മലപ്പുറം ജില്ല അതിന്റെ കഠിനാധ്വാനത്തിന്റെ ഫലക്കൊയ്ത്തു നടത്തി കൊണ്ടിരിക്കുകയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ട്. എസ് എസ് എല്‍ സി, പ്ലസ് ടു, എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, സിവില്‍ സര്‍വീസ് തുടങ്ങി സമസ്ത മേഖലകളിലും വിജയഭേരി മുഴക്കി ജില്ല മധുരതരമായ ഒരു പകരം വീട്ടലിന്റെ പാതയിലാണ്. പിന്നോക്കത്തിന്റെ നുകം പേറി ഒരു പാട് കാലം പലരുടെയും പരിഹാസത്തിനും അവഹേളനങ്ങള്‍ക്കും പാത്രമായിക്കൊണ്ടിരുന്ന ഒരു ജില്ല വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുടെ വെന്നിക്കൊടി പാറിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ഈയൊരു നല്ല നാളിന്‍റെ പുലര്‍ച്ചക്കായി അഹോരാത്രം പണിയെടുത്ത നിസ്വാര്‍ത്ഥരും സാത്വികരുമായ മുന്‍കാല മഹാമനീഷികളുടെ സേവനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. അവര്‍ തെളിച്ച പാതയിലൂടെ ആഷിക് കാരാട്ടിലും അന്‍വര്‍ അലിയും ഡാരിസ് മുഹമ്മദും അസ്‌ലം കുഞ്ഞിമുഹമ്മദും നിഖില്‍ ചന്ദ്രനും ഇസ്ഹാക്ക് ഹസനും കടന്നു ഇപ്പോള്‍ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി ഇര്‍ഫാനില്‍ എത്തി നില്‍ക്കുന്നു നേട്ടങ്ങളുടെ ഈ ഘോഷയാത്ര.

മലപ്പുറം പാണക്കാടിനു സമീപം മറ്റത്തൂര്‍ മൂലപ്പറമ്പ് എന്ന ഒരു തനി നാട്ടിന്‍പുറത്തു നിന്നും 2011 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം സ്ഥാനത്തേക്കുള്ള ദൂരം ഇര്‍ഫാന്‍ താണ്ടിക്കടന്നത് കഠിനാധ്വാനത്തിലൂടെയായിരുന്നു. ഈ വിജയം എന്നിലുണ്ടാക്കുന്ന സന്തോഷം ഒരു നൊമ്പരത്തിന്റെ അരികു പറ്റിയാണ്. തിരൂരങ്ങാടി പി എസ് എം ഓ കോളേജില്‍ എന്നെ ഏഴു വര്‍ഷത്തോളം കെമിസ്ട്രി പഠിപ്പിച്ച, ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് തലവനായിരുന്ന പ്രിയപ്പെട്ട വീ എം സാറിന്‍റെ മകനാണ് ഇര്‍ഫാന്‍. ഈ മഹാവിജയം കാണാന്‍ പക്ഷെ അദ്ദേഹം ഇല്ലാതെ പോയി എന്ന ദുഃഖം ഇര്ഫാനെപ്പോലെ തന്നെ എന്നെയും നൊമ്പരപ്പെടുത്തുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ മകന്‍റെ കൂടെ ബൈക്കില്‍ കോളേജിലേക്ക് പുറപ്പെട്ട വീ എം സാര്‍ പാണക്കാട്-വേങ്ങര റോഡിലെ ഒരു വളവില്‍ എതിരെ വന്ന സുമോയില്‍ തട്ടി ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നമ്മെ വിട്ടു പിരിഞ്ഞു പോയി. ആ വിവരം അറിയിച്ചു കൊണ്ട് സുഹൃത്തിന്റെ ഫോണ്‍ വന്ന ദിനം വിശ്വസിക്കാനാകാതെ പകച്ചു നിന്നത് ഇന്നും ഓര്‍മ്മയിലേക്ക് കടന്നു വരുന്നു. അദ്ധേഹത്തിന്റെ സ്വപ്നം മകന്‍ സാക്ഷാല്‍ക്കരിച്ചു കാണുമ്പോള്‍ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുന്നു. ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പഠിക്കാനും ഒരു മിടുക്കനായ ന്യുറോളജിസ്റ്റ് ആകാനുമുള്ള ഇര്ഫാന്റെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ എന്നും ഞങ്ങളുടെ പ്രിയപ്പെട്ട വീ എം സാറിന്‍റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍തഥിക്കുന്നു. മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ ഇര്‍ഫാന് ഹൃദ്യമായ അഭിനന്ദനങ്ങള്‍.....