ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍ ചരടുകളുടെ
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം.
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും വായപ്പടച്ചി റഫീക്കുമൊക്കെ ഇത്തരം പാവകളാണ്.
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും. അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന്
വരുന്നു.
എന്ത് കൊണ്ടാണ് ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത്
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന് ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍ ഒന്നാണ് ഇന്ത്യയിലെ സി. പി. എം.