കാന്‍ മാത്രമായി കയറ്റം. ഹാജരറിയിച്ചാല്‍ പിന്നെ താല്പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് പ്രത്യേകം അറിയിപ്പ് തരുന്ന വിശാലമനസ്കരായ കുറച്ചു അധ്യാപകര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ മാതൃകാധ്യാപകരായി ഞങ്ങള്‍ വാഴ്ത്തി പാടി. അവരെ പുറത്തു വെച്ച് കാണുമ്പോള്‍ എണീറ്റ്‌ നിന്ന് ബഹുമാനിച്ചു, ബസില്‍ സീറ്റൊഴിഞ്ഞു കൊടുത്തു പകരം അതില്‍  അവരെ പിടിച്ചിരുത്തി, സ്റ്റാഫ്‌ ക്ലബ്ബിലേക്ക് സിഗറെറ്റും പാന്‍ പരാഗും എത്തിച്ചു കൊടുത്തു, കാമ്പസിലെ മൂത്രപ്പുരകളില്‍ നടത്തുന്ന കൊത്തുപണികളില്‍ നിന്നും അവരുടെ പേരുകളും  ചിത്രങ്ങളും  പ്രത്യേകം ഒഴിവാക്കി, അങ്ങിനെയൊരുപാട് സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ അവര്‍ക്ക് നേരെ പ്രിയ ശിഷ്യഗണങ്ങളായ ഞങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പകരം നന്ദിയായി ഞങ്ങളുടെ അറ്റെന്‍ഡന്‍സ് കൃത്യമായി അവര്‍ മാര്‍ക്ക് ചെയ്തു. 


ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍

       നീരൊട്ടി വരണ്ട മണ്ണിലേക്ക് പുതുമഴയിരമ്പിയിറങ്ങുന്നത് പോലെയാണ് ചില പ്രത്യേക പിരീഡുകളില്‍ ഞങ്ങള്‍ ഇടിച്ചു കയറിയിരുന്നത്. കാരണം ചില വിഷയങ്ങളെടുക്കാന്‍ വരുന്ന ഗസ്റ്റ് ലെക്ചര്‍മാരെ ഞങ്ങള്‍ക്കു പെരുത്ത്‌ ഇഷ്ട്ടമായിരുന്നു. പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെ പഠിപ്പിക്കാനിറങ്ങുന്ന ഇത്തരം പെണ്‍ ലെക്ച്ചര്‍മാര്‍ എന്ത് കൊണ്ടോ ഞങ്ങളില്‍ ക്ലാസില്‍ കയറാനുള്ള ഒരു ത്വരയുണ്ടാക്കുന്നതില്‍ വിജയിച്ചു (ഇതിനെയാണോ ഫിസിക്സില്‍ 'ത്വരണം' എന്ന് പറയുന്നത് ആവോ? . കാരണം പ്രീഡിഗ്രീ ഫിസിക്സിലെ സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുടെ ഡെഫിനിഷന്‍ എന്നോട് ചോദിച്ചു നോക്കൂ ,  മണി മണി പോലെ ഞാന്‍ ഉത്തരം പറയും, ഇപ്പോഴും!! ഹീറ്റ് ട്രാന്‍സ്ഫര്‍ പഠിപ്പിച്ച ആ ടീച്ചറുടെ ഒറ്റ ക്ലാസ് പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല! സത്യം!! ഹി  ഹി..)

Monday, 11 July 2011

A Letter to Sam from My Heart....


Dear Sam,

       You know very well that I do often hesitate to blog something in English and it doesn't belong to any regret to that language but rather its my compassion towards my native Malayalam, my second mom. But,now, do feel, its the right time to tell something what I honestly earned from you in these hardly two years of companionship and living together. 

      Still I recollect, it was a terrific afternoon of a worst stormy and hottest day in July of the year 2008, I was in a cab sent from the company which was occupied to its maximum with the employees who were back from their happy holidays. Their gloomy faces made me flashing back the glimpses of the teary moments that I had gone through whenever I was taken back to boarding school after my two months summer holidays. I couldn't see anything through the windshields but just the smog resulted from a suspension of the wriggling tiny sand and humid air. 

Sam,

     When I entered to the company, different varieties of people, more precisely, a cross sectional representation of all the classes of human traits that I have had acquainted during my academics, were exposed in front of me. Really speaking, it is an awesome experience to get a plenty of human beings (I do like to call them human 'characters' as we are all good actors in being 'being')  at a hand away when you are really interested in studying traits, behavior, psychological defense mechanisms of individuals, attitudes etc etc. When you own yourself enough experience of getting hurt from those called 'friends' of your past, you will be cautious at its most to scan for a matching wave having a closest wavelength, amplitude and a same phase of interference to have a constructive output in the resulting relationship. 

Friday, 24 September 2010

ഓര്‍മ‍ക്കൂട്ടില്‍

  ഇതൊരു തിരിഞ്ഞുനോട്ടമാണ് , എന്‍റെ ബാല്യത്തിലേക്ക്, വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ സ്കൂള്‍ദിനങ്ങളിലേക്ക്, ചിറകു നിവര്‍ത്തി അകലേക്ക്‌ പറന്നുപോയ കൗമാരസ്വപ്നങ്ങളിലേക്ക് ,നിറങ്ങളുടെ ഘോഷയാത്രകളുമായി പുറകോട്ടു മാഞ്ഞുപോയ കലാലയ നാളുകളിലേക്ക്, തിരിച്ചറിവുകളുടെയും ആത്മഹര്‍ഷങ്ങളുടെയും നാളുകള്‍ സമ്മാനിച്ച അധ്യാപനകാലത്തിലേക്ക് .......... ഒരു വീണ്ടെടുപ്പിന് അവസരമില്ലെന്നറിയാമെങ്കിലും മനസ്സിനെങ്കിലും ഒരു മടക്കയാത്ര സാധ്യമാവുന്നു എന്നത് തന്നെ ഏറെ മനോഹരം.
ഞാനാരുടെ സ്വപ്നമാണെന്ന വ്യഥയോടെ, ഒരു കുമ്പസാരക്കൂട് പോലെ എല്ലാമറിയുന്ന, എല്ലാം പൊറുക്കാന്‍ ധൈര്യപ്പെടുന്ന, ഉള്ളില്‍ സ്നേഹത്തിന്‍റെ കനലുകള്‍ സൂക്ഷിക്കുന്ന ഒരു മനസ്സ് മാഞ്ഞു മാഞ്ഞു പോകുമോയെന്നോര്‍ത്ത്‌ നിശബ്ദം കണ്ണും നട്ടിരിക്കുന്ന ഏകാന്തമായ ചില നേരങ്ങളില്‍ ഇങ്ങനെ ചില വാക്കുകള്‍ ഉതിര്‍ന്നു വീഴാറുണ്ട്‌. നിശബ്ദ താഴ്‌വരയുടെ രഹസ്യങ്ങളിലേക്ക് മറഞ്ഞു പോകുന്ന മിന്നലുകള്‍ പോലെ, കാണാത്ത നിറങ്ങളായ്‌, കേള്‍ക്കാത്ത സ്വരങ്ങളായ്, അങ്ങനെയങ്ങനെ...
വാക്കുകള്‍ വര്‍ണ്ണശബളമായ പൂമരങ്ങളാകുന്ന ഗൃഹാതുരതയുടെ മുറുകിയ ആശ്ലേഷങ്ങളില്‍, ആത്മാവിന്‍റെ മിടിപ്പുകള്‍ ക്രമം തെറ്റിയിട്ടായിരിക്കാമെങ്കിലും അക്ഷരങ്ങള്‍ ഇവിടെയെവിടെയൊക്കെയോ....സത്യം! കാതോടു ചേര്‍ത്ത് വെച്ച് നോക്കൂ... ശംഖില്‍ നിന്നും ഇരമ്പിയാര്‍ക്കുന്ന കടലിനെ കേള്‍ക്കുന്നില്ലേ? ഇടയ്ക്കോര്‍ത്തു പോകാറുണ്ട്, യാത്രകള്‍ നമ്മുടെ ശിരസ്സില്‍ വരച്ച നിയോഗമാണെന്ന്. വഴികളില്‍ നിറയെ ആകസ്മികതകള്‍. യാത്ര പോകുന്നവന്‍റെ മാറാപ്പില്‍ ഭാരങ്ങള്‍ പാടില്ലെന്ന സഞ്ചാരിയുടെ നിയമങ്ങള്‍ തെറ്റിപ്പോകുന്നു. അറിയാതെ പലതിനോടും പ്രണയത്തിലാകുന്നു. പിന്നെയത് പറിച്ചു മാറ്റാനാകാതെ ഹൃദയത്തില്‍ കൊണ്ട മുള്ള് പോലെ, എത്ര കരഞ്ഞാലും നോവിച്ചു കൊണ്ടേയിരിക്കുന്ന ഓര്‍മയുടെ നൊമ്പരങ്ങള്‍......


തീയും ഗന്ധകവും ഉഷ്ണക്കാറ്റും നിറഞ്ഞ പ്രവാസത്തിന്‍റെ പാനപാത്രങ്ങളില്‍ നിന്ന് അശാന്തമായ രാപകലുകള്‍ ബാഷ്പീകരിച്ചു കടന്നു പോകുന്നു. ഓര്‍മകളുടെ അധിനിവേശം മനസ്സില്‍ കലഹങ്ങളും കലാപങ്ങളും ആഘോഷങ്ങളും നിറയ്ക്കുന്നു. എപ്പോഴാണെങ്കിലും എഴുതുമ്പോഴൊക്കെ നമ്മളറിയാതെ നീയും നിലാവും ഗസലും  പാട്ടും പരാതിയും കവിതയും എല്ലാം വന്നു പോകുന്നു. പെയ്തു തീരാത്ത ഘനശ്യാമത്തിന്‍റെ ഒരു തുണ്ട് ഓരോരുത്തരും ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുണ്ട്. അപൂര്‍വ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങള്‍ക്ക് മുന്നില്‍ മാത്രം അവ കണ്ണീര്‍മഴകളായ് പെയ്തിറങ്ങുന്നു. ആ നനുത്ത ഓര്‍മ്മകള്‍ ഒക്കെയും പച്ചപ്പിലൊളിപ്പിച്ചു ഇപ്പോഴും സൂക്ഷിക്കുന്നു, ഒരു ഹെര്‍ബേറിയം പോലെ....

LinkWithin

Related Posts Plugin for WordPress, Blogger...