ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 4 October 2016

മെഹ്‌ദി പാഠങ്ങൾ - 13 : കൂ ബ കൂ ഫേൽ ഗയീ ബാത്......

മെഹ്ദി ഹസ്സൻ എന്ന നാദമൗലികതയുടെ ലൈവ് സതിരുകളൊക്കെയും മുന്നിലിരിക്കുന്ന ആസ്വാദകർക്ക് ഒരു സംഗീതപഠന ക്ലാസ് കൂടിയാണ് പലപ്പോഴും. ഉർദു കവിതകളുടെ ആശയ പ്രപഞ്ചങ്ങളിലേക്ക് കിളിവാതിൽ തുറക്കുന്ന കുഞ്ഞു കുഞ്ഞു പരാമർശങ്ങൾ അദ്ധേഹം ഓരോ ഗസലിനിടയിലും ശ്രോതാക്കളിലേക്ക് എറിഞ്ഞിടും. മെഹ്‌ദിയുടെ ആലാപനമാധുര്യം കൊണ്ട് മാത്രം വെള്ളിവെളിച്ചത്തിലേക്ക് വരാൻ ഭാഗ്യം ചെയ്ത  പല ഗസലുകളുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ കവികൾ പുതുതായി കുറച്ചു കൂടി വരികൾ പിന്നീട് എഴുതി ചേർത്ത് മെഹ്‌ദി സാബിന് ആലാപനത്തിനായി നൽകാറുമുണ്ട്. അങ്ങിനെ  ചേർക്കപ്പെട്ട വരികളെ പ്രത്യേകമായി പരാമർശിച്ചു പിന്നീടുള്ള സതിരുകളിൽ ആശയ വിവരണത്തോടെ അദ്ധേഹം ആലപിക്കുന്നത് എത്രയോ ലൈവുകളിൽ നമുക്ക് കേൾക്കാം. പാടുന്ന ഗസൽ കമ്പോസ് ചെയ്യപ്പെട്ട രാഗത്തിന്റെ സ്വരസഞ്ചാരങ്ങളിലൂടെ മെഹ്‌ദി എന്ന മാസ്‌ട്രോ ആസ്വാദകരെ വഴി നടത്തും. രാഗത്തിന്റെ മധുരഭാവങ്ങൾ  ആലാപിലൂടെ പടർത്തിയതിനു ശേഷമാണ് ഗസലിന്റെ കാവ്യപ്രപഞ്ചത്തിലേക്കു അദ്ധേഹം രാഗത്തിന്റെ തേരിൽ  പതിയെ കയറിത്തുടങ്ങുക. സമാന രാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കൊത്തുപണികൾ, ഗസലിന്റെ നൈർമ്മല്യത്തിനു വേണ്ടിയുള്ള മിനുസ്സപ്പെടുത്തലുകൾ, കേൾക്കുന്നവന്റെ ആത്മാവുതിർന്നു തുളുമ്പും വിധം ജലത്തിൽ പരൽ മീൻ തുടിക്കുന്ന അനായാസതയിൽ ഒഴുകി വരുന്ന മനോധർമ്മാധിഷ്ഠിത  നീട്ടിക്കുറുക്കലുകൾ.....


"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ ദർബാരി രാഗത്തിന്റെ നിഗൂഢ സൗന്ദര്യത്താൽ പരന്നിറങ്ങിയ മധുരശബ്ദവീചികളുടെ ഒരു ഓറയിൽ ആസ്വാദകനെ ആദ്യാന്തം പൊതിഞ്ഞു നിർത്തുന്ന ഒരു അപൂർവ്വ മെഹ്‌ദി അനുഭവമാണ്. രാത്രിയുടെ യാമങ്ങളിൽ ആലപിക്കപ്പെടുന്ന ദർബാരി അക്ബറിന്റെ കൊട്ടാര ദർബാറിൽ മിയാൻ ടാൻസൻ അവതരിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. സപ്തസ്വരങ്ങളും ഉപയോഗിക്കപ്പെടുന്ന സമ്പൂർണ രാഗമായ  ദർബാരി അതിന്റെ സ്വരസഞ്ചാരങ്ങളിൽ വരുന്ന ഗ~, ധ~  സ്വരങ്ങൾക്കു നൽകപ്പെടുന്ന ചെറിയ ആന്ദോളനം (വിബ്രാറ്റോ) ആണ് ഇതര സദൃശ്യരാഗങ്ങളിൽ നിന്നും ദർബാരിയെ വ്യതിരക്തമാക്കുന്നതും ആസ്വാദ്യത കൂട്ടുന്നതും.
മ (ശുദ്ധ്‌ മധ്യമം), പ (പഞ്ചമം) എന്നീ സ്വരങ്ങൾക്കു നൽകുന്ന ശക്തിയാണ് ദർബാരിയോട് അങ്ങേയറ്റം സാമ്യപ്പെട്ടു കിടക്കുന്ന ജോൻപുരി രാഗത്തിൽ നിന്നും ദർബാരിയെ വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ദർബാരിയും ജോൻപുരിയും തമ്മിലുള്ള ഈ അതിസൂക്ഷ്മമായ വ്യത്യാസം പോലും ഒരു പഠന ക്‌ളാസ്സിലെന്ന പോലെ ഈ ഗസലിന്റെ ലൈവിനിടക്ക് മെഹ്ദി സാബ് ശ്രോതാക്കളെ പാടിപ്പഠിപ്പിക്കുന്നുണ്ട്.

ഈ ഗസലിന്റെ ഒരു ലൈവിനിടയ്ക്ക് മെഹ്ദി സാബ് ക്ലാസ്സിക്കൽ ഘടനയിൽ ഏറെ ആഴങ്ങളുള്ള ദർബാരിയെ ഗസലെന്ന നനുത്ത തൂവൽ സ്പർശം പോലെയുള്ള ഒരു സംഗീത രൂപത്തിലേക്ക്  പകർത്തുന്നതിന്റെ സാങ്കേതികമായ വശങ്ങൾ സരസമായി അവതരിപ്പിക്കുന്നുണ്ട്. ദർബാരിയുടെ അതേ  സ്വരക്കൂട്ടുകളുള്ള രാഗങ്ങളായ ജോൻപുരിയും ആദാനയും  ഒക്കെ അപ്പുറവുമിപ്പുറം നിൽക്കുന്നതിനാൽ ഗസലുകളിലും ഗീതുകളിലും ദർബാരിയെ ശരിയായി പ്രതിഫലിപ്പിക്കുകയെന്നത് ഏതൊരു ഗായകനും ഏറ്റവും കാഠിന്യമേറിയ ഒന്നാണെന്ന് മെഹ്ദി സാബ് പറയുന്നു. ദർബാരിയുടെ യഥാർത്ഥ ക്ലാസിക്കൽ ഫ്ലേവർ എന്താണെന്ന് സർഗത്തിലൂടെ പാടിക്കേൾപ്പിക്കുന്ന അദ്ധേഹം ആ രാഗത്തെ അതിന്റെ ആഴത്തിൽ അറിയാൻ ഉസ്താദ് സലാമത് അലി ഖാൻ സാബിനെ കേൾക്കാൻ ശ്രോതാക്കളോട് അഭ്യർത്ഥിക്കുന്നു. ദർബാരിയുടെ ക്ലാസിക്കൽ ആഴപ്പരപ്പിലേക്കു ഗസൽ എന്ന ഒരു ഡെലിക്കസിയെ കൊണ്ടുപോകുന്നത് ഒരു സുന്ദരിയായ കൗമാരക്കാരിക്ക് മീശ വെച്ച് കൊടുക്കുന്നത് പോലെയുള്ള അതിസാഹസികത്തമാണെന്നു ഒരു നേർത്ത ചിരിയോടെ മെഹ്‌ദി പറഞ്ഞുവെക്കുന്നുണ്ട്. ഒരു യഥാർത്ഥ മാസ്‌ട്രോ തന്റെ കഴിവുകൾക്ക് മുന്നിൽ എത്രത്തോളം വിനയാന്വിതനാവണമെന്ന പാഠം  മെഹ്‌ദിയെ കണ്ടും കേട്ടുമറിയുമ്പോൾ അറിയാം.


"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ പാകിസ്താനിലെ ഏറ്റവും പ്രസിദ്ധയായ ഉറുദു കവയിത്രി പർവീൺ ശാക്കിറിന്റെ തൂലികയിൽ നിന്നും വിരിഞ്ഞതാണ്. തന്റെ യൗവ്വനകാലത്തു തന്നെ പ്രശസ്തിയിൽ കത്തി നിന്ന പർവീൺ ശാക്കിർ കവിതകളിലെ സ്ഥിരപരിചിതമല്ലാത്ത മനോഹരവാക്കുകളുടെ ഉപയോഗം കൊണ്ട് ആധുനികതയിൽ പാരമ്പര്യത്തെ വിളക്കിച്ചേർത്ത ഏറെ ശ്രദ്ധിക്കപ്പെട്ട  എഴുത്തുകാരി ആയിരുന്നു. പ്രണയത്തിന്റെയും കാമനയുടെയും വിരഹത്തിന്റെയും വേർപാടിന്റെയുമെല്ലാം സ്ത്രീപക്ഷ ആവിഷ്കാരങ്ങൾ അവരുടെ ഗസലുകളിൽ നിരന്തരം കാണാം.

വൊ തോ ഖുശ്ബൂ ഹേ, ഹവാഓൻ മേ ബിഖർ ജായേഗാ.....
മസ്‌ലാ ഫൂല് കാ ഹേ, വൊ കിഥർ ജായേഗാ......

അവൻ സുഗന്ധമല്ലോ, കാറ്റിലങ്ങൊഴുകിപ്പോകാം 
പ്രശ്നം പൂവിന്റേതാണ്, പൂവ് എവിടെപ്പോവാനാണ്?   

പർവീൺ ശാകിർ 

ആൺപക്ഷ ബിംബങ്ങളും വാക്യപ്രയോഗങ്ങളും നിറഞ്ഞു നിന്നിരുന്ന ഉറുദു ഗസലിലേക്ക് പെണ്ണിനെ പ്രണയവിചാരങ്ങളുടെ കർത്താവായി അവരോധിച്ച ആദ്യത്തെ ഉറുദു കവിയാണ് പർവീൺ എന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. അകാലത്തിൽ ഒരു കാറപകടത്തിൽ അവർ വിട പറഞ്ഞെങ്കിലും ആ ചെറിയ ജീവിതകാലം കൊണ്ട് തന്നെ മികച്ച ഒട്ടേറെ ഗസലുകളും സ്വതന്ത്ര കവിതകളും ഉർദു സാഹിത്യലോകത്തിന് അവർ സമ്മാനിച്ചു കഴിഞ്ഞിരുന്നു.

"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ സ്വാർത്ഥതയിൽ മുങ്ങിവീഴാത്ത ഒരു പ്രണയാവിഷ്കാരമാണ്. സമാഗമത്തിന്റെ വാർത്തകൾ എല്ലായിടത്തും പരന്നതിനാൽ അനന്തരം വേർപ്പെട്ടു പോയതിന്റെ നിരാശയോടൊപ്പം ആ വാർത്ത പുറത്തറിയുന്നതിലെ മാനഹാനിയെക്കുറിച്ചു കൂടി വേവലാതിപ്പെടുന്ന പ്രണയി. നാടോടിയായി അലഞ്ഞു നടന്നു പുതിയ കൂട്ടുകൾ അണിഞ്ഞും അഴിച്ചും ജീവിതം ആഘോഷിക്കുന്ന പ്രേമഭാജനത്തോട് ഒട്ടും പരിഭവമില്ലാതെ ഒടുക്കം തന്നിലേക്ക് തന്നെ മടങ്ങിയെത്തുന്ന അവരിലെ നന്മയെ പ്രകീർത്തിക്കുന്ന അനുരാഗിയുടെ മനോവ്യാപാരങ്ങളിലൂടെയുള്ള കവിയുടെ യാത്രയെ മെഹ്ദി തന്റെ സ്വരമാന്ത്രികത കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

ഇനി ഗസലിന്റെ വരികളിലൂടെ:


കൂ ബ കൂ ഫേൽ ഗയീ ബാത് ഷനാസായി കീ
ഉസ്‌നെ ഖുശ്ബൂ കി തരഹ് മേരീ പസീറായീ കീ

കേസെ കെഹ് ദൂ കെ മുജ്‌ഹേ ചോഡ് ദിയാ ഹേ ഉസ്‌നെ
ബാത് തൊ സച്ച് ഹേ മഗർ ബാത് ഹേ റുസ്‌വായി കീ

വൊ കഹീ ഭീ ഗയാ ലോട്ടാ തൊ മേരെ പാസ് ആയാ
ബസ് യഹീ ബാത് ഹേ അഛീ മേരെ ഹർജായീ കീ

തേരാ പെഹലൂ തേരെ ദിൽ കീ തരഹ് ആബാദ് രഹേ
തുജ്ഹ് പെ ഗുസ്.രേ ന ഖയാമത് ശബേ-തൻഹായീ കീ

ഉസ്‌നെ ജൽതീ ഹുയീ പേശാനീ പെ ജബ് ഹാഥ് രഖാ
റൂഹ് തക് ആ ഗയീ താസീർ മസീഹാ കീ  


********************

വരികളുടെ സാരാംശം ഇങ്ങിനെ കുറിക്കാം:

====================

മുക്കുമൂലകളിൽ  ഞങ്ങൾ പരിചിതരായ കാര്യം പരന്നിരിക്കുന്നു
അവരോയെന്നിലൊരു  സുഗന്ധം പോലെ  പടർന്നിരിക്കുന്നു 

ഞാനെങ്ങനെ പറയും അവരെന്നെ ഉപേക്ഷിച്ചു പോയ കാര്യം
സംഗതി  സത്യമാണെന്നാലും മാനഹാനിയുടെ കാര്യമല്ലോ

എവിടെയലഞ്ഞാലും തിരികെവരുകിൽ അണഞ്ഞിരുന്നെന്നിൽ  
ഇതാണെന്റെയാ നാടോടിയെക്കുറിച്ചുള്ളയൊരേ നല്ല കാര്യം 

നിന്റെയിടം  നിന്റെ ഹൃത്ത്  പോലെ ആൾകുടിയിരിപ്പുള്ളതാവട്ടെ
നിന്നിൽ ഏകാന്തരാവുകളുടെ മഹാദുരന്തം കടന്നു പോകാതിരിക്കട്ടെ

പനിച്ചൂടിൽവേവുന്നെൻ നെറ്റിയിലവർ കരം പതിക്കുമ്പോഴൊക്കെയും
അന്തരാത്മാവു വരെ ചെന്നെത്തുന്നു മിശിഹയെപ്പോലതിൻ സാന്ത്വനഫലം

=====================


ദർബാരിയുടെ ഘനശ്യാമമേഘങ്ങളിലൂടെ മെഹ്ദിയോടൊപ്പം ഒന്നൂളിയിട്ടു വരൂ.....അടുത്ത മെഹ്ദി പാഠവുമായി വീണ്ടും കാണാം....

**********

ഈ ഗസലിന്റെ സമ്പൂർണ്ണമായ ഒരു ലൈവ് വേർഷൻ താഴെ കേൾക്കാം:



3 comments:

  1. എപ്പോഴത്തെയും പോലെ , വളരെ ഗഹനത്തിലും സുന്ദരമായും വിവരിച്ചു . ഒരുപാട് സ്നേഹം, നന്ദി

    ReplyDelete
  2. Darbari .. Raga of Kings and King of Ragas !

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...