ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 7 March 2011

പെണ്ണടയാളങ്ങള്‍

പെറ്റും പോറ്റിയും ഒരുത്തി
നേരിന്റെ പകലില്‍
നോവിന്റെ നിഴല്‍ മറച്ചു
സഹ്യനോളം സഹിച്ചു
ആര്‍ദ്രതയുടെ അമ്മിഞ്ഞ നുണച്ച് 
അലിവിന്റെ അഴക്‌ പാകി
അറിവിന്റെ വിത്തിട്ട്
ഒരമ്മ, എന്റെ മാത്രം 

അപ്പുറം
ഒരു ജനല്‍ കമ്പിയില്‍
മുഖം ചേര്‍ത്ത്
അനന്തതയൊക്കെയും
മിഴിക്കുഴികളില്‍ പകര്‍ത്തി
പരിഭവങ്ങളില്ലാതെ
പരാതിപ്പൊതി അഴിക്കാതെ 
ഒറ്റയുടെ തുരുത്തില്‍
വീണ്ടുമൊരമ്മ
അതാരുടേതാണാവോ?

കൂട് കൂട്ടാന്‍
ഒരു ചില്ല വേണം
അലഞ്ഞു കുഴയും മുമ്പേ
ഒരു കൂടുമായി അവള്‍
ഞാന്‍ ആകാശമാകാം
നീ ചിറകാകുക
കാണുന്നതൊക്കെ
കണ്ണിനു വിരുന്നാവുക
കാണാത്തതിന്റെ
പൊരുളറിയുക
എത്ര സുന്ദരമെന്നവള്‍
എത്ര മനോഹരിയെന്ന് ഞാന്‍

കൂട് ബാക്കിയുണ്ട്
ചില്ലയില്ല പേറാന്‍
ഇരുട്ട് മൂടി ആകാശം
ഒടിഞ്ഞ അസ്ഥിയില്‍
ഭാരമായി ചിറക്‌
നീയെവിടെയെന്നവള്‍
നിയതിയുടെ ചുവരില്‍ തട്ടി
പോയ  ചോദ്യം തിരിച്ചു വന്നു
നീയെവിടെ?

കൂട്ട് കൂടിയതിനെ
കൂട്ടിക്കൊടുത്തവന്‍ 
അടുത്ത ചില്ല തേടി
അക്കരയ്ക്ക്


LinkWithin

Related Posts Plugin for WordPress, Blogger...