ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday, 13 June 2013

മെഹ്ദി പാഠങ്ങൾ - 9 : ദിലേ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ...ഈ പോസ്റ്റ്‌ മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു  മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. 2012 ജൂണ്‍ 13 ന് കറാച്ചിയിൽ വെച്ച് ആ സ്വരസാഗരം എന്നെന്നേക്കുമായി തിരയടങ്ങി നിലച്ചു.  ആ മഹാപ്രതിഭ നസീമാബാദിലെ ഷാഹ് മുഹമ്മദ്‌ ഖബറിസ്ഥാനിൽ മണ്ണോടു ചേർന്നുറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ  അന്തരീക്ഷത്തിൽ അമൂർത്തമായി അലയടിക്കുന്ന ഗസലിന്റെ ഈരടികൾ മരണം പ്രതിഭകളുടെ അവസാനം രേഖപ്പെടുത്തുന്നില്ല എന്നതിന് അടിവരയിടുന്നു.    

-----------

ജനപ്രിയ ഗസലുകളിൽ നിന്നും ഒന്ന് വഴിമാറി സഞ്ചരിക്കുകയാണ് നമ്മൾ ഇത്തവണ. ഉർദു ക്ലാസിക് ഗസലുകളെക്കുറിച്ച് പറയുമ്പോൾ ഗാലിബ് എന്ന നാമം മാറ്റി നിർത്തി ഒരു ചർച്ചയും സാധ്യമല്ല തന്നെ.  മിർസ അസദുള്ള ബേഗ് ഖാൻ എന്ന മിർസാ ഗാലിബ് മുഗൾ കാലഘട്ടത്തിലെ ഉർദു -പേർഷ്യൻ കവികളിൽ അവസാന കണ്ണിയാണ്. ഒടുവിലത്തെ മുഗൾ ചക്രവർത്തിയും ഗസൽ കവിയുമായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റെ ദർബാറിൽ നിറഞ്ഞിരുന്ന ഗാലിബ് പതിനൊന്നാം വയസ്സിൽ തന്നെ ഉർദുവിൽ എഴുതാൻ തുടങ്ങിയിരുന്നു. തന്റെ കൗമാരം പിന്നിടുമ്പോൾ എഴുത്തിന്റെ തട്ടകം പേർഷ്യൻ ഭാഷയിലേക്ക് മാറ്റിയിരുന്ന ഗാലിബ് ഉർദു ഗസലുകളിലെ മിക്ക ക്ലാസിക്കുകളും രചിച്ചത് ചെറിയ പ്രായത്തിലാണെന്നത് അത്ഭുതമായി നില്ക്കുന്നു.  ഏറെ കാലങ്ങൾക്ക് ശേഷം ഗാലിബിന്റെ സമകാലികനും  ഉർദു സാഹിത്യത്തിൽ  ബഹദൂർ ഷാ സഫറിന്റെ ഗുരുസ്ഥാനം വഹിച്ചിരുന്ന  പ്രമുഖ ഉർദു കവി സൗഖുമായുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായാണ് ഗാലിബ് വീണ്ടും ഉർദുവിലേക്ക് തിരിച്ചു വരുന്നത്.  


മിർസാ ഗാലിബ് 
 ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ
എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ
പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച  ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.

ഈ ഗസൽ ഒരു തേട്ടമാണ്‌. . അനന്തവും അജ്ഞാതവുമായിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണുമിഴിച്ചിരിക്കുന്ന ഒരാളുടെ നിതാന്തമായ അന്വേഷണങ്ങളുടെ ഒരു യാത്ര. ചുറ്റുപാടും കണ്ടുമുട്ടുന്ന അസംബന്ധങ്ങളുടെയും കാട്ടിക്കൂട്ടലുകളുടെയും മുന്നിൽ പകച്ചു പോയ സ്വന്തം മനസ്സാക്ഷിയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരാളുടെ അനേകം ചോദ്യങ്ങൾ. ഒരേ സമയം സ്വന്തം മനസ്സിനോടും ദൈവത്തോടും സംവദിച്ചു കൊണ്ടിരിക്കുന്നു ഇവിടെ ഗാലിബ്.

എല്ലാം ദൈവത്തിൽ നിന്നാകയാൽ പിന്നെയീ കാണുന്ന അസന്തുലിത വ്യവസ്ഥകൾ, പ്രലോഭനങ്ങൾ, പ്രതീക്ഷാരഹിതമനസ്സുകൾ, അസ്വാതന്ത്ര്യം, വ്യഥകൾ, വ്യാധികൾ,  അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത സമസ്യകളെക്കുറി ച്ച് ദൈവത്തോട് കലഹിക്കാൻ വെമ്പുന്ന സ്വന്തം മനസ്സിനെപ്പറ്റി ഗാലിബ് വ്യാകുലപ്പെടുന്നു. ശുഭാപ്തി വിശ്വാസിയായിരിക്കാൻ പണിപ്പെടുമ്പോൾ മനസ്സ് നിരാശയുടെ കയത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിനെക്കുറിച്ച് വിലപിക്കുന്നു. 

ഇഹത്തിലെ പ്രലോഭനങ്ങളെക്കുറിച്ചും  പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും  അന്വേഷണങ്ങളുടെ ഒരു നീണ്ട യാത്രയിലാണ് ഇവിടെ ഗാലിബ്. സുമുഖികളായ കാമിനിമാരുടെ പ്രണയാതുരമായ ചേഷ്ടകൾ, അവരുടെ വശ്യമായ നോട്ടങ്ങൾ, മനോഹരമായ കാർക്കൂന്തലുകൾ...ഈ പ്രലോഭനങ്ങളൊക്കെയും നീ തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് ദൈവത്തോട് കയർക്കുന്ന കവി  പ്രകൃതിയുടെ ഹരിതാഭമായ വിന്യാസവും വർണ്ണാഭമായ പൂക്കളും
കാരിരുൾ മേഘങ്ങളും കാറ്റും  കോളുമൊക്കെയും കണ്ടു അവന്റെ സൃഷ്ടിപ്പിൽ അത്ഭുതം കൂറുകയും ചെയ്യുന്നു.

സ്വജീവൻ തന്നെ നിന്നിൽ ഹോമിക്കുന്നതിനപ്പുറമൊരു പ്രാർത്ഥനയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഗാലിബ് ഒരു സൂഫിയുടെ ദൗത്യമെന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഈ ഗസലിൽ.

ഇനി ഗസലിലൂടെ.....


ദിലെ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ 
ആഖിർ ഇസ് ദർദ് കീ ദവാ ക്യാ ഹേ 

ഹം ഹേൻ മുഷ്താഖ് ഓർ വോ ബേസാർ 
യാ ഇലാഹീ യെ മാജ്റാ ക്യാ ഹേ 

ജബ് കി തുജ്ഹ് ബിൻ നഹീ കൊയീ മൗജൂദ് 
ഫിർ യെ ഹന്ഗാമ ഏയ്‌ ഖുദാ ക്യാ ഹേ 

മേം ഭി മുഹ് മേ സബാൻ രഖ്താ ഹൂം 
കാഷ് പൂച്ഹോ കി മുദ്ദാ ക്യാ ഹേൻ 

യെ പരീ ചെഹരാ ലോഗ് കേസേ ഹേൻ  
അംസ:  വോ ഇഷവാ വോ അദാ ക്യാ ഹേൻ 

ശിക്നെ സുൽഫെ അംബരീ ക്യോം ഹേൻ 
നിഗാഹെ ചഷ്മെ സുറുമാ സാ ക്യാ ഹേൻ 

സബ്സ വോ ഗുൽ കഹാ സെ ആയേ ഹേൻ 
അബ്ര് ക്യാ ചീസ് ഹേ ഹവാ ക്യാ ഹേ 

ജാൻ തും പർ നിസാർ കർതാ ഹൂം 
മേം നഹീ ജാൻതാ ദുആ ക്യാ ഹേ 

ഹം കൊ ഉസ് സെ വഫാ കീ ഹേൻ ഉമ്മീദ് 
ജോ നഹീ ജാന് തേ  വഫാ ക്യാ ഹേ 

ഹാ ഭലാ കർ തേരാ ഭലാ ഹോഗാ
ഓർ ദർവീഷ് കീ സദാ ക്യാ ഹേ 

മേം നെ മാനാ കീ കുഛ് നഹീ ഗാലിബ് 
മുഫ്ത് ഹാത് ആയേ തോ ബുരാ ക്യാ ഹേ     


ആശയം സംഗ്രഹിച്ചു നോക്കാം: 


നിഷ്കളങ്ക ഹൃദയമേ നിനക്ക് പറ്റിയതെന്താണ് ?
ഒടുക്കമീ വ്യഥകൾക്കൊക്കെയുമുള്ള മരുന്നെന്താണ് ?

പ്രതീക്ഷാഭരിതനായ് ഞാൻ, വിരക്തിയിലാണ്ട് അവൻ 
എന്റെ നാഥാ, ഈ സംഭവിക്കുന്നതൊക്കെയുമെന്താണ് ?

നീയില്ലയെങ്കിൽ ഒന്നുമേയില്ലെന്നാകുകിൽ 
ദൈവമേ പിന്നെയീ ചെയ്തികളൊക്കെയുമെന്തിനാണ് ? 

എന്റെ വായിലും ഒരു നാവിരിപ്പുണ്ടല്ലോ 
എനിക്കെന്തു പറയാനുണ്ടെന്നൊന്ന് തേടിയിരുന്നെങ്കിൽ 

ഈ കാണുന്ന സുമുഖികളൊക്കെയും  ആരാണ് ?
ആ കണ്ണിറുക്കലും കൊഞ്ചലും വശീകരണ ചേഷ്ട്ടകളുമെന്തിനാണ് ?

ഈ കാർവർണ്ണച്ചുരുൾമുടികളെന്തിനാണ് ?
സുറുമക്കണ്ണാലുള്ള കടാക്ഷങ്ങളെന്തിനാണ് ?

ഈ ഹരിതലതാതികളും പൂക്കളും എവിടെ നിന്നാണ് ?
ഈ മേഘപടലങ്ങളും മാരുതനുമൊക്കെയെന്താണ്?
   
സർവ്വസ്വവും നിനക്കായ് ഹോമിക്കുന്നു ഞാൻ
അതിനപ്പുറം ഒരു പ്രാർത്ഥനയെന്തുണ്ടാവോ?

ഞാനവരോട് വിശ്വസ്തനായിരിക്കുന്നു തീർച്ച 
വിശ്വസ്തതയെന്തെന്നറിയാത്തവരാകിലും 

ഹേ, നന്മ ചെയ്യൂ, നിന്നിലും നന്മ ഭവിച്ചിടും 
ഇത് മൊഴിയലല്ലാതെ സൂഫിയുടെ ദൗത്യമെന്താണ് ?

ഈ ഗാലിബ് ഒന്നുമല്ലായെന്നറിയാമെങ്കിലും 
സൗജന്യമായി കിട്ടുന്നെങ്കിൽ നഷ്ടമെന്താണ്?  


ഗാലിബ് ഒരു സൂഫിയെപ്പോലെ കടന്നു പോയി,  ചിന്തകളിലേക്ക് ഒട്ടേറെ ചോദ്യങ്ങളെറിഞ്ഞ്. മെഹ്ദി ആ അന്വേഷണങ്ങളെ രാഗങ്ങളിൽ പൊതിഞ്ഞ് നമ്മിലേക്ക്‌ പകർന്നു, അനശ്വരരായ രണ്ട് ലെജന്റുകൾ ഒരുമിക്കുന്ന അപൂർവ്വ സൃഷ്ടികൾ......ഈ ഗസൽ മെഹ്ദി സാബ് ആലപിക്കുന്നത് ഇവിടെ കേൾക്കാം:

 

16 comments:

 1. ഒറ്റമൈനേ .. ഇതിനു ഞാൻ എങ്ങനെ നന്ദി പറയാൻ ?.. ഉത്തരമില്ലാത്ത സമസ്യകൾ ... സർവസ്വവും അവന്നായ് ഹോമിക്കാം ...

  ReplyDelete
  Replies
  1. Hi Thahseen, thanks for your 'Farmayesh' and continuous encouragement. I feel as a singer/musician, you can flavour these posts with some discussions on the musical side such as raga and specialities.....

   Dekh to dil ke jaan se udhthaa hai.....is my favorite and one of Mehdi's finest renditions....Definitely I will do it... also I expect your inputs on musical aspects....

   Delete
 2. അടുത്തത് .. മിര് താകി മിർ ..കവിതയാവട്ടെ
  ദേഖ് തോ ദിൽ കെ ജാൻ സെ ഉട്‌താ ഹൈ ... :)

  ReplyDelete
 3. ഗസലുകളുടെ ലോകം എനിക്ക് അത്രയൊന്നും പരിചയമുള്ളതായിരുന്നില്ല. ഇപ്പോൾ ഞാനും തികഞ്ഞ ഗസൽ ആരാധകനായിരിക്കുന്നു.... എന്നെയും ഈ ലോകത്ത് എത്തിച്ചതിന് ഇസ്മൈയിലിനോടുള്ള നന്ദി വാക്കുകൾക്ക് അതീതം.....

  ReplyDelete
  Replies
  1. Thanks Pradeep mash for this encouraging words. I feel my efforts are fruitful when a lot of people like you say that they are in love with ghazals now....

   Delete
 4. ഹൃദയം നിറഞ്ഞ നന്ദി മാത്രം...

  ReplyDelete
 5. ദിലെ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ
  ആഖിർ ഇസ് ദർദ് കീ ദവാ ക്യാ ഹേ

  ഇത് കേട്ട് കൊണ്ടേ ഇരിക്കുന്നു

  ReplyDelete
  Replies
  1. Thanks a lot Shaju bhai for this continuous visit to these mehfils.....

   Delete
 6. ഗസലുകൾ -- മാസ്മരം ... ഇഷ്ടം .. തുടരുക !

  ReplyDelete
  Replies
  1. Shurkiya Shihab bhai for having these mehfils regularly....

   Delete
 7. Awesome........KEEP IT UP...

  ReplyDelete
 8. Just amazing Ismail bhai , had read all your posts , somehow missed this . one way its good , a very good read for galib anniversary . keep up the good work

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...