രാജസ്ഥാന്റെ ശേഖാവതി ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ
ആ മഹാഭേരി ആര്‍ത്തലച്ചു വന്ന് 84 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക്
കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍ കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും
തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം ഒരു വരി പോലും പാടാന്‍ ആകാതെ.
ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട് മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍മല്യമുള്ള ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും
ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു
റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ അത്ഭുതത്തോടെ
നോക്കി നിന്ന ആരാധകരോടദ്ദേഹം പറഞ്ഞു: " ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍
കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം".