ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 10 December 2017

മെഹ്‌ദി പാഠങ്ങൾ -14: ഏക് ബസ് തൂ ഹി നഹീ.....


വർഷം 1985, 'കെഹ്നാ ഉസേ' എന്ന പേരിൽ ഒരു ഗസൽ ആൽബം ഇറങ്ങുന്നു. ഇന്ത്യയിൽ സോണി മ്യൂസിക്കും പാകിസ്താനിൽ ഇ.എം.ഐ യും വിപണിയിലെത്തിച്ച ആ ഒരു മണിക്കൂർ ആൽബത്തിൽ ഒരു മുപ്പതുകാരൻ കവി ഫർഹത്ത് ഷെഹ്‌സാദിന്റെ വരികൾ, നിയാസ് അഹമദിന്റെ സംഗീതം, മെഹ്ദി ഹസ്സന്റെ ശബ്ദം, ഒമ്പത് ഗസലുകൾ....

തൻഹാ തൻഹാ മത് സോച്ചാ കർ...
ക്യാ ടൂട്ടാ ഹെ അന്തർ അന്തർ....
ദേഖ്നാ ഉന്കാ കനഖിയോൻ സേ....
ഖുലീ ജൊ ആംഖ് തൊ...
സബ് കേ ദിൽ മേ രെഹ്‌താ ഹൂം....
ഫേസ്‌ലാ തും കോ ഭൂല് ജാനേ കാ....
ടൂട്ടെ ഹുവെ ഖാബോൻ മേ....
കോപലേ ഫിർ ഫൂട്ട് ആയീ ശാഖ് പർ കെഹ്നാ ഉസേ..... 
ഏക് ബസ് തൂ ഹി നഹീ.....

ഓരോ ഗസലും ഓരോ വിശിഷ്ട മുത്തുകൾ. ഈ ആൽബം മെഹ്ദി ആരാധകർക്കിടയിൽ  ചരിത്രമായി മാറി, ഇതിലെ ഗസലുകളെല്ലാം പിന്നീട് മെഹ്ദി സതിരുകളിലെ പ്രിയപ്പെട്ട നമ്പറുകളായും. അടുത്ത മുപ്പത് വർഷങ്ങൾ ഫർഹത് ഷെഹ്സാദിന്റെതായിരുന്നു.  സംഗീതആൽബം എന്ന ചട്ടക്കൂടിനുള്ളിലൊതുങ്ങിപോകുമായിരുന്ന ഈ ഗസലുകളെ ആ കൂട്ടിൽ നിന്നും പുറത്തേക്കെടുത്ത മെഹ്ദി ലൈവ് സതിരുകളിൽ പുതിയ രാഗച്ചിറകുകൾ നൽകി പറത്തിവിട്ടു. ക്ലാസ്സിക്കുകളോട് കിടനിൽക്കുന്ന ഭാഷാപ്രയോഗങ്ങളിലൂടെ ഷെഹ്‌സാദ് ഗസലുകൾ മെഹ്‌ദിക്കൊപ്പം തന്നെ ആബിദാ പർവീണും ഗുലാം അലിയും ജഗ്ജിത് സിംഗും ഹരിഹരനും  ഹുമേറ ചുന്നായും അനൂപ് ജലോട്ടയും സുരേഷ് വാഡ്കറും  സാക്ഷാൽ നുസ്രത് ഫതേഹ് അലി ഖാൻ സാബുമൊക്കെ പാടി അനശ്വരമാക്കി. ഷെഹ്‌സാദ് തന്നെ ഈയിടെ പറഞ്ഞത് പോലെ ഒരാൾക്ക് ആയിരം കവിതകൾ എഴുത്തിനിറക്കാം, പക്ഷെ അതിൽ ഹൃദയം ചേർത്തെഴുതുന്നവ അനശ്വരങ്ങളാകുന്നു.


ഫർഹത് ഷെഹ്‌സാദ്

അങ്ങനെ ഫർഹത് ഷെഹ്‌സാദ് ഹൃദയമഷി പകർന്നെഴുതിയതിൽ മെഹ്ദി തന്റെ നാദം കൊണ്ട് ജീവൻ പകർന്നപ്പോൾ അനശ്വരമായി മാറിയ ഒരു ഗസൽ ആണ് ഈ അദ്ധ്യായം. മെഹ്ദിയെപ്പോലെ തന്നെ ആബിദാ പർവീണും ഈ ഗസലിനെ മറ്റൊരു ലോകത്തേക്കുയർത്തിയിട്ടുണ്ട്.

ഏക് ബസ് തൂ ഹി നഹീ.......

വീണ്ടും മിയാൻ കി മൽഹാർ, ഗഹനമായ ആശയാവിഷ്ക്കാരങ്ങളെ ഗർഭം ധരിക്കുന്ന മനോഹര രാഗഭാവം, മഴയും മേഘവും മിന്നലും ഇടിനാദങ്ങളും പ്രണയത്തോടുൾച്ചേർന്നു വരുന്ന ഉന്മാദങ്ങളുടെ സ്വരസഞ്ചയം, മെഹ്ദിയുടെ സ്വർഗ്ഗനാദം.....

കടുത്ത അനുഭവങ്ങളുടെ നൈരന്തര്യം അനുരാഗിയിലുണ്ടാക്കുന്ന ഒരു സാന്ദ്രീകരണമുണ്ട്, ഒരു പൂരിതാവസ്ഥ. അനന്തരം എല്ലാത്തിനെയും വളരെ സ്വാഭാവികമായി നോക്കിക്കാണാനും വികാരങ്ങളെ നിയന്ത്രിതമായി മാത്രം ഉള്ളിലേക്കെടുക്കാനും സാധിക്കുന്ന ഒരു അവസ്ഥാന്തരം. അത്തരമൊരവസ്ഥയെ പ്രാപിച്ച ഒരാളുടെ സംഭാഷണങ്ങളാണ് ഈ ഗസൽ. താൻ കണ്ടെടുത്ത ഒരു ശില, അതിലെ കുറവുകളെ കൊത്തിക്കളഞ്ഞു മനോഹരമായ ഒരു ശില്പമായി കടഞ്ഞെടുത്തതും അവർ തന്റെ പ്രാപ്യത്തിൽ നിന്നും അടർന്നു പോയതിന്റെ വേദനയിൽ നിന്നും പഠിച്ച പാഠങ്ങൾ അയാൾ മറ്റൊരാൾക്ക് വിവരിച്ചു കൊടുക്കുന്നു. ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള നിരന്തരമായ അലച്ചിൽ തന്റെ കാൽപാദങ്ങളെ പൊള്ളിയടർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും ഇനി ഞാൻ കാത്തിരിക്കുക മാത്രമേ ചെയ്യൂവെന്നും ലക്ഷ്യം തന്നെ തേടി വരുന്നുവെങ്കിൽ നോക്കാമെന്നുമുള്ള ഒരു വിച്ഛേദത്തിന്റേതായ ട്രാൻസ് സ്റ്റേറ്റിലേക്ക് മനസ്സിനെ വലുതാക്കിയ പ്രണയി.  

നിരന്തരമുള്ള പറച്ചിലുകൾക്കൊന്നും ഫലമില്ലെന്നു കണ്ടതും ഔചിത്യബോധത്താൽ പിന്നീട് മൗനം ആയുധമാക്കിയ ഒരാൾ ചില മൗനങ്ങൾ എത്ര വാചാലമാണെന്ന് ഓർമ്മിപ്പിക്കുന്നു.  ഇത്തരം നിരാസങ്ങൾ ചിലപ്പോൾ മനസ്സിന്റെ അതിനൈർമല്യമെന്ന രോഗാവസ്ഥക്കു ഔഷധമായി ഭവിക്കുന്നതെങ്ങനെയെന്നയാൾ കാണിച്ചുതരുന്നു.
ചെയ്തു കൂട്ടിയ കർമ്മാനന്തരഫലങ്ങളുടെ ഏട് മുന്നിൽ നിവരുമ്പോൾ ഉള്ളിൽ നിന്നുയരുന്ന നോവിന്റെ നിലവിളി ജീവൻ പറിച്ചെടുക്കുംപോൽ വേദനാജനകമായിരിക്കുമെന്നോർമ്മിപ്പിച്ചു അയാൾ തിരിഞ്ഞു നടക്കുന്നു.    

ഇനി ഗസലിലൂടെ....

**********

ഏക് ബസ് തൂ ഹി നഹീ മുജ്ഹ്സേ ഖഫാ ഹോ ബേഠാ
മേ നെ ജൊ സങ് തരാശാ വോ ഖുദാ ഹോ ബേഠാ

ഉഠ് കേ മൻസിൽ  ഹീ അഗർ ആയേ തൊ ശായദ്‌ കുച്ച് ഹോ
ഷോകേ - മൻസിൽ തൊ മേരാ ആബ്-ല-പാ ബേഠാ

മസ്ലഹത് ഛീന് ഗയീ കുവ്വതേ-ഗുഫ്താർ മഗർ
കുച് ന കെഹ്നാ ഹി മേരാ മേരീ സദാ ഹോ ബേഠാ

ശുക്രിയാ അയ് മേരെ ഖാതിൽ അയ് മസീഹാ മേരാ
സെഹർ തൊ തൂ നെ ദിയാ ഥാ വോ ദവാ ഹോ ബേഠാ

ജാനെ ഷെഹ്‌സാദ് കോ മിൻ-ജുമ്‌ലായെ-ആദാ പാ കർ
ഹൂക് വോ ഉഡീ കി ജീ തൻ സെ ജൂദാ ഹോ ബേഠാ

*********



ആശയം ഇങ്ങനെ സംഗ്രഹിക്കാം എന്ന് തോന്നുന്നു:

######

നീയൊരാൾ  മാത്രമല്ലയെന്നോടിങ്ങനെ പരിഭവപെട്ടിരിക്കുന്നത്
പാഴ്‍ശിലയിൽ നിന്നും ഞാൻ കൊത്തിമിനുക്കിയെടുത്തായൊരാൾ 
ദൈവത്തോളമുയർന്നിരിപ്പുണ്ട്

ഇനി, എത്തിച്ചേരേണ്ടവയിങ്ങോട്ടു വന്നെത്തിയെങ്കിൽ കൊള്ളാം 
ലക്ഷ്യയിടത്തോടുള്ള അഭിനിവേശങ്ങളെന്റെ പാദങ്ങളെ പൊള്ളിയടർത്തിയിരിക്കുന്നു 

ഔചിത്യമെന്നിലെ സംഭാഷണപ്രാപ്തിയെ ചോർത്തിയെന്നാകിലും
എൻ നിറമൗനങ്ങളൊക്കെയുമെന്റെ വലിയ ശബ്ദമായിമാറിയിരുന്നു

എന്റെ സംഹാരകേ, അല്ലേൽ  എന്റെ രക്ഷകേ, ഏറെ നന്ദി
നീ പകർന്നൊരാ വിഷമുണ്ടല്ലോ, അത് മരുന്നായി ഭവിച്ചിരിക്കുന്നു

'ഷെഹ്സാദിന്റെ' പ്രിയപ്പെട്ടതിനോട് സകലതും തീർത്തു പറഞ്ഞതിൽ പിന്നെ
അവരിൽ നിന്നുതിർന്നൊരാ നോവുണ്ടല്ലോ, ദേഹംവിട്ട്  ഉയിരടർന്നു പോകുന്നതുപോലെ....

##### 


ഷെഹ്സാദിന്റെ ഗസലുകളൊക്കെയും മെഹ്ദിയുടെ ശബ്ദത്തിൽ കേട്ട് നോക്കൂ.... നിങ്ങളുടെ ആസ്വാദനത്തിന്റെ തലം അടുത്ത പടിയിലേക്ക് ഉയർന്നുപോകുന്നത് അനുഭവിക്കാം, സങ്കീർണ്ണതകളില്ലാതെ തന്നെ. 

മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കാണാം. 

ശുഭം !!

===============
യൂട്യൂബിൽ ഈ ഗസലിന്റെ മെഹ്ദി ലൈവ് താഴെ കേൾക്കാം:







Sunday 20 November 2016

ഇസ്‌താംബൂൾ ഡയറി -1: രുചിയുടെ കപ്പലോട്ടങ്ങളിൽ ഒരു നഗരം


സ്ട്രീറ്റ് ഫൂഡിന്റെ നഗരമാണ് തുർക്കിയിലെ ഇസ്‌താംബൂൾ,
ഗ്രില്ലുകളിൽ ചുട്ടെടുക്കുന്ന നൂറുതരം കബാബിഷുകളുടെ നാട്.

കരിമ്പു സത്തിൽ മുക്കിയെടുത്തു എള്ള് മണികൾ പാകി അപ്പപ്പോൾ ചുട്ടെടുക്കുന്ന സിമിത് എന്ന നമ്മുടെ വട പോലെയൊന്ന്,

ഇളം മാട്ടിറച്ചിയുടെ ബോളുകൾ ഗ്രിൽ ചെയ്‌തെടുക്കുന്ന കോഫ്തെ,

സ്ലൈസ് ചെയ്തെടുത്ത വെന്ത ഇറച്ചിയിൽ നല്ല എരിവുള്ള സോസും പച്ചക്കറിക്കഷ്ണങ്ങളും കൂട്ടിവെച്ചു നേർത്ത റൊട്ടിക്കകത്ത് ചുരുട്ടിയെടുക്കുന്ന ഡോനർ കബാബ്,

ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുത്തു തുർക്കിഷ് മസാല രുചിക്കൂട്ടിന്റെ അകമ്പടിയോടെ കിട്ടുന്ന മിസ്ർ എന്നറിയപ്പെടുന്ന ചോളം,

ഇളംമധുരത്താൽ നാവിൽ കൊതിക്കപ്പലോടിക്കുന്ന തീയിൽ ചുട്ടെടുത്ത ചെസ്ററ് നട്ട്  വിഭവമായ കെസ്റ്റെയ്ൻ,

ബോസ്‌ഫോറസ് കായലിൽ നിന്നും ചൂണ്ടയിട്ട് പിടിച്ച സീ ബ്രീം നമ്മുടെ കണ്മുന്നിൽ വറുത്തെടുത്തു ബ്രെഡ് സ്ലൈസുകൾക്കിടയിൽ പാക്ക് ചെയ്തു കിട്ടുന്ന  ബാലിക്  എക്മെക്,

കടുക്ക അകം സ്റ്റഫ് ചെയ്തു വേവിച്ചെടുക്കുന്ന മിദിയെ ദോൽമ,

പുരാതന ഗ്രീക്ക്, റോമൻ, ബൈസന്റൈൻ, ഓട്ടോമൻ അറബ് നാഗരികതകളുടെയൊക്കെയും അത്ഭുതകരമായ അടയാളങ്ങൾ പേറുന്ന കപഡോകിയ എന്ന പുരാതന യക്ഷി നഗരത്തിന്റെ താഴ്വരകളിൽ മാത്രം വളരുന്ന വെള്ള എമിർ മുന്തിരി പറിച്ചെടുത്തു യക്ഷിക്കഥകളിലെ ചിമ്മിണികുന്നുകൾ പോലത്തെ ഗുഹാവീടുകളിലെ  യാർഡുകളിൽ വാറ്റിയെടുക്കുന്ന നല്ല തെളിഞ്ഞ കപ്പഡോകിയൻ മുന്തിരി വീഞ്ഞ്...........

രുചികളുടെ  ശതഭേദങ്ങളിൽ നമ്മളിങ്ങനെ കൊതിയുടെ കപ്പലോട്ടിക്കളിച്ചികൊണ്ടേയിരിക്കും ഇസ്‌താംബുളിന്റെ തെരുവുകളിൽ....


ഇസ്താംബൂൾ യാത്രാവിശേഷങ്ങളുടെ കുഞ്ഞുകുഞ്ഞു കുറിപ്പുകളുമായി ഇസ്‌താംബൂൾ  ഡയറി ആരംഭിക്കുന്നു......








Tuesday 4 October 2016

മെഹ്‌ദി പാഠങ്ങൾ - 13 : കൂ ബ കൂ ഫേൽ ഗയീ ബാത്......

മെഹ്ദി ഹസ്സൻ എന്ന നാദമൗലികതയുടെ ലൈവ് സതിരുകളൊക്കെയും മുന്നിലിരിക്കുന്ന ആസ്വാദകർക്ക് ഒരു സംഗീതപഠന ക്ലാസ് കൂടിയാണ് പലപ്പോഴും. ഉർദു കവിതകളുടെ ആശയ പ്രപഞ്ചങ്ങളിലേക്ക് കിളിവാതിൽ തുറക്കുന്ന കുഞ്ഞു കുഞ്ഞു പരാമർശങ്ങൾ അദ്ധേഹം ഓരോ ഗസലിനിടയിലും ശ്രോതാക്കളിലേക്ക് എറിഞ്ഞിടും. മെഹ്‌ദിയുടെ ആലാപനമാധുര്യം കൊണ്ട് മാത്രം വെള്ളിവെളിച്ചത്തിലേക്ക് വരാൻ ഭാഗ്യം ചെയ്ത  പല ഗസലുകളുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ കവികൾ പുതുതായി കുറച്ചു കൂടി വരികൾ പിന്നീട് എഴുതി ചേർത്ത് മെഹ്‌ദി സാബിന് ആലാപനത്തിനായി നൽകാറുമുണ്ട്. അങ്ങിനെ  ചേർക്കപ്പെട്ട വരികളെ പ്രത്യേകമായി പരാമർശിച്ചു പിന്നീടുള്ള സതിരുകളിൽ ആശയ വിവരണത്തോടെ അദ്ധേഹം ആലപിക്കുന്നത് എത്രയോ ലൈവുകളിൽ നമുക്ക് കേൾക്കാം. പാടുന്ന ഗസൽ കമ്പോസ് ചെയ്യപ്പെട്ട രാഗത്തിന്റെ സ്വരസഞ്ചാരങ്ങളിലൂടെ മെഹ്‌ദി എന്ന മാസ്‌ട്രോ ആസ്വാദകരെ വഴി നടത്തും. രാഗത്തിന്റെ മധുരഭാവങ്ങൾ  ആലാപിലൂടെ പടർത്തിയതിനു ശേഷമാണ് ഗസലിന്റെ കാവ്യപ്രപഞ്ചത്തിലേക്കു അദ്ധേഹം രാഗത്തിന്റെ തേരിൽ  പതിയെ കയറിത്തുടങ്ങുക. സമാന രാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കൊത്തുപണികൾ, ഗസലിന്റെ നൈർമ്മല്യത്തിനു വേണ്ടിയുള്ള മിനുസ്സപ്പെടുത്തലുകൾ, കേൾക്കുന്നവന്റെ ആത്മാവുതിർന്നു തുളുമ്പും വിധം ജലത്തിൽ പരൽ മീൻ തുടിക്കുന്ന അനായാസതയിൽ ഒഴുകി വരുന്ന മനോധർമ്മാധിഷ്ഠിത  നീട്ടിക്കുറുക്കലുകൾ.....


"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ ദർബാരി രാഗത്തിന്റെ നിഗൂഢ സൗന്ദര്യത്താൽ പരന്നിറങ്ങിയ മധുരശബ്ദവീചികളുടെ ഒരു ഓറയിൽ ആസ്വാദകനെ ആദ്യാന്തം പൊതിഞ്ഞു നിർത്തുന്ന ഒരു അപൂർവ്വ മെഹ്‌ദി അനുഭവമാണ്. രാത്രിയുടെ യാമങ്ങളിൽ ആലപിക്കപ്പെടുന്ന ദർബാരി അക്ബറിന്റെ കൊട്ടാര ദർബാറിൽ മിയാൻ ടാൻസൻ അവതരിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. സപ്തസ്വരങ്ങളും ഉപയോഗിക്കപ്പെടുന്ന സമ്പൂർണ രാഗമായ  ദർബാരി അതിന്റെ സ്വരസഞ്ചാരങ്ങളിൽ വരുന്ന ഗ~, ധ~  സ്വരങ്ങൾക്കു നൽകപ്പെടുന്ന ചെറിയ ആന്ദോളനം (വിബ്രാറ്റോ) ആണ് ഇതര സദൃശ്യരാഗങ്ങളിൽ നിന്നും ദർബാരിയെ വ്യതിരക്തമാക്കുന്നതും ആസ്വാദ്യത കൂട്ടുന്നതും.
മ (ശുദ്ധ്‌ മധ്യമം), പ (പഞ്ചമം) എന്നീ സ്വരങ്ങൾക്കു നൽകുന്ന ശക്തിയാണ് ദർബാരിയോട് അങ്ങേയറ്റം സാമ്യപ്പെട്ടു കിടക്കുന്ന ജോൻപുരി രാഗത്തിൽ നിന്നും ദർബാരിയെ വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ദർബാരിയും ജോൻപുരിയും തമ്മിലുള്ള ഈ അതിസൂക്ഷ്മമായ വ്യത്യാസം പോലും ഒരു പഠന ക്‌ളാസ്സിലെന്ന പോലെ ഈ ഗസലിന്റെ ലൈവിനിടക്ക് മെഹ്ദി സാബ് ശ്രോതാക്കളെ പാടിപ്പഠിപ്പിക്കുന്നുണ്ട്.

ഈ ഗസലിന്റെ ഒരു ലൈവിനിടയ്ക്ക് മെഹ്ദി സാബ് ക്ലാസ്സിക്കൽ ഘടനയിൽ ഏറെ ആഴങ്ങളുള്ള ദർബാരിയെ ഗസലെന്ന നനുത്ത തൂവൽ സ്പർശം പോലെയുള്ള ഒരു സംഗീത രൂപത്തിലേക്ക്  പകർത്തുന്നതിന്റെ സാങ്കേതികമായ വശങ്ങൾ സരസമായി അവതരിപ്പിക്കുന്നുണ്ട്. ദർബാരിയുടെ അതേ  സ്വരക്കൂട്ടുകളുള്ള രാഗങ്ങളായ ജോൻപുരിയും ആദാനയും  ഒക്കെ അപ്പുറവുമിപ്പുറം നിൽക്കുന്നതിനാൽ ഗസലുകളിലും ഗീതുകളിലും ദർബാരിയെ ശരിയായി പ്രതിഫലിപ്പിക്കുകയെന്നത് ഏതൊരു ഗായകനും ഏറ്റവും കാഠിന്യമേറിയ ഒന്നാണെന്ന് മെഹ്ദി സാബ് പറയുന്നു. ദർബാരിയുടെ യഥാർത്ഥ ക്ലാസിക്കൽ ഫ്ലേവർ എന്താണെന്ന് സർഗത്തിലൂടെ പാടിക്കേൾപ്പിക്കുന്ന അദ്ധേഹം ആ രാഗത്തെ അതിന്റെ ആഴത്തിൽ അറിയാൻ ഉസ്താദ് സലാമത് അലി ഖാൻ സാബിനെ കേൾക്കാൻ ശ്രോതാക്കളോട് അഭ്യർത്ഥിക്കുന്നു. ദർബാരിയുടെ ക്ലാസിക്കൽ ആഴപ്പരപ്പിലേക്കു ഗസൽ എന്ന ഒരു ഡെലിക്കസിയെ കൊണ്ടുപോകുന്നത് ഒരു സുന്ദരിയായ കൗമാരക്കാരിക്ക് മീശ വെച്ച് കൊടുക്കുന്നത് പോലെയുള്ള അതിസാഹസികത്തമാണെന്നു ഒരു നേർത്ത ചിരിയോടെ മെഹ്‌ദി പറഞ്ഞുവെക്കുന്നുണ്ട്. ഒരു യഥാർത്ഥ മാസ്‌ട്രോ തന്റെ കഴിവുകൾക്ക് മുന്നിൽ എത്രത്തോളം വിനയാന്വിതനാവണമെന്ന പാഠം  മെഹ്‌ദിയെ കണ്ടും കേട്ടുമറിയുമ്പോൾ അറിയാം.


"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ പാകിസ്താനിലെ ഏറ്റവും പ്രസിദ്ധയായ ഉറുദു കവയിത്രി പർവീൺ ശാക്കിറിന്റെ തൂലികയിൽ നിന്നും വിരിഞ്ഞതാണ്. തന്റെ യൗവ്വനകാലത്തു തന്നെ പ്രശസ്തിയിൽ കത്തി നിന്ന പർവീൺ ശാക്കിർ കവിതകളിലെ സ്ഥിരപരിചിതമല്ലാത്ത മനോഹരവാക്കുകളുടെ ഉപയോഗം കൊണ്ട് ആധുനികതയിൽ പാരമ്പര്യത്തെ വിളക്കിച്ചേർത്ത ഏറെ ശ്രദ്ധിക്കപ്പെട്ട  എഴുത്തുകാരി ആയിരുന്നു. പ്രണയത്തിന്റെയും കാമനയുടെയും വിരഹത്തിന്റെയും വേർപാടിന്റെയുമെല്ലാം സ്ത്രീപക്ഷ ആവിഷ്കാരങ്ങൾ അവരുടെ ഗസലുകളിൽ നിരന്തരം കാണാം.

വൊ തോ ഖുശ്ബൂ ഹേ, ഹവാഓൻ മേ ബിഖർ ജായേഗാ.....
മസ്‌ലാ ഫൂല് കാ ഹേ, വൊ കിഥർ ജായേഗാ......

അവൻ സുഗന്ധമല്ലോ, കാറ്റിലങ്ങൊഴുകിപ്പോകാം 
പ്രശ്നം പൂവിന്റേതാണ്, പൂവ് എവിടെപ്പോവാനാണ്?   

പർവീൺ ശാകിർ 

ആൺപക്ഷ ബിംബങ്ങളും വാക്യപ്രയോഗങ്ങളും നിറഞ്ഞു നിന്നിരുന്ന ഉറുദു ഗസലിലേക്ക് പെണ്ണിനെ പ്രണയവിചാരങ്ങളുടെ കർത്താവായി അവരോധിച്ച ആദ്യത്തെ ഉറുദു കവിയാണ് പർവീൺ എന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. അകാലത്തിൽ ഒരു കാറപകടത്തിൽ അവർ വിട പറഞ്ഞെങ്കിലും ആ ചെറിയ ജീവിതകാലം കൊണ്ട് തന്നെ മികച്ച ഒട്ടേറെ ഗസലുകളും സ്വതന്ത്ര കവിതകളും ഉർദു സാഹിത്യലോകത്തിന് അവർ സമ്മാനിച്ചു കഴിഞ്ഞിരുന്നു.

"കൂ ബ കൂ ഫേൽ ഗയീ ബാത്........" എന്ന ഗസൽ സ്വാർത്ഥതയിൽ മുങ്ങിവീഴാത്ത ഒരു പ്രണയാവിഷ്കാരമാണ്. സമാഗമത്തിന്റെ വാർത്തകൾ എല്ലായിടത്തും പരന്നതിനാൽ അനന്തരം വേർപ്പെട്ടു പോയതിന്റെ നിരാശയോടൊപ്പം ആ വാർത്ത പുറത്തറിയുന്നതിലെ മാനഹാനിയെക്കുറിച്ചു കൂടി വേവലാതിപ്പെടുന്ന പ്രണയി. നാടോടിയായി അലഞ്ഞു നടന്നു പുതിയ കൂട്ടുകൾ അണിഞ്ഞും അഴിച്ചും ജീവിതം ആഘോഷിക്കുന്ന പ്രേമഭാജനത്തോട് ഒട്ടും പരിഭവമില്ലാതെ ഒടുക്കം തന്നിലേക്ക് തന്നെ മടങ്ങിയെത്തുന്ന അവരിലെ നന്മയെ പ്രകീർത്തിക്കുന്ന അനുരാഗിയുടെ മനോവ്യാപാരങ്ങളിലൂടെയുള്ള കവിയുടെ യാത്രയെ മെഹ്ദി തന്റെ സ്വരമാന്ത്രികത കൊണ്ട് മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.

ഇനി ഗസലിന്റെ വരികളിലൂടെ:


കൂ ബ കൂ ഫേൽ ഗയീ ബാത് ഷനാസായി കീ
ഉസ്‌നെ ഖുശ്ബൂ കി തരഹ് മേരീ പസീറായീ കീ

കേസെ കെഹ് ദൂ കെ മുജ്‌ഹേ ചോഡ് ദിയാ ഹേ ഉസ്‌നെ
ബാത് തൊ സച്ച് ഹേ മഗർ ബാത് ഹേ റുസ്‌വായി കീ

വൊ കഹീ ഭീ ഗയാ ലോട്ടാ തൊ മേരെ പാസ് ആയാ
ബസ് യഹീ ബാത് ഹേ അഛീ മേരെ ഹർജായീ കീ

തേരാ പെഹലൂ തേരെ ദിൽ കീ തരഹ് ആബാദ് രഹേ
തുജ്ഹ് പെ ഗുസ്.രേ ന ഖയാമത് ശബേ-തൻഹായീ കീ

ഉസ്‌നെ ജൽതീ ഹുയീ പേശാനീ പെ ജബ് ഹാഥ് രഖാ
റൂഹ് തക് ആ ഗയീ താസീർ മസീഹാ കീ  


********************

വരികളുടെ സാരാംശം ഇങ്ങിനെ കുറിക്കാം:

====================

മുക്കുമൂലകളിൽ  ഞങ്ങൾ പരിചിതരായ കാര്യം പരന്നിരിക്കുന്നു
അവരോയെന്നിലൊരു  സുഗന്ധം പോലെ  പടർന്നിരിക്കുന്നു 

ഞാനെങ്ങനെ പറയും അവരെന്നെ ഉപേക്ഷിച്ചു പോയ കാര്യം
സംഗതി  സത്യമാണെന്നാലും മാനഹാനിയുടെ കാര്യമല്ലോ

എവിടെയലഞ്ഞാലും തിരികെവരുകിൽ അണഞ്ഞിരുന്നെന്നിൽ  
ഇതാണെന്റെയാ നാടോടിയെക്കുറിച്ചുള്ളയൊരേ നല്ല കാര്യം 

നിന്റെയിടം  നിന്റെ ഹൃത്ത്  പോലെ ആൾകുടിയിരിപ്പുള്ളതാവട്ടെ
നിന്നിൽ ഏകാന്തരാവുകളുടെ മഹാദുരന്തം കടന്നു പോകാതിരിക്കട്ടെ

പനിച്ചൂടിൽവേവുന്നെൻ നെറ്റിയിലവർ കരം പതിക്കുമ്പോഴൊക്കെയും
അന്തരാത്മാവു വരെ ചെന്നെത്തുന്നു മിശിഹയെപ്പോലതിൻ സാന്ത്വനഫലം

=====================


ദർബാരിയുടെ ഘനശ്യാമമേഘങ്ങളിലൂടെ മെഹ്ദിയോടൊപ്പം ഒന്നൂളിയിട്ടു വരൂ.....അടുത്ത മെഹ്ദി പാഠവുമായി വീണ്ടും കാണാം....

**********

ഈ ഗസലിന്റെ സമ്പൂർണ്ണമായ ഒരു ലൈവ് വേർഷൻ താഴെ കേൾക്കാം:



Thursday 22 September 2016

ഹോമിയോപ്പതി എന്ന പശുവിനെ ആധുനികശാസ്ത്രമെന്ന തെങ്ങിൽ കെട്ടി വിശുദ്ധപ്പെടുത്തുമ്പോൾ...


കുറച്ചു കാലങ്ങളായി സമൂഹ, മുഖ്യധാരാമാധ്യമങ്ങളിലൂടെ നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഹോമിയോപ്പതിയുടെ ശാസ്ത്രീയത എന്നത്. ഈ വിഷയകമായി പ്രചരിക്കുകയോ സംഘടിപ്പിക്കപ്പെടുകയോ ചെയ്ത  ഹോമിയോപ്പതിയുടെ അശാസ്ത്രീയത അനാവരണം ചെയ്യുന്ന മികച്ച പല ഫേസ്ബുക്  പോസ്റ്റുകളുടെയും സംവാദങ്ങളുടേയുമൊക്കെ താഴെ ഹോമിയോവാദികൾ ഒട്ടിച്ചു പോകുന്ന അനേകം ലിങ്കുകളിലൂടെയും അതിൽ പടച്ചു വിടുന്ന വാദങ്ങളിലൂടെയും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്നു ഓടിച്ചു പോയതായിരുന്നു. ഹോമിയോപ്പതിയെന്ന കപടശാസ്ത്രത്തെ ആധുനിക സയൻസിന്റെ സങ്കേതങ്ങളുപയോഗിച്ചു പുതിയ കുപ്പായം തുന്നിക്കൊടുത്തു ആളെ പറ്റിക്കാനുള്ള അതീവ ഗുരുതരമായ ശ്രമങ്ങൾ ശ്രദ്ധയിൽ പെടുന്നത് അങ്ങനെയാണ്. ഹോമിയോ എന്തുകൊണ്ട് കപടശാസ്ത്രമാണെന്നതിനെക്കുറിച്ചു വളരെ കൃത്യതയോടെ വൈശാഖൻ തമ്പിയും ദീപു സദാശിവവുമൊക്കെ പല തവണ വിശദീകരിച്ചിട്ടുള്ളതിനാൽ ആ ഒരു വശം വിട്ടു ആധുനിക ശാസ്ത്രത്തിന്റെ പ്രയോഗങ്ങളെയും സങ്കേതങ്ങളെയും വളച്ചൊടിച്ചു ഹോമിയോപ്പതിക്കു മൈലേജൊരുക്കാൻ  ജേർണൽ പ്രബന്ധങ്ങളാക്കുന്ന ഇത്തരക്കാരുടെ മറ്റൊരു തട്ടിപ്പു വശത്തെക്കുറിച്ചു എഴുതണമെന്ന് കരുതിയതായിരുന്നു. പിന്നെ അത്തരമൊരു ചർച്ചയുടെ ബഹളം പതുക്കെ കുറഞ്ഞതോടെ പാതിയിൽ ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ഹോമിയോപ്പതിയുടെ വികാരം വൃണപ്പെടുത്തിയെന്ന പരാതിയുടെ പേരിൽ പലരീതിയിൽ നമ്മൾക്ക് കേട്ട് പരിചയമുള്ള രണ്ടു പേരെ ഫറോക്ക് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നൊരു വാർത്ത കാണാനിടയായത്. ആയതിൽ പിന്നെ വികാരങ്ങളൊക്കെയും വൃണപ്പെടാനുള്ളതാണെന്ന മഹാവാക്യം അനുസ്മരിച്ചുകൊണ്ട് ഈ ഉദ്യമം പൂർത്തീകരിക്കുകയായിരുന്നു.

പ്രകൃതിയിലെ ചില പാറ്റേണുകളെയും അനുഭവങ്ങളേയും തെറ്റായി അപഗ്രഥിച്ചുണ്ടാക്കിയ സാമുവൽ ഹാനിമാന്റെ തത്വങ്ങളും വാദങ്ങളും പ്രയോഗങ്ങളും ആധുനിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചു ഒരുനിലക്കും ശാസ്ത്രീയത തെളിയിക്കപ്പെടാൻ കഴിയാത്തതാണെന്ന സത്യം ശാസ്ത്രബദ്ധമായി കാര്യങ്ങളെ വിചാരം ചെയ്യുന്ന ആർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്നതേയുള്ളൂ. സാമ്യ സിദ്ധാന്തവും നേർപ്പിച്ചു കുലുക്കി  ഔഷധശേഷി  കൂട്ടുന്ന പൊട്ടന്റൈസേഷനും വൈറ്റൽ എനർജിയും എന്ന് തുടങ്ങി ഹാനിമാൻ ആവിഷ്കരിച്ചതും ഇന്നും ഹോമിയോ പ്രാക്ടീഷണർമാർ പിന്തുടരുന്നതുമായ ഒട്ടുമിക്ക പ്രയോഗങ്ങളുടേയും അശാസ്ത്രീയത ഖണ്ഡിക്കാൻ പറ്റാത്ത വിധം ലോകത്താകമാനം യുക്ത്യാനുസാരം സ്ഥാപിക്കപ്പെട്ട ഒന്നാണ്. അതുസംബന്ധിയായ സംവാദങ്ങളുടെയും പഠനങ്ങളുടെയും നിയമബില്ലുകളുടെയും പ്രദർശനങ്ങളുടെയും ഒട്ടേറെ തെളിവുകളും  ഇന്ന് ലഭ്യമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു തലത്തിന് മേൽ വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമില്ല തന്നെ.


സാമുവൽ ഹാനിമാൻ 
എന്നാൽ ഇതിനു സമാന്തരമായി അതിഭീകരമായ ശാസ്ത്രവക്രീകരണത്തിന്റെ മറ്റൊരു തലം കൂടി ഹോമിയോപ്പതിക്കാരിലെ "വ്യാഖ്യാന ഫാക്റ്ററി" കളിൽ നിന്നും ഉരുവം കൊണ്ട് നമ്മുടെ ശാസ്ത്രസാഹിത്യങ്ങളുടെ സങ്കേതങ്ങളിൽ നുഴഞ്ഞു കയറുന്നുണ്ട് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നു. ശാസ്ത്രആശയങ്ങളിൽ ധാരണയുള്ളവർക്ക്‌ ഒറ്റനോട്ടത്തിൽ തന്നെ ചിരിച്ചു തള്ളാവുന്ന ഇത്തരം കുടിലസാഹിത്യങ്ങൾ പക്ഷെ പലജാതി കാരണങ്ങളാൽ തങ്ങളെത്തിപ്പെട്ട ഒരു കപടവൈദ്യമേഖലയെ യാഥാസ്ഥികമായി വിശ്വസിച്ചു പോയ കുറെ സാധുക്കളെ ഇത് വഴി തെറ്റിക്കുന്നു എന്നിടത്താണ് പ്രശ്നത്തിന്റെ മർമ്മം.


വിഷയത്തിലേക്കു വന്നാൽ, ന്യൂക്ലിയാർ ഊർജ്ജം, നാനോ ടെക്‌നോളജി, എന്നൊക്കെ തുടങ്ങി ആധുനിക ശാസ്ത്രത്തിന്റെ സങ്കേതങ്ങളെ അതെന്താണെന്നു പോലുമറിയാതെ (അറിഞ്ഞിട്ടും വ്യാഖ്യാനത്തിനു വേണ്ടി വക്രീകരിച്ചും) ഇടക്കിടക്ക് പുട്ടിലെ പീര പോലെ അടിച്ചു കയറ്റിയുള്ള ഹോമിയോ സാഹിത്യങ്ങൾ ഇന്ന് സുലഭമാണ്. അതിലെ ഏറ്റവും ഒടുവിൽ കണ്ട 'അപാരമായ' ഒരു വേർഷൻ ആണ് ഹോമിയോപതി എന്നാൽ  മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ് എന്ന ആധുനിക മോളിക്യൂലാർ മെഡിസിന്റെ ഒരു അത്യന്താധുനിക ശാഖയാകുന്നു എന്ന യമണ്ടൻ വ്യാഖ്യാനം.

വിശദമായി പരിശോധിക്കുന്നതിന് മുമ്പ് എന്തിനാണ് ഹോമിയോപ്പതിക്കാർക്ക്  ഇത്തരമൊരു സാഹസം ചെയ്യേണ്ടിവരുന്നത് എന്ന് പറയാം.
അടിസ്ഥാനപരമായി ഹോമിയോപ്പതി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് ഹാനിമാൻ തത്വങ്ങൾ പ്രകാരം അവരുണ്ടാക്കുന്ന പൊട്ടൻസി കൂടിയ മരുന്നുകളിലൊന്നും തന്നെ സാക്ഷാൽ മരുന്നിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്നതാണ്. 12C പൊട്ടൻസിക്കപ്പുറം അവഗാഡ്രോ ലിമിറ്റ് കഴിയുന്നതോടെ അതിൽ ഔഷധ ഗുണമുള്ള മാതൃസത്തയുടെ ഒരു തന്മാത്ര പോലും അവശേഷിക്കുന്നില്ല. ഹോമിയോക്കാരുടെ ക്ലാസിക്കൽ പൊട്ടൻസി മരുന്ന് എന്ന് പറയുന്നത് 30C ആണ്. അതായത് ആ പൊട്ടൻസിയിൽ അവരുടെ മരുന്നെന്നു പറയുന്നത് കേവലം ശുദ്ധ വെള്ളമോ സ്പിരിറ്റിന്റെ ജലീയ ലായനിയോ മാത്രമാണ്. ഈയൊരു സത്യത്തെ നിഷേധിക്കൽ കെമിസ്ട്രിയുടെ ഒരു അടിസ്ഥാന തത്വത്തെ നിരാകരിക്കലായതിനാൽ അവർക്കതിനു കഴിയില്ല. അപ്പോൾ പുതിയ അഭ്യാസങ്ങൾ വേണ്ടിവരുന്നു. അതിലൊന്നാണ് മേൽപറഞ്ഞ മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ് എന്നത്. മോളികുലാർ മെഡിസിനിലേക്കു ഈയൊരു വാക്കിനെ കടത്തിവിട്ട് അതിലേക്ക് ഹോമിയോപ്പതിയെ പരകായം ചെയ്യിക്കുന്ന കുമ്പിടി വേലയാണ് നവഹോമിയോക്കാരൻ ചെയ്യുന്നത്.



മോളിക്കുലാർ മെഡിസിൻ എന്നത് തന്മാത്രാ തലത്തിൽ രോഗകാരണങ്ങളെയും രോഗനിർണയത്തേയും  ജനിതക ക്രമരാഹിത്യങ്ങളേയും രോഗഹേതുവായ ജൈവകാരണങ്ങളുടെ തന്മാത്രകളിൽ മരുന്ന് തന്മാത്രകളുടെ രോഗശമനാത്മകമായ പ്രവർത്തനങ്ങളെയുമെല്ലാം പ്രതിപാദിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ ഒരു സങ്കരശാസ്ത്രശാഖയാണ്. അതിൽ ബയോകെമിസ്ട്രിയും ഫാർമക്കോളജിയും ഇതര വൈദ്യശാസ്ത്രസങ്കേതങ്ങളും ഉൾച്ചേർന്നിരിക്കുന്നു. രോഗങ്ങളെ കേവലം ലക്ഷണങ്ങളുമായും അവയവങ്ങളുടെ പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തി അപഗ്രഥിക്കുന്ന ഒരു സ്ഥൂല രീതിയിൽ നിന്നും കാര്യങ്ങളെ ഒന്നുകൂടി സൂക്ഷ്മാംശത്തിൽ അടുത്തുനിന്ന് കാണുക എന്നതാണ് ഈ ശാഖയുടെ താല്പര്യം.

 ഒരു മരുന്ന് ശരീരത്തിൽ പ്രതിപ്രവർത്തിച്ചു രോഗശമനാവസ്ഥ ഉണ്ടാക്കുന്നതിന്  പ്രധാനമായും  രണ്ട് രീതികളാണുള്ളത്. ഒന്ന്, വളരെ ലളിതമായി ശരീരത്തിലെ സ്ഥൂലമായ ഒരു ഭൗതിക/രാസാവസ്ഥയുമായി നേരിട്ട് ഉപരിപ്ലവമായി പ്രതിപ്രവർത്തിച്ചുള്ളത്. ഉദാഹരണമായി നമ്മൾ അസിഡിറ്റി മാറ്റാൻ കഴിക്കുന്ന ജെലൂസിൽ എന്ന മരുന്ന് എടുക്കുക, അലുമിനിയം ഹൈഡ്രോക്‌സൈഡ്, മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ് എന്നീ രണ്ട് ക്ഷാരഗുണമുള്ള പദാർഥങ്ങളാണ് അതിലെ ശമനം നൽകുന്ന ഘടകങ്ങൾ. അസിഡിറ്റിയുള്ള ഒരാളുടെ അന്നനാളത്തിലോ ആമാശയത്തിലോ കുടലിലോ അധികമായി ഉൽപാദിപ്പിക്കപ്പെട്ട അമ്ലത്തെ മരുന്നിലെ  ക്ഷാരം നേരെചൊവ്വേ അങ്ങോട്ട് നിർവീര്യമാക്കുന്നു എന്നതാണ് ശമനാവസ്ഥക്കു പിന്നിലെ മെക്കാനിസം. ഇത്തരം മരുന്നുകൾ നിലവിൽ അധികമുത്പാദിപ്പിക്കപ്പെട്ട അമ്ലത്തെ നിർവീര്യമാക്കുന്നു എന്നല്ലാതെ  പുതിയ  ഉൽപാദനത്തെ തടയുന്നില്ല.

എന്നാൽ മരുന്നുകൾ രോഗശമനം ഉണ്ടാക്കുന്ന രണ്ടാമത്തെ രീതി വളരെ സൂക്ഷ്മതലത്തിൽ തന്മാത്രകളുടെ  ഘടനാ വിശേഷങ്ങളുടെ ഒരു പ്രതിപ്രവർത്തനം വഴിയാണ്. അതായത് ഒരു മരുന്ന് തന്മാത്ര അതിന്റെ ഘടനാപരമായ സാമ്യതകൾ ഉപയോഗപ്പെടുത്തി രോഗകാരണമായ ശരീരത്തിലെ ചില പ്രത്യേക ജൈവ തന്മാത്രകളുമായി തന്മാത്രാതലത്തിൽ രാസ ബന്ധനങ്ങളിൽ ഏർപ്പെട്ടു അത്തരം കാരണങ്ങളെ നിഷ്ക്രിയമാക്കുന്ന ഒരു രീതിയാണത്. ഉദാഹരണമായി എടുത്താൽ നേരത്തെ പറഞ്ഞ ജെലൂസിലിന്റെ കൂടെ  ചില സമയത്തു റാനിറ്റിഡീൻ, അല്ലെങ്കിൽ ഓമിപ്രസോൾ തുടങ്ങിയ മറ്റു  മരുന്നുകൾ കൂടി ചില രോഗികൾക്ക് കൊടുക്കാറുണ്ട്. അതിന്റെ കാര്യം എന്താണെന്ന് വെച്ചാൽ ഭക്ഷണശീലത്തിലെ ദൂഷ്യം കൊണ്ട് വന്ന ഒരു സാധാരണ അസിഡിറ്റിയാവണമെന്നില്ല എല്ലായ്പ്പോഴും. മറിച്ചു ശരീരത്തിലെ ജൈവതന്മാത്രാതലത്തിലുള്ള വ്യതിയാനം കൊണ്ട് ആമാശയഭിത്തികൾ നിരന്തരമായി അമ്ലം ഉത്പാദിപ്പിക്കുന്ന ഒരു രോഗാവസ്ഥ ഉള്ളയാൾക്ക് ജെലൂസിൽ മതിയാകില്ല. അവിടെയാണ് റാനിറ്റിഡീൻ പോലെയുള്ള മരുന്നുകൾ പ്രയോഗിക്കേണ്ടി വരുന്നത്. ആമാശയഭിത്തികോശങ്ങളിലെ H2-റിസപ്റ്റർ എന്ന ജൈവഘടകത്തെ  ദഹനരസം ഉണ്ടാക്കാൻ ഉദ്ദീപിപ്പിക്കുന്നത് ഹിസ്റ്റമിൻ എന്ന ഒരു ജൈവരാസതന്മാത്രയാണ്. റാനിറ്റിഡീൻ മരുന്ന് തന്മാത്ര, ആമാശയഭിത്തികോശങ്ങളിലെ H2-റിസപ്റ്റർ എന്ന ജൈവഘടകത്തോട് രാസബന്ധനം നടത്താനുള്ള  അതിന്റെ ഘടനാപരമായ  സാധ്യതയെ/സാമ്യതയെ  ഉപയോഗപ്പെടുത്തി ആ റിസപ്റ്റർ ഭാഗങ്ങളെ ബ്ലോക്ക് ചെയ്യുകയും അതോടെ ഹിസ്റ്റമിൻ തന്മാത്രയുടെ H2-റിസപ്റ്ററുമായുള്ള ബാന്ധവത്തിന് തടയിടുകയും ചെയ്യുന്നു. അതോടെ ആമാശയഭിത്തിയിലെ അമ്ല ഉത്പാദനം നിയന്ത്രിതമായി രോഗശമനം സംഭവിക്കുന്നു.


മുകളിൽ പറഞ്ഞ രണ്ടാമത്തെ മെക്കാനിസം ഉപയോഗപ്പെടുത്തുന്നത് രോഗപ്രേരണാ കാരണങ്ങളായി വർത്തിക്കുന്ന ജൈവതന്മാത്രകളുമായി രാസബന്ധനത്തിൽ ഏർപ്പെടാനുള്ള ഔഷധ തന്മാത്രകളുടെ ഘടനാപരമായ സാമ്യതയാണ്, ഒരു പൂട്ടിൽ ഒരു താക്കോൽ മാത്രം ഉപയോഗിക്കാൻ പറ്റുന്നത് പോലെയുള്ള ഒരു ഘടനാപരമായ അനുനാദപ്പെടൽ. മോളികുലാർ മെഡിസിനിലെ ഈ 'സാമ്യതാ' ശാസ്ത്രത്തെയാണ് ഹോമിയോപ്പതിക്കാരൻ തന്റെ "സാമ്യം സാമ്യത്തെ ഭേദമാക്കുന്നു" എന്ന ഹാനിമാൻ  തികച്ചും തെറ്റായ മറ്റൊരു കോണ്ടക്സ്റ്റിൽ അവതരിപ്പിച്ച ഹോമിയോപ്പതിയുടെ വിശുദ്ധപശുവിനെ  ആധുനിക ശാസ്ത്രത്തിന്റെ കുറ്റിയിൽ കെട്ടാൻ വേണ്ടി ദുരുപയോഗപ്പെടുത്തുന്നത്.


ഔഷധ തന്മാത്രയും അത്  ടാർഗറ്റ് ചെയ്യുന്ന രോഗകാരണവുമായി ബന്ധപ്പെട്ട ഒരു റിസപ്റ്റർ തന്മാത്രയും തമ്മിൽ ഘടനാസാമ്യപരതയിലധിഷ്ഠിതമായ  ഒരു  ജൈവരാസ പ്രവർത്തനം നടക്കണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് ഈ രണ്ടു തന്മാത്രകളും രോഗിയുടെ ശരീരത്തിലുണ്ടാവണം എന്നതാണ്. ഇവിടെയാണ് ഹോമിയോക്കാരൻ ശരിക്കും പുലിവാല് പിടിക്കുന്നത്. 30C പൊട്ടൻസിയിലുള്ള ഒരു ഹോമിയോ മരുന്നിൽ ഔഷധഗുണമുള്ള "Similimum' ത്തിന്റെ ഒരു തന്മാത്ര പോലുമുണ്ടാകില്ല എന്നത് എട്ടാം ക്ലാസ് ശാസ്ത്രസത്യമാണ് (ഇനി ഞങ്ങളുടെ Similimum ഇങ്ങനെയല്ല, അത് തന്മാത്രകൾക്കുമപ്പുറം infinitesimals ആണെന്നൊക്കെ പറഞ്ഞു വന്നേക്കാം. ഏതായാലും ഹാനിമാൻ പറഞ്ഞ Similimum ഇതൊന്നുമല്ല എന്നത് മറക്കരുത് എന്ന് മാത്രം!). അപ്പോൾ പിന്നെ ആര് ചെന്ന് രോഗകാരണവുമായി ബന്ധപ്പെട്ട  റിസപ്റ്റർ  തന്മാത്രകളെന്ന മറ്റേ സാമ്യവുമായി ബന്ധം സ്ഥാപിച്ചു രോഗശമനാവസ്ഥ ഉണ്ടാക്കും?

ഈയൊരു ചോദ്യത്തോടെ ഹോമിയോക്കാരൻ  തന്റെ "Similimum" എന്ന വിശുദ്ധപശുവിനെ കെട്ടാൻ അടുത്ത കുറ്റി തിരയുകയായി. അതാണ് "മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ്".  ആദ്യം ഈ മോളികുലാർ ഇമ്പ്രിന്റ് എന്നത് എന്താണെന്ന് നോക്കാം. പഴയകാലത്ത്   ചില പോളിമർ പദാർത്ഥങ്ങളുടെ നിർമാണ സമയത്തു മറ്റു തന്മാത്രകൾ കൂട്ടിച്ചേർത്തും എടുത്തുമാറ്റിയും നടത്തിയ പരീക്ഷണ ഫലങ്ങളെ  അടിസ്ഥാനമാക്കി ഗവേഷണവഴിയിൽ വളർന്നു വന്ന  ഇപ്പോഴും വികസ്വരാവസ്ഥയിലുള്ള ഒരു ബയോപോളിമർ സയൻസ് സങ്കേതമാണ് മോളികുലാർ ഇമ്പ്രിന്റിങ് എന്നത്. അതായത് ഒരു പോളിമർ പദാർത്ഥത്തിന്റെ  തന്മാത്രാവലയിൽ ആ പോളിമറിന്റെ നിർമ്മാണ സമയത്തു ഘടനാപരമായി നമുക്ക് താല്പര്യമുള്ള  മറ്റൊരു തന്മാത്രയെ ബന്ധിപ്പിക്കുകയും പിന്നീട് ആ തന്മാത്രയെ രാസപ്രവർത്തനത്തിലൂടെ എടുത്തുമാറ്റി അതിന്റെ ഘടനക്കു തുല്യമായ ഒരു അച്ച് ആ പോളിമർ വലയിൽ ഉണ്ടാക്കിയെടുക്കുന്ന സംഗതിയാണിത്.  ലളിതമായി പറഞ്ഞാൽ നമ്മൾ ഒരു സോപ്പ് കഷ്ണത്തിൽ താക്കോൽ പതിപ്പിച്ചു ആ താക്കോലിന്റെ ടെംപ്ലേറ്റ് ഉണ്ടാക്കിയെടുക്കുന്ന ഒരു രീതിയില്ലേ, അത് പോലെയൊന്ന്.



ഇത്തരം ഇമ്പ്രിന്റുകൾ ഉണ്ടാക്കുന്നത് അനുയോജ്യമായ മോണൊമറുകൾ, ടെംപ്ളേറ്റ് തന്മാത്രകൾ, ക്രോസ്സ് ലിങ്ക് സഹായികൾ, ലായകം, രാസപ്രവർത്തന ത്വരകങ്ങൾ   എന്നിവയെല്ലാം കൂടെ അതീവ നിയന്ത്രിത ലബോറട്ടറി സംവിധാനത്തിൽ പരസ്പരം പ്രവർത്തിപ്പിച്ചാണ്.  ഒട്ടേറെ മോണോമറുകൾ (ഒരു വലിയ പോളിമർ പദാർത്ഥത്തിന്റെ അടിസ്ഥാന തന്മാത്രാ ഘടകം) കൂടിച്ചേർന്നു പോളിമർ ഉണ്ടാക്കിയെടുക്കുന്ന വേളയിൽ  ഘടനാപരമായി നമുക്ക് താല്പര്യമുള്ള  ഇത്തരം ടെംപ്ളേറ്റ്  തന്മാത്രകൾ രാസപരമായി അതിന്റെ നെറ്റ്‌വർക്കിൽ വിളക്കി ചേർക്കുകയും പിന്നീട് പോളിമർ രൂപം കൊണ്ടശേഷം രാസപരമായി ആ വിളക്കിച്ചേർത്ത ടെംപ്ലേറ്റ് തന്മാത്രകളെ ഇളക്കി മാറ്റുകയും ചെയ്യുന്ന ഈ രീതി ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗശമനചികിത്സയിൽ  നൂതന സങ്കേതമായി  ഉപയോഗപ്പെടുത്താൻ  തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇപ്പോഴും ഇത്തരം മോളികുലാർ ഇമ്പ്രിന്റുകൾ പേറ്റന്റ്  അവസ്ഥയിൽ തന്നെ തുടരുകയും അതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാപക ഉപയോഗം എന്നത്  ഇനിയും പ്രാവർത്തികമാകേണ്ട ഒന്നായി തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം. സാധാരണ സിന്തറ്റിക് പോളിമറുകളിൽ ചെയ്യുന്നത് പോലെ അത്ര എളുപ്പമുള്ള ഒരു രാസനിർമ്മാണ പരിപാടിയല്ല ജൈവ വ്യവസ്ഥകളിൽ പ്രതിപ്രവർത്തിക്കുന്ന ബയോപോളിമറുകളിൽ ഇത്തരം ടെംപ്ളേറ്റ് ഉണ്ടാക്കിയെടുക്കുക എന്നത് എന്ന് സാരം.

ഇനി ഇവയെങ്ങനെയാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗ ചികിത്സക്ക് ഉപയോഗിക്കുന്നത് എന്ന് നോക്കാം. രോഗപ്രതിരോധത്തിനുള്ള ചില ആന്റിബോഡികൾ കൃത്രിമമായി വലിയ അളവിൽ ഉണ്ടാക്കുക എന്നത് പ്രായോഗികമല്ലാത്ത സന്ദർഭങ്ങളിൽ അത്തരം ആന്റിബോഡി തന്മാത്രയെ ഒരു ബയോപോളിമറിൽ ഇമ്പ്രിന്റ് ചെയ്ത് ആ ആന്റിബോഡി തന്മാത്രയുടെ ഒരു ടെമ്പ്ലേറ്റ് അതിൽ ആലേഖനം ചെയ്തെടുക്കുന്നു. അതോടെ രോഗകാരണമായ ആന്റിജൻ തന്മാത്രകൾ ഘടനാപരമായി അതിന് സംയോജിക്കാൻ സാമ്യതയുള്ള യഥാർത്ഥ ആന്റിബോഡിക്കു പകരം ഈ ആന്റിബോഡിയുടെ അതേ ഘടനാ വിശേഷമുള്ള ടെംപ്ളേറ്റിനകത്തു വന്ന് ബന്ധനസ്ഥനാകുന്നു. അതിലൂടെ രോഗശമനം സാധ്യമായി തീരുന്നു.  അപ്പോൾ ഇത്തരത്തിലുള്ള വികസിച്ചു വരുന്ന  അതീവ സങ്കീർണമായ നൂതനചികിത്സാരീതിയാണ് മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്‌സ്.


ഇനി നമ്മുടെ ഹോമിയോക്കാരൻ തന്റെ 'Similimum' എന്ന വിശുദ്ധ പശുവുമായി ഈ ഇമ്പ്രിന്റിനെ തേടിയെത്തുകയാണ്. അതായത് നേർപ്പിച്ച് നേർപ്പിച്ച് 'വീര്യം' കൂട്ടിയ തന്റെ മരുന്നിൽ ഒരൊറ്റ തന്മാത്ര ഔഷധ ഗുണമുള്ള Similimum ഇല്ലാത്തതിനാൽ ആ Similimum ത്തിന്റെ പ്രേതത്തെ മോളികുലാർ ഇമ്പ്രിന്റ് എന്ന കാഞ്ഞിരക്കുറ്റിയിലേക്കു ആവാഹിച്ചു ആഞ്ഞു തറക്കുകയാണ് അടുത്തത് . അതായത് നേർപ്പിച്ചു നേർപ്പിച്ചു കുലുക്കിയുണ്ടാക്കിയപ്പോൾ ഹോമിയോക്കാരന്റെ മരുന്നിലെ ഔഷധ ഗുണമുള്ള ആ തന്മാത്രയുടെ ടെമ്പ്ലേറ്റ് ആ ലായനിയിൽ ഇമ്പ്രിന്റ് ചെയ്യപ്പെട്ടിരിക്കുന്നുവത്രെ!! അതോടെ Similimum എന്നത്  'Potencies' എന്ന പേരിലേക്ക് മാറുന്നുണ്ട്, കാരണം ഇത് Similimum- ത്തിന്റെ പ്രേതമാണല്ലോ!  പക്ഷെ ഇവിടെ വീണ്ടും അടുത്ത പണി വരികയാണ് ആധുനിക ഹോമിയോപ്പതിക്കാരന് മുന്നിലേക്ക്. മരുന്ന് കലക്കിയോ അരച്ചോ ഉണ്ടാക്കാൻ ഇവരുടെ കയ്യിൽ പ്രധാനമായും മൂന്ന് ലായക മാധ്യമങ്ങളാണുള്ളത്; വെള്ളം, ആൽക്കഹോൾ, പാൽ പഞ്ചസാര മിട്ടായി. മോളികുലാർ ഇമ്പ്രിന്റ് ആയി ഒരു തന്മാത്രക്ക്  ടെമ്പ്ലേറ്റ് ഉണ്ടാക്കണമെങ്കിൽ അതിനു കയറിപ്പറ്റാൻ ഒരു പോളിമറിക് അസ്ഥിവാരം വേണം. ഇപ്പറഞ്ഞ സാധനങ്ങൾക്കൊന്നും അങ്ങനെയൊന്നില്ല. അത്തരമൊരു മോളികുലാർ ഇമ്പ്രിന്റിങ് ഇവയിൽ സാധ്യമായതായിട്ട് ആധുനിക ശാസ്ത്രത്തിന്റെ മുന്നിൽ തെളിവൊന്നുമില്ല. വീണ്ടും വ്യാഖ്യാന ഫാക്റ്ററികൾക്കു ശാസ്ത്രത്തിനു മുന്നിൽ വഴി മുട്ടുകയാണ്.


ഇനിയാണ്‌  അതിഭീകരമായ ശാസ്ത്രബലാത്‌സംഗം അരങ്ങേറാൻ പോകുന്നത്. പണ്ട് പശുവിനെക്കുറിച്ചെഴുതാൻ പരീക്ഷക്ക് ചോദ്യം വന്നപ്പോൾ ഉത്തരമറിയാത്ത കുട്ടി പശുവിനെ ഒരു തെങ്ങിൽ കെട്ടി പിന്നെ തെങ്ങിനെക്കുറിച്ചു രണ്ടു പേജ് വർണിച്ചെഴുതിയ കഥയോർമ്മയില്ലേ. ഇവിടെ മോളിക്യൂലാർ ഇമ്പ്രിന്റ് അഥവാ ഇവരുടെ Similimum/ Potencies  എന്ന പശുവിനെ ജലത്തിന്റെ ഭൗതിക രസതന്ത്രമെന്ന തെങ്ങിലേക്ക്  ആധുനികനായ ഹോമിയോപ്പതിക്കാരൻ അങ്ങ് കെട്ടുകയാണ്. ശേഷം ഫിസിക്കൽ കെമിസ്ട്രിയുടെയും ബയോകെമിസ്ട്രിയുടെയും രണ്ടു പുസ്തകങ്ങൾ തന്റെ മുന്നിൽ അങ്ങ് തുറന്നു വെക്കുന്നു. എന്നിട്ട് ജലം എന്ന അത്ഭുത വസ്തുവിനെപ്പറ്റിയുള്ള അതിതീവ്ര പ്രസംഗമാണ്. ജലത്തിന്റെ C2v എന്ന പോയിന്റ് ഗ്രൂപ്പും സുപ്രാമോളികുലാർ ഘടനയും ആ ഘടനയിൽ ജലം കാണിക്കുന്ന അത്ഭുതപ്രവർത്തനങ്ങളും അങ്ങനെ അങ്ങനെ നിലക്കാത്ത അക്കാദമിക ഡയേറിയ. ആത്യന്തികമായ ലക്ഷ്യം എന്തെന്നാൽ ജലത്തിന്റെ സുപ്രാമോളികുലാർ ഘടനയ്ക്ക് ഒരു പോളിമർ അസ്ഥിവാരം ഉണ്ടെന്നും അതിനാൽ അതിലേക്കു തന്റെ മരുന്ന് തന്മാത്രയുടെ പ്രേതത്തിനു ഇമ്പ്രിന്റ് ചെയ്ത് അതിന്റെ അടയാളം അവിടെ നിലനിർത്താമെന്നും സമർത്ഥിക്കണം എന്നതാണ്. തെർമോഡൈനാമിക്സ്  പ്രകാരം നിരന്തരം അഴിഞ്ഞും കെണിഞ്ഞും കൊണ്ടിരിക്കുന്ന  അങ്ങേയറ്റം ഡൈനാമിക് ആയ ഒരു പ്രതിഭാസമാണ് ജലത്തെ സംബന്ധിച്ചിടത്തോളം ഈ സുപ്രാമോളികുലാർ ഘടന എന്നത്. അത്തരമൊരു ഘടനക്കകത്തു ഇവർക്ക്  നിരന്തര നേർപ്പിക്കലിലൂടെ ഇല്ലാതായിപ്പോയ തങ്ങളുടെ Similimum/ Potencies എന്ന  തന്മാത്രയുടെ പ്രേതത്തെ എങ്ങനെയെങ്കിലും കുടിയിരുത്തണം. അതിനൊരു ബലക്കുറവ് തോന്നിയതോടെ പിന്നെ ജലത്തിലേക്കു ആൽക്കഹോൾ വരുന്നതോടെ ജലം വീണ്ടും മറ്റൊരു മഹാസംഭവമായി മാറുന്നതിന്റെ വിശേഷങ്ങളാണ്. പിന്നെയാ മഹിമ ലാക്ടോസിലേക്കും വരുന്നുണ്ട്. ഒടുക്കം വായിച്ചു തീർന്നാൽ മനസ്സിലാവുക മദ്യവും പച്ചവെള്ളവും പഞ്ചസാര മുട്ടായിയും കഴിച്ചാൽ സകലമാന രോഗങ്ങളിൽ നിന്നും മുക്തിയായി ചിരഞ്ജീവിയായി ഇരിക്കാം എന്നതാണ്.


അനന്തമായ നേർപ്പിക്കലോടെ ഹോമിയോ മരുന്നുകൾ എന്നത് കേവല പച്ചവെള്ളമോ സ്പിരിറ്റ് വെള്ളമോ പഞ്ചസാര മിട്ടായികളോ മാത്രമാണെന്നും അതിൽ എങ്ങിനെയാണ് ഇത്തരം മരുന്നിന്റെ പ്രേതം കുടിയിരിക്കുന്നതെന്നും ഓരോ നേർപ്പിക്കലിലും ആ പ്രേതമരുന്നിന്റെ പ്രവർത്തനക്ഷമത എങ്ങനെയാണ് വർദ്ധിക്കുന്നതെന്നും  എവിടെ ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകളെന്നും ചോദിക്കുന്നതോടെ അവസാനത്തെ ആയുധവുമായി ഹോമിയോക്കാരൻ 'ശാസ്ത്രകഥനം' നിർത്തുകയാണ്. . അതാണ് "വാട്ടർ മെമ്മറി" എന്ന പണ്ടത്തെ മറിമായവാദം.  അതായത് പണ്ടെപ്പഴോ ലയിച്ചു ചേർന്നിട്ടുണ്ടായിരുന്ന ഒരു പദാർത്ഥത്തിന്റെ 'ഓർമ്മ' എത്ര നേർപ്പിക്കലുകൾക്കു ശേഷവും, ലേയത്തിന്റെ ഒരൊറ്റ തന്മാത്ര പോലും ബാക്കിയാകാത്ത പോസ്റ്റ്-അവഗാഡ്രോ ഡയലൂഷനിൽ പോലും  ജലത്തെ ഇങ്ങനെ വിടാതെ വേട്ടയാടുമത്രേ. ഈ കള്ള സിദ്ധാന്തം ഒരു പേപ്പർ ആക്കി നേച്ചർ മാഗസിനിൽ 1988 -ൽ ജാക്വസ് ബെംവെനിസ്റ്റ പ്രസിദ്ധീകരിപ്പിക്കുകയും പിന്നീട് അബദ്ധം മനസ്സിലാക്കി അത് നേച്ചർ പിൻവലിക്കുകയും പിന്നീട് ഒരു പാട് തവണ പലതരത്തിലുള്ള സ്ഥിരീകരണ വെല്ലുവിളികൾക്കു വിധേയമാകുകയും അതിലൊക്കെയും ദയനീയമായി പരാജയപ്പെടുകയും ചെയ്ത ഒരു ഭാവനാവിലാസം കൊണ്ടുവന്നു അതിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുറ്റിയിൽ എങ്ങനെയെങ്കിലും വെച്ച് കെട്ടി വെളുപ്പിച്ചെടുക്കാനുള്ള ഈ അടവുണ്ടല്ലോ, അത് ഹോമിയോപ്പതിയെന്ന ലാടവൈദ്യത്തിന്റെ അസ്തമയത്തിലെ അവസാനത്തെ അടവായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇത്തരം ഗിമ്മിക്കുകളിൽ വിശ്വസിച്ചു വലിയ ശാസ്ത്ര പ്രബന്ധങ്ങളായി സകല ഹോമിയോവിമർശന പോസ്റ്റുകൾക്ക് താഴെയും ഒട്ടിച്ചു പോകുന്ന ഗ്രന്ഥം ചുമക്കുന്ന കഴുതകളായി ഒരു പറ്റം നല്ല ബുദ്ധിയും കഴിവുമുള്ള ചെറുപ്പക്കാർ മാറുന്നു എന്നത് എന്തല്ല ശാസ്ത്രം എന്ന് നിരന്തരം പഠിപ്പിക്കാനുള്ള  സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനെ ശരിവെക്കുന്നു.

***************

ഈ ലേഖനം അഴിമുഖം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് താഴെ ലിങ്കിൽ വായിക്കാം:
http://www.azhimukham.com/news/15258/homeopathy-scientific-debate-controversy-modern-medicine-ismail-kalliyan

Tuesday 20 September 2016

മെഹ്‌ദി പാഠങ്ങൾ -12 : ആപ് കോ ഭൂല് ജായേ ഹം.....

മെഹ്ദിപാഠങ്ങളുടെ ഈ അദ്ധ്യായം സമർപ്പിക്കുന്നത്  പ്രിയപ്പെട്ട നസീമിനാണ്. ഹിന്ദുസ്ഥാനി സംഗീതവഴിയിൽ അരീക്കോട്ടുകാരൻ പീ പി നസീം ജ്ഞാനിയായ ഒരു ശ്രോതാവ് എന്ന അപൂർവ്വ ജെനുസ്സിൽ പെട്ട ഒരു റെഫറൽ പോയിന്റ് ആയിരുന്നു. മെഹ്ഫിലുകൾ തേടിയുള്ള നിതാന്ത അലച്ചിലുകൾ, കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം നടക്കുന്ന ഹിന്ദുസ്ഥാനി സംഗീതോത്സവങ്ങളും കൺസേർട്ടുകളും ലൈവ് ആയി പിന്തുടർന്നിരുന്ന ഒരാൾ, സംഗീതജ്ഞരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന അപൂർവ്വത,  അത്തരം ആസ്വാദനങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ആഴത്തിലുള്ള അറിവും അത്യപൂർവ്വ റിക്കാർഡിങ് ശേഖരങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ മുന്നിൽ നടന്ന ഒരു സാധാരണ മനുഷ്യൻ. ഹിമാചലിലെ മണാലിയിൽ ട്രെക്കിങ്ങിനിടെ ഹൃദയാഘാതം വന്ന് നസീം ഇവിടം വിട്ടുപോയിരിക്കുന്നു.

മെഹ്ദി പാഠങ്ങൾ എന്ന ഈ എളിയ ശ്രമത്തെ അതീവ താല്പര്യത്തോടെ പിന്തുടരുകയും മനസ്സറിഞ്ഞു അഭിനന്ദിക്കുകയും ചെയ്‍തിരുന്നു നസീം.   ഞങ്ങൾ അംഗങ്ങളായ ഗസൽ ആസ്വാദകരുടെ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയിൽ കഴിഞ്ഞ മാസം ഒരു ദിനത്തിൽ  നസീം  'ആപ്കോ ഭൂല് ജായേ ഹം....." എന്ന മെഹ്ദി സാബും നൂർജഹാൻജിയും പാടി അനശ്വരമാക്കിയ അതിമനോഹരമായ ഫില്മി ഗീതിന്റെ മെഹ്ദി ലൈവ് വേർഷൻ പോസ്റ്റ് ചെയ്യുകയും ആ വരികളെ  മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ എന്നോട് അഭ്യർത്ഥിക്കുകയും ചെയ്തു. വരികളുടെ നേരിട്ടുള്ള വിവർത്തനം അപ്പോൾ തന്നെ അവിടെ നൽകിയെങ്കിലും അതിനെ മെഹ്ദി പാഠങ്ങളിലെ ഒരദ്ധ്യായമായി വിപുലീകരിക്കാൻ വേണ്ടി ഇവിടെ ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കവേ ആ അദ്ധ്യായം മുഴുമിപ്പിക്കുന്നതിനു മുന്നേ നസീം യാത്രയായിരിക്കുന്നു.

പ്രിയപ്പെട്ട നസീമിന് ഓർമ്മാഞ്ജലിയായി ഈ അദ്ധ്യായം സമർപ്പിക്കുന്നു.

*************

"തും മിലെ പ്യാർ മിലാ" എന്ന പാകിസ്താനി ചിത്രത്തിന് തസ്‌ലീം ഫസ്‌ലി എഴുതിയ ഈ വരികൾക്ക് നഷാദ് ആണ് സംഗീതം പകർന്നത്. സിനിമയിൽ നൂർജഹാൻജിയോടൊപ്പം ഡ്യൂയറ്റ് പാടിയ മെഹ്ദി ഹസ്സൻ സാബ് ഈ ഗീതിനെ മെഹ്ഫിലുകളിൽ പുതിയ നിറത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

നിരാസത്തിന്റെയും അവിശ്വസ്തതയുടെയും നൈരന്തര്യം പേറുന്ന ഒരു പ്രണയിയുടെ നോവ് വരച്ചിടുന്ന വരികളാണിത്. എല്ലാ കാപട്യങ്ങൾക്കും സ്വയം തപിക്കുകയും കുറ്റമേൽക്കുകയും തന്റെ പ്രണയഭാജനത്തെ കുറ്റവിമുകതമാക്കുകയും ചെയ്യുന്ന ഒരു ദാർശനിക പ്രണയി, പകർന്നു കിട്ടുന്ന നോവുകളിൽ പോലും പ്രണയഹർഷം കണ്ടെത്തുന്ന, അത്തരം നോവുകളെങ്കിലും അനുഭവിക്കാതെ പോയവരെ ഹതഭാഗ്യരെന്ന് നിരീക്ഷിക്കുന്ന, നോവുകളൊക്കെയും പൂവുകളെന്നു ചൊല്ലിപ്പറയുന്ന ഒരാൾ......


ഇനി ഗസലിന്റെ വരികളിലേക്ക് :

*********************

ആപ് കോ ഭൂല് ജായേ ഹം  ഇത്‌നെ തോ ബേവഫാ നഹീ
ആപ് സെ ക്യാ ഗിലാ കരേ    ആപ് സെ കുച്ച് ഗിലാ നഹീ

ഹം തോ സമജ്ഹ് രഹേ ഥേ യേ  തും മിലേ പ്യാർ മിൽഗയാ
ഇക് തേരെ ദർദ് കേ സിവാ  ഹം കോ തോ കുച്ച് മിലാ നഹീ

ശീശാ-ഏ-ദിൽ കോ തോഡ്നാ   ഉൻകാ തോ ഏക് ഖേൽ ഹേ
ഹമീസെ ഭൂൽ ഹോഗയീ   ഉൻ കെ കോയീ ഖതാ നഹീ

കാഷ് വോ അപ്നേ ഗം മുജ്‌ഹേ  ദേദേ തോ  കുച്ച് സുകൂന് മിലേ
വോ കിത്നാ ബദ്-നസീബ് ഹേ  ഗം ഭീ ജിസേ മിലാ നഹീ

ജുറും ഹേ ഗർ വഫാ തോ ക്യാ,     ക്യോ കർ വഫാ കൊ ചോഡ്  ദൂം
കെഹ്തേ ഹേ ഇസ് ഗുനാ കീ   ഹോതീ കോയീ സസാ നഹീ

 
************************************************

വരികളുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു  :

----------------
നിന്നെ വിസ്മരിച്ചുകളയാൻ  മാത്രം കപടനൊന്നുമല്ല ഞാൻ
നിന്നോടെന്തു പരാതിപ്പെടാനാണ്? പരാതിയൊന്നുമേയില്ലയെനിക്ക്

ഞാനോർത്തത് നിന്നെ ലഭിച്ചതും  പ്രണയം കരഗതമായെന്നാണ്
നിന്റെ നോവുകളല്ലാതെ  എനിക്കൊന്നും ലഭിച്ചതില്ലല്ലോ

പളുങ്കുപോൽ ഹൃദയങ്ങളെ തകർക്കുന്നതേ വിനോദം അവർക്ക്
എല്ലാമെന്റെ മാത്രം പിഴ  , അവർക്കൊരു പഴിയുമില്ല തന്നെ

വ്യഥകളെങ്കിലും പകർന്നിരുന്നെങ്കിൽ  ആശ്വാസമായേനെയിത്തിരി
ഒരു വേദന പോലുമവരിൽ നിന്നനുഭവിക്കാത്തവരെത്ര ഭാഗ്യശൂന്യർ!

വിശ്വസ്തനാകുന്നത് ഒരു കുറ്റമാണോ? എന്തിനീ  വിശ്വസ്തതയെ നിരാകരിക്കണം?
പറഞ്ഞുകേട്ടിടത്തോളം  ഈ തെറ്റിനൊരു ശിക്ഷയുമില്ലെന്നാണ് !

---------------


മെഹ്ദിയുടെ നാദം ഈ നോവുകളെയൊക്കെയും  പൂവുകളാക്കുന്നത് അനുഭവിക്കൂ....  പ്രത്യുപകാരേച്ഛയില്ലാതെ  നിത്യപ്രണയത്തിന്റെ സ്മാരകങ്ങളായി നമുക്ക് മുന്നിലുള്ള എല്ലാ മാതൃകകൾക്കും ഈ മധുരനാദവർഷം മരുന്നാകട്ടെ......

മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കാണാം....

=========================
ഈ ഗസലിന്റെ മെഹ്ദി സാബ് ലൈവ് താഴെ കേൾക്കാം:


Monday 13 June 2016

മെഹ്ദി പാഠങ്ങൾ - 11 : പത്താ പത്താ ബൂട്ടാ ബൂട്ടാ....



ഹൃദയാവിഷ്ക്കാരങ്ങളുടെ മഹാഗായകൻ നമ്മെ മറഞ്ഞു പോയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു. മെഹ്ദി എന്നത് ഒരു മോഹവലയമാണ്, ആഴമുറ്റിയ കാതരശബ്ദത്താൽ മെനഞ്ഞ ഒരു ഓറയിൽ നമ്മെ പൊതിഞ്ഞു കാക്കുന്നൊരു നാദപ്രപഞ്ചം. കേൾക്കെ കേൾക്കെ അടിപ്പെട്ടു പോകുന്ന, ഒടുക്കം മറ്റൊന്നും കേൾക്കാനാകാത്ത വിധം, കേട്ടാലും എല്ക്കാത്ത വിധം  ആസ്വാദകൻ സ്വയം സ്റ്റെറിലൈസ്  ചെയ്യപ്പെടുന്ന ഒരു  രാഗോന്മാദം. ആലാപനത്തിലെ കയറ്റിറക്കങ്ങൾ ആസ്വാദകന്റെ ആത്മവികാരങ്ങളുടെ വേലിയേറ്റങ്ങളും ഇറക്കങ്ങളുമായി അനുനാദപ്പെടുന്ന അപൂർവ്വ വിഷാദാർദ്ര മുഹൂർത്തങ്ങൾ വേറെയേത് ശബ്ദത്തിലാണ് അനുഭവേദ്യമാകുന്നത്?

വേർപ്പാടിന്റെ ഈ നാലാം അനുസ്മരണവർഷത്തിൽ മെഹ്ദിപാഠങ്ങളുടെ പതിനൊന്നാം അദ്ധ്യായം നിങ്ങൾക്കായി അവതരിപ്പിക്കട്ടെ.......


മീർ തഖി മീറിന്റെ മറ്റൊരു ക്ലാസ്സിക് ഗസൽ ആണ് ആസ്വാദനത്തിനായി ഇത്തവണ നമ്മുടെ  മുന്നിലുള്ളത്. വാക്കുകളുടെ സൂക്ഷ്മമായ പ്രയോഗങ്ങൾ കൊണ്ട് ആശയപ്രപഞ്ചം തീർക്കുന്ന മീർ ഇവിടെ നിസ്സഹായനായ ഒരു നിഷ്കളങ്ക പ്രണയിയുടെ ആത്മസംഘർഷങ്ങൾ വരച്ചിടുകയാണ്.

ചുറ്റുമുള്ള ലോകമാകെയറിഞ്ഞിട്ടും തന്നെ മനസ്സിലാക്കാതെ പോകുന്ന, തന്റെ ഹൃദയ വ്യഥ, അഥവാ തന്റെ പ്രണയം ഒരിക്കൽ പോലും ആവിഷ്ക്കരിക്കാൻ അവസരമൊരുക്കാത്ത, പരനിന്ദയും പരിഹാസവും കൈമുതലായുള്ള  ആഭിജാത്യയായ ഒരു സൗന്ദര്യധാമം, അവർ നിരന്തരം അപഹസിച്ചിട്ടും തന്റെ നിഷ്കളങ്കപ്രണയം കൈവിടാതെ അവരെ അനുധാവനം ചെയ്യുന്ന ഒരാൾ.....

മീർ ഈ ബിംബങ്ങളിലൂടെ സമൂഹത്തിലെ ആഭിജാത്യവും അർത്ഥവുമുള്ളവന്റെ അടിസ്ഥാന മനുഷ്യരോടുള്ള നിലപാടിലെ  കാലുഷ്യം വരച്ചു കാണിക്കുന്നു. നിത്യമായ കരുണയും സഹജമായ സ്നേഹവും കരുതലും താഴെത്തട്ടിലുള്ള പച്ച മനുഷ്യരിൽ  മാത്രം ദർശിക്കാവുന്ന ഒന്നാണെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.


ഇനി ഗസലിലൂടെ: ........

**********
പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാൽ ഹമാരാ ജാനേ ഹേ
ജാനേ ന ജാനേ ഗുൽ ഹീ ന ജാനേ ബാഗ് തോ സാരാ ജാനേ ഹേ

ചാരാ ഗരീ  ബീമാരി-ഏ -ദിൽ കി രസ്മെ -ഷെഹരെ-ഹുസ്ന് നഹീ
വർന ദിൽബരെ -നാദാൻ ഭീ ഉസ് ദർദ് കാ ചാരാ ജാനേ ഹേ

മെഹറോ വഫാവോ  ലുത്ഫോ ഇനായത്ത് ഏക്‌ സെ വാഖിഫ് ഇൻ മേ നഹീ
ഓർ തോ സബ് കുഛ് ത്വൻസോ കിനായ റംസോ ഇഷാരാ  ജാനേ ഹേ

ക്യാ ക്യാ ഫിത്നെ സർ പർ ഉസ്കെ ലാതാ ഹേ മാശൂക് അപ്നാ 
ജിസ് ബേദിൽ ബേതാബോ തവാ കൊ  ഇഷ്ഖ് കാ മാരാ ജാനേ ഹേ 

***********

ആശയം ഏകദേശം ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു:

***********
സകല ഇലകൾക്കും ചെടികൾക്കുമറിയാം  എൻറെ അവസ്ഥയെന്തെന്ന്
ആ പനിനീർപ്പൂവ്  മാത്രമൊന്നുമറിയുന്നില്ല , ബാക്കി തോട്ടമാകെയും  അറിഞ്ഞെങ്കിലും

ഹൃദയവ്യഥകൾക്ക്  ശമനമേകുകയെന്നത്  മോടിയേറിയ അവരുടെ  രീതിയിലില്ല തന്നെ 
എന്നാൽ  നിഷ്കളങ്ക ഹൃദയങ്ങൾക്ക് പോലുമറിയാം  അത്തരം വ്യഥകളെ എങ്ങനെ ഉണക്കാമെന്ന് 

ദയ, വിശ്വസ്തത, കരുണ, കൃപ ഇവയിലൊന്നു പോലും അവരിലില്ല തന്നെ
മറിച്ചോ പരിഹാസവും പുച്ഛവും പരനിന്ദയും വേണ്ടുവോളമുണ്ട് താനും

എന്തെല്ലാം കുടിലതകളാണ് സ്വന്തം പ്രണയിനി അവന്റെ നേരെ കൊണ്ടുവരുന്നത്  
പാവം ആ ദുർബല നിർഗുണന് പ്രണയത്തിലാവാൻ മാത്രമറിയാം !

************

അതീവ ദുഷ്കരമായ ഭാഷാപ്രയോഗങ്ങളാണ് മീർ ഗസലുകൾ.  ഇനിയും ഒട്ടേറെ വരികളുള്ള ഈ ഗസലിന്റെ മെഹ്ദി സാബ് ആലാപനത്തിനായി ഉപയോഗിച്ച നാല് ശേറുകൾ  മാത്രമെടുത്ത് അവയുടെ കേവല ആശയം നേരെ ചൊവ്വേ എഴുതാൻ മാത്രമേ ഇവിടെ സാധിച്ചിട്ടുള്ളൂ. അതിനപ്പുറമുള്ള വായന നിങ്ങളുടെ ആസ്വാദനത്തിനായി വിടുന്നു.

മെഹ്ദി ഹസ്സൻ സാബിനു പുറമേ ഈ ഗസൽ ഗുലാം അലി സാബ്‌, ജഗ്ജിത് സിംഗ്, വിനോദ് സൈഗാൾ, ഹരിഹരൻ എന്നിവരൊക്കെ ആലപിച്ചത് ലഭ്യമാണ്. ഈ വരികളുടെ ഗഹനത മുഴുവൻ ആവാഹിച്ച മെഹ്ദി നാദം അവയിൽ വേറിട്ടു നില്ക്കുന്നു.

(വാല്ക്കഷ്ണം: 'ഏക്‌ നസർ' എന്ന ബച്ചൻ ജോഡി  ചിത്രത്തിൽ ലതാജിയും റഫി സാബും ആലപിച്ച "പത്താ പത്താ ബൂട്ടാ ബൂട്ടാ..." എന്ന ലക്ഷ്മികാന്ത്- പ്യാരിലാൽ ഗാനം സത്യത്തിൽ ഈ ഗസൽ അല്ല. ഇതിലെ ആദ്യ ശേർ മാത്രമേ  ആ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ, ബാക്കി വരികൾ മജ്രൂഹ് സുൽത്താൻപുരിയുടെ സ്വതന്ത്ര വരികളാണ്)



  

Thursday 24 September 2015

പ്രണയം തീണ്ടി നീലിച്ച പാട്ടുകള്‍ ഒരു പൂമ്പാറ്റയെ ചെന്നു തൊടുമ്പോള്‍....


     സതിരൊഴിയുമ്പോള്‍  മേല്‍ക്കൂരയില്ലാത്ത ആ ഗാനശാലയില്‍ ഒരു ഒഴിഞ്ഞ മേശയ്ക്കപ്പുറമിപ്പുറം ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയാവും നമ്മള്‍. അപ്പോള്‍ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളൊക്കെയും നിറംകെട്ട തകരപ്പെട്ടിയില്‍  അടുക്കിവെക്കാനുള്ള തത്രപ്പാടിലായിരിക്കും. അയാളുടെ പോകാനുള്ള തിരക്കില്‍ നമുക്ക് പിന്നിലൂടെ ആയുമ്പോള്‍ തോളില്‍  തൂക്കിയിട്ട പിഞ്ഞിയ ബാഗില്‍ നിന്നും തലയിട്ടു നോക്കുന്ന ആ  പച്ച ഗിറ്റാറിന്‍റെ ഒരു കമ്പി നിന്റെ വിടര്‍ത്തിയിട്ട മുടിയില്‍ കൊളുത്തി അന്ന് വരെ നാം കേട്ടിട്ടില്ലാത്ത ഒരു ശ്രുതിയില്‍ നാദമുതിര്‍ക്കും. അതില്‍ പിന്നെ നമ്മള്‍ മഴയെ ഗര്‍ഭം ധരിക്കാന്‍ ചോടുവിട്ടു മുകളിലേക്കുയരുന്ന ബാഷ്പകണങ്ങളായി അവസ്ഥാന്തരപ്പെടും. ഭാരമില്ലായ്മ പകരുന്ന ലഹരിയില്‍ നമ്മള്‍ മെഹ്ദിയെ ഉച്ചത്തില്‍ പാടും. പിരിഞ്ഞു പോകുന്ന ഗായകന്‍  മിന്നലേറ്റെന്ന പോലെ വാതില്‍ക്കല്‍ തരിച്ചു നില്‍ക്കും. തിരിഞ്ഞു നിന്നയാള്‍ തകരപ്പെട്ടിയുടെ പൂട്ട്‌ തുറന്ന് തലമുറകളുടെ വിരലോടിപ്പതിഞ്ഞുതേഞ്ഞ കറുപ്പും വെളുപ്പും കട്ടകളില്‍ തീര്‍ത്ത മന്ത്രികപ്പെട്ടിയുമായി മേശച്ചുവട്ടില്‍ ചമ്രം പടിഞ്ഞിരിക്കും. മേഘം തേടിപ്പോകുന്ന നമ്മളെ നോക്കി അയാള്‍ ഇങ്ങനെ പാടും:

ജിസേ ഭുലായെ കയീ സാല്‍ ഹോഗയേ കാമില്‍
മേ ആജ് ഉസ്കീ ഗലി സേ ഗുസര്‍ ഗയാ കേസേ

ബന്ധനമുക്തരായി പറന്നുയര്‍ന്നിരുന്ന നമ്മിലെ ഓരോ അണുവും പൊടുന്നനെ ഒരു ദ്യുതിയില്‍ പരസ്പരം ഇണക്കിച്ചേര്‍ക്കപ്പെടും, അനന്തരം ഘനീഭവിച്ച് ചുവന്ന മഴയായി ഗായകന്റെ പാട്ടുപെട്ടിയെ നനച്ചുകൊണ്ട് ചാറിപ്പെയ്യും. അപ്പോള്‍ അയാള്‍ പ്രണയം തീണ്ടിയ ചോരഞെരമ്പുകളെക്കുറിച്ച് അതിശയം കൂറി ശ്രുതി താഴ്ത്തി ഇങ്ങനെ പാട്ടു തുടരും:


മേ ഹോഷ് മേം ഥാ തൊ ഫിര്‍ ഉസ്പെ മര്‍ ഗയാ കേസേ
യെ സഹര്‍ മേരെ ലഹൂ മേം ഉതര്‍ ഗയാ കേസേ


മഴ കുതിര്‍ത്ത ആ ഹാര്‍മോണിയപ്പെട്ടിയുടെ വായുജാലകത്തിന്റെ പാളി അയാള്‍ തുറക്കുമ്പോള്‍ അതിലൂടെ രണ്ടു പാറ്റകളായി പൊടിഞ്ഞു നമ്മള്‍ പുറത്തേക്കു ചാടും. അതിലേക്ക് കയറിപ്പോകുന്ന ഈണം പേറുന്ന കാറ്റിന്റെ തലോടലില്‍ നമ്മള്‍ക്ക് പൂമ്പാറ്റയുടെ ചിത്രച്ചിറകുകള്‍ മുളക്കും. മഴ തൊട്ടപ്പോള്‍ പുഷ്പിണിയായ ഇലഞ്ഞിയുടെ കൊമ്പിലേക്ക് അതിന്റെ സുഗന്ധതരംഗങ്ങളെ പിന്തുടര്‍ന്ന് നമ്മള്‍ കൊതിച്ചു പറക്കും. മധു നുകര്‍ന്ന് ഉന്മത്തനായി ഞെട്ടറ്റു വീഴുന്ന ഇലഞ്ഞിപ്പൂക്കളോടൊപ്പം പമ്പരം കണക്കെ കറങ്ങി   താഴേക്കു വരുന്ന എന്നെ നീ ഒരുവേള സാകൂതം നോക്കി നില്‍ക്കും. പൊടുന്നനെ ബോധത്തിലേക്ക്‌ തിരിച്ചെത്തുന്ന നീ നിന്റെ ചിറകുകളിലേക്കെന്നെ സ്വീകരിക്കും. ഒന്നിച്ചുള്ള വീഴ്ചയുടെ ഒടുക്കം നമ്മള്‍ അടര്‍ന്നു മാറി  പാട്ടുപെട്ടിയുടെ വെളുത്ത കട്ടയില്‍ നീയും കറുത്ത കട്ടയില്‍ ഞാനും ചിറകടിച്ചു കിടക്കും. പാട്ടുകാരന്‍ ആ സന്ദര്‍ഭത്തെ ഇങ്ങനെയൊരു വരിയിലേക്ക് വിവര്‍ത്തനം ചെയ്യും:

സരൂര് ഉസ്കി തവജ്ജൊഹ്  കി രഹ്ബരീ ഹോ ഗീ
നഷെ മേം ഥാ തൊ മേ അപ്നെ ഹി ഘര്‍ ഗയാ കേസേ

പ്രണയം കൊണ്ട് മുറിവേറ്റ് കിടക്കുന്ന നമ്മളെ ആ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളോടൊപ്പം ആ തകരപ്പെട്ടിയില്‍ അടക്കം ചെയ്യും. ഇനിയും ജീവന്‍ വിട്ടുപോയിട്ടില്ലാത്ത നമ്മള്‍ അതിനകത്തെ തന്ത്രിവാദ്യങ്ങളുടെ വലിച്ചു കെട്ടിയ കമ്പികള്‍ക്ക്‌ മുകളില്‍ ഊയലാടും, ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ കയറിയിറങ്ങി ഒളിച്ചേ കണ്ടേ കളിക്കും , സന്തൂറിന്റെ സ്വരതന്ത്രികളില്‍ ചിറകിട്ടടിച്ചു രാഗസുധ തീര്‍ക്കും, ഒടുക്കം ജീവന്‍ പറിഞ്ഞുപോകുന്ന ആ  കടുംനിമിഷത്തില്‍ പരസ്പരം ഇറുകെ പുണര്‍ന്നു ദേഹമുരച്ച് ചിറകുകള്‍ പൊഴിച്ച് വീണ്ടും പ്യൂപ്പകളായി മാറി ദൈവത്തെ പറ്റിക്കും, അടുത്ത സതിരിനായി പാട്ടുകാരന്‍ തകരപ്പെട്ടി തുറക്കുന്നതും കാത്തു നമ്മള്‍ അങ്ങനെ പുണര്‍ന്നു കിടക്കും, പുനര്‍ജ്ജനിയുടെ അടുത്ത മുഹൂര്‍ത്തത്തിനായി........      
  

Saturday 29 August 2015

ഓർമ്മക്കൂട്ടിൽ -4: പുഴ കരയെ പുൽകുന്ന മണ്‍സൂണ്‍ കാലങ്ങൾ


   ഉരുളന്‍ കല്ലുകള്‍ ചേര്‍ത്ത് വെച്ചു മണ്ണ് തേമ്പി അടുക്കി നിര്‍ത്തിയ ചുറ്റുമതിലിന് മുന്നില് നിൽക്കുമ്പോൾ അതൊരു  ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ ഓര്‍മ്മിപ്പിക്കും. . 
അങ്ങിങ്ങായി മുഴച്ചും മെലിഞ്ഞുമിരിക്കുന്ന അതിന്റെ മുകളില്‍ അപ്പക്കാടുകളും വളളിപടലങ്ങളും വേരിറക്കി തൂങ്ങി നില്ക്കുന്നു . കയ കടന്നു ചെന്നാല്‍ കാണാം
താഴോട്ടു വളഞ്ഞു പുളഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാത. ഇരുവശവും പൂത്തുലഞ്ഞു നില്‍ക്കുന്ന കശുവണ്ടി മരങ്ങള്‍, ചുറ്റും തേൻ നുകരാൻ മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങൾ 

കുറച്ചു കൂടി താഴോട്ടിറങ്ങിയാൽ  അണ്ണാറക്കണ്ണന്‍മാർ  കലപില കൂട്ടി ഓടിക്കളിക്കുന്ന കൂറ്റന്‍ വരിക്കപ്ലാവ്. മധുരം കിനിയുന്ന എത്രയോ ചക്കക്കാലം പകര്‍ന്നു തന്ന ഈ മുത്തശ്ശിമരത്തില്‍ നിറയെ പുളിയനുറുമ്പുകളുടെ പ്ലാവിലക്കൂടുകളാണ്. 

  അല്പം താഴെയായി ഊഞ്ഞാലാട്ടത്തിന്റെ മനോഹര ബാല്യം ഒരുക്കിയ പേരയ്ക്കാമരം വേലിപ്പത്തലിലേക്ക് കൊമ്പ് ചായിച്ചു കിടക്കുന്നു. ഇതിന്റെ ഒരുപാട് ചുള്ളികള്‍ നല്ല എരിവുള്ള വടികളായി 
ഏഴ്  ഡി ക്ലാസില്‍  ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോര്‍ജ്ജ്  മാഷിന്റെ മേശപ്പുറം അലങ്കരിക്കാന്‍ വേണ്ടി ക്ലാസ് ലീഡറിന്റെ ഭാരിച്ച ഉത്തരവാദിത്തത്തോടെ എത്തിച്ചു കൊടുത്ത കാലം. അതേ വടി കൊണ്ട് തന്നെ 'ബില്ഡ്'  എന്ന വാക്ക് 'ബുയില്‍ഡ്' എന്ന് വായിച്ചതിനു ജോര്‍ജ്ജ് മാഷിന്റെ കയ്യില്‍ നിന്നും ചന്തി 
പൊള്ളിച്ചു തല്ല്  വാങ്ങിയപ്പോള്‍ ക്ലാസ്സിലെ ശത്രുക്കള്‍ എന്നെ നോക്കി 
ചിരിച്ചതും  ഇന്നലെ കഴിഞ്ഞ പോലെ.

   ഇനിയങ്ങോട്ട് ചെങ്കുത്തായ ഇറക്കമാണ്.  ഇടതുവശത്ത്  മനം മയക്കുന്ന സുഗന്ധം  പരത്തി പൂത്തുനില്‍ക്കുന്ന ഇലഞ്ഞി.   ഞെട്ടറ്റു കുഞ്ഞുപമ്പരങ്ങള്‍  കണക്കെ താഴോട്ടു കറങ്ങി വരുന്ന ഇലഞ്ഞിപ്പൂക്കളെ പൊടിയനി മരത്തിന്റെ ഇല പറിച്ചു കുമ്പിള്‍ കുത്തി അതില്‍ നിറച്ചു വെക്കും, പിന്നീട് നൂലില്‍ കോര്‍ത്ത്‌  മാലയുണ്ടാക്കാന്‍. ഇന്നും ബാല്യം വന്നു വിളിക്കുമ്പോള്‍ ഓര്‍മകളുടെ ഓരത്ത് ആ ഇലഞ്ഞിപ്പൂമണമിങ്ങനെ പരന്നു  നടക്കും, വെറുതെ കൊതിപ്പിച്ച് ....

വലിയ ഇറക്കം തീര്‍ന്നു അല്പം  നിരപ്പായ ഊടുവഴിയിലൂടെ പിന്നെയും താഴേ തൊടിയിലേക്ക്‌ നടക്കുമ്പോള്‍ ഇരുവശത്തുമായി പലതരം മാവുകള്‍ . വവ്വാലുകളും കിളികളും പാതി തിന്ന്  താഴേക്കു  കൊത്തിയിട്ട  പഴുത്ത മാമ്പഴങ്ങള്‍ പാതയോരത്ത് ചിതറിക്കിടക്കുന്നു. ആ വഴിയിലൂടെ കടന്നു പോകുമ്പോള്‍ നാവില്‍ കൊതിയുടെ കപ്പലോട്ടം. കുഞ്ഞു വലിപ്പമുള്ള ചക്കരമാമ്പഴങ്ങള്‍ ആണ് ഏറ്റവും മധുരിക്കുന്നത്. അതിന്റെ താഴത്തെ കൂര്‍ത്ത അഗ്രത്തില്‍ കടിച്ചു വലിക്കുമ്പോള്‍ ഒരു ശർക്കരപ്പാവ് അപ്പാടെ ഒഴുകി വരും നാവിന്‍ തുമ്പിലേക്ക്‌.

ചെറിയൊരു കല്പ്പടവിറങ്ങിയാൽ  എത്തുന്നത്‌ ആൾമറയില്ലാത്ത ഒരു മണ്‍കുഴിയിലേക്കാണ്. ഏതു  കാലത്തും  കുളിര്  കളയാതെ കാത്തു വെക്കുന്ന 
ഇതിലെ തെളിനീരിലാണ് ബാല്യം മുഴുവന് ആറാടിയത്.
ആമകളും മീന്‍കൊത്തി പൊന്മാനും പാമ്പുകളുമെല്ലാം സഹവസിക്കുന്ന ഈ കിണര്‍ ഒരിക്കല്‍ പോലും 
വറ്റിപ്പോയതായിട്ടു കണ്ടിട്ടില്ല. പാമ്പുകള്‍ ഇടയ്ക്കിടെ അഴിച്ചു വെച്ച് പോകുന്ന
 അതിന്റെ പടങ്ങളും വെള്ളാരം കല്ലുകളും വര്‍ണ്ണരാജികളില് പൊതിഞ്ഞ കോലന്‍ തുമ്പികളുമൊക്കെ ആ കിണറിന്റെ അരികത്തു ഞങ്ങള്‍ക്ക് 
കളിപ്പാട്ടങ്ങളായി. 

തട്ട് തട്ടായി മുകളിലേക്ക് വിതാനിച്ചിട്ടുള്ള തോട്ടങ്ങളിൽ തെങ്ങും  കവുങ്ങും 
ഇട കലർന്ന് നിൽക്കുന്നു. ഏറ്റവും താഴെ തട്ടിലെത്തുമ്പോൾ പിന്നെ കാണുന്നത്  പരന്നു കിടക്കുന്ന നെൽവയലുകൾ. അങ്ങേ അതിരായി കടലുണ്ടി പുഴയുടെ കൈവഴി , ഇപ്പുറം കുഞ്ഞുകുഞ്ഞു കുളങ്ങൾ. മണ്‍സൂണ്‍ ശക്തമാകുന്നതോടെ പുഴ കരകവിഞ്ഞൊഴുകി വയലും മൂടി മേലെ തോട്ടത്തിലേക്ക്  കയറി വരും. ഒപ്പം പുഴമീനുകളുടെ കുത്തൊഴുക്കും. വാഴത്തടിയിൽ തീർത്ത കെട്ടുതോണികളിൽ നായാട്ടു സംഘങ്ങൾ രാത്രി വലിയ ടോർച്ചുമായി മീൻവേട്ടയ്ക്കിറങ്ങും. വീർപ്പടക്കി കാത്തിരുന്നു ഒടുവിൽ കയറിവരുന്ന മീനിന്റെ കണ്ണിലേക്ക് ടോർച്ചിന്റെ കുത്തുന്ന വെളിച്ചം പായിക്കും. ഒരു വേള പകച്ചു നിന്നുപോകുന്ന അതിന്റെ മുതുകിൽ നൊടിയിടയിൽ മിനുത്ത  മൂർച്ചയുള്ള കത്തി പതിക്കും. ഒരു പിടച്ചിലിൽ വെള്ളം ചെഞ്ചായമണിയും. 'വെട്ടിപ്പിടുത്തമെന്ന' ഈ സമയകലയിൽ  വരാലും ആരലും വാളയും പരൽപൊടികളും രക്തസാക്ഷികളായി മീൻകുട്ടകളിലേക്കും അപ്പുറം വറച്ചട്ടിയിലേക്കും ഒടുക്കം തീന്മേശയിലേക്കും ആനയിക്കപ്പെടും. അങ്ങനെ ഓരോ മണ്‍സൂണ്‍കാലവും പുഴമീൻ മണക്കുന്ന ഓർമ്മപ്പുഴയാകും. 

Friday 31 October 2014

സദാചാരചുംബനങ്ങൾ

ഡൌണ്‍ടൌണ്‍ സംഭവാനന്തരം ഒരുപറ്റം കുട്ടികൾ സൈബർവിഹായസ്സിൽ
പറത്തിവിട്ട  ചുംബനപരാഗങ്ങൾ മലയാളിയുടെ കപടസദാചാരമുകുളങ്ങളിൽ കയറി നടത്തിയ പരാഗണങ്ങൾ ചില പൂച്ചുകളെ പുറത്തുചാടിച്ചിരിക്കുന്നു.

കാവിഫാഷിസം മുറ്റംകടന്നു കോലായയിലേക്ക് ‍ കസേര വലിച്ചിട്ടിരിക്കുന്ന ഈ കെട്ടകാലത്ത് പൊട്ടൻകളിക്കാൻ മാത്രമായി ഇവിടത്തെ മതേതരജനാധിപത്യക്കാരും സദാചാരവാദികളും ഒരുപോലെ നിന്നുകൊടുക്കുന്നു എന്നത്  പ്രതീക്ഷക്ക് വകയില്ലാത്ത ഒരു വരുംകാലം നമ്മെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.
ജയ്ഹിന്ദ്‌ ടീവിയിലെ വോയേറിസം ബാധിച്ച ഒരു ഞരമ്പുരോഗി തന്റെ ക്യാമറ കൊണ്ട് നടത്തിയ ആ  ഒളിഞ്ഞുനോട്ടം ചികിത്സ തേടേണ്ട ഒരു രോഗാവസ്ഥയാണ്. എല്ലിൻ കഷ്ണം വീണുകിട്ടിയ പട്ടിക്കൂട്ടങ്ങളെപ്പോലെ ആ ഒരു ബിറ്റിനെ മസാല ചേർത്ത്  പൊലിപ്പിച്ചെടുത്ത എഡിറ്റിംഗ് ടേബിളിലെ വാർത്താജീവികൾക്ക് അവർ വേവിച്ചെടുക്കുന്ന സദാചാരഗുണ്ടിന്റെ വിപല്സാധ്യതകൾ അറിയാതെ പോയതാവണം എന്നില്ല.  മറിച്ച് ഒരു കൂട്ടിക്കൊടുപ്പിന്റെ പിന്നാമ്പുറരഹസ്യങ്ങൾ ഇനിയും പിടിവിട്ട് പുറത്തുവന്നുകൂടായ്കയില്ല.
സംഘപരിവാർ ഫാഷിസത്തിന്റെ  ഇദംപര്യന്തമുള്ള സാമൂഹിക-സാമ്പത്തികാധിനിവേശ രീതിശാസ്ത്രം അറിയാത്തവർക്ക് ഇതൊരു സദാചാരവെടി മാത്രമാണ്. എന്നാൽ ഗുജറാത്ത് അടക്കമുള്ള  സംഘ്പരിവാർ പ്രായോജകരായിട്ടുള്ള  എണ്ണമറ്റ കലാപങ്ങളുടെയൊക്കെ പ്രാഥമിക ഉന്നം അവിടത്തെ ന്യൂനപക്ഷങ്ങളുടെ വ്യാവസായിക സംരംഭങ്ങളുടെ വേരിൽ തീയിടുക എന്നതായിരുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായ രംഗത്തെ ശക്തമായ ന്യൂനപക്ഷസാന്നിധ്യത്തെ തുരത്തലായിരുന്നു ഗുജറാത്ത് കലാപത്തിന്റെ കാതലായ ലക്‌ഷ്യം. കോഴിക്കോട് ഡൌണ്‍ടൌണ്‍ ഓപറേഷനും അങ്ങിനെയൊരു മുഖം കൂടി നമ്മൾ കാണേണ്ടതുണ്ട്.
സംഘികളും സദാചാരവും എന്നത് കടലും കടലാടിയും പോലെയുള്ള രണ്ട് സംഗതികളാണ്. അതിനെ രണ്ടിനെയും ബന്ധപ്പെടുത്തുന്നതിലും വലിയ അശ്ലീലം മറ്റൊന്നില്ല. അതിനെല്ലാമപ്പുറം നമ്മളെ അസ്വസ്ഥപ്പെടുത്തേണ്ടത് മലയാളിയുടെ ഹിപോക്രസിയിൽ ചുട്ടെടുത്ത ഒരു വല്ലാത്ത അളിഞ്ഞ സാമൂഹികാവസ്ഥയാണ്.  ഒരാണും പെണ്ണും ഒരിടത്ത്  ഇരുന്നു സംസാരിക്കുന്നത് പോലും അസഹ്യമായി കാണുന്ന അടക്കിപ്പിടിച്ച തൃഷ്ണകളുടെ ഭണ്ഡാരവുമായി ബീച്ചിലും പാർക്കിലും സദാചാരറഡാറും ഘടിപ്പിച്ച് നടക്കുന്ന 'പരനാറി'സമൂഹമായി മലയാളി മാറിയിരിക്കുന്നു. ഇതിനെ ചികിത്സിക്കാൻ നടപ്പുകാലത്തെ മതവും രാഷ്ട്രീയവും പ്രാപ്തമല്ല. കാരണം അതുരണ്ടും അവയുടെ അടിസ്ഥാന സത്തയുമായി പുലബന്ധം പോലുമില്ലാത്ത കള്ളന്മാരുടെ കൈകളിൽ വന്നു ഭവിച്ചിരിക്കുന്നു.

അപ്പോൾ ഈ ചികിത്സ ഏറ്റെടുത്ത്  നടത്തേണ്ടത് പുതിയ കാലത്തെ കുട്ടികൾ തന്നെയാണ്. സാമ്പ്രദായിക കേഡർ സംഘടനകളുടെ സമരങ്ങളും സമരരീതികളും ഇനി ക്ലച്ച് പിടിക്കാനാവാത്ത വിധം കാലഹരണപ്പെട്ടുപോയ ഈ കാലത്ത് നവമാധ്യമങ്ങളിലെ  സംവേദനങ്ങളിലൂടെ മാത്രം പരിചയമുള്ള, എന്നാൽ കാപട്യരഹിതമായ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന  ഇത്തരം അമെച്ച്വർ കൂട്ടായ്മകളുടെ ഇടപെടലുകൾക്ക് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ. ബന്ദും ഹർത്താലും പൊതുമുതൽ തല്ലിതകർക്കലും മാത്രം നടത്തിശീലിച്ച കേരളത്തിലെ ആസ്ഥാന സദാചാരവാദികൾ ഒന്ന് മാറിനിൽക്കുക,  ഈ തലമുറ നടത്തുന്ന നവസമരമുറകൾക്ക് അതിന്റെ പേരിലും പ്രചാരത്തിലും ഇവിടത്തെ ഹിപോക്രാറ്റുകളുടെ ഇഡിനെ പുറത്തുചാടിക്കാനുള്ള 
പ്രകോപനങ്ങളുടെ കൊളുത്തുകമ്പികൾ ഉണ്ടായേക്കാം, എന്നാലും ബന്ദിലും ഹർത്താലിലുമൊക്കെ സമൂഹജീവിതത്തിനു നേരെ നിങ്ങൾ കാണിക്കുന്ന അശ്ലീലത ഇതിന്റെ നടത്തിപ്പിൽ ഉണ്ടാവില്ല എന്നു തന്നെയാണ് അവർ വിശദീകരിച്ച് കാണുന്നത്.
അവർ മറൈൻ ഡ്രൈവിൽ ഒത്തുചേരുകതന്നെ ചെയ്യട്ടെ, , ഹിന്ദുത്വഫാഷിസത്തിന്റെ  നവമാധ്യമ- പി ആർ സംരംഭങ്ങളുടെ ബലത്തിലുള്ള തേരോട്ടത്തിൽ ഇത്രകാലം പാർട്ടിക്ലാസുകളുടെ തുലാമഴ കൊണ്ടിട്ടും ഇടതുപക്ഷം വിട്ട് സഖാക്കൾ വരെ സംഘപരിവാരത്തിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറുന്നതും അവസരവാദത്തിന്റെ അപ്പോസ്തലന്മാരായി മതപുരോഹിതർ മോഡി സ്തുതിയുമായി കുർബാന കൊള്ളുന്നതും ഒക്കെ കാണേണ്ടി വരുന്ന  ഈ ആസുരകാലത്ത് ഈ ചെറുപ്പക്കാരെങ്കിലും ഫാഷിസ്റ്റ്‌വിരുദ്ധചേരിയിൽ നിലനില്ക്കുന്നു എന്ന ഒരൊറ്റ കാരണം മതി  ഈ ഒത്തുചേരലിന് പിന്തുണ കൊടുക്കാൻ. സദാചാരവാദികൾ ഭയപ്പെടുന്നതുപോലെ അവിടെ ശ്ലീലത്തിന്റെ ആകാശമൊന്നും പൊട്ടിവീഴില്ല, നിങ്ങൾ അതിനകത്ത് നുഴഞ്ഞുകയറി വല്ലതും കാണിക്കാതിരിക്കുവോളം.
       
കേരളത്തിലെ ചില ചാനൽ അന്തിചർച്ചകളിലെ  "നിയമജ്ഞർ" ഈ ഒത്തുകൂടൽ നിയമവിരുദ്ധമാണെന്ന് വിധിനല്കിയതായും കണ്ടു. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ  നിയമം നോക്കികുത്തിയാകുമ്പോൾ ഉരുത്തിരുഞ്ഞു വരുന്ന നിയമലംഘനപ്രതികരണങ്ങളെയാണ് ഇവിടെ  സമരങ്ങൾ എന്ന് വിളിക്കുന്നത്‌. അല്ലാതെ നിയമം അതേപടി പാലിച്ചുനടക്കുന്ന ഏതെങ്കിലും ഒരു സമരത്തെ  ഈ പണ്ഡിതർ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു. ഒരു ഓഫീസ് ഉപരോധിക്കുമ്പോഴും റോഡിലൂടെ ഒരു പ്രതിഷേധ റാലി നടത്തുമ്പോഴും ഉണ്ടാകുന്ന അത്ര പോലും നിയമ വിരുദ്ധത  മറൈൻ ഡ്രൈവിലെ ഈ ഒത്തുചേരലിനുണ്ടാകുമെന്ന് തോന്നുന്നില്ല.
നമുക്ക് മുൻവിധികളും വിയോജിപ്പുകളുമുണ്ടെന്നത് കൊണ്ടുമാത്രം ഒരു മൂവ്മെന്റ്  തടയപ്പെടേണ്ടതാണെന്ന് വിധികല്പ്പിക്കാനുള്ള സദാചാരവിശുദ്ധിയൊന്നും സമകാലിക മലയാളിക്കില്ല. ചിലർ ധരിച്ചിരിക്കുന്ന പോലെ അവിടെ കൂടാൻ പോകുന്നവർ ഒരു ആഭാസസംഗമം നടത്താൻ മാത്രം കോമാളികളല്ല എന്ന് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
അവർ ഒത്തു ചേരട്ടെ. നമ്മളങ്ങോട്ട് ഒളിഞ്ഞു നോക്കാതിരിക്കുക. ‌കയ്യൂക്കിലൂടെ ഇത്തരം പ്രതിരോധങ്ങളെ തടയാൻ സംഘിമൂർച്ചകളെ അനുവദിക്കുന്ന പക്ഷം കൊച്ചിയും ഒപ്പം നമ്മളും വിക്ടോറിയൻ കാലത്തിലേക്ക് തിരിഞ്ഞു നടക്കുന്നു.

************

വാൽക്കഷ്ണം:  പ്രസന്ന ആര്യൻ എഴുതുന്നു:   "ഇനി ഇതൊക്കെക്കണ്ട് എന്‍റെ സ്ത്രീ നാളെ ചുംബനസമരം പ്രഖ്യാപിക്കുമോ എന്നു ഭയക്കുന്ന പുരുഷന്‍മാര്‍ക്ക്- ശുദ്ധമായ മനസ്സോടെ നിങ്ങള്‍ അതാസ്വദിക്കുക. ഭാര്യയോ പ്രണയിനിയോ ആണെങ്കില്‍ ചുണ്ടിലും അമ്മയാണെങ്കില്‍ നെറ്റിയിലും , പെങ്ങളാണെങ്കില്‍ നെറുകിലും സുഹൃത്താണെങ്കില്‍ ഒരു ചേര്‍ത്തുപിടിക്കലിലും അതേറ്റുവാങ്ങുക. സ്നേഹത്തിന്‍റെ ഏറ്റവും മനോഹരമായ പ്രകടനമാണത്.."


ശ്രീചിത്രൻ എം ജെ  'അഴിമുഖത്തിൽ എഴുതുന്നു:

"പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു.................

..........പറഞ്ഞുവന്നത്, എന്നെങ്കിലും ഒരുമ്മ കൊണ്ട് മയിൽപ്പീലിയായി മാറുന്ന പങ്കാളിയെ അനുഭവിച്ചിട്ടുള്ളവർ ചുംബിക്കാൻ വെമ്പുന്നവരെ ചുംബിക്കാനനുവദിക്കുക. അല്ലാതെ നിയമാനുസൃതമായും അല്ലാതെയും ഉള്ള രണ്ടുതരം ബലാത്സംഗം (വിവാഹം കഴിക്കാതെയും കഴിച്ചും) മാത്രം ജീവിതത്തിൽ ചെയ്തു ശീലിച്ചവര്‍ അപകർഷതാബോധവും അസൂയയും കൊണ്ട് അലമ്പുണ്ടാക്കാതിരിക്കുക."

Sunday 11 May 2014

മോഡി, മീഡിയ, പ്രൊപ്പഗണ്ടാ മെഷീനുകൾ - ഇന്ത്യൻ ഫാഷിസത്തിന്റെ വിളവെടുപ്പുകാലം


'ടൈംസ്‌ നൗ' ചാനലിൽ അർനബ് ഗോസാമി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തുമ്പോൾ ചാനലിന്റെ സ്ക്രോൾബാറിൽ സസൂക്ഷ്മം കണ്ണുനട്ടിരുന്നുപോയി  കുറേ നേരം . ഈ അഭിമുഖത്തെക്കുറിച്ച് 'ടൈംസ്‌ നൗ' നടത്തുന്ന ലൈവ് വീരവാദങ്ങൾ -

 "രാജ്യം കാത്തിരുന്ന ഇന്റർവ്യു..."
"ഏറ്റവും  കൂടുതൽ ആളുകൾ വീക്ഷിച്ച അഭിമുഖം"
 "സോഷ്യൽ മീഡിയയിൽ ഹിറ്റുകൾ റെക്കോർഡുകൾ തകർക്കുന്നു..." 
"ട്വിറ്ററിൽ 30 കോടി ഹിറ്റുകൾ കടന്നു..."

എന്നിങ്ങനെ വന്നും പോയും കൊണ്ടേയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലെ എല്ലാ  ന്യൂസ്‌ അവറിന്റെ  തുടക്കവും ഒടുക്കവും മോഡി അഭിമുഖത്തിന്റെ 'റീച്ചി'നെക്കുറിച്ച് അർനബ് ഏറെ വാചാലനായി കണ്ടു. എല്ലാ ന്യൂസ്‌ ബുള്ളറ്റിനുകളിലും  ഇടവേളകളിലും മോഡി-അർനബ് അഭ്യാസത്തിന്റെ പൊതുജനപ്രിയങ്കരതയെക്കുറിച്ച് പുതിയ പുതിയ അത്ഭുതങ്ങൾ 'ടൈംസ്‌ നൗ' വിളമ്പിക്കൊണ്ടേയിരിക്കുന്നു.  
ഇന്ത്യയിലെ ഇംഗ്ലീഷ് ന്യൂസ്‌ ചാനലുകളിൽ 'ടൈംസ്‌ നൗ' ടീവിക്ക് ഉള്ള ദൃശ്യജനകീയത കാണിക്കാനാണീ അഭ്യാസങ്ങൾ എന്ന് ഒറ്റകേൾവിയിൽ തോന്നാമെങ്കിലും മോഡി എന്ന ബലൂണ്‍ ഫിഗറിൽ മെയ്‌ 12 നു വാരണസിയിൽ അടക്കം നടക്കുന്ന  അവസാനഘട്ട തെരഞ്ഞെടുപ്പ് വരെ കാറ്റ് നിറച്ചു നിർത്താനുള്ള  അവസാന അടവുകളിൽ ഒന്ന് മാത്രമാണ്  അർനബ് അടക്കമുള്ള മീഡിയാ ഫ്രോഡുകൾ യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചായക്കട തൊഴിലാളിയിൽ നിന്നും ഇന്നത്തെ മോഡിയിലേക്കുള്ള വളർച്ചയുടെ പടവുകൾ ചിത്രീകരിക്കുന്ന 'മോഡി' എന്ന പ്രത്യേക ഫീച്ചറും 'ടൈംസ്‌ നൗ' തയ്യാറാക്കി വെച്ചിട്ടുണ്ട്, വാരാണാസി തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രത്യേകം പ്രക്ഷേപണം ചെയ്യാൻ.  

ഇന്ത്യയിലെ എണ്ണം പറഞ്ഞ മീഡിയകളൊക്കെയും- ഇങ്ങ് മലയാളത്തിൽ നമ്മുടെ ഏഷ്യാനെറ്റ്‌ വരെ - ഗുജറാത്തിന്റെ  വികസനപുരുഷനായി മോഡി എന്ന 'അതിശയനെ' അവതരിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ദേശീയ ഏജൻസികളുടെ ഇതുവരെ പുറത്തുവന്ന  വിവിധ സംസ്ഥാനങ്ങളുടെ
ബഹുമുഖ വികസന സൂചികകളൊക്കെ കഴിഞ്ഞ പതിനാലു വർഷത്തെ
മോഡിയൻ ഗുജറാത്തിന്റെ യഥാർത്ഥ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ മോഡിക്ക് കാറ്റ് നിറച്ചുകൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാണ്?  ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ എന്താണ് ഇന്ത്യൻ ഫാഷിസത്തിന്റെ ഇതുവരേയുള്ള നാൾവഴികൾ എന്നൊന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നിന്ന് അപഗ്രഥിച്ചാൽ മതിയാകും.

      2000 ജനുവരിയിലെ ഇകണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വാരികയിൽ ഏഷ്യൻ രാഷ്ട്രീയത്തിൽ മികച്ച പഠനങ്ങൾ നടത്തുന്ന  പ്രമുഖ ഇറ്റാലിയൻ രാഷ്ട്രീയ നിരീക്ഷക മർസിയ കസോലാരി എഴുതിയ സവിശേഷമായ ഒരു പഠനം ഉണ്ട്.  ഇന്ത്യയിലെ തീവ്രദേശീയതയുടെ വക്താക്കളായ ഹിന്ദുത്വ നേതാക്കളും യൂറോപ്പ്യൻ നാസിസ്റ്റ്-ഫാഷിസ്റ്റ്‌ നേതൃത്വവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ പിന്നാമ്പുറങ്ങൾ തെളിവ് സഹിതം അക്കമിട്ടു നിരത്തുന്ന ആ പഠനം ഒന്നു കൂടി വായിച്ചു നോക്കേണ്ട സമയമാണിതെന്നു തോന്നുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും ഫാഷിസത്തിന്റെ വെറും പ്രോപഗണ്ടാ മെഷീനുകളായി തരംതാണു കൊണ്ടിരിക്കുന്നതിന്റെ നേർചിത്രം മുന്നിൽ വരുമ്പോൾ നമ്മൾ തൊള്ളായിരത്തി ഇരുപതുകളിലെ മറാത്തി പത്രങ്ങളിലേക്ക് തരിഞ്ഞു നടക്കണം.

1924 മുതൽ 1934 വരെ 'കേസരി' പത്രം തുടർച്ചയായി മുസ്സോളിനിയുടെ
ഇറ്റാലിയൻ  ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ മഹത്വവും മുസ്സോളിനിയുടെ കീഴിയിൽ ഇറ്റലി കൈവരിച്ച നേട്ടങ്ങളുടെ പട്ടികയും നിരത്തിക്കൊണ്ടേയിരുന്നു. ലിബറൽ ഇറ്റലിയിൽ നിന്നും ഫാഷിസ്റ്റ്‌ എകാധിപത്യത്തിലേക്കുള്ള അതിന്റെ  മാറ്റത്തേയും ജനാധിപത്യ തെരഞ്ഞെടുപ്പു രീതിയിൽ നിന്നും നോമിനേഷൻ രീതിയിലേക്കുള്ള  പരിവർത്തനത്തേയും ഒരു സർവാധിപതിയുടെ കീഴിൽ പ്രജകൾ വിധേയപ്പെട്ടു ജീവിക്കുന്നതിനേയും യുവാക്കളുടെ സായുധ മിലിഷ്യ രൂപീകരണത്തേയും  അത്രയേറെ ആരാധനയോടെ ഇന്ത്യയിൽ വിളമ്പിക്കൊണ്ടിരിക്കുന്നവരായിരുന്നു ഹിന്ദുത്വയുടെ അന്നത്തെ മറാത്തി ജിഹ്വകൾ. RSS അതിന്റെ പ്രചാരണത്തിനുള്ള ഊർജ്ജവും ആശയവും മുസ്സോളിനിയുടെ ഫാഷിസത്തിൽ നിന്നും നേരിട്ട് കടം കൊള്ളുകയായിരുന്നു. 1929 ആഗസ്റ്റിൽ 'കേസരി' പത്രം 'ഇറ്റലിയും യുവജനതയും' എന്ന പേരിൽ ഒരു എഡിറ്റോറിയൽ എഴുതുകയുണ്ടായി. ഹെഡ്ഗേവാർ മഹാരാഷ്ട്രയിലെ ബ്രാഹ്മിണ്‍ യുവജനങ്ങളെ അണിനിരത്തി ബീജാവാപം  കൊടുത്ത  RSS എന്ന ഹിന്ദുത്വ ഭീകര സംഘടനക്കുള്ള മുന്നോട്ടുള്ള വളർച്ചയുടെ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു ആ എഡിറ്റോറിയൽ. മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ Balilla എന്ന യുവജന സായുധ പരിശീലന സംഘത്തെക്കുറിച്ചുള്ള മതിപ്പുണ്ടാക്കലും  അത്തരമൊരു മിലീഷ്യ രീതിയിലേക്ക് RSS-നെപ്പോലുള്ള  ഹിന്ദുത്വ സംഘടനകളെ പരിവർത്തിപ്പിക്കാനുള്ള ആലോചനകൾക്ക് വിത്ത് പാകലുമായിരുന്നു അതിന്റെ ലക്ഷ്യം.  പറഞ്ഞുവന്നത് തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും ഹിന്ദുത്വ ശക്തികളുടെ സ്വാധീനമുള്ള മീഡിയകളുടെ പണി മുസ്സോളിനിയെയും ഫാഷിസത്തെയും മഹത്വപ്പെടുത്തലും മുസ്സോളിനിയുടെ കീഴിൽ ഇറ്റലി സ്വർഗരാജ്യമായിരിക്കുന്നു എന്ന് തെര്യപ്പെടുത്തലുമായിരുന്നു, ഇന്ന് മോഡിക്ക് കീഴിയിൽ ഗുജറാത്ത് സ്വർഗരാജ്യമായിരിക്കുന്നുവെന്നു ഇവിടത്തെ മീഡിയാ കോർപ്പറേറ്റുകൾ നമ്മെ നിരന്തരം തെര്യപ്പെടുത്തുന്നത് പോലെ തന്നെ! ചരിത്രം ആണ് ഏറ്റവും വലിയ അധ്യാപകൻ  എന്ന് പറയുന്നത് ഇതിനെയാണ്.

ആശ്ചര്യകരമായ ഒരു കാര്യം, അന്നത്തെ കാലത്ത് എങ്ങനെയാണ് ഈ പത്രങ്ങൾക്ക് ഇറ്റലിയെ പോലെയുള്ള ഒരു ഫാഷിസ്റ്റ്‌ ഏകാധിപത്യ സ്റ്റേറ്റിൽ നിന്നും ഇത്രയേറെ വിവരങ്ങൾ കൃത്യമായി ലഭിച്ചുകൊണ്ടിരുന്നത്? അവിടെയാണ് ഹിന്ദുത്വ  സ്ഥാപക നേതാക്കളും മുസ്സോളിനി അടക്കമുള്ള ഇറ്റാലിയൻ ഫാഷിസ്റ്റ്‌ നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള വ്യവഹാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത്. RSS സ്ഥാപകൻ ഹെഡ്ഗെവാറിന്റെ രാഷ്ട്രീയ ഗുരുവായ ബി എസ് മൂന്ജെ 1931 -ൽ ഇറ്റലിയിൽ പോയി മുസ്സോളിനിയെ സന്ദർശിക്കുന്നു. അവിടത്തെ ഫാഷിസ്റ്റ്‌ മിലിട്ടറി പരിശീലന കേന്ദ്രങ്ങളും സിവിൽ യുവതക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നു. ഏകശിലാ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി യുവതയെ സായുധവൽക്കരിക്കുന്ന ഫാഷിസ്റ്റ്‌ ഐഡിയോളജിയിലുള്ള തന്റെ മതിപ്പ് നേരിട്ട് മുസ്സോളിനിയെ അറിയിക്കുന്നു.
ഇറ്റലിയിൽ നിന്നും തിരിച്ചു വന്ന ബി എസ് മൂന്ജെ തന്റെ ഡയറിയിൽ കുറിച്ചതിൽ നിന്നും ചില ഭാഗങ്ങൾ കാണൂ:

"ഇറ്റലിയിലെ യുവാക്കൾക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനയുടെ (Balilla) രീതികളും സംഘാടനവും എന്നെ അങ്ങേയറ്റം ആകർഷിച്ചു. മുസ്സോളിനിയുടെ ഫാഷിസം എന്ന ആശയസംഹിത ഇറ്റലിക്കാരുടെ വംശീയേകീകരണം ലക്ഷ്യമിടുന്നു. Balilla യിലെ കുട്ടികൾ അവരുടെ യൂണിഫോമുകളിൽ കായിക പരിശീലനങ്ങൾ നടത്തുന്നത് എനിക്ക് വളരെ മനോഹരമായി തോന്നി. ഇന്ത്യയിലും ഹിന്ദുക്കളുടെ ഏകീകരണത്തിന് ഇതു പോലെയുള്ള സായുധ സംഘാടനം ആവശ്യമാണ്‌. ഡോ . ഹെഡ്ഗേവാർ ആവിഷ്ക്കരിച്ച ഇന്ത്യയിലെ ഞങ്ങളുടെ RSS എന്നത്  ഇതുപോലെയുള്ള ഒരു സംഘടനയാണ്.  എന്റെ ജീവിതത്തിന്റെ ശിഷ്ട ഭാഗം RSS നെ ഈ മാതൃകയിൽ മഹാരാഷ്ട്രക്ക് പുറത്തു ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ഞാൻ സമർപ്പിക്കുന്നതാണ്."

മുസ്സോളിനിയെ നേരിട്ട് കണ്ടു സംസാരിച്ചതിന്റെ വിശദാംശങ്ങൾ ബി എസ് മൂന്ജെ അതീവ ആഹ്ലാദത്തോടെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ നിന്നും ഏതാനും വരികൾ താഴെ:

" ഞാൻ വാതിലിൽ എത്തിയതും മുസ്സോളിനി അദ്ധേഹത്തിന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് വന്നെന്നെ സ്വീകരിച്ചു. ഞാൻ ഡോ. മൂന്ജെ ആണെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ധേഹത്തിന് എന്നെക്കുറിച്ചെല്ലാം നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി.........................................................
................................. യൂണിവേർസിറ്റിയൊക്കെ സന്ദർശിച്ചോയെന്ന് അദ്ധേഹം തിരക്കിയപ്പോൾ ഞാൻ ഇവിടത്തെ ആണ്‍കുട്ടികൾക്കുള്ള മിലിട്ടറി സ്കൂളുകളും മറ്റും കാണാനാണ് താല്പര്യം പ്രകടിപ്പിച്ചതെന്നും ഇറ്റലിയിലെ അധികൃതർ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നതിൽ നന്ദിയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവും ഞാൻ balilla പോലുള്ള ഫാഷിസ്റ്റ്‌ യൂത്ത് സംഘാടനങ്ങൾ കാണാനാണ് സമയം ചെലവഴിച്ചത്‌. എനിക്ക് അവയുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റത്തെ മതിപ്പ് തോന്നി.  ഇറ്റലിയുടെ  പുരോഗതിക്കും ക്ഷേമത്തിനും ഇത്തരം സംഘങ്ങൾ അനിവാര്യമാണ്. ലോക മാധ്യമങ്ങളും നേതാക്കളും താങ്കളെയും താങ്കളുടെ ഇത്തരം ഫാഷിസ്റ്റ്‌ രീതികളെയും കടുത്ത രീതിയിൽ വിമർശിക്കുന്നതായി ഞാൻ കാണുന്നുണ്ടെങ്കിലും എനിക്ക് താങ്കളുടെ ഈ ഫാഷിസ്റ്റ്‌ രീതിശാസ്ത്രത്തോട് യാതൊരു രീതിയിലുള്ള വിരോധവും തോന്നുന്നില്ല. 
അപ്പോൾ മുസ്സോളിനി ഈ വിഷയത്തിൽ എന്റെ നിലപാട് ചോദിച്ചു.
ഞാൻ പറഞ്ഞു: പ്രഭോ,  ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്. വളർച്ച തേടുന്ന ഏതൊരു രാഷ്ട്രത്തിനും ഇത്തരം ഫാഷിസ്റ്റ്‌ സംഘാടനം ആവശ്യമാണ്‌.  ഇന്ത്യയും അതിന്റെ സായുധ പുനർനിർമ്മാണത്തിനു ഇത്തരമൊരു ഫാഷിസ്റ്റ്‌ സംഘടന ആവശ്യപ്പെടുന്നു...........................ഞാൻ അതിന്റെ പണിപ്പുരയിലാണ്. ഞങ്ങൾ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സംഘത്തിന് നേരത്തെ തന്നെ ഇതേ ലക്ഷ്യങ്ങളോടെ സ്വതന്ത്രമായി രൂപം നല്കി വെച്ചിട്ടുണ്ട്. എനിക്ക് ഇന്ത്യയിലോ  ഇംഗ്ലണ്ടിലോ  ലോകത്തെവിടെയുമുള്ള  ഏതു പ്ലാറ്റ്ഫോമിലും താങ്കളുടെ balilla അടക്കമുള്ള ഫാഷിസ്റ്റ്‌ സംഘടനകളെ പ്രകീത്തിച്ചു സംസാരിക്കാൻ യാതൊരു മടിയുമില്ല. താങ്കളുടെ ഈ സംഘങ്ങൾക്ക് എല്ലാ വിജയങ്ങളും ഞാൻ നേരുന്നു. മുസ്സോളിനി എന്റെ മറുപടിയിൽ അങ്ങേയറ്റം സംതൃപ്തനായി കാണപ്പെട്ടു. അദ്ധേഹം എനിക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു."

 മുസ്സോളിനിയെ കണ്ട വിശേഷങ്ങൾ പങ്കുവെക്കാൻ ഇറ്റലിയിൽ നിന്നും തിരികെയെത്തിയ മൂന്ജെ തന്റെ രാഷ്ട്രീയ ശിഷ്യനും ആർ എസ് എസ് , ഹിന്ദു മഹാസഭ എന്നിവയുടെ നേതാക്കളുമായ ഹെഡ്ഗെവാർ, ലാലൂ ഗോഖലെ എന്നിവരുമായി യോഗം ചേർന്നു. അതിൽ ഹിന്ദു സംഘാടനത്തെക്കുറിച്ചുള്ള ലാലൂ ഗോഖലെയുടെ ചോദ്യത്തിന് ബി എസ് മൂന്ജെ നല്കുന്ന മറുപടി അങ്ങേയറ്റം ശ്രദ്ധേയമാണ്:

"ഹിന്ദു ധർമ്മശാസ്ത്രപ്രകാരം ഇന്ത്യയിലുടനീളം ഹിന്ദുക്കളുടെ ഏകീകരണത്തിനുള്ള ഒരു പദ്ധതി ഞാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, പണ്ടത്തെ ശിവജിയെപ്പോലെയോ ഇന്നത്തെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ മുസ്സോളിനിയെപ്പോലെയോ നാസി ജെർമ്മനിയിലെ ഹിറ്റ്ലറെപ്പോലെയോ ഉള്ള ഒരു ഏകാധിപതിയുടെ കീഴിൽ ഒരു 'ഹിന്ദു സ്വരാജ്' രൂപപ്പെടാതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയില്ല തന്നെ.  എന്നു വെച്ച് അത് പോലൊരു ഏകാധിപതി ഉയർന്നു വരുന്നത് വരെ നമ്മൾ കയ്യുംകെട്ടി നോക്കി നില്ക്കണമെന്നല്ല. നമ്മൾ ശാസ്ത്രീയമായി ഒരു പദ്ധതി ആവിഷ്ക്കരിച്ച് അതിനുള്ള പ്രോപഗണ്ടാ മാർഗങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്."

 മൂന്ജെയുടെ മേൽനോട്ടത്തിൽ ഹെഡ്ഗേവാർ ഇന്ത്യയിൽ ഫാഷിസ്റ്റ്‌ അനുകൂല പ്രചാരണങ്ങൾ തുടങ്ങി. 1934 ജനുവരിയിൽ  'ഫാഷിസവും മുസോളിനിയും' എന്ന ബാനറിൽ  കാവ്ടെ ശാസ്ത്രി സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഹെഡ്ഗേവാർ അധ്യക്ഷത വഹിക്കുകയും ബി എസ് മൂന്ജെ സമാപന പ്രസംഗം നടത്തുകയും ചെയ്തു.


ഹിന്ദു ജനതയുടെ സായുധവത്ക്കരണത്തിനുള്ള ഊർജ്ജം മുസ്സോളിനിയുടെ ഫാസി ഇറ്റലിയിൽ നിന്നും നേടിയെടുത്ത സംഘ്പരിവാർ പിന്നെ നേരിടാൻ ഒരു ശത്രുവിനെ സൃഷ്ട്ടിക്കാനുള്ള ഉദ്യമത്തിലാണ് ഏർപ്പെട്ടു കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ജെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചു ഹിന്ദു യുവാക്കൾക്ക് മിലിട്ടറി സ്കൂളുകൾ തുടങ്ങിക്കൊണ്ട് ഹിന്ദുത്വ പ്രമുഖർക്കയച്ച ഒരു കത്തിൽ ഇങ്ങിനെ എഴുതുന്നു:

" സായുധ പരിശീലനം ലക്ഷ്യമാക്കുന്നത് നമ്മുടെ കുട്ടികളെ കൂട്ടക്കുരുതിയുടെ കാര്യത്തിൽ കാര്യപ്രാപ്തരാക്കുക എന്നതാണ്. നമുക്ക് പറ്റാവുന്നത്ര കുറച്ച് ആൾനാശവും ശത്രുവിന് അങ്ങേയറ്റത്തെ നാശവും വരുത്തുന്ന രീതിയിൽ കഴിവുറ്റവരാക്കി അവരെ മാറ്റിയെടുക്കണം....................................അഹിംസ എന്നത് ഭീരുത്വമാണ്. ഇതേ ആശയം ആധുനിക ഇറ്റലിയുടെ  ശില്പി  മുസ്സോളിനി പ്രഭു കൂടുതൽ വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട്. അദ്ധേഹം പറയുന്നു: യൂറോപ്പുമായുള്ള നമ്മുടെ സമാധാനവും സഹവർത്തിത്തവും മില്ല്യൻ കണക്കിന് ബയണറ്റുകൾ കൊണ്ടുള്ളതാണ്. "


ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ ശത്രുവിനെക്കുറിച്ച് ഒരു വ്യക്തത തുടക്കത്തിൽ മൂന്ജെ എവിടെയും വരുത്തുന്നില്ല എന്നതാണ്.  അതിന്റെ പിന്നിൽ വ്യക്തമായ ഒരു ഉദ്ധേശം ഹിന്ദുത്വ നേതാക്കൾക്കുണ്ടായിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര സമര പ്രസ്ഥാനം കൊടുമ്പിരി കൊള്ളുന്ന സമയമാണ് ഇവർ ഫാഷിസത്തിന്റെ വിത്ത് പാകാൻ ഓടി നടക്കുന്നത്. അപ്പോൾ ശത്രു ബ്രിട്ടീഷുകാരാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ചോട്ടേയെന്നുള്ള ഒരു കുത്സിത താല്പര്യം ഇവർക്കുണ്ടായിരുന്നു.  അത് കൊണ്ടാണ് ഹിന്ദുത്വ നേതാക്കളുടെ ഫാഷിസ്റ്റ്‌-നാസിസ്റ്റ് ബന്ധം പറയുമ്പോൾ ഇവർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ചർച്ചയിലേക്ക് വലിച്ചിടാറുള്ളത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുന്നേ തന്നെ സുഭാഷ്‌ ചന്ദ്ര ബോസിന് അച്ചുതണ്ട് ശക്തികളായ ഇറ്റലിയിലെയും ജർമ്മനിയിലെയും ജപ്പാനിലേയുമൊക്കെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം സഖ്യ ശക്തികളിലെ അംഗമായ ബ്രിട്ടനെതിരെയുള്ള നീക്കങ്ങളിലൂടെ ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജ്ജം സംഭരിക്കാനുള്ള  വഴികളായാണ് അദ്ധേഹം ഉപയോഗപ്പെടുത്തിയത്. നേതാജിയുടെ ഫോർവേഡ് ബ്ലോക്കിനെ സ്വാതന്ത്ര സമരത്തിന്റെ പേരിൽ ഹിന്ദു മഹാസഭയുടെ ഹൈന്ദവ സായുധ സംഘാടനത്തിന്റെ ആലയിൽ കെട്ടാൻ സവർക്കരുടെ നേതൃത്വത്തിൽ ഒരു പാട് നീക്കങ്ങൾ അന്നേ നടന്നിരുന്നു. . 1940-ൽ സവർക്കറുടെ ദാദറിലെ വസതിയിൽ സുഭാഷ് ചന്ദ്രബോസ് ചർച്ചക്കെത്തിയെങ്കിലും എതിർപ്പുകൾ മൂലം അത്തരമൊരു സഹകരണത്തിന് സാധ്യത തുറന്നില്ല. ആ ഒരു കൂടിക്കാഴ്ച്ചയുടെ ഫലമായി ഉണ്ടായ ഒരു രേഖയും  സവർക്കറുടെയോ നേതാജിയുടെയോ എഴുത്തുകളിൽ ലഭ്യവുമല്ല. സുഭാഷ് ചന്ദ്ര ബോസ് സവർക്കരെ വന്നു കണ്ടു ചർച്ച  നടത്തിയെന്നുള്ള ഈയൊരു കച്ചിതുരുമ്പ് മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ ആർ എസ് എസ്സിനും ഹിന്ദു മഹാസഭക്കുമുള്ള സംശയാസ്പദമായ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാൻ സംഘപരിവാരം ഇന്നും ഉപയോഗിക്കുന്നത്. സ്വാതന്ത്ര സമരത്തിന്‌ അച്ചുതണ്ട് ശക്തികളുടെ  സഹായം തേടാൻ നേതാജിയെ പ്രേരിപ്പിച്ചത് 1940 കളിൽ സവർക്കരാണെന്ന വാദം തന്നെ അസംബന്ധമാണ്. കാരണം 1933 മുതൽ തന്നെ ബോസിന് ഈ രാജ്യങ്ങളിലെ വലതുപക്ഷ നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രേഖകൾ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ കൂടിക്കാഴ്ച്ചയെ വ്യാഖാനിക്കാൻ ഹിന്ദുത്വ ശക്തികൾ എന്നും തയ്യാറായിട്ടുണ്ട്. ഗാന്ധി വധത്തിൽ കുരുക്കിലായതോടെ സവർക്കർ നിലനിൽപ്പിനു വേണ്ടി ഈ ചർച്ചയുടെ വിശദാംശങ്ങൾ എന്ന പേരിൽ കുറെ കാര്യങ്ങൾ പടച്ചുണ്ടാക്കി പുറത്തു വിട്ടിരുന്നു എന്നതും ചരിത്രം.


തുടക്കത്തിൽ ശത്രുവിനെക്കുറിച്ചുള്ള വ്യക്തതയിൽ മൗനം പാലിച്ച ഹിന്ദുത്വ ശക്തികൾ ഹിറ്റ്ലറുടെ നാസീ ജർമ്മനിയേയാണ് ശത്രുരൂപീകരണത്തിന് മാതൃകയാക്കിയത്. ഹെഡ്ഗെവാർ മുസ്സോളിനിയുടെ ഫാഷിസത്തെ ആശ്ലേഷിച്ച് ആർ എസ് എസിന് രൂപഭേദങ്ങൾ വരുത്തിയപ്പോൾ ഗോൾവാക്കറും വീർ സവർക്കരും ഹിറ്റ്ലരുടെ  നാസിസത്തിന്റെ ആര്യരക്ത സങ്കല്പ്പത്തിലധിഷ്ടിതമായ വംശീയ ശുദ്ധീകരണ സിദ്ധാന്തം ആഗിരണം ചെയ്ത് മുഖ്യ ശത്രുവിനെ നിർമ്മിച്ചു.

ഗോൾവാക്കർ തന്റെ കുപ്രസിദ്ധമായ "We or our Nationhood defined' എന്ന ഹിന്ദുത്വ യുടെ സൈദ്ധാന്തിക ഗ്രന്ഥത്തിൽ എഴുതുന്നു:

" ജർമ്മൻ ദേശീയതയുടെ സ്വാഭിമാനം ഇന്ന് ചർച്ചയായിരിക്കുന്നു. അവർ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി ജൂതരെ നിഷ്കാസനം ചെയ്തതിലൂടെ വീണ്ടെടുത്ത്‌  ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. തീവ്രദേശീയാഭിമാനത്തിന്റെ ഏറ്റവും ഉദാത്തമായ  സാക്ഷാല്കാരമാണത്. വിഭിന്നാശയങ്ങളും സംസ്കാരങ്ങളും നിലനിർത്തുന്നത് ഒരു രാഷ്ട്രത്തിന്റെ ഏകീകരണത്തിന് തീർത്തും അസാധ്യമാണെന്ന പാഠം ജർമ്മനി നമുക്ക് കാണിച്ചു തരുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നല്ലൊരു പാഠമാണിത് , ഭാവിയിൽ നമുക്ക് നേട്ടം കൊയ്യാനും.."

1939-ൽ ഹിന്ദു മഹാസഭയുടെ ഇരുപത്തിയൊന്നാം സെഷനിൽ സവർക്കർ ഹിന്ദുത്വയുടെ ശത്രുവിനെ കൂടുതൽ വ്യക്തമാക്കി:

"ജർമ്മനിയിലെ ജൂതരെപ്പോലെത്തന്നെ ഇന്ത്യയിലെ മുസ്ലിംകൾ അടുത്തുള്ള ഹിന്ദുവിനേക്കാൾ പുറത്തുള്ള അവരുടെ ആളുകളോട് ചാഞ്ഞു നിൽക്കുന്നവരാണ്.............................അവരുടെ പുണ്യസ്ഥലം അങ്ങു ദൂരെ അറേബ്യയിലും ഫലസ്തീനിലുമൊക്കെയാണ്. അവരുടെ വിശ്വാസവും പ്രവാചകനും മതനായകരും ഈ മണ്ണിന്റെ മക്കളല്ല. അവരുടെ രൂപവും പേരുകളും വിദേശിയുടേതാണ്".

ബി എസ് മൂന്ജെ ഒന്നു കൂടി സ്പഷ്ടമാക്കി കാര്യങ്ങൾ:

"ഇന്ത്യയിലെ മുസ്ലിംകൾ വല്ലാത്തൊരു ശല്യങ്ങൾ തന്നെയാണ്. കോണ്ഗ്രസ് അവർക്കെതിരെ നില്ക്കില്ല എന്ന് മാത്രമല്ല, അവരെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് കൊണ്ഗ്രസ്സിനെയും മുസ്ലിംകളേയും ഒരേ സമയം നേരിടേണ്ടതുണ്ട്. ഹിന്ദു മഹാസഭ അത്തരം കലാപങ്ങൾക്ക് സഹായം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ നഗരങ്ങളിൽ വോളണ്ടിയർമാരെ തയ്യാറാക്കി നിർത്തേണ്ടതും RSS ഇതിൽ ഏറെ സഹായകമായ ഒരു സംവിധാനമായി വർത്തിക്കുകയും  ചെയ്യും."

 പറഞ്ഞു വന്നത് ഇന്ത്യയിലെ RSS എന്നത് മുസ്സോളിനിയുടെ വംശീയ മിലിട്ടറി വല്കരണ  ഫാഷിസവും ഹിറ്റ്ലറുടെ  വംശീയ ശുദ്ധീകരണ നാസിസവും സമം ചേർത്ത് രൂപപ്പെടുത്തപ്പെട്ട ഒരു ഹിന്ദുത്വ ഭീകര സംഘടനയാണെന്നതാണ്. അവരുടെ ഉപജ്ഞാതാക്കൾ പണ്ട് ആഗ്രഹിച്ചത്‌ പോലെയുള്ള മുസ്സോളിനിക്കും ഹിറ്റ്ലർക്കും ഗുണവിശേഷങ്ങളിൽ  സമം വെക്കാവുന്ന ഒരു ഒന്നാന്തരം ഫാഷിസ്റ്റിനെ ഇന്നവർക്ക് നേതാവായി ലഭിച്ചിരിക്കുന്നു. അതാണ്‌ സാക്ഷാൽ നരേന്ദ്ര മോഡി.

ആരാണൊരു ഫാഷിസ്റ്റ്‌?   അവൻ എപ്പോഴും തീവ്രദേശീയതാ വാദം ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കും. വംശീയത അവന്റെ വാക്കുകളിലും പ്രവർത്തികളിലും എപ്പോഴും കടന്നു വരും.  പുരുഷാധികാരത്തിന്റെ ചിഹ്നങ്ങൾ ഇടയ്ക്കിടെ അവന്റെ വാക്കുകളിൽ തികട്ടി വരും. വയലൻസിന്റെ പുനരുത്ഥാന സ്വഭാവം പരമാവധി പ്രയോഗത്തിലൂടെ ഉപയോഗപ്പെടുത്തും. രാജ്യം രാഷ്ട്രീയാഭയം കൊടുത്തവരോട് തികഞ്ഞ വംശീയത പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. ആസൂത്രിതമായ വയലൻസിലൂടെ വംശീയ ഉന്മൂലനത്തിന്റെ പ്രയോക്താവായി മാറും. രാജ്യത്തെ   മാധ്യമങ്ങളെ വിലക്കെടുത്ത് ഗീബൽസിയൻ നുണ ബോംബുകളിലൂടെ കപടപ്രതിഛായ നിർമ്മിച്ചെടുക്കും . എതിർപ്പുകളെ തൃണവല്കരിച്ചു സംഘടനയിൽ സുപ്രീം ലീഡർ എന്ന പദവിയിലേക്ക് സ്വയം അവരോധിക്കും. വംശീയതയിലും ഒരു അന്തർദേശീയത പുലർത്തി പോരും. വലിയ ജനക്കൂട്ടങ്ങളെ വെച്ചുള്ള മാസ് ഹിസ്റ്റീരിയ ഒരു ഹരമായി നിലനിർത്തും......

ബി ജെ പിക്കകത്തെ താരതമ്യേന വിഷം കുറഞ്ഞ സുഷമ സ്വരാജിനെയും രാജ്നാഥിനെയും അരുണ്‍ ജയറ്റ്ലിയെയുമൊക്കെ വെട്ടിമാറ്റി നാഗ്പൂരിൽ മോഹൻ ഭഗവതിന്റെ കാർമികത്വത്തിൽ  ഇന്ത്യയുടെ  മഹത്തായ ജാനാധിപത്യ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് RSS പറത്തി വിട്ട  നരേന്ദ്ര മോഡിയെന്ന പ്രതിഭാസത്തെ  മുകളിൽ പറഞ്ഞ  ഫാഷിസ്റ്റിന്റെ ലക്ഷണ ശാസ്ത്രം വെച്ചൊന്ന് വിലയിരുത്തി നോക്കൂ. നൂറ്റുക്ക് നൂറും ചേർച്ചയുള്ള ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ്‌ സെകുലർ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ഒരു ഇടിത്തീയായി വീഴാൻ കാത്തിരിക്കുന്നതായി കാണാം.

ഏതു കാട്ടാളനെയും ദേവനാക്കി കാണിക്കാൻ കെൽപ്പുള്ള PR സംവിധാനങ്ങളുള്ള ഈ കാലത്ത് സെകുലർപക്ഷത്തെന്നു നാം വെറുതെ തെറ്റിദ്ധരിച്ചുപോയ നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന മോഡി ഭക്തി കാണിക്കുന്നതെന്താണ്?  കേവലം ഒരു ബി ജെ പി കാന്റിഡേറ്റ് ആയി മാത്രം മോഡിയെ അവതരിപ്പിക്കുന്നത് ഇവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ചരിത്രമറിയാത്തത് കൊണ്ടായിരിക്കുമോ? സീ ന്യൂസ്‌, ഇന്ത്യ ടീവി, ടൈംസ്‌ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്,  അർനബിന്റെ ടൈംസ്‌ നൗ എന്നിങ്ങനെ തുടങ്ങി ഇങ്ങേയറ്റത്ത്‌ നമ്മുടെ ഏഷ്യാനെറ്റിലെ വിനു വീ ജോണ്‍ വരെ പെട്ടിയും കിടക്കയുമെടുത്തു വാരണസിയിൽ മോഡിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഈ രാജ്യത്തിന്റെ സെകുലർ ഡിമോക്രസിയെ ഫാഷിസത്തിന്റെ അന്തപുരത്തിലേക്കു കൂട്ടിക്കൊടുക്കാൻ മാത്രം രാജ്യം ഇവരോടെന്തു ദ്രോഹം ചെയ്തുവെന്നാണ് മനസ്സിലാവാത്തത്. രാജ്യത്തോട് കടപ്പാടുള്ളവനാണെങ്കിൽ വാരണസിയിലേക്ക് വണ്ടി കയറുന്നതിനു മുന്നേ ഇവരൊക്കെ  പോവേണ്ടിയിരുന്നത് ഗുജറാത്തിലേക്കാണ്. മോഡിയുടെ പീ ആർ ടീം ഊതിവീർപ്പിച്ച ഗുജറാത്ത് മോഡലിന്റെ പിന്നാമ്പുറങ്ങളിലേക്ക് കാമറ തിരിച്ചുവെച്ച് നാസി കാലത്ത് ഹിറ്റ്ലർ പയറ്റിയ ഇതേ അടവിന്റെ പൊള്ളത്തരങ്ങൾ ലോകത്തോട്‌ വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളെ ഈ രാജ്യം അടയാളപ്പെടുത്തുന്നത് സെകുലർ ഇന്ത്യയുടെ സേവിയർ എന്നാകുമായിരുന്നു.

ഫാഷിസം മുറ്റംകടന്നു കോലായിലേക്ക് കേറാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിക്ഷ്പക്ഷരാണെന്ന പല്ലവി ആവർത്തിച്ചുരുവിട്ടു തുല്യാവസരങ്ങളുടെ പേരില് സകല കുമ്മനം-മോഡിമാരെയും ന്യൂസ്‌ റൂമിലേക്ക്‌ പൂവിട്ടാനയിക്കുന്നതല്ല മീഡിയാ ജനാധിപത്യം എന്നും എന്തുതന്നെ വന്നാലും ഒരു ഫാഷിസ്റ്റിനെയും ഒരു കാലത്തും അവന്റെ വികടവാദങ്ങളുന്നയിക്കാൻ പറ്റാത്ത വിധം ന്യൂസ്‌ സ്റ്റുഡിയോകളുടെ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടക്കുമ്പോഴാണ്  ഒരു സെകുലർ ജനാധിപത്യസമൂഹത്തിൽ  മാധ്യമങ്ങൾ യഥാർത്ഥത്തിൽ അതിന്റെ നിക്ഷ്പക്ഷത രേഖപ്പെടുത്തുന്നത് എന്നും ഇവനൊക്കെ മനസ്സിലാക്കാൻ ഈ രാജ്യത്ത് ഇനിയും ജനാധിപത്യം ബാക്കിയുണ്ടാവട്ടെ. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിചിത്രത്തിനടുത്തായി വീർ സവർക്കറുടെ ചിത്രം സ്ഥാപിച്ച  പഴയ ഫാഷിസ്റ്റ്‌ അശ്ലീലതയുടെ  കൂടുതൽ മുന്തിയ പതിപ്പുകൾ  നരേന്ദ്രമോഡിയുടെ രൂപത്തിൽ നമ്മെ ഭരിക്കാതിരിക്കട്ടെ. നമ്മളെയും നമ്മുടെ മാധ്യമങ്ങളെയും ദൈവം രക്ഷിക്കട്ടെ.....

ശുഭം.....

Monday 1 July 2013

മെഹ്ദി പാഠങ്ങൾ - 10 : ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ...

നീയും നിലാവും കാറ്റിൽ  സുഗന്ധവും ചഷകം നിറയെ മധുവും...
ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും..... 

ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അടയാളശിലയാണെന്ന് നമ്മൾ കഴിഞ്ഞ മെഹ്ദിപാഠത്തിൽ പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ  ഗാലിബിൽ നിന്നും നമ്മൾ പിന്നോട്ട് പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടന്നാൽ മറ്റൊരു നാഴികക്കല്ല് കാണാം,  മീർ തഖി മീർ, ഗാലിബിനെപ്പോലും അസൂയാലുവാക്കിയ ക്ലാസ്സിക്കൽ ഗസലുകളിലെ മാസ്ട്രോ. സ്ഥായിയായ
വിഷാദഭാവങ്ങളിൽ ദിവ്യാനുരാഗത്തിന്റെ രജതപാത വരച്ചു വെച്ച മിസ്റ്റിക്.
 


മീർ തഖി മീർ (ചിത്രകാരന്റെ ഭാവനയിൽ)
പത്താം അദ്ധ്യായത്തിൽ നമ്മൾ ആസ്വാദനത്തിനായി തെരഞ്ഞെടുക്കുന്നത് വീണ്ടും ഒരു ഫർമായിശ്  ആണ്.  പ്രിയ ഓണ്‍ലൈൻ സുഹൃത്തും ഗായകനുമായ തഹ്സീൻ തന്നെയാണ് ഇത്തവണയും ഇഷ്ടഗസൽ
ആവശ്യപ്പെട്ടിരിക്കുന്നത്.  മെഹ്ദി പാഠങ്ങളിലെ പഴയ രണ്ടധ്യായങ്ങളും (ദിലെ നാദാൻ....., അബ് കെ ഹം ബിച്ഛ്ടെ....) അദ്ധേഹത്തിന്റെ തന്നെ  ഫർമായിശുകളായിരുന്നു. മെഹ്ദി പാഠങ്ങൾ എന്ന ഈയൊരു സീരീസ്
മുന്നോട്ട് കൊണ്ടുപോകാൻ എനിക്കേറ്റവും ഊർജ്ജമായി ഭവിക്കുന്നതും
അദ്ധേഹത്തിന്റെ നിരന്തരമായ പിന്തുടരൽ തന്നെയാണ്.

'ദേഖ് തോ ദിൽ കെ ജാൻ സെ .........യെ ധുവാ സാ കഹാ സെ ഉഠ്താ ഹേ ' എന്ന ഗസൽ  മെഹ്ദി ഹസ്സൻ എന്ന നാദവിസ്മയത്തിന്റെ ഏറ്റവും
മനോഹരമായ ആലാപനങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. മീർ തഖി
മീറും മെഹ്ദി ഹസ്സനും -ഇതിനെയാണ് നമ്മൾ ലെജന്ററി  കോമ്പിനേഷൻ
എന്നൊക്കെ പറയുക..... ശബ്ദത്തിലെ ആർദ്രത എന്നൊക്കെ ആലങ്കാരികമായി
നമ്മൾ ഉപയോഗിക്കാറില്ലേ, അത് അനുഭവേദ്യമാകണമെങ്കിൽ മെഹ്ദിയെ
കേൾക്കുക, കേട്ടു കൊണ്ടേയിരിക്കുക....   

ഈ ഗസൽ തുടങ്ങുമ്പോൾ ഇതിലെ ആശയങ്ങളുടെ സത്ത മുഴുവൻ ആവാഹിച്ച ഹിന്ദിയിലുള്ള രണ്ടു വരികൾ ( 'ദോഹാ' അഥവാ Couplet) മെഹ്ദി സാബ് പലപ്പോഴും ആലപിക്കാറുണ്ട്.  അതിമനോഹരമാണ് അതിന്റെയൊരു
ആമ്പിയൻസ്. ആദ്യം ആ ഈരടികളിലേക്ക് പോകാം.

ശീതൾ ചന്ദാ അഗ്നി ബൻ ഗയീ , കാണ്‍ഢെ ബൻ ഗയെ ഫൂൽ 
പ്യാർ ന കർനാ  ഓഹോ കിസീ സേ , പ്യാർ ഹേ മൻ കീ ബൂൽ  

ബസ്തീ ബസ്തീ ഖാക് ഉഠീ ഹേ, ജംഗൽ ജംഗൽ ആഗ് 
യെ ധുവാ ബൽ ഖാതാ  ഉഠേ   ജേസെ കാലെ നാഗ് 

(കുളിർനിലാവ് അഗ്നിയായവതരിക്കും, മുള്ളുകളോ മലരുകളായും  
ഹേ പ്രണയമതരുതേ ആരോടും, പ്രണയമതോ മനസ്സിൻ ഭ്രംശമല്ലോ   

ചേരികളൊക്കെയും പൊടിയിലമർന്നൂ, കാടുകളൊക്കെയും തീയിലും   
ധൂമങ്ങളിങ്ങനെ പുളഞ്ഞുയരുന്നുവല്ലോ, കരിനാഗങ്ങളിഴയും പോൽ )


ഇനി ഗസലിലേക്ക്‌:



ദേഖ് തോ, ദിൽ കെ ജാൻ സെ ഉഠ്താ ഹേ
യെ ധുവാ സാ കഹാൻ സെ ഉഠ്താ ഹേ

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ബേഠ്നേ കോൻ ദേ ഹേ ഫിർ ഉസ്കോ
ജോ തേരെ ആസ്താൻ സെ ഉഠ്താ ഹേ

യൂ ഉഠേ ആഹ് ! ഉസ് ഗലീ സേ ഹം
ജേസേ കൊയീ ജഹാൻ സെ ഉഠ്താ ഹേ

ഖാനാ -ഏ -ദിൽ  സേ സിൻഹാർ  ന  ജാ
കൊയീ  ഏസെ മകാൻ സെ ഉഠ്താ ഹേ ?

നാലാ സിർ  ഖേൻച്താ ഹേ ജബ് മേരാ 
ഷോർ ഇക് ആസ്മാൻ സെ ഉഠ്താ ഹേ

ഇഷ്ഖ് ഇക്‌  'മീർ'  ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ


ആശയം സംഗ്രഹിച്ചു നോക്കാം:

നോക്കൂ, ഹൃത്തിൽ നിന്നോ അതോ ആത്മാവിൽ നിന്നോ
എവിടെ നിന്നാണീ  ധൂമങ്ങളുയരുന്നത് ?

ഏതു വ്യഥിതഹൃദയന്റെതാണീ കല്ലറ? വാനരൂഢാ!
പകലുകളിലൊരു തീനാളമിവിടെ നിന്നുയരുന്നല്ലോ

(ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാം കല്ലറ
പകലിലൊരു തീഗോളമിവിടെ നിന്നുദിക്കുന്നല്ലോ )

വേറെയാരയാൾക്കിടം  കൊടുക്കുന്നൂ പിന്നെ?
ഒരിക്കെ നിന്നിടം വിട്ടുപോയാലതിൽ പിന്നെ  

നിന്റെയാ തെരുവ് വിട്ടുപോവുന്നതോ .. ഓഹ്!
ഈ ലോകമേ വിട്ടൊഴിഞ്ഞുപോകുന്നതു പോൽ

ഹൃത്തിടത്തിൽ നിന്നൊരിക്കലും പോകാതിരിക്കുക 
ഇത്തരമിടത്തിൽ നിന്നാരാണൊഴിഞ്ഞു പോവുക?

വേദനയിലേറി വിലാപമെന്നിലുയരുമ്പോഴൊക്കെയും 
ഒരു മറുരോദനമുയരുന്നുവല്ലോ വാനലോകത്തുനിന്നും

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണ് 'മീർ' !
നിന്നെപ്പോലൊരു ദുർബലനതെപ്പോളുയർത്താനാണ്  ?



ഇത് ദിവ്യാനുരാഗത്തിന്റെ പടവുകൾ കയറി  ആത്മസാക്ഷാത്കാരത്തിന്റെ
പർവ്വം താണ്ടിയെത്താനുള്ള ഒരു യാത്രികന്റെ (സാലിക്) അഭിലാഷതീവ്രതയുടെ ആവിഷ്കാരമാണ്.  ഭൗതികമായ അഭിവാഞ്ജകളെ
തൃണവൽക്കരിച്ച് എല്ലാ പ്രലോഭനങ്ങളെയും അതിജയിച്ച് ആത്യന്തിക
പൊരുൾ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ കഠിനത വിളിച്ചോതുന്നു ഇവിടെ
മീർ.

ഈ ഗസലിന്റെ മക്താ ഇതിന്റെ പൊരുൾ മുഴുവൻ വെളിപ്പെടുത്തുന്നുണ്ട്.  

ഇഷ്ഖ് ഇക്‌ 'മീർ' ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണെന്ന് മീർ തിരിച്ചറിയുന്നു. ആഗ്രഹങ്ങളുടെയും ഭൗതിക താല്പര്യങ്ങളുടെയും ദൗർബല്യങ്ങളെ മറികടന്നു പ്രണയഭാജനത്തിലേക്കുള്ള അനുരാഗിയുടെ യാത്രയുടെ കാഠിന്യം 
എത്രയാണ്?

പ്രതീക്ഷയുടെ കിരണങ്ങളൊടുങ്ങി പുകച്ചുരുളുകൾ അന്തരാത്മാവിൽ  നിന്നും ഉയരുന്നുവോ?

അടക്കപ്പെട്ട ഹൃദയം വ്യഥകളുടെ നീറ്റലിൽ ജ്വലിതമാകുന്നുണ്ടോ?

പ്രണയിയുടെ സാമീപ്യത്തിൽ നിന്നൊരിക്കെ  നിഷ്കാസിതനായാൽ പിന്നെയൊരു മടക്കം സാധ്യമാകുമോ?



ഈ ഗസലിലെ രണ്ടാമത്തെ ശേർ  അതിന്റെ പ്രയോഗത്തിലെ പ്രത്യേകത കൊണ്ട് വളരെ ശ്രദ്ധേയമാണ്.

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ഈ ഈരടിയുടെ ആശയം പലരും പല രീതിയിലാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഞാൻ മുകളിൽ വരികളുടെ ആശയം സംഗ്രഹിച്ചപ്പോൾ ഈ ശേറിന് രണ്ടു രീതിയിൽ അർത്ഥം കൊടുക്കാനുള്ള കാരണവും അതാണ്‌. മീർ തഖി മീർ എന്ന കവിയുടെ മാസ്റ്ററി തന്നെയാണ് ഇത്തരം വരികൾ. ഒരു ഈരടിക്കകത്ത്‌ തന്നെ നാനാർത്ഥതലങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സിദ്ധി മീറിന്റെ മിക്ക ഗസലുകളിലും കാണാം. അനുവാചകൻ നിർദ്ധരിച്ചെടുക്കാൻ പാടുപെട്ടു  വട്ടം കറങ്ങുന്ന വരികൾ.

 ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ  'പൊയറ്റിക്' വിന്യാസത്തിൽ നിന്നും ഒന്ന് മാറ്റി എഴുതിയാൽ:

യെ ഗോർ കിസ് ദിൽജലേ കീ ഹേ, ഫലക്

"ഈ കല്ലറ ഏതു വ്യഥിതഹൃദയന്റെതാണ്? വാനരൂഢാ!"

'ഫലക്' എന്നത് ആകാശം എന്നർത്ഥത്തിൽ ഉപയോഗിക്കാം. എന്നാൽ ഉർദുവിൽ ഫലക് എന്നത് ദേവലോകത്തെ അഭിസംബോധനം ചെയ്താണ്
സാധാരണ ഉപയോഗിക്കാറ്. ഇംഗ്ലീഷിൽ "Oh Heaven!" എന്ന പ്രയോഗം പോലെ. മുകളിൽ എല്ലാം കാണുകയും അറിയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ, അഥവാ വാനരൂഢൻ, ലളിതമായി പറഞ്ഞാൽ ദൈവം, "ഫലക്''.

അപ്പോൾ ഇവിടെ മീർ  മുകളിലുള്ളവനോട് ആരായുകയാണ്, ഹൃദയവ്യഥകളാൽ  പൊലിഞ്ഞു  ഈ കല്ലറക്കകത്ത് അടക്കം  ചെയ്യപ്പെട്ടവനെക്കുറിച്ച്, ഒരു പക്ഷേ, മീർ അദ്ധേഹത്തിന്റെ
ഹൃദയത്തെ തന്നെ ഒരു ഖബർ ആയി അവതരിപ്പിക്കുന്നതുമാവാം

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
  
അവന്റെ എരിയുന്ന ഹൃത്തിന്റെ വേവിൽ നിന്നും
നഷ്ടമോഹങ്ങളുടെ ജ്വാലകൾ ഉയർന്നു വരുന്നതിനെക്കുറിച്ച്,

കേവലാക്ഷരാർത്ഥങ്ങൾക്കപ്പുറം ഈ വരികളെ വായിച്ചാൽ,  ഈ ഭൂമിയെ വിഫലമോഹങ്ങളുടെ ശ്മശാനമായി കാണുകയും ഇതെല്ലാം
വിതാനിച്ചു മുകളിലിരുന്നു വീക്ഷിക്കുന്നവനോട് കയർക്കുകയും ചെയ്യുന്നു ഒരു വേള കവി. അല്ലെങ്കിൽ മോഹങ്ങളെ മുഴുവൻ അകമേ കുഴിച്ചുമൂടി ഹൃദയം ഒരു കല്ലറയാക്കി തീർത്ത കവി വിധിയെ വെല്ലുവിളിക്കുന്നതായും വായിക്കാം. സൂഫീധാരയിൽ  ആത്മനിന്ദയിലൂടെ, അല്ലെങ്കിൽ
സ്വത്വവിമർശനങ്ങളിലൂടെ ഔന്നത്യം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ
അനുകാരിയായി മീർ കരുതപ്പെടുന്നു.
  

എന്നാൽ ഇവിടെ 'ഫലക്' എന്നത്  'ആകാശം' എന്ന നേരർത്ഥത്തിൽ തന്നെ
സമീപിക്കുന്നവരും ഉണ്ട്.  ജഗജിത് സിംഗ് അദ്ധേഹത്തിന്റെ ഒരു
കണ്സേർട്ടിൽ ഈ വരികളെ സമീപിക്കുന്നത് ആ അർത്ഥത്തിൽ ആണ്.
    
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും മറ്റൊരു രീതിയിൽ മാറ്റി എഴുതിയാൽ:

കിസ് ദിൽജലെ കി ഗോർ ഹേ യെ ഫലക്

"ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാകും കല്ലറ?"

ഇവിടെ ആകാശത്തെ ഒരു വലിയ ഖബർ ആയി അവതരിപ്പിക്കുന്നു.

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

"പകലുകളിൽ ഒരു തീഗോളം ഇവിടെ നിന്നുയരുന്നല്ലോ"

അഥവാ ആകാശത്തിന്റെ ചക്രവാളത്തിൽ നിന്നും ഓരോ പകലിലും
ഉദിച്ചുയരുന്ന സൂര്യൻ പടർത്തുന്ന  ചുവപ്പിനെ അതിൽ അടക്കം
ചെയ്യപ്പെട്ടവരുടെ വ്യഥകളുടെ ബഹിർസ്ഫുരണമായും മനസ്സിലാക്കുന്നു.


ഇതിൽ ഏതാണ് കവി ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തരാൻ സാക്ഷാൽ മീർ തന്നെ
ഖബറിൽ നിന്നും ജ്വാലയായ് ഉയിർത്തെഴുന്നേറ്റു വരേണ്ടി വരുമെന്ന്
തോന്നുന്നു. കാരണം അത്രയ്ക്കും സാധ്യതകളുടെ സാഗരങ്ങളാണ്
അദ്ധേഹത്തിന്റെ ഓരോ ശേറുകളും.

ഏതായാലും ഉർദു ഭാഷാസാഹിത്യത്തിൽ നിപുണരായ സുഹൃത്തുക്കൾക്ക് 
ഇതിലെ   മിസ്റ്ററി  പരിഹരിച്ചു തരാനാവുമെന്ന് കരുതുന്നു (ആരിഫ് സൈൻ
സാബിനെത്തന്നെയാണ് ഉദ്ദേശിച്ചത്!!! അപ്പുറവും ഇപ്പുറവും നോക്കേണ്ട!)


ഈ ഗസൽ മെഹ്ദി സാബിന്റെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു.  ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ.

"ശീതൾ ചന്ദാ.......ബസ്തീ ബസ്തീ...." എന്ന് തുടങ്ങുന്ന ഈ ഗസലിന് പുറത്തു നില്ക്കുന്ന ആ രണ്ടു ഹിന്ദി ദോഹാകളെ മാത്രം വീണ്ടും വീണ്ടും കേട്ടു  നോക്കൂ... ,  നിങ്ങൾ നിലാവിന്റെ തണുപ്പിനെ പുൽകും, പിന്നെ
പ്രണയത്തിന്റെ മുറുകിയ  ആശ്ലേഷത്തിൽ  കുളിരകന്നു  ഉഷ്ണമേറുന്നതറിയും,  പൊടിപടലങ്ങളിലമർന്നു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ വിജനതയിൽ നിങ്ങൾ ഒറ്റപ്പെട്ട് നില്ക്കും, അകലെ കാടെരിയുന്നതിന്റെ വെളിച്ചം കാണും, ഒടുക്കം കറുത്ത ധൂമപടലങ്ങൾക്കുള്ളിൽ നിങ്ങൾ അപ്രത്യക്ഷരാകും.....

നിങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഫർമായിശുകളും പ്രതീക്ഷിക്കട്ടെ. മറ്റൊരു മെഹ്ദി പാഠവുമായി വരുന്നതുവരേയ്ക്കും  ശുഭം....

------------------------------


ഈ ഗസൽ മെഹ്ദി സാബ് മെഹ്ഫിലിൽ അവതരിപ്പിക്കുന്നത്‌ താഴെ കേൾക്കാം
 (യൂട്യൂബിൽ ഈ ഗസലിന്റെ അനവധി വേർഷനുകൾ- ഫിലിം വേർഷൻ ഉൾപ്പെടെ - മെഹ്ദി സാബിന്റെതായി തന്നെയുണ്ട്‌. മുകളിൽ അവതരിപ്പിച്ച എല്ലാ വരികളും ഒരു ആലാപനത്തിൽ ഉണ്ടാവണമെന്നില്ല. എല്ലാ വരികളുടെയും ആസ്വാദനം ലഭിക്കാൻ മെഹ്ദി സാബ്  വിവിധ
മെഹ്ഫിലുകളിൽ ഈ ഗസൽ അവതരിപ്പിക്കുന്നത്‌  യൂട്യൂബിൽ കേൾക്കുക.)

 

LinkWithin

Related Posts Plugin for WordPress, Blogger...