ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 25 June 2011

അനുയാത്ര

                    ആദ്യമാദ്യം  പ്രണയനിര്‍ഭരങ്ങളായിരുന്നു വാക്കുകളും എഴുത്തുകളും.  പരസ്പരം കണ്ടെത്താന്‍ എന്തേ ഇത്ര വൈകിപ്പോയെന്ന പരിഭവങ്ങളുടെ വേലിയേറ്റങ്ങളുമായി നിരതെറ്റിയ അക്ഷരങ്ങള്‍. പുലരി പോലെ വെട്ടം നിറഞ്ഞ ഉള്ളിനെക്കുറിച്ച്, ഉറക്കം പിടിതരാതെ ഒളിച്ചുപാര്‍ക്കുന്ന രാവിന്‍റെ  കുസൃതിയെക്കുറിച്ച്, തൊലിപ്പുറം തുളച്ചു അകത്തേക്ക് കയറുന്ന തണുപ്പിനെ തടുക്കാനാവാതെ വിറയാര്‍ന്നു പൊട്ടിയ അധരങ്ങളെക്കുറിച്ച്,  പൂക്കളും ഇലയും വീണു പല നിറം ചാലിച്ച ഊടുവഴികളിലൂടെ മരപ്പെയ്ത്തില്‍ നനഞ്ഞുള്ള ഒരു സന്ധ്യാസവാരിയെക്കുറിച്ച്,  കൊന്ന പൂക്കുന്ന മേടമാസത്തിലെ ചൂടില്‍  വിയര്‍പ്പിലൊട്ടിയുള്ള ഒരു ഉച്ചമയക്കത്തെക്കുറിച്ച്, നിലാവിറ്റ് വീഴുന്ന ഒരു തെളിഞ്ഞ രാത്രിയില്‍ പുഴയോര മണലില്‍ മാനം നോക്കി കിടന്നുള്ള ഒരു കൂട്ടു സതിരിനെക്കുറിച്ച്, ചിറ പൊട്ടി വന്ന  ഒഴുക്കില്‍ കുതിച്ചു പായുന്ന  വികാരനൗകയെ   പിടിച്ചു കെട്ടാനുള്ള പെടാപാടിനെക്കുറിച്ച്, അങ്ങിനെയങ്ങിനെയൊരുപാട് ....   

 **********************

"പ്രണയമൂറ്റുന്നത്‌  ഒരു കലയാണോ?" 
ചോദ്യം അപ്രതീക്ഷിതമായിരുന്നു. അത് കൊണ്ട് തന്നെ ഉത്തരം മൗനത്തില്‍ അവസാനിപ്പിച്ചു ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
"ആണല്ലേ, നിന്‍റെ കണ്ണുകള്‍ അങ്ങിനെ പറയുന്നു"
ഞാനൊന്ന് തല കുലുക്കി. ആണെന്നോ അല്ലെന്നോ എന്ന് തിരിച്ചറിയാനാകാത്ത പരുവത്തില്‍‍. 

"എന്നും നോവ്‌ തിന്നുന്നവളുടെ, വിരഹത്തിലൊട്ടി  മൗനമേറുന്നവളുടെ, പിന്നില്‍ ഇരുട്ട് മറക്കുന്നവളുടെ, വഴിയിലെന്നുമൊറ്റപ്പെടുന്നവളുടെ, ഇവരുടെയൊക്കെ പ്രണയമൂറ്റിയെടുക്കുന്നത് ഒരു തരം കല തന്നെ!". 

LinkWithin

Related Posts Plugin for WordPress, Blogger...