ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 9 October 2010

"ആടുജീവിതം" - കഥയ്ക്കപ്പുറം ജീവിതം പറയുമ്പോള്‍.......

             അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്രവാസി എഴുത്തുകാരനും അദ്ദേഹത്തിന്‍റെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡ്‌ നേടിയ "ആടുജീവിതം" എന്ന നോവലും. സൈബര്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രവാസികളുടെ വെര്‍ച്വല്‍ കൂട്ടായ്മകളിലൂടെ പലപ്പോഴും ബിന്യാമിനും സൈനുദ്ദീന്‍ ഖുരെഷിയും ശിഹാബുദ്ധീന്‍ പൊയ്തുംകടവും ഷാനവാസ്‌ കൊനാരത്തും  എന്ന് തുടങ്ങി സജീവമായി  എഴുതുന്ന കുറേ  പ്രവാസികളെ  പരാമര്‍ശിക്കപ്പെട്ടു പോകാറുണ്ട്. അപ്പോഴും ഈയൊരു നോവലിന്‍റെ  പ്രമേയത്തെ പറ്റിയോ അതിന്‍റെ കഥാതന്തുവായി മാറിയ ഒരു യഥാര്‍ത്ഥ  ജീവിതത്തെക്കുറിച്ചോ ഒട്ടും അറിയില്ലായിരുന്നു. ഉപരിപ്ലവമായ ഒരു വായനക്കപ്പുറം നമ്മള്‍ കഥാപാത്രമാവുകയും കാലപ്രവേശം ചെയ്യുകയും കഥയോടൊപ്പം സഞ്ചരിച്ചു ഓരോ അണുവും അനുഭവഭേദ്യമാക്കി ക്രമേണ ഒരു അസ്വസ്ഥമായ മനസ്സ് അവശേഷിപ്പിച്ചു നമ്മള്‍ ബാക്കിയാവുകയും ചെയ്യുന്ന ഒരു അപൂര്‍വ വായനാനുഭവം. മരുഭൂരാജ്യങ്ങളിലെ പ്രവാസത്തിനു അത്തറിന്‍റെ  മണവും ചോക്ലേറ്റിന്‍റെ  രുചിയും ആര്‍ഭാടങ്ങളുടെ മോടിയും മാത്രം കണ്ടവര്‍ക്ക് അതിനപ്പുറം കൊടുംചൂടിന്‍റെ ആസുരതയും മാനംമുട്ടെ ചുഴലി പരത്തി വരുന്ന മണല്‍ കാറ്റിന്‍റെ തീവ്രതയും കൊടും വിഷം പേറുന്ന പാമ്പും തേളും നിറഞ്ഞ മരുക്കാടിന്‍റെ ഉള്ളറകളും കാട്ടിത്തരുന്നുണ്ടു ബിന്യാമിന്‍ ഇതില്‍. കോണ്ക്രീറ്റ് കാടുകളില്‍ ശീതീകരണിയുടെ മുരള്‍ച്ചയില്‍ സസുഖം ഉറങ്ങുന്ന നമ്മള്‍ക്കൊക്കെ  പ്രവാസത്തിന്‍റെ  മറുപുറം കാണാന്‍, അതിനപ്പുറം നരകിച്ചു ജീവിക്കുന്ന പേരറിയാത്ത നാടറിയാത്ത ഒരു പാട് മനുഷ്യജന്മങ്ങളെ ഓര്‍ത്തെടുക്കാന്‍ ഒരവസരവും. 
ഒരു നോവെലെഴുത്തിന്‍റെ   പ്രഖ്യാപിത കീഴ്വഴക്കങ്ങളൊന്നുമില്ലാതെ ആരുടെ കഥയാണോ പറയുന്നത് അവന്‍റെ മാനസികവ്യാപാരങ്ങളിലൂടെ, വികാരവിചാരങ്ങളിലൂടെ, വിഹ്വലതകളിലൂടെ, ആത്മ സംഘര്‍ഷങ്ങളിലൂടെ നേരെ ചൊവ്വേ കടന്നു പോകുന്നു നോവലിസ്റ്റ്.
  ആദ്യത്തെ രണ്ടു മൂന്നദ്ധ്യായങ്ങള്‍ പ്രവാസത്തിന്‍റെ  രേഖപ്പെടുത്തലുകളില്‍ എപ്പോഴും നമ്മള്‍ കേള്‍ക്കാറും  കാണാറുമുള്ള സംഭവങ്ങളുടെ ഹൃദയഭേദകമായ വിവരണമാണ്.  രേഖകളില്ലാതെയും കള്ളവിസക്കും മറ്റും വന്നു അവസാനം നില്‍ക്കകള്ളിയില്ലാതെ അറബി പോലീസിനു പിടി കൊടുക്കാന്‍ വേണ്ടി അവരുടെ മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന പ്രവാസിയുടെ ചിത്രം. ഈയൊരു രംഗത്തിനു വിധിയുടെ ഒരു വിരോധാഭാസം നോവലിസ്റ്റു പറയുന്നത് പോലെ മിക്കപ്പോഴും കാണാറുണ്ട്‌. ഉംറ വിസയിലും  മറ്റും വന്നു ഇവിടെ ജോലി ചെയ്യുന്ന ഒരു പാട് മലയാളികളുണ്ട്. പരമാവധി പിടിച്ചു നിന്ന് കടം തീര്‍ത്തിട്ടെങ്കിലും പിടിയിലായാല്‍ മതിയേ എന്ന് പ്രാര്‍ഥിച്ചു  നടക്കുന്ന ഇവരെ ജോലിസ്ഥലത്തും താമസിക്കുന്നിടത്തും റൈഡ് നടത്തി പോലീസ് പിടിച്ചു കൊണ്ട് പോകുന്നു. മറ്റൊരു കൂട്ടര്‍ എങ്ങിനെയെങ്കിലും ഒന്ന് പിടിച്ചു കിട്ടിയാല്‍ മതിയേ എന്ന് ആഗ്രഹിച്ചു റോഡിലും പൊതു സ്ഥലങ്ങളിലും പോലീസിനു മുന്നിലൂടെ എത്ര നടന്നാലും അവരൊന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. അങ്ങിനെ പോലീസ് ഒന്ന് പിടിച്ചു കിട്ടിയാല്‍ അല്‍പ കാലം ജയിലില്‍ കിടന്നാലും ഫ്രീ ആയി ബോംബെ വരെ എത്താം എന്നുള്ള പ്രതീക്ഷയാണിവര്‍ക്കൊക്കെ.  അങ്ങനെയൊരാഗ്രഹത്തില്‍ റിയാദ് ബത്ത പോലീസ് സ്റ്റേഷന്‍റെ മുമ്പിലൂടെ നടന്നു ഫലം കാണാതെ സ്റ്റേഷനുള്ളിലേക്ക് കയറിപ്പോകുന്ന നജീബിന്‍റെയും ഹമീദിന്‍റെയും ചിത്രത്തോടെയാണ് നോവല്‍ തുടങ്ങുന്നത്. പിടിയിലായി പൊതുജയിലില്‍ എത്തിപ്പെടുന്നതും നാട്ടിലേക്ക് മടക്കം കിട്ടാന്‍ തങ്ങളുടെ പേരുള്ള ലിസ്റ്റുമായി  ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതും ആയ   ഒരു കൂട്ടം മലയാളികളെ വരച്ചു കാണിക്കുന്നു കഥാനായകന്‍ നജീബിന്‍റെ വാക്കുകളിലൂടെ നോവലിസ്റ്റ്. ആഴ്ചയിലൊരിക്കല്‍ ജയിലില്‍ നടക്കുന്ന തിരിച്ചറിയല്‍ പരേഡും അതിലൂടെ പണിസ്ഥലത്തു നിന്നും ഓടിപ്പോയവരെ തിരക്കി അര്‍ബാബ് എന്ന് വിളിക്കപ്പെടുന്ന അറബി സ്പോണ്‍സര്‍മാര്‍ വന്നു തന്‍റെ അടുത്ത് നിന്നും ചാടിപ്പോയവനെ തിരിച്ചറിഞ്ഞു അതിക്രൂരമായി മര്‍ദ്ദിച്ചു പഴയ നരകത്തിലേക്ക് തന്നെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വിവരണം ഹൃദയം തകര്‍ക്കുന്ന ഒന്നാണ്. തന്‍റെ കൂടെ പിടി കൊടുത്ത സുഹൃത്ത്‌ ഹമീദിനെ നാട്ടിലേക്ക് പോകാന്‍ എംബസ്സി ലിസ്റ്റില്‍ ഇടം നേടിയതിന്‍റെ തൊട്ടു മുന്നേ ദിവസം അര്‍ബാബ് വന്നു തിരിച്ചറിഞ്ഞു പിടിച്ചു കൊണ്ട് പോകുന്നത് നജീബ് വിവരിക്കുന്നു. ശേഷം നജീബ് തന്‍റെ കഥ പറയുകയാണ്‌. നാട്ടില്‍ മണല് വാരി സമ്പാദിച്ചതും പുതുപ്പെണ്ണിന്‍റെ സ്വര്‍ണം വിറ്റും നാടൊട്ടുക്ക് കടം വാങ്ങിയും ഒപ്പിച്ചെടുത്ത കാശിനു ഒരു വിസ സംഘടിപ്പിച്ചു  റിയാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍  നജീബും നാട്ടുകാരന്‍ ഹകീമും വന്നിറങ്ങുന്നത് മുതല്‍ ഒരു ദുരന്ത കഥയുടെ ചുരുള്‍ നിവരുകയാണ്‌. വിമാനത്താവളത്തില്‍ ആരെയും കാണാതെ തങ്ങളെ വിസ തന്നു കൊണ്ടുവരുന്ന അര്‍ബാബ് ഇപ്പോള്‍ കൊണ്ട് പോകാന്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഇവരെ ഒരു പ്രാകൃത ബദു അറബി കൂട്ടിക്കൊണ്ടു പോകുന്നു. ഭാഷയറിയാത്ത ഇവര്‍ അയാളുടെ കൂടെ ഒരു പഴയ  കാറിന്‍റെ പുറകില്‍ കയറി റിയാദ് പട്ടണവും കടന്നു മരുഭൂമിയുടെ ഏതോ വെളിച്ചം കയറാത്ത മൂലയില്‍ ഒരു ആടു ഫാമില്‍ എത്തിക്കപ്പെടുന്നു.  പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിന്‍റെ ഗതിവിഗതികള്‍ നോവലിസ്റ്റ് പച്ചയായി ചിത്രീകരിക്കുന്നു. ഒരു വേള അതിശയോക്തികളില്ലേ എന്ന് തോന്നാമെങ്കിലും നോവലിസ്റ്റ് തന്നെ പറയുന്ന പോലെ നമ്മളറിയാത്ത മരുഭൂമിയുടെ പല മുഖങ്ങളുണ്ട്. അത്തരം എല്ലാ മുഖങ്ങളും നേര്‍ക്ക്‌ നേര്‍ കണ്ടു മൂന്നര വര്‍ഷം പുറംലോക ബന്ധമില്ലാതെ, കുളിയും നനയുമില്ലാതെ, ഒരു നേരം കിട്ടുന്ന ഉണങ്ങിയ കുബ്ബൂസും പച്ചവെള്ളവും അല്ലാതെ മറ്റൊരു ഭക്ഷണവും കാണാതെ ആടുകളോടൊപ്പം നടന്നു, ആടുകളോടപ്പം  കിടന്നു, ആടുകളോടൊപ്പം സംവദിച്ചു, അവസാനം താനൊരു ആടായി മാറിയ കഥ നജീബ് പറഞ്ഞത് ഒരു നോവലിന്‍റെ ഭാഷ്യത്തിലേക്ക് മാറ്റിയെന്നെ ഉള്ളൂ നോവലിസ്റ്റ് ബിന്യാമിന്‍. ഇതിലൂടെ കടന്നു പോകുമ്പോള്‍ നമ്മളറിയാതെ നജീബിലേക്ക് നമ്മള്‍ പരകായപ്രവേശം ചെയ്യപ്പെടുകയും അവസാനം നമ്മളും ഒരാടായി പരിണമിക്കുന്ന  ഒരു വല്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. യഥാര്‍ത്ഥ ജീവിതകഥകള്‍ ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ അവിടെ സാഹിത്യമൂല്യവും പദസമ്പത്തും ശൈലീമികവും ഭാഷാപരമായ നോവലിന്‍റെ  അസ്ഥിപരതക്കുമപ്പുറം സംവേദനം ചെയ്യപ്പെടുന്ന ഒരു അവസ്ഥാന്തരമുണ്ട്. നമ്മള്‍ നമ്മളല്ലാതാവുകയും അവതരിപ്പിക്കപ്പെടുന്ന കഥ നമ്മുടെതാവുകയും  കഥാനായകന്‍ നമ്മിലേക്ക്‌ സന്നിവേശിപ്പിക്കപ്പെടുകയും  ഇതര കഥാപാത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ളവരുമായി സാദൃശ്യപ്പെടുകയും ചെയ്യുന്ന ഒരു മെറ്റാമോര്‍ഫ്. 
എനിക്കീ കഥ ഒരു അതിശയോക്തിയേയല്ല. നോവലിന്റെതായ സങ്കേതങ്ങള്‍ക്ക്‌ വേണ്ടി താന്‍ കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ നോവലിസ്റ്റ്‌  അനുബന്ധത്തില്‍  പറയുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇത് പോലെ ഒരു നജീബിനെ എന്‍റെ വീടിനടുത്ത് എനിക്കറിയാം.  ഏതോ ഒരു വിസയില്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടു മരുഭൂമിയുടെ ഏതോ ഒരറ്റത്ത് ആടുമേക്കുന്ന ജോലിയില്‍ എത്തിപ്പെട്ടു എട്ടു പത്തു വര്‍ഷത്തോളം യാതൊരു വിവരവുമില്ലാതിരുന്ന ഒരാള്‍. ഇതൊരു ഒറ്റപ്പെട്ട കഥയല്ല. നോവലില്‍ നജീബ്  പറയുന്ന പോലെ ജീവിതത്തിലെ അപ്പോഴുള്ള ഏക ആഗ്രഹം ഒരു പുല്‍ക്കൊടിയുടെ തണല് കിട്ടുക എന്നത് മാത്രമായുള്ള എത്രയോ ഹതഭാഗ്യര്‍  തീ പൂക്കുന്ന മരുക്കാട്ടില്‍ ആടുകളോടും ഒട്ടകങ്ങളോടും മല്ലിട്ട് ജീവിതം തീര്‍ക്കുന്നുണ്ട്. പ്രവാസം ഒരു സുഖവാസമായിട്ടുള്ളവര്‍ക്ക് നജീബ് ഒരു പാഠമാണ്. ഒപ്പം ഒരു ഓര്‍മപ്പെടുത്തലും. ജീവിതം പറയുമ്പോഴേ ഏതു സാഹിത്യരൂപവും ഉദാത്തമാകുന്നുള്ളൂ  എന്നത് കൊണ്ട് തന്നെ "ആടുജീവിതം" കൈരളിക്കു സമ്മാനിച്ച പ്രവാസികളുടെ കഥാകാരന്‍ ബിന്യാമിന് നന്‍മകള്‍ നേരുന്നതോടൊപ്പം ജീവിതഗന്ധിയായ കഥകള്‍ പറഞ്ഞു മലയാളത്തെ ഇനിയും ധൈഷണികമായ അനുരണനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കാന്‍  കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം. 
നജീബിനോടൊപ്പം  നോവലിസ്റ്റ് ബിന്യമെന്‍

14 comments:

 1. fine...nice post...expecting more posts

  ReplyDelete
 2. ഉഗ്രന്‍
  അതാണ് ശരി.

  ReplyDelete
 3. എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല 'ആടുജീവിത'ത്തിന്റെ മഹിമ.
  വായനക്കാരന്റെ ഉള്ളിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് അവിടെയത് നീറുന്നൊരു വ്രണമായവശേഷിക്കുന്നു.
  ഇത് നോക്കൂ .

  ReplyDelete
 4. Thanks 'Mayflowers' for kind reading and comment

  ISMAIL K

  ReplyDelete
 5. ആടുജീവിതം മനോഹരമായ ഒരു പുസ്തകമാണ്. ഈ അവലോകനവും. പുസ്തകവിചാരം ഗ്രൂപ്പ് ബ്ലോഗിലേക്ക് മുതല്‍ക്കൂട്ടാക്കുന്നതില്‍ വിരോധമില്ല എന്ന് കരുതട്ടെ.

  ReplyDelete
 6. ആടുജീവിതത്തിനു അനുയോജ്യമായൊരു അവലോകനം ,നന്നായി പറഞ്ഞു ഇസ്മയില്‍.

  ReplyDelete
 7. എന്തിന് ആട് ജീവിതം വയിക്കണം --അതിലും മനോഹരമായിരിക്കുന്നു താങ്കളുടെ പോസ്റ്റിംഗ് ... അവിചാരിതമായി ഇവിടെത്തി---വീണ്ടും കാണാം ...
  സ്നേഹം മരണപ്പെട്ട തുരുത്തില്‍ നിന്നും !
  ഇളംകാറ്റ്

  ReplyDelete
 8. ഈ അവലോകനം നന്നായി കെട്ടോ ഭായ്

  ആശംസകൾ

  ReplyDelete
 9. wht a story man..awezomeeeeeeeeeeeee

  ReplyDelete
 10. അവലോകനം നന്നാവുന്നത് ആ കഥയിലെ തീഷ്ണതതന്നെയാണ്....!
  ഏതൊരു മനസ്സിനെയും ഒരുവേള ആര്‍ത്തിയോടെ അല്ലെങ്കില്‍ അത്യര്തിയോടെ
  വായിച്ചു തീര്‍ക്കാന്‍ കൊതിക്കുന്നുവെങ്കില്‍ അത് ആ എഴുത്തിന്റെ സത്യസന്ധമായ വിജയം കൂടിയാണ്.അതിലേക്ക് താങ്കളുടെ ഈ എത്തിനോട്ടം വളരെ ഭംഗിയായി ....
  ആശംസകളോടെ
  അസ്രുസ്

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...