ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday 31 October 2014

സദാചാരചുംബനങ്ങൾ

ഡൌണ്‍ടൌണ്‍ സംഭവാനന്തരം ഒരുപറ്റം കുട്ടികൾ സൈബർവിഹായസ്സിൽ
പറത്തിവിട്ട  ചുംബനപരാഗങ്ങൾ മലയാളിയുടെ കപടസദാചാരമുകുളങ്ങളിൽ കയറി നടത്തിയ പരാഗണങ്ങൾ ചില പൂച്ചുകളെ പുറത്തുചാടിച്ചിരിക്കുന്നു.

കാവിഫാഷിസം മുറ്റംകടന്നു കോലായയിലേക്ക് ‍ കസേര വലിച്ചിട്ടിരിക്കുന്ന ഈ കെട്ടകാലത്ത് പൊട്ടൻകളിക്കാൻ മാത്രമായി ഇവിടത്തെ മതേതരജനാധിപത്യക്കാരും സദാചാരവാദികളും ഒരുപോലെ നിന്നുകൊടുക്കുന്നു എന്നത്  പ്രതീക്ഷക്ക് വകയില്ലാത്ത ഒരു വരുംകാലം നമ്മെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.
ജയ്ഹിന്ദ്‌ ടീവിയിലെ വോയേറിസം ബാധിച്ച ഒരു ഞരമ്പുരോഗി തന്റെ ക്യാമറ കൊണ്ട് നടത്തിയ ആ  ഒളിഞ്ഞുനോട്ടം ചികിത്സ തേടേണ്ട ഒരു രോഗാവസ്ഥയാണ്. എല്ലിൻ കഷ്ണം വീണുകിട്ടിയ പട്ടിക്കൂട്ടങ്ങളെപ്പോലെ ആ ഒരു ബിറ്റിനെ മസാല ചേർത്ത്  പൊലിപ്പിച്ചെടുത്ത എഡിറ്റിംഗ് ടേബിളിലെ വാർത്താജീവികൾക്ക് അവർ വേവിച്ചെടുക്കുന്ന സദാചാരഗുണ്ടിന്റെ വിപല്സാധ്യതകൾ അറിയാതെ പോയതാവണം എന്നില്ല.  മറിച്ച് ഒരു കൂട്ടിക്കൊടുപ്പിന്റെ പിന്നാമ്പുറരഹസ്യങ്ങൾ ഇനിയും പിടിവിട്ട് പുറത്തുവന്നുകൂടായ്കയില്ല.
സംഘപരിവാർ ഫാഷിസത്തിന്റെ  ഇദംപര്യന്തമുള്ള സാമൂഹിക-സാമ്പത്തികാധിനിവേശ രീതിശാസ്ത്രം അറിയാത്തവർക്ക് ഇതൊരു സദാചാരവെടി മാത്രമാണ്. എന്നാൽ ഗുജറാത്ത് അടക്കമുള്ള  സംഘ്പരിവാർ പ്രായോജകരായിട്ടുള്ള  എണ്ണമറ്റ കലാപങ്ങളുടെയൊക്കെ പ്രാഥമിക ഉന്നം അവിടത്തെ ന്യൂനപക്ഷങ്ങളുടെ വ്യാവസായിക സംരംഭങ്ങളുടെ വേരിൽ തീയിടുക എന്നതായിരുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായ രംഗത്തെ ശക്തമായ ന്യൂനപക്ഷസാന്നിധ്യത്തെ തുരത്തലായിരുന്നു ഗുജറാത്ത് കലാപത്തിന്റെ കാതലായ ലക്‌ഷ്യം. കോഴിക്കോട് ഡൌണ്‍ടൌണ്‍ ഓപറേഷനും അങ്ങിനെയൊരു മുഖം കൂടി നമ്മൾ കാണേണ്ടതുണ്ട്.
സംഘികളും സദാചാരവും എന്നത് കടലും കടലാടിയും പോലെയുള്ള രണ്ട് സംഗതികളാണ്. അതിനെ രണ്ടിനെയും ബന്ധപ്പെടുത്തുന്നതിലും വലിയ അശ്ലീലം മറ്റൊന്നില്ല. അതിനെല്ലാമപ്പുറം നമ്മളെ അസ്വസ്ഥപ്പെടുത്തേണ്ടത് മലയാളിയുടെ ഹിപോക്രസിയിൽ ചുട്ടെടുത്ത ഒരു വല്ലാത്ത അളിഞ്ഞ സാമൂഹികാവസ്ഥയാണ്.  ഒരാണും പെണ്ണും ഒരിടത്ത്  ഇരുന്നു സംസാരിക്കുന്നത് പോലും അസഹ്യമായി കാണുന്ന അടക്കിപ്പിടിച്ച തൃഷ്ണകളുടെ ഭണ്ഡാരവുമായി ബീച്ചിലും പാർക്കിലും സദാചാരറഡാറും ഘടിപ്പിച്ച് നടക്കുന്ന 'പരനാറി'സമൂഹമായി മലയാളി മാറിയിരിക്കുന്നു. ഇതിനെ ചികിത്സിക്കാൻ നടപ്പുകാലത്തെ മതവും രാഷ്ട്രീയവും പ്രാപ്തമല്ല. കാരണം അതുരണ്ടും അവയുടെ അടിസ്ഥാന സത്തയുമായി പുലബന്ധം പോലുമില്ലാത്ത കള്ളന്മാരുടെ കൈകളിൽ വന്നു ഭവിച്ചിരിക്കുന്നു.

അപ്പോൾ ഈ ചികിത്സ ഏറ്റെടുത്ത്  നടത്തേണ്ടത് പുതിയ കാലത്തെ കുട്ടികൾ തന്നെയാണ്. സാമ്പ്രദായിക കേഡർ സംഘടനകളുടെ സമരങ്ങളും സമരരീതികളും ഇനി ക്ലച്ച് പിടിക്കാനാവാത്ത വിധം കാലഹരണപ്പെട്ടുപോയ ഈ കാലത്ത് നവമാധ്യമങ്ങളിലെ  സംവേദനങ്ങളിലൂടെ മാത്രം പരിചയമുള്ള, എന്നാൽ കാപട്യരഹിതമായ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന  ഇത്തരം അമെച്ച്വർ കൂട്ടായ്മകളുടെ ഇടപെടലുകൾക്ക് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ. ബന്ദും ഹർത്താലും പൊതുമുതൽ തല്ലിതകർക്കലും മാത്രം നടത്തിശീലിച്ച കേരളത്തിലെ ആസ്ഥാന സദാചാരവാദികൾ ഒന്ന് മാറിനിൽക്കുക,  ഈ തലമുറ നടത്തുന്ന നവസമരമുറകൾക്ക് അതിന്റെ പേരിലും പ്രചാരത്തിലും ഇവിടത്തെ ഹിപോക്രാറ്റുകളുടെ ഇഡിനെ പുറത്തുചാടിക്കാനുള്ള 
പ്രകോപനങ്ങളുടെ കൊളുത്തുകമ്പികൾ ഉണ്ടായേക്കാം, എന്നാലും ബന്ദിലും ഹർത്താലിലുമൊക്കെ സമൂഹജീവിതത്തിനു നേരെ നിങ്ങൾ കാണിക്കുന്ന അശ്ലീലത ഇതിന്റെ നടത്തിപ്പിൽ ഉണ്ടാവില്ല എന്നു തന്നെയാണ് അവർ വിശദീകരിച്ച് കാണുന്നത്.
അവർ മറൈൻ ഡ്രൈവിൽ ഒത്തുചേരുകതന്നെ ചെയ്യട്ടെ, , ഹിന്ദുത്വഫാഷിസത്തിന്റെ  നവമാധ്യമ- പി ആർ സംരംഭങ്ങളുടെ ബലത്തിലുള്ള തേരോട്ടത്തിൽ ഇത്രകാലം പാർട്ടിക്ലാസുകളുടെ തുലാമഴ കൊണ്ടിട്ടും ഇടതുപക്ഷം വിട്ട് സഖാക്കൾ വരെ സംഘപരിവാരത്തിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറുന്നതും അവസരവാദത്തിന്റെ അപ്പോസ്തലന്മാരായി മതപുരോഹിതർ മോഡി സ്തുതിയുമായി കുർബാന കൊള്ളുന്നതും ഒക്കെ കാണേണ്ടി വരുന്ന  ഈ ആസുരകാലത്ത് ഈ ചെറുപ്പക്കാരെങ്കിലും ഫാഷിസ്റ്റ്‌വിരുദ്ധചേരിയിൽ നിലനില്ക്കുന്നു എന്ന ഒരൊറ്റ കാരണം മതി  ഈ ഒത്തുചേരലിന് പിന്തുണ കൊടുക്കാൻ. സദാചാരവാദികൾ ഭയപ്പെടുന്നതുപോലെ അവിടെ ശ്ലീലത്തിന്റെ ആകാശമൊന്നും പൊട്ടിവീഴില്ല, നിങ്ങൾ അതിനകത്ത് നുഴഞ്ഞുകയറി വല്ലതും കാണിക്കാതിരിക്കുവോളം.
       
കേരളത്തിലെ ചില ചാനൽ അന്തിചർച്ചകളിലെ  "നിയമജ്ഞർ" ഈ ഒത്തുകൂടൽ നിയമവിരുദ്ധമാണെന്ന് വിധിനല്കിയതായും കണ്ടു. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ  നിയമം നോക്കികുത്തിയാകുമ്പോൾ ഉരുത്തിരുഞ്ഞു വരുന്ന നിയമലംഘനപ്രതികരണങ്ങളെയാണ് ഇവിടെ  സമരങ്ങൾ എന്ന് വിളിക്കുന്നത്‌. അല്ലാതെ നിയമം അതേപടി പാലിച്ചുനടക്കുന്ന ഏതെങ്കിലും ഒരു സമരത്തെ  ഈ പണ്ഡിതർ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു. ഒരു ഓഫീസ് ഉപരോധിക്കുമ്പോഴും റോഡിലൂടെ ഒരു പ്രതിഷേധ റാലി നടത്തുമ്പോഴും ഉണ്ടാകുന്ന അത്ര പോലും നിയമ വിരുദ്ധത  മറൈൻ ഡ്രൈവിലെ ഈ ഒത്തുചേരലിനുണ്ടാകുമെന്ന് തോന്നുന്നില്ല.
നമുക്ക് മുൻവിധികളും വിയോജിപ്പുകളുമുണ്ടെന്നത് കൊണ്ടുമാത്രം ഒരു മൂവ്മെന്റ്  തടയപ്പെടേണ്ടതാണെന്ന് വിധികല്പ്പിക്കാനുള്ള സദാചാരവിശുദ്ധിയൊന്നും സമകാലിക മലയാളിക്കില്ല. ചിലർ ധരിച്ചിരിക്കുന്ന പോലെ അവിടെ കൂടാൻ പോകുന്നവർ ഒരു ആഭാസസംഗമം നടത്താൻ മാത്രം കോമാളികളല്ല എന്ന് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
അവർ ഒത്തു ചേരട്ടെ. നമ്മളങ്ങോട്ട് ഒളിഞ്ഞു നോക്കാതിരിക്കുക. ‌കയ്യൂക്കിലൂടെ ഇത്തരം പ്രതിരോധങ്ങളെ തടയാൻ സംഘിമൂർച്ചകളെ അനുവദിക്കുന്ന പക്ഷം കൊച്ചിയും ഒപ്പം നമ്മളും വിക്ടോറിയൻ കാലത്തിലേക്ക് തിരിഞ്ഞു നടക്കുന്നു.

************

വാൽക്കഷ്ണം:  പ്രസന്ന ആര്യൻ എഴുതുന്നു:   "ഇനി ഇതൊക്കെക്കണ്ട് എന്‍റെ സ്ത്രീ നാളെ ചുംബനസമരം പ്രഖ്യാപിക്കുമോ എന്നു ഭയക്കുന്ന പുരുഷന്‍മാര്‍ക്ക്- ശുദ്ധമായ മനസ്സോടെ നിങ്ങള്‍ അതാസ്വദിക്കുക. ഭാര്യയോ പ്രണയിനിയോ ആണെങ്കില്‍ ചുണ്ടിലും അമ്മയാണെങ്കില്‍ നെറ്റിയിലും , പെങ്ങളാണെങ്കില്‍ നെറുകിലും സുഹൃത്താണെങ്കില്‍ ഒരു ചേര്‍ത്തുപിടിക്കലിലും അതേറ്റുവാങ്ങുക. സ്നേഹത്തിന്‍റെ ഏറ്റവും മനോഹരമായ പ്രകടനമാണത്.."


ശ്രീചിത്രൻ എം ജെ  'അഴിമുഖത്തിൽ എഴുതുന്നു:

"പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു.................

..........പറഞ്ഞുവന്നത്, എന്നെങ്കിലും ഒരുമ്മ കൊണ്ട് മയിൽപ്പീലിയായി മാറുന്ന പങ്കാളിയെ അനുഭവിച്ചിട്ടുള്ളവർ ചുംബിക്കാൻ വെമ്പുന്നവരെ ചുംബിക്കാനനുവദിക്കുക. അല്ലാതെ നിയമാനുസൃതമായും അല്ലാതെയും ഉള്ള രണ്ടുതരം ബലാത്സംഗം (വിവാഹം കഴിക്കാതെയും കഴിച്ചും) മാത്രം ജീവിതത്തിൽ ചെയ്തു ശീലിച്ചവര്‍ അപകർഷതാബോധവും അസൂയയും കൊണ്ട് അലമ്പുണ്ടാക്കാതിരിക്കുക."

Sunday 11 May 2014

മോഡി, മീഡിയ, പ്രൊപ്പഗണ്ടാ മെഷീനുകൾ - ഇന്ത്യൻ ഫാഷിസത്തിന്റെ വിളവെടുപ്പുകാലം


'ടൈംസ്‌ നൗ' ചാനലിൽ അർനബ് ഗോസാമി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തുമ്പോൾ ചാനലിന്റെ സ്ക്രോൾബാറിൽ സസൂക്ഷ്മം കണ്ണുനട്ടിരുന്നുപോയി  കുറേ നേരം . ഈ അഭിമുഖത്തെക്കുറിച്ച് 'ടൈംസ്‌ നൗ' നടത്തുന്ന ലൈവ് വീരവാദങ്ങൾ -

 "രാജ്യം കാത്തിരുന്ന ഇന്റർവ്യു..."
"ഏറ്റവും  കൂടുതൽ ആളുകൾ വീക്ഷിച്ച അഭിമുഖം"
 "സോഷ്യൽ മീഡിയയിൽ ഹിറ്റുകൾ റെക്കോർഡുകൾ തകർക്കുന്നു..." 
"ട്വിറ്ററിൽ 30 കോടി ഹിറ്റുകൾ കടന്നു..."

എന്നിങ്ങനെ വന്നും പോയും കൊണ്ടേയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലെ എല്ലാ  ന്യൂസ്‌ അവറിന്റെ  തുടക്കവും ഒടുക്കവും മോഡി അഭിമുഖത്തിന്റെ 'റീച്ചി'നെക്കുറിച്ച് അർനബ് ഏറെ വാചാലനായി കണ്ടു. എല്ലാ ന്യൂസ്‌ ബുള്ളറ്റിനുകളിലും  ഇടവേളകളിലും മോഡി-അർനബ് അഭ്യാസത്തിന്റെ പൊതുജനപ്രിയങ്കരതയെക്കുറിച്ച് പുതിയ പുതിയ അത്ഭുതങ്ങൾ 'ടൈംസ്‌ നൗ' വിളമ്പിക്കൊണ്ടേയിരിക്കുന്നു.  
ഇന്ത്യയിലെ ഇംഗ്ലീഷ് ന്യൂസ്‌ ചാനലുകളിൽ 'ടൈംസ്‌ നൗ' ടീവിക്ക് ഉള്ള ദൃശ്യജനകീയത കാണിക്കാനാണീ അഭ്യാസങ്ങൾ എന്ന് ഒറ്റകേൾവിയിൽ തോന്നാമെങ്കിലും മോഡി എന്ന ബലൂണ്‍ ഫിഗറിൽ മെയ്‌ 12 നു വാരണസിയിൽ അടക്കം നടക്കുന്ന  അവസാനഘട്ട തെരഞ്ഞെടുപ്പ് വരെ കാറ്റ് നിറച്ചു നിർത്താനുള്ള  അവസാന അടവുകളിൽ ഒന്ന് മാത്രമാണ്  അർനബ് അടക്കമുള്ള മീഡിയാ ഫ്രോഡുകൾ യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചായക്കട തൊഴിലാളിയിൽ നിന്നും ഇന്നത്തെ മോഡിയിലേക്കുള്ള വളർച്ചയുടെ പടവുകൾ ചിത്രീകരിക്കുന്ന 'മോഡി' എന്ന പ്രത്യേക ഫീച്ചറും 'ടൈംസ്‌ നൗ' തയ്യാറാക്കി വെച്ചിട്ടുണ്ട്, വാരാണാസി തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രത്യേകം പ്രക്ഷേപണം ചെയ്യാൻ.  

ഇന്ത്യയിലെ എണ്ണം പറഞ്ഞ മീഡിയകളൊക്കെയും- ഇങ്ങ് മലയാളത്തിൽ നമ്മുടെ ഏഷ്യാനെറ്റ്‌ വരെ - ഗുജറാത്തിന്റെ  വികസനപുരുഷനായി മോഡി എന്ന 'അതിശയനെ' അവതരിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ദേശീയ ഏജൻസികളുടെ ഇതുവരെ പുറത്തുവന്ന  വിവിധ സംസ്ഥാനങ്ങളുടെ
ബഹുമുഖ വികസന സൂചികകളൊക്കെ കഴിഞ്ഞ പതിനാലു വർഷത്തെ
മോഡിയൻ ഗുജറാത്തിന്റെ യഥാർത്ഥ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ മോഡിക്ക് കാറ്റ് നിറച്ചുകൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാണ്?  ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ എന്താണ് ഇന്ത്യൻ ഫാഷിസത്തിന്റെ ഇതുവരേയുള്ള നാൾവഴികൾ എന്നൊന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നിന്ന് അപഗ്രഥിച്ചാൽ മതിയാകും.

      2000 ജനുവരിയിലെ ഇകണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വാരികയിൽ ഏഷ്യൻ രാഷ്ട്രീയത്തിൽ മികച്ച പഠനങ്ങൾ നടത്തുന്ന  പ്രമുഖ ഇറ്റാലിയൻ രാഷ്ട്രീയ നിരീക്ഷക മർസിയ കസോലാരി എഴുതിയ സവിശേഷമായ ഒരു പഠനം ഉണ്ട്.  ഇന്ത്യയിലെ തീവ്രദേശീയതയുടെ വക്താക്കളായ ഹിന്ദുത്വ നേതാക്കളും യൂറോപ്പ്യൻ നാസിസ്റ്റ്-ഫാഷിസ്റ്റ്‌ നേതൃത്വവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ പിന്നാമ്പുറങ്ങൾ തെളിവ് സഹിതം അക്കമിട്ടു നിരത്തുന്ന ആ പഠനം ഒന്നു കൂടി വായിച്ചു നോക്കേണ്ട സമയമാണിതെന്നു തോന്നുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും ഫാഷിസത്തിന്റെ വെറും പ്രോപഗണ്ടാ മെഷീനുകളായി തരംതാണു കൊണ്ടിരിക്കുന്നതിന്റെ നേർചിത്രം മുന്നിൽ വരുമ്പോൾ നമ്മൾ തൊള്ളായിരത്തി ഇരുപതുകളിലെ മറാത്തി പത്രങ്ങളിലേക്ക് തരിഞ്ഞു നടക്കണം.

1924 മുതൽ 1934 വരെ 'കേസരി' പത്രം തുടർച്ചയായി മുസ്സോളിനിയുടെ
ഇറ്റാലിയൻ  ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ മഹത്വവും മുസ്സോളിനിയുടെ കീഴിയിൽ ഇറ്റലി കൈവരിച്ച നേട്ടങ്ങളുടെ പട്ടികയും നിരത്തിക്കൊണ്ടേയിരുന്നു. ലിബറൽ ഇറ്റലിയിൽ നിന്നും ഫാഷിസ്റ്റ്‌ എകാധിപത്യത്തിലേക്കുള്ള അതിന്റെ  മാറ്റത്തേയും ജനാധിപത്യ തെരഞ്ഞെടുപ്പു രീതിയിൽ നിന്നും നോമിനേഷൻ രീതിയിലേക്കുള്ള  പരിവർത്തനത്തേയും ഒരു സർവാധിപതിയുടെ കീഴിൽ പ്രജകൾ വിധേയപ്പെട്ടു ജീവിക്കുന്നതിനേയും യുവാക്കളുടെ സായുധ മിലിഷ്യ രൂപീകരണത്തേയും  അത്രയേറെ ആരാധനയോടെ ഇന്ത്യയിൽ വിളമ്പിക്കൊണ്ടിരിക്കുന്നവരായിരുന്നു ഹിന്ദുത്വയുടെ അന്നത്തെ മറാത്തി ജിഹ്വകൾ. RSS അതിന്റെ പ്രചാരണത്തിനുള്ള ഊർജ്ജവും ആശയവും മുസ്സോളിനിയുടെ ഫാഷിസത്തിൽ നിന്നും നേരിട്ട് കടം കൊള്ളുകയായിരുന്നു. 1929 ആഗസ്റ്റിൽ 'കേസരി' പത്രം 'ഇറ്റലിയും യുവജനതയും' എന്ന പേരിൽ ഒരു എഡിറ്റോറിയൽ എഴുതുകയുണ്ടായി. ഹെഡ്ഗേവാർ മഹാരാഷ്ട്രയിലെ ബ്രാഹ്മിണ്‍ യുവജനങ്ങളെ അണിനിരത്തി ബീജാവാപം  കൊടുത്ത  RSS എന്ന ഹിന്ദുത്വ ഭീകര സംഘടനക്കുള്ള മുന്നോട്ടുള്ള വളർച്ചയുടെ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു ആ എഡിറ്റോറിയൽ. മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ Balilla എന്ന യുവജന സായുധ പരിശീലന സംഘത്തെക്കുറിച്ചുള്ള മതിപ്പുണ്ടാക്കലും  അത്തരമൊരു മിലീഷ്യ രീതിയിലേക്ക് RSS-നെപ്പോലുള്ള  ഹിന്ദുത്വ സംഘടനകളെ പരിവർത്തിപ്പിക്കാനുള്ള ആലോചനകൾക്ക് വിത്ത് പാകലുമായിരുന്നു അതിന്റെ ലക്ഷ്യം.  പറഞ്ഞുവന്നത് തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും ഹിന്ദുത്വ ശക്തികളുടെ സ്വാധീനമുള്ള മീഡിയകളുടെ പണി മുസ്സോളിനിയെയും ഫാഷിസത്തെയും മഹത്വപ്പെടുത്തലും മുസ്സോളിനിയുടെ കീഴിൽ ഇറ്റലി സ്വർഗരാജ്യമായിരിക്കുന്നു എന്ന് തെര്യപ്പെടുത്തലുമായിരുന്നു, ഇന്ന് മോഡിക്ക് കീഴിയിൽ ഗുജറാത്ത് സ്വർഗരാജ്യമായിരിക്കുന്നുവെന്നു ഇവിടത്തെ മീഡിയാ കോർപ്പറേറ്റുകൾ നമ്മെ നിരന്തരം തെര്യപ്പെടുത്തുന്നത് പോലെ തന്നെ! ചരിത്രം ആണ് ഏറ്റവും വലിയ അധ്യാപകൻ  എന്ന് പറയുന്നത് ഇതിനെയാണ്.

ആശ്ചര്യകരമായ ഒരു കാര്യം, അന്നത്തെ കാലത്ത് എങ്ങനെയാണ് ഈ പത്രങ്ങൾക്ക് ഇറ്റലിയെ പോലെയുള്ള ഒരു ഫാഷിസ്റ്റ്‌ ഏകാധിപത്യ സ്റ്റേറ്റിൽ നിന്നും ഇത്രയേറെ വിവരങ്ങൾ കൃത്യമായി ലഭിച്ചുകൊണ്ടിരുന്നത്? അവിടെയാണ് ഹിന്ദുത്വ  സ്ഥാപക നേതാക്കളും മുസ്സോളിനി അടക്കമുള്ള ഇറ്റാലിയൻ ഫാഷിസ്റ്റ്‌ നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള വ്യവഹാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത്. RSS സ്ഥാപകൻ ഹെഡ്ഗെവാറിന്റെ രാഷ്ട്രീയ ഗുരുവായ ബി എസ് മൂന്ജെ 1931 -ൽ ഇറ്റലിയിൽ പോയി മുസ്സോളിനിയെ സന്ദർശിക്കുന്നു. അവിടത്തെ ഫാഷിസ്റ്റ്‌ മിലിട്ടറി പരിശീലന കേന്ദ്രങ്ങളും സിവിൽ യുവതക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നു. ഏകശിലാ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി യുവതയെ സായുധവൽക്കരിക്കുന്ന ഫാഷിസ്റ്റ്‌ ഐഡിയോളജിയിലുള്ള തന്റെ മതിപ്പ് നേരിട്ട് മുസ്സോളിനിയെ അറിയിക്കുന്നു.
ഇറ്റലിയിൽ നിന്നും തിരിച്ചു വന്ന ബി എസ് മൂന്ജെ തന്റെ ഡയറിയിൽ കുറിച്ചതിൽ നിന്നും ചില ഭാഗങ്ങൾ കാണൂ:

"ഇറ്റലിയിലെ യുവാക്കൾക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനയുടെ (Balilla) രീതികളും സംഘാടനവും എന്നെ അങ്ങേയറ്റം ആകർഷിച്ചു. മുസ്സോളിനിയുടെ ഫാഷിസം എന്ന ആശയസംഹിത ഇറ്റലിക്കാരുടെ വംശീയേകീകരണം ലക്ഷ്യമിടുന്നു. Balilla യിലെ കുട്ടികൾ അവരുടെ യൂണിഫോമുകളിൽ കായിക പരിശീലനങ്ങൾ നടത്തുന്നത് എനിക്ക് വളരെ മനോഹരമായി തോന്നി. ഇന്ത്യയിലും ഹിന്ദുക്കളുടെ ഏകീകരണത്തിന് ഇതു പോലെയുള്ള സായുധ സംഘാടനം ആവശ്യമാണ്‌. ഡോ . ഹെഡ്ഗേവാർ ആവിഷ്ക്കരിച്ച ഇന്ത്യയിലെ ഞങ്ങളുടെ RSS എന്നത്  ഇതുപോലെയുള്ള ഒരു സംഘടനയാണ്.  എന്റെ ജീവിതത്തിന്റെ ശിഷ്ട ഭാഗം RSS നെ ഈ മാതൃകയിൽ മഹാരാഷ്ട്രക്ക് പുറത്തു ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ഞാൻ സമർപ്പിക്കുന്നതാണ്."

മുസ്സോളിനിയെ നേരിട്ട് കണ്ടു സംസാരിച്ചതിന്റെ വിശദാംശങ്ങൾ ബി എസ് മൂന്ജെ അതീവ ആഹ്ലാദത്തോടെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ നിന്നും ഏതാനും വരികൾ താഴെ:

" ഞാൻ വാതിലിൽ എത്തിയതും മുസ്സോളിനി അദ്ധേഹത്തിന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് വന്നെന്നെ സ്വീകരിച്ചു. ഞാൻ ഡോ. മൂന്ജെ ആണെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ധേഹത്തിന് എന്നെക്കുറിച്ചെല്ലാം നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി.........................................................
................................. യൂണിവേർസിറ്റിയൊക്കെ സന്ദർശിച്ചോയെന്ന് അദ്ധേഹം തിരക്കിയപ്പോൾ ഞാൻ ഇവിടത്തെ ആണ്‍കുട്ടികൾക്കുള്ള മിലിട്ടറി സ്കൂളുകളും മറ്റും കാണാനാണ് താല്പര്യം പ്രകടിപ്പിച്ചതെന്നും ഇറ്റലിയിലെ അധികൃതർ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നതിൽ നന്ദിയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവും ഞാൻ balilla പോലുള്ള ഫാഷിസ്റ്റ്‌ യൂത്ത് സംഘാടനങ്ങൾ കാണാനാണ് സമയം ചെലവഴിച്ചത്‌. എനിക്ക് അവയുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റത്തെ മതിപ്പ് തോന്നി.  ഇറ്റലിയുടെ  പുരോഗതിക്കും ക്ഷേമത്തിനും ഇത്തരം സംഘങ്ങൾ അനിവാര്യമാണ്. ലോക മാധ്യമങ്ങളും നേതാക്കളും താങ്കളെയും താങ്കളുടെ ഇത്തരം ഫാഷിസ്റ്റ്‌ രീതികളെയും കടുത്ത രീതിയിൽ വിമർശിക്കുന്നതായി ഞാൻ കാണുന്നുണ്ടെങ്കിലും എനിക്ക് താങ്കളുടെ ഈ ഫാഷിസ്റ്റ്‌ രീതിശാസ്ത്രത്തോട് യാതൊരു രീതിയിലുള്ള വിരോധവും തോന്നുന്നില്ല. 
അപ്പോൾ മുസ്സോളിനി ഈ വിഷയത്തിൽ എന്റെ നിലപാട് ചോദിച്ചു.
ഞാൻ പറഞ്ഞു: പ്രഭോ,  ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്. വളർച്ച തേടുന്ന ഏതൊരു രാഷ്ട്രത്തിനും ഇത്തരം ഫാഷിസ്റ്റ്‌ സംഘാടനം ആവശ്യമാണ്‌.  ഇന്ത്യയും അതിന്റെ സായുധ പുനർനിർമ്മാണത്തിനു ഇത്തരമൊരു ഫാഷിസ്റ്റ്‌ സംഘടന ആവശ്യപ്പെടുന്നു...........................ഞാൻ അതിന്റെ പണിപ്പുരയിലാണ്. ഞങ്ങൾ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സംഘത്തിന് നേരത്തെ തന്നെ ഇതേ ലക്ഷ്യങ്ങളോടെ സ്വതന്ത്രമായി രൂപം നല്കി വെച്ചിട്ടുണ്ട്. എനിക്ക് ഇന്ത്യയിലോ  ഇംഗ്ലണ്ടിലോ  ലോകത്തെവിടെയുമുള്ള  ഏതു പ്ലാറ്റ്ഫോമിലും താങ്കളുടെ balilla അടക്കമുള്ള ഫാഷിസ്റ്റ്‌ സംഘടനകളെ പ്രകീത്തിച്ചു സംസാരിക്കാൻ യാതൊരു മടിയുമില്ല. താങ്കളുടെ ഈ സംഘങ്ങൾക്ക് എല്ലാ വിജയങ്ങളും ഞാൻ നേരുന്നു. മുസ്സോളിനി എന്റെ മറുപടിയിൽ അങ്ങേയറ്റം സംതൃപ്തനായി കാണപ്പെട്ടു. അദ്ധേഹം എനിക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു."

 മുസ്സോളിനിയെ കണ്ട വിശേഷങ്ങൾ പങ്കുവെക്കാൻ ഇറ്റലിയിൽ നിന്നും തിരികെയെത്തിയ മൂന്ജെ തന്റെ രാഷ്ട്രീയ ശിഷ്യനും ആർ എസ് എസ് , ഹിന്ദു മഹാസഭ എന്നിവയുടെ നേതാക്കളുമായ ഹെഡ്ഗെവാർ, ലാലൂ ഗോഖലെ എന്നിവരുമായി യോഗം ചേർന്നു. അതിൽ ഹിന്ദു സംഘാടനത്തെക്കുറിച്ചുള്ള ലാലൂ ഗോഖലെയുടെ ചോദ്യത്തിന് ബി എസ് മൂന്ജെ നല്കുന്ന മറുപടി അങ്ങേയറ്റം ശ്രദ്ധേയമാണ്:

"ഹിന്ദു ധർമ്മശാസ്ത്രപ്രകാരം ഇന്ത്യയിലുടനീളം ഹിന്ദുക്കളുടെ ഏകീകരണത്തിനുള്ള ഒരു പദ്ധതി ഞാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, പണ്ടത്തെ ശിവജിയെപ്പോലെയോ ഇന്നത്തെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ മുസ്സോളിനിയെപ്പോലെയോ നാസി ജെർമ്മനിയിലെ ഹിറ്റ്ലറെപ്പോലെയോ ഉള്ള ഒരു ഏകാധിപതിയുടെ കീഴിൽ ഒരു 'ഹിന്ദു സ്വരാജ്' രൂപപ്പെടാതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയില്ല തന്നെ.  എന്നു വെച്ച് അത് പോലൊരു ഏകാധിപതി ഉയർന്നു വരുന്നത് വരെ നമ്മൾ കയ്യുംകെട്ടി നോക്കി നില്ക്കണമെന്നല്ല. നമ്മൾ ശാസ്ത്രീയമായി ഒരു പദ്ധതി ആവിഷ്ക്കരിച്ച് അതിനുള്ള പ്രോപഗണ്ടാ മാർഗങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്."

 മൂന്ജെയുടെ മേൽനോട്ടത്തിൽ ഹെഡ്ഗേവാർ ഇന്ത്യയിൽ ഫാഷിസ്റ്റ്‌ അനുകൂല പ്രചാരണങ്ങൾ തുടങ്ങി. 1934 ജനുവരിയിൽ  'ഫാഷിസവും മുസോളിനിയും' എന്ന ബാനറിൽ  കാവ്ടെ ശാസ്ത്രി സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഹെഡ്ഗേവാർ അധ്യക്ഷത വഹിക്കുകയും ബി എസ് മൂന്ജെ സമാപന പ്രസംഗം നടത്തുകയും ചെയ്തു.


ഹിന്ദു ജനതയുടെ സായുധവത്ക്കരണത്തിനുള്ള ഊർജ്ജം മുസ്സോളിനിയുടെ ഫാസി ഇറ്റലിയിൽ നിന്നും നേടിയെടുത്ത സംഘ്പരിവാർ പിന്നെ നേരിടാൻ ഒരു ശത്രുവിനെ സൃഷ്ട്ടിക്കാനുള്ള ഉദ്യമത്തിലാണ് ഏർപ്പെട്ടു കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ജെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചു ഹിന്ദു യുവാക്കൾക്ക് മിലിട്ടറി സ്കൂളുകൾ തുടങ്ങിക്കൊണ്ട് ഹിന്ദുത്വ പ്രമുഖർക്കയച്ച ഒരു കത്തിൽ ഇങ്ങിനെ എഴുതുന്നു:

" സായുധ പരിശീലനം ലക്ഷ്യമാക്കുന്നത് നമ്മുടെ കുട്ടികളെ കൂട്ടക്കുരുതിയുടെ കാര്യത്തിൽ കാര്യപ്രാപ്തരാക്കുക എന്നതാണ്. നമുക്ക് പറ്റാവുന്നത്ര കുറച്ച് ആൾനാശവും ശത്രുവിന് അങ്ങേയറ്റത്തെ നാശവും വരുത്തുന്ന രീതിയിൽ കഴിവുറ്റവരാക്കി അവരെ മാറ്റിയെടുക്കണം....................................അഹിംസ എന്നത് ഭീരുത്വമാണ്. ഇതേ ആശയം ആധുനിക ഇറ്റലിയുടെ  ശില്പി  മുസ്സോളിനി പ്രഭു കൂടുതൽ വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട്. അദ്ധേഹം പറയുന്നു: യൂറോപ്പുമായുള്ള നമ്മുടെ സമാധാനവും സഹവർത്തിത്തവും മില്ല്യൻ കണക്കിന് ബയണറ്റുകൾ കൊണ്ടുള്ളതാണ്. "


ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ ശത്രുവിനെക്കുറിച്ച് ഒരു വ്യക്തത തുടക്കത്തിൽ മൂന്ജെ എവിടെയും വരുത്തുന്നില്ല എന്നതാണ്.  അതിന്റെ പിന്നിൽ വ്യക്തമായ ഒരു ഉദ്ധേശം ഹിന്ദുത്വ നേതാക്കൾക്കുണ്ടായിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര സമര പ്രസ്ഥാനം കൊടുമ്പിരി കൊള്ളുന്ന സമയമാണ് ഇവർ ഫാഷിസത്തിന്റെ വിത്ത് പാകാൻ ഓടി നടക്കുന്നത്. അപ്പോൾ ശത്രു ബ്രിട്ടീഷുകാരാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ചോട്ടേയെന്നുള്ള ഒരു കുത്സിത താല്പര്യം ഇവർക്കുണ്ടായിരുന്നു.  അത് കൊണ്ടാണ് ഹിന്ദുത്വ നേതാക്കളുടെ ഫാഷിസ്റ്റ്‌-നാസിസ്റ്റ് ബന്ധം പറയുമ്പോൾ ഇവർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ചർച്ചയിലേക്ക് വലിച്ചിടാറുള്ളത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുന്നേ തന്നെ സുഭാഷ്‌ ചന്ദ്ര ബോസിന് അച്ചുതണ്ട് ശക്തികളായ ഇറ്റലിയിലെയും ജർമ്മനിയിലെയും ജപ്പാനിലേയുമൊക്കെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം സഖ്യ ശക്തികളിലെ അംഗമായ ബ്രിട്ടനെതിരെയുള്ള നീക്കങ്ങളിലൂടെ ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജ്ജം സംഭരിക്കാനുള്ള  വഴികളായാണ് അദ്ധേഹം ഉപയോഗപ്പെടുത്തിയത്. നേതാജിയുടെ ഫോർവേഡ് ബ്ലോക്കിനെ സ്വാതന്ത്ര സമരത്തിന്റെ പേരിൽ ഹിന്ദു മഹാസഭയുടെ ഹൈന്ദവ സായുധ സംഘാടനത്തിന്റെ ആലയിൽ കെട്ടാൻ സവർക്കരുടെ നേതൃത്വത്തിൽ ഒരു പാട് നീക്കങ്ങൾ അന്നേ നടന്നിരുന്നു. . 1940-ൽ സവർക്കറുടെ ദാദറിലെ വസതിയിൽ സുഭാഷ് ചന്ദ്രബോസ് ചർച്ചക്കെത്തിയെങ്കിലും എതിർപ്പുകൾ മൂലം അത്തരമൊരു സഹകരണത്തിന് സാധ്യത തുറന്നില്ല. ആ ഒരു കൂടിക്കാഴ്ച്ചയുടെ ഫലമായി ഉണ്ടായ ഒരു രേഖയും  സവർക്കറുടെയോ നേതാജിയുടെയോ എഴുത്തുകളിൽ ലഭ്യവുമല്ല. സുഭാഷ് ചന്ദ്ര ബോസ് സവർക്കരെ വന്നു കണ്ടു ചർച്ച  നടത്തിയെന്നുള്ള ഈയൊരു കച്ചിതുരുമ്പ് മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ ആർ എസ് എസ്സിനും ഹിന്ദു മഹാസഭക്കുമുള്ള സംശയാസ്പദമായ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാൻ സംഘപരിവാരം ഇന്നും ഉപയോഗിക്കുന്നത്. സ്വാതന്ത്ര സമരത്തിന്‌ അച്ചുതണ്ട് ശക്തികളുടെ  സഹായം തേടാൻ നേതാജിയെ പ്രേരിപ്പിച്ചത് 1940 കളിൽ സവർക്കരാണെന്ന വാദം തന്നെ അസംബന്ധമാണ്. കാരണം 1933 മുതൽ തന്നെ ബോസിന് ഈ രാജ്യങ്ങളിലെ വലതുപക്ഷ നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രേഖകൾ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ കൂടിക്കാഴ്ച്ചയെ വ്യാഖാനിക്കാൻ ഹിന്ദുത്വ ശക്തികൾ എന്നും തയ്യാറായിട്ടുണ്ട്. ഗാന്ധി വധത്തിൽ കുരുക്കിലായതോടെ സവർക്കർ നിലനിൽപ്പിനു വേണ്ടി ഈ ചർച്ചയുടെ വിശദാംശങ്ങൾ എന്ന പേരിൽ കുറെ കാര്യങ്ങൾ പടച്ചുണ്ടാക്കി പുറത്തു വിട്ടിരുന്നു എന്നതും ചരിത്രം.


തുടക്കത്തിൽ ശത്രുവിനെക്കുറിച്ചുള്ള വ്യക്തതയിൽ മൗനം പാലിച്ച ഹിന്ദുത്വ ശക്തികൾ ഹിറ്റ്ലറുടെ നാസീ ജർമ്മനിയേയാണ് ശത്രുരൂപീകരണത്തിന് മാതൃകയാക്കിയത്. ഹെഡ്ഗെവാർ മുസ്സോളിനിയുടെ ഫാഷിസത്തെ ആശ്ലേഷിച്ച് ആർ എസ് എസിന് രൂപഭേദങ്ങൾ വരുത്തിയപ്പോൾ ഗോൾവാക്കറും വീർ സവർക്കരും ഹിറ്റ്ലരുടെ  നാസിസത്തിന്റെ ആര്യരക്ത സങ്കല്പ്പത്തിലധിഷ്ടിതമായ വംശീയ ശുദ്ധീകരണ സിദ്ധാന്തം ആഗിരണം ചെയ്ത് മുഖ്യ ശത്രുവിനെ നിർമ്മിച്ചു.

ഗോൾവാക്കർ തന്റെ കുപ്രസിദ്ധമായ "We or our Nationhood defined' എന്ന ഹിന്ദുത്വ യുടെ സൈദ്ധാന്തിക ഗ്രന്ഥത്തിൽ എഴുതുന്നു:

" ജർമ്മൻ ദേശീയതയുടെ സ്വാഭിമാനം ഇന്ന് ചർച്ചയായിരിക്കുന്നു. അവർ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി ജൂതരെ നിഷ്കാസനം ചെയ്തതിലൂടെ വീണ്ടെടുത്ത്‌  ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. തീവ്രദേശീയാഭിമാനത്തിന്റെ ഏറ്റവും ഉദാത്തമായ  സാക്ഷാല്കാരമാണത്. വിഭിന്നാശയങ്ങളും സംസ്കാരങ്ങളും നിലനിർത്തുന്നത് ഒരു രാഷ്ട്രത്തിന്റെ ഏകീകരണത്തിന് തീർത്തും അസാധ്യമാണെന്ന പാഠം ജർമ്മനി നമുക്ക് കാണിച്ചു തരുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നല്ലൊരു പാഠമാണിത് , ഭാവിയിൽ നമുക്ക് നേട്ടം കൊയ്യാനും.."

1939-ൽ ഹിന്ദു മഹാസഭയുടെ ഇരുപത്തിയൊന്നാം സെഷനിൽ സവർക്കർ ഹിന്ദുത്വയുടെ ശത്രുവിനെ കൂടുതൽ വ്യക്തമാക്കി:

"ജർമ്മനിയിലെ ജൂതരെപ്പോലെത്തന്നെ ഇന്ത്യയിലെ മുസ്ലിംകൾ അടുത്തുള്ള ഹിന്ദുവിനേക്കാൾ പുറത്തുള്ള അവരുടെ ആളുകളോട് ചാഞ്ഞു നിൽക്കുന്നവരാണ്.............................അവരുടെ പുണ്യസ്ഥലം അങ്ങു ദൂരെ അറേബ്യയിലും ഫലസ്തീനിലുമൊക്കെയാണ്. അവരുടെ വിശ്വാസവും പ്രവാചകനും മതനായകരും ഈ മണ്ണിന്റെ മക്കളല്ല. അവരുടെ രൂപവും പേരുകളും വിദേശിയുടേതാണ്".

ബി എസ് മൂന്ജെ ഒന്നു കൂടി സ്പഷ്ടമാക്കി കാര്യങ്ങൾ:

"ഇന്ത്യയിലെ മുസ്ലിംകൾ വല്ലാത്തൊരു ശല്യങ്ങൾ തന്നെയാണ്. കോണ്ഗ്രസ് അവർക്കെതിരെ നില്ക്കില്ല എന്ന് മാത്രമല്ല, അവരെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് കൊണ്ഗ്രസ്സിനെയും മുസ്ലിംകളേയും ഒരേ സമയം നേരിടേണ്ടതുണ്ട്. ഹിന്ദു മഹാസഭ അത്തരം കലാപങ്ങൾക്ക് സഹായം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ നഗരങ്ങളിൽ വോളണ്ടിയർമാരെ തയ്യാറാക്കി നിർത്തേണ്ടതും RSS ഇതിൽ ഏറെ സഹായകമായ ഒരു സംവിധാനമായി വർത്തിക്കുകയും  ചെയ്യും."

 പറഞ്ഞു വന്നത് ഇന്ത്യയിലെ RSS എന്നത് മുസ്സോളിനിയുടെ വംശീയ മിലിട്ടറി വല്കരണ  ഫാഷിസവും ഹിറ്റ്ലറുടെ  വംശീയ ശുദ്ധീകരണ നാസിസവും സമം ചേർത്ത് രൂപപ്പെടുത്തപ്പെട്ട ഒരു ഹിന്ദുത്വ ഭീകര സംഘടനയാണെന്നതാണ്. അവരുടെ ഉപജ്ഞാതാക്കൾ പണ്ട് ആഗ്രഹിച്ചത്‌ പോലെയുള്ള മുസ്സോളിനിക്കും ഹിറ്റ്ലർക്കും ഗുണവിശേഷങ്ങളിൽ  സമം വെക്കാവുന്ന ഒരു ഒന്നാന്തരം ഫാഷിസ്റ്റിനെ ഇന്നവർക്ക് നേതാവായി ലഭിച്ചിരിക്കുന്നു. അതാണ്‌ സാക്ഷാൽ നരേന്ദ്ര മോഡി.

ആരാണൊരു ഫാഷിസ്റ്റ്‌?   അവൻ എപ്പോഴും തീവ്രദേശീയതാ വാദം ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കും. വംശീയത അവന്റെ വാക്കുകളിലും പ്രവർത്തികളിലും എപ്പോഴും കടന്നു വരും.  പുരുഷാധികാരത്തിന്റെ ചിഹ്നങ്ങൾ ഇടയ്ക്കിടെ അവന്റെ വാക്കുകളിൽ തികട്ടി വരും. വയലൻസിന്റെ പുനരുത്ഥാന സ്വഭാവം പരമാവധി പ്രയോഗത്തിലൂടെ ഉപയോഗപ്പെടുത്തും. രാജ്യം രാഷ്ട്രീയാഭയം കൊടുത്തവരോട് തികഞ്ഞ വംശീയത പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. ആസൂത്രിതമായ വയലൻസിലൂടെ വംശീയ ഉന്മൂലനത്തിന്റെ പ്രയോക്താവായി മാറും. രാജ്യത്തെ   മാധ്യമങ്ങളെ വിലക്കെടുത്ത് ഗീബൽസിയൻ നുണ ബോംബുകളിലൂടെ കപടപ്രതിഛായ നിർമ്മിച്ചെടുക്കും . എതിർപ്പുകളെ തൃണവല്കരിച്ചു സംഘടനയിൽ സുപ്രീം ലീഡർ എന്ന പദവിയിലേക്ക് സ്വയം അവരോധിക്കും. വംശീയതയിലും ഒരു അന്തർദേശീയത പുലർത്തി പോരും. വലിയ ജനക്കൂട്ടങ്ങളെ വെച്ചുള്ള മാസ് ഹിസ്റ്റീരിയ ഒരു ഹരമായി നിലനിർത്തും......

ബി ജെ പിക്കകത്തെ താരതമ്യേന വിഷം കുറഞ്ഞ സുഷമ സ്വരാജിനെയും രാജ്നാഥിനെയും അരുണ്‍ ജയറ്റ്ലിയെയുമൊക്കെ വെട്ടിമാറ്റി നാഗ്പൂരിൽ മോഹൻ ഭഗവതിന്റെ കാർമികത്വത്തിൽ  ഇന്ത്യയുടെ  മഹത്തായ ജാനാധിപത്യ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് RSS പറത്തി വിട്ട  നരേന്ദ്ര മോഡിയെന്ന പ്രതിഭാസത്തെ  മുകളിൽ പറഞ്ഞ  ഫാഷിസ്റ്റിന്റെ ലക്ഷണ ശാസ്ത്രം വെച്ചൊന്ന് വിലയിരുത്തി നോക്കൂ. നൂറ്റുക്ക് നൂറും ചേർച്ചയുള്ള ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ്‌ സെകുലർ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ഒരു ഇടിത്തീയായി വീഴാൻ കാത്തിരിക്കുന്നതായി കാണാം.

ഏതു കാട്ടാളനെയും ദേവനാക്കി കാണിക്കാൻ കെൽപ്പുള്ള PR സംവിധാനങ്ങളുള്ള ഈ കാലത്ത് സെകുലർപക്ഷത്തെന്നു നാം വെറുതെ തെറ്റിദ്ധരിച്ചുപോയ നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന മോഡി ഭക്തി കാണിക്കുന്നതെന്താണ്?  കേവലം ഒരു ബി ജെ പി കാന്റിഡേറ്റ് ആയി മാത്രം മോഡിയെ അവതരിപ്പിക്കുന്നത് ഇവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ചരിത്രമറിയാത്തത് കൊണ്ടായിരിക്കുമോ? സീ ന്യൂസ്‌, ഇന്ത്യ ടീവി, ടൈംസ്‌ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്,  അർനബിന്റെ ടൈംസ്‌ നൗ എന്നിങ്ങനെ തുടങ്ങി ഇങ്ങേയറ്റത്ത്‌ നമ്മുടെ ഏഷ്യാനെറ്റിലെ വിനു വീ ജോണ്‍ വരെ പെട്ടിയും കിടക്കയുമെടുത്തു വാരണസിയിൽ മോഡിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഈ രാജ്യത്തിന്റെ സെകുലർ ഡിമോക്രസിയെ ഫാഷിസത്തിന്റെ അന്തപുരത്തിലേക്കു കൂട്ടിക്കൊടുക്കാൻ മാത്രം രാജ്യം ഇവരോടെന്തു ദ്രോഹം ചെയ്തുവെന്നാണ് മനസ്സിലാവാത്തത്. രാജ്യത്തോട് കടപ്പാടുള്ളവനാണെങ്കിൽ വാരണസിയിലേക്ക് വണ്ടി കയറുന്നതിനു മുന്നേ ഇവരൊക്കെ  പോവേണ്ടിയിരുന്നത് ഗുജറാത്തിലേക്കാണ്. മോഡിയുടെ പീ ആർ ടീം ഊതിവീർപ്പിച്ച ഗുജറാത്ത് മോഡലിന്റെ പിന്നാമ്പുറങ്ങളിലേക്ക് കാമറ തിരിച്ചുവെച്ച് നാസി കാലത്ത് ഹിറ്റ്ലർ പയറ്റിയ ഇതേ അടവിന്റെ പൊള്ളത്തരങ്ങൾ ലോകത്തോട്‌ വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളെ ഈ രാജ്യം അടയാളപ്പെടുത്തുന്നത് സെകുലർ ഇന്ത്യയുടെ സേവിയർ എന്നാകുമായിരുന്നു.

ഫാഷിസം മുറ്റംകടന്നു കോലായിലേക്ക് കേറാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിക്ഷ്പക്ഷരാണെന്ന പല്ലവി ആവർത്തിച്ചുരുവിട്ടു തുല്യാവസരങ്ങളുടെ പേരില് സകല കുമ്മനം-മോഡിമാരെയും ന്യൂസ്‌ റൂമിലേക്ക്‌ പൂവിട്ടാനയിക്കുന്നതല്ല മീഡിയാ ജനാധിപത്യം എന്നും എന്തുതന്നെ വന്നാലും ഒരു ഫാഷിസ്റ്റിനെയും ഒരു കാലത്തും അവന്റെ വികടവാദങ്ങളുന്നയിക്കാൻ പറ്റാത്ത വിധം ന്യൂസ്‌ സ്റ്റുഡിയോകളുടെ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടക്കുമ്പോഴാണ്  ഒരു സെകുലർ ജനാധിപത്യസമൂഹത്തിൽ  മാധ്യമങ്ങൾ യഥാർത്ഥത്തിൽ അതിന്റെ നിക്ഷ്പക്ഷത രേഖപ്പെടുത്തുന്നത് എന്നും ഇവനൊക്കെ മനസ്സിലാക്കാൻ ഈ രാജ്യത്ത് ഇനിയും ജനാധിപത്യം ബാക്കിയുണ്ടാവട്ടെ. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിചിത്രത്തിനടുത്തായി വീർ സവർക്കറുടെ ചിത്രം സ്ഥാപിച്ച  പഴയ ഫാഷിസ്റ്റ്‌ അശ്ലീലതയുടെ  കൂടുതൽ മുന്തിയ പതിപ്പുകൾ  നരേന്ദ്രമോഡിയുടെ രൂപത്തിൽ നമ്മെ ഭരിക്കാതിരിക്കട്ടെ. നമ്മളെയും നമ്മുടെ മാധ്യമങ്ങളെയും ദൈവം രക്ഷിക്കട്ടെ.....

ശുഭം.....

LinkWithin

Related Posts Plugin for WordPress, Blogger...