ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday, 11 April 2012

പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)


ഞാനെന്തിനാണ് മൌനിയായിരുന്നത്,
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍ 
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും 

അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം 
ഇറാനികള്‍ക്ക്  നാശം വിതക്കുവാനെന്നത് 
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി 
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്‌ 
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം

അതെ, ഞാനെന്തിനു മടിക്കണം 
ആ നാടിന്റെ പേര് പറയാന്‍ 
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ 
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ 
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത  
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍

പക്ഷെ, എന്റെ രാജ്യം
പോയ കാലത്തെ സ്വന്തം ചെയ്തികളാല്‍
അനന്തരം തേടിയും നേരിട്ടുമിരിക്കുമ്പോഴും
പിന്നെയും ഒരു സബ്മറൈന് ഇസ്രയേലിന്
നല്‍കുവാന്‍ പോകുന്നുവത്രെ   
(കേവലം വ്യാപാരമാണെന്നും,അല്ല ഒരു നഷ്ടപരിഹാരത്തിന്റെ മാനമുണ്ടെന്നും പറയുന്നു) 
ആര്‍ക്കാണിത് നല്‍കുന്നതെന്ന് നോക്കൂ 
പേരിനൊരു ആറ്റംബോംബുണ്ടെന്ന് പോലും 
തെളിവ് കാണാത്ത ഇടങ്ങളിലേക്ക് 
കേവലഭയത്തെ തെളിവായെടുത്ത്  
ആണവയുദ്ധം നയിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക്

ഞാന്‍ പറയാനുള്ളത് പറയുക തന്നെ ചെയ്യും 
പക്ഷെ, ഞാനെന്തിനിത്ര കാലം മൂകനായി? 
കാരണം, ഞാനെന്റെ ഉത്ഭവത്തെക്കുറിച്ചോര്‍ത്തു പോയി
ഞങ്ങളില്‍ തൂത്തു കളയാനാകാത്ത ഒരു കറ പുരണ്ടിരിക്കുന്നു
എങ്കിലും എനിക്കേറെ അടുപ്പമുള്ള 
ഇനിയും ചേര്‍ന്ന് പോകാന്‍ ഞാനിഷ്ട്ടപ്പെടുന്ന 
ഇസ്രായേല്‍ ഈ നഗ്നസത്യം ഉള്കൊള്ളുമെന്നെനിക്കു       
പ്രതീക്ഷയില്ലെങ്കിലും
എന്ത് കൊണ്ടിപ്പോള്‍? ഈ വയസ്സ് കാലത്ത്
ബാക്കിയുള്ള അവസാന മഷി പുരട്ടി
ഞാന്‍ പറയട്ടെ:
ഇസ്രയേല്‍ എന്ന ആണവശക്തി
സ്വതവേ ദുര്‍ബലപ്പെട്ട ലോകശാന്തിക്ക് മേല്‍
ഒരു അപായമായി നില്‍ക്കുന്നു 
ഞാനിത് പറയുകതന്നെ ചെയ്യും 
കാരണം, പറയാനുള്ളത് പറയാതെ വെച്ചാല്‍ 
അതേറെ വൈകിപ്പോയിരിക്കും
നമ്മള്‍ ജര്‍മ്മന്‍കാര്‍ ഒരു മഹാദുരന്തത്തിനുള്ള 
കോപ്പ് നല്‍കി കുറ്റത്തിന്റെ പങ്കു പറ്റലാവും (നിലവിലേ ഏറെ കുറ്റഭാരം മുതുകിലുണ്ടല്ലോ)
മുന്കൂട്ടികാണാവുന്നയത്രയും സുവ്യക്തമായ 
പതിവ് ന്യായപല്ലവികള്‍ക്കൊന്നും മായിക്കാന്‍ കഴിയാത്തത്ര 
കടുത്ത ഒരു ദുഷ്ചെയ്തിയുടെ കൂട്ടുകര്‍മ്മി

ഞാനിതാ ആണയിടുന്നു:
ഞാനെന്റെ മൌനം ഭഞ്ജിച്ചിരിക്കുന്നു
എന്ത് കൊണ്ടെന്നാല്‍ 
പടിഞ്ഞാറിന്റെ ഇരട്ടത്താപ്പ് എന്നെ രോഗാതുരനാക്കിയിരിക്കുന്നു 
കൂടെ, കൂടുതല്‍ പേരവരുടെ മൌനം മുറിച്ചു
മോചിതരാവുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു
അവര്‍ നമ്മളകപ്പെട്ടിരിക്കുന്ന
ഈ തുറന്ന അപകടത്തിന്നുത്തരവാദികളോട്
ഒരു പിന്മടക്കത്തിന്റെ തിരുത്തല്‍ ആവശ്യപ്പെടട്ടെ 
ഇറാനോടും ഇസ്രായീലിനോടും അവരുടെ ആണവ ഭൂമികയുടെ വാതില്‍
അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ തുറന്നിടാന്‍
സ്വാധീനം ചെലുത്തട്ടെ

മറ്റൊരും വഴിയും നമുക്ക് മുന്നിലില്ല തന്നെ
അടുത്തടുത്ത്‌  ഒത്തൊരുമിച്ചു  വാഴുകയല്ലാതെ  
ഇസ്രായീല്യര്‍ക്കും പാലസ്തീനികള്‍ക്കും
ഒടുക്കം ലോകജനതക്കാകെയും 
നമ്മള്‍ക്കും...  
*************************
(വിഖ്യാത ജര്‍മ്മന്‍ എഴുത്തുകാരനും സാഹിത്യനോബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസ് കഴിഞ്ഞ ആഴ്ച്ചയില്‍ ജര്‍മ്മന്‍ പത്രമായ  Suddeutsche Zeiting  -ല്‍ എഴുതിയ  "Was gesagt werden muss" ("What Must Be Said!) എന്ന കവിതയുടെ സ്വന്തന്ത്ര മൊഴിമാറ്റമാണിത്. ഒരു കവിതയുടെ രൂപഘടനയോടെയോ ഒഴുക്കോ ഇല്ലാതെ ഒരു അപ്പീലിന്റെ രൂപത്തിലാണ് ഇതെഴുതപ്പെട്ടത്‌ 
എന്നതിനാല്‍ തന്നെ പദാനുപദ വിവര്‍ത്തനത്തിനു പകരം ആശയത്തിന്റെ സംഗ്രഹമായിട്ടാണ് ഈ  മൊഴിമാറ്റം ചെയ്തിട്ടുള്ളത്. ഇസ്രായേലിന്റെ ഇറാനെതിരെയുള്ള നീക്കത്തില്‍ പ്രതികരിച്ചു 
കൊണ്ടെഴുതിയ ഈ  കവിത ലോകത്താകെ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാ 
വിഷയമായിക്കൊണ്ടിരിക്കുകയാണ്.   ഇസ്രായേല്‍ ഗ്രാസിനു രാജ്യത്ത് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ലോക സമാധാനത്തിനു ഭീഷണിയായി മാറുന്ന ഇസ്രായേലിന്റെ ആണവനീക്കങ്ങള്‍ക്കെതിരെ  നവലോക സാഹിത്യത്തിലെ  ഈ  അതികായന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. നിങ്ങളുടെ വായനക്കും പ്രതികരണങ്ങള്‍ക്കുമായി ഈ മൊഴിമാറ്റം സമര്‍പ്പിക്കുന്നു)   

3 comments:

  1. ഇസ്രായേലിന്റെ കണ്ണിലെ കരട്...ഗ്രാസ്

    ReplyDelete
  2. ആശംസകൾ...........ഇനിയും തുടരുക"ഇരിപ്പിടത്തിന്റെ" ആശംസകൾ

    ReplyDelete
  3. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...