ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday, 31 October 2014

സദാചാരചുംബനങ്ങൾ

ഡൌണ്‍ടൌണ്‍ സംഭവാനന്തരം ഒരുപറ്റം കുട്ടികൾ സൈബർവിഹായസ്സിൽ
പറത്തിവിട്ട  ചുംബനപരാഗങ്ങൾ മലയാളിയുടെ കപടസദാചാരമുകുളങ്ങളിൽ കയറി നടത്തിയ പരാഗണങ്ങൾ ചില പൂച്ചുകളെ പുറത്തുചാടിച്ചിരിക്കുന്നു.

കാവിഫാഷിസം മുറ്റംകടന്നു കോലായയിലേക്ക് ‍ കസേര വലിച്ചിട്ടിരിക്കുന്ന ഈ കെട്ടകാലത്ത് പൊട്ടൻകളിക്കാൻ മാത്രമായി ഇവിടത്തെ മതേതരജനാധിപത്യക്കാരും സദാചാരവാദികളും ഒരുപോലെ നിന്നുകൊടുക്കുന്നു എന്നത്  പ്രതീക്ഷക്ക് വകയില്ലാത്ത ഒരു വരുംകാലം നമ്മെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.
ജയ്ഹിന്ദ്‌ ടീവിയിലെ വോയേറിസം ബാധിച്ച ഒരു ഞരമ്പുരോഗി തന്റെ ക്യാമറ കൊണ്ട് നടത്തിയ ആ  ഒളിഞ്ഞുനോട്ടം ചികിത്സ തേടേണ്ട ഒരു രോഗാവസ്ഥയാണ്. എല്ലിൻ കഷ്ണം വീണുകിട്ടിയ പട്ടിക്കൂട്ടങ്ങളെപ്പോലെ ആ ഒരു ബിറ്റിനെ മസാല ചേർത്ത്  പൊലിപ്പിച്ചെടുത്ത എഡിറ്റിംഗ് ടേബിളിലെ വാർത്താജീവികൾക്ക് അവർ വേവിച്ചെടുക്കുന്ന സദാചാരഗുണ്ടിന്റെ വിപല്സാധ്യതകൾ അറിയാതെ പോയതാവണം എന്നില്ല.  മറിച്ച് ഒരു കൂട്ടിക്കൊടുപ്പിന്റെ പിന്നാമ്പുറരഹസ്യങ്ങൾ ഇനിയും പിടിവിട്ട് പുറത്തുവന്നുകൂടായ്കയില്ല.
സംഘപരിവാർ ഫാഷിസത്തിന്റെ  ഇദംപര്യന്തമുള്ള സാമൂഹിക-സാമ്പത്തികാധിനിവേശ രീതിശാസ്ത്രം അറിയാത്തവർക്ക് ഇതൊരു സദാചാരവെടി മാത്രമാണ്. എന്നാൽ ഗുജറാത്ത് അടക്കമുള്ള  സംഘ്പരിവാർ പ്രായോജകരായിട്ടുള്ള  എണ്ണമറ്റ കലാപങ്ങളുടെയൊക്കെ പ്രാഥമിക ഉന്നം അവിടത്തെ ന്യൂനപക്ഷങ്ങളുടെ വ്യാവസായിക സംരംഭങ്ങളുടെ വേരിൽ തീയിടുക എന്നതായിരുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായ രംഗത്തെ ശക്തമായ ന്യൂനപക്ഷസാന്നിധ്യത്തെ തുരത്തലായിരുന്നു ഗുജറാത്ത് കലാപത്തിന്റെ കാതലായ ലക്‌ഷ്യം. കോഴിക്കോട് ഡൌണ്‍ടൌണ്‍ ഓപറേഷനും അങ്ങിനെയൊരു മുഖം കൂടി നമ്മൾ കാണേണ്ടതുണ്ട്.
സംഘികളും സദാചാരവും എന്നത് കടലും കടലാടിയും പോലെയുള്ള രണ്ട് സംഗതികളാണ്. അതിനെ രണ്ടിനെയും ബന്ധപ്പെടുത്തുന്നതിലും വലിയ അശ്ലീലം മറ്റൊന്നില്ല. അതിനെല്ലാമപ്പുറം നമ്മളെ അസ്വസ്ഥപ്പെടുത്തേണ്ടത് മലയാളിയുടെ ഹിപോക്രസിയിൽ ചുട്ടെടുത്ത ഒരു വല്ലാത്ത അളിഞ്ഞ സാമൂഹികാവസ്ഥയാണ്.  ഒരാണും പെണ്ണും ഒരിടത്ത്  ഇരുന്നു സംസാരിക്കുന്നത് പോലും അസഹ്യമായി കാണുന്ന അടക്കിപ്പിടിച്ച തൃഷ്ണകളുടെ ഭണ്ഡാരവുമായി ബീച്ചിലും പാർക്കിലും സദാചാരറഡാറും ഘടിപ്പിച്ച് നടക്കുന്ന 'പരനാറി'സമൂഹമായി മലയാളി മാറിയിരിക്കുന്നു. ഇതിനെ ചികിത്സിക്കാൻ നടപ്പുകാലത്തെ മതവും രാഷ്ട്രീയവും പ്രാപ്തമല്ല. കാരണം അതുരണ്ടും അവയുടെ അടിസ്ഥാന സത്തയുമായി പുലബന്ധം പോലുമില്ലാത്ത കള്ളന്മാരുടെ കൈകളിൽ വന്നു ഭവിച്ചിരിക്കുന്നു.

അപ്പോൾ ഈ ചികിത്സ ഏറ്റെടുത്ത്  നടത്തേണ്ടത് പുതിയ കാലത്തെ കുട്ടികൾ തന്നെയാണ്. സാമ്പ്രദായിക കേഡർ സംഘടനകളുടെ സമരങ്ങളും സമരരീതികളും ഇനി ക്ലച്ച് പിടിക്കാനാവാത്ത വിധം കാലഹരണപ്പെട്ടുപോയ ഈ കാലത്ത് നവമാധ്യമങ്ങളിലെ  സംവേദനങ്ങളിലൂടെ മാത്രം പരിചയമുള്ള, എന്നാൽ കാപട്യരഹിതമായ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന  ഇത്തരം അമെച്ച്വർ കൂട്ടായ്മകളുടെ ഇടപെടലുകൾക്ക് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ. ബന്ദും ഹർത്താലും പൊതുമുതൽ തല്ലിതകർക്കലും മാത്രം നടത്തിശീലിച്ച കേരളത്തിലെ ആസ്ഥാന സദാചാരവാദികൾ ഒന്ന് മാറിനിൽക്കുക,  ഈ തലമുറ നടത്തുന്ന നവസമരമുറകൾക്ക് അതിന്റെ പേരിലും പ്രചാരത്തിലും ഇവിടത്തെ ഹിപോക്രാറ്റുകളുടെ ഇഡിനെ പുറത്തുചാടിക്കാനുള്ള 
പ്രകോപനങ്ങളുടെ കൊളുത്തുകമ്പികൾ ഉണ്ടായേക്കാം, എന്നാലും ബന്ദിലും ഹർത്താലിലുമൊക്കെ സമൂഹജീവിതത്തിനു നേരെ നിങ്ങൾ കാണിക്കുന്ന അശ്ലീലത ഇതിന്റെ നടത്തിപ്പിൽ ഉണ്ടാവില്ല എന്നു തന്നെയാണ് അവർ വിശദീകരിച്ച് കാണുന്നത്.
അവർ മറൈൻ ഡ്രൈവിൽ ഒത്തുചേരുകതന്നെ ചെയ്യട്ടെ, , ഹിന്ദുത്വഫാഷിസത്തിന്റെ  നവമാധ്യമ- പി ആർ സംരംഭങ്ങളുടെ ബലത്തിലുള്ള തേരോട്ടത്തിൽ ഇത്രകാലം പാർട്ടിക്ലാസുകളുടെ തുലാമഴ കൊണ്ടിട്ടും ഇടതുപക്ഷം വിട്ട് സഖാക്കൾ വരെ സംഘപരിവാരത്തിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറുന്നതും അവസരവാദത്തിന്റെ അപ്പോസ്തലന്മാരായി മതപുരോഹിതർ മോഡി സ്തുതിയുമായി കുർബാന കൊള്ളുന്നതും ഒക്കെ കാണേണ്ടി വരുന്ന  ഈ ആസുരകാലത്ത് ഈ ചെറുപ്പക്കാരെങ്കിലും ഫാഷിസ്റ്റ്‌വിരുദ്ധചേരിയിൽ നിലനില്ക്കുന്നു എന്ന ഒരൊറ്റ കാരണം മതി  ഈ ഒത്തുചേരലിന് പിന്തുണ കൊടുക്കാൻ. സദാചാരവാദികൾ ഭയപ്പെടുന്നതുപോലെ അവിടെ ശ്ലീലത്തിന്റെ ആകാശമൊന്നും പൊട്ടിവീഴില്ല, നിങ്ങൾ അതിനകത്ത് നുഴഞ്ഞുകയറി വല്ലതും കാണിക്കാതിരിക്കുവോളം.
       
കേരളത്തിലെ ചില ചാനൽ അന്തിചർച്ചകളിലെ  "നിയമജ്ഞർ" ഈ ഒത്തുകൂടൽ നിയമവിരുദ്ധമാണെന്ന് വിധിനല്കിയതായും കണ്ടു. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ  നിയമം നോക്കികുത്തിയാകുമ്പോൾ ഉരുത്തിരുഞ്ഞു വരുന്ന നിയമലംഘനപ്രതികരണങ്ങളെയാണ് ഇവിടെ  സമരങ്ങൾ എന്ന് വിളിക്കുന്നത്‌. അല്ലാതെ നിയമം അതേപടി പാലിച്ചുനടക്കുന്ന ഏതെങ്കിലും ഒരു സമരത്തെ  ഈ പണ്ഡിതർ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു. ഒരു ഓഫീസ് ഉപരോധിക്കുമ്പോഴും റോഡിലൂടെ ഒരു പ്രതിഷേധ റാലി നടത്തുമ്പോഴും ഉണ്ടാകുന്ന അത്ര പോലും നിയമ വിരുദ്ധത  മറൈൻ ഡ്രൈവിലെ ഈ ഒത്തുചേരലിനുണ്ടാകുമെന്ന് തോന്നുന്നില്ല.
നമുക്ക് മുൻവിധികളും വിയോജിപ്പുകളുമുണ്ടെന്നത് കൊണ്ടുമാത്രം ഒരു മൂവ്മെന്റ്  തടയപ്പെടേണ്ടതാണെന്ന് വിധികല്പ്പിക്കാനുള്ള സദാചാരവിശുദ്ധിയൊന്നും സമകാലിക മലയാളിക്കില്ല. ചിലർ ധരിച്ചിരിക്കുന്ന പോലെ അവിടെ കൂടാൻ പോകുന്നവർ ഒരു ആഭാസസംഗമം നടത്താൻ മാത്രം കോമാളികളല്ല എന്ന് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
അവർ ഒത്തു ചേരട്ടെ. നമ്മളങ്ങോട്ട് ഒളിഞ്ഞു നോക്കാതിരിക്കുക. ‌കയ്യൂക്കിലൂടെ ഇത്തരം പ്രതിരോധങ്ങളെ തടയാൻ സംഘിമൂർച്ചകളെ അനുവദിക്കുന്ന പക്ഷം കൊച്ചിയും ഒപ്പം നമ്മളും വിക്ടോറിയൻ കാലത്തിലേക്ക് തിരിഞ്ഞു നടക്കുന്നു.

************

വാൽക്കഷ്ണം:  പ്രസന്ന ആര്യൻ എഴുതുന്നു:   "ഇനി ഇതൊക്കെക്കണ്ട് എന്‍റെ സ്ത്രീ നാളെ ചുംബനസമരം പ്രഖ്യാപിക്കുമോ എന്നു ഭയക്കുന്ന പുരുഷന്‍മാര്‍ക്ക്- ശുദ്ധമായ മനസ്സോടെ നിങ്ങള്‍ അതാസ്വദിക്കുക. ഭാര്യയോ പ്രണയിനിയോ ആണെങ്കില്‍ ചുണ്ടിലും അമ്മയാണെങ്കില്‍ നെറ്റിയിലും , പെങ്ങളാണെങ്കില്‍ നെറുകിലും സുഹൃത്താണെങ്കില്‍ ഒരു ചേര്‍ത്തുപിടിക്കലിലും അതേറ്റുവാങ്ങുക. സ്നേഹത്തിന്‍റെ ഏറ്റവും മനോഹരമായ പ്രകടനമാണത്.."


ശ്രീചിത്രൻ എം ജെ  'അഴിമുഖത്തിൽ എഴുതുന്നു:

"പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു.................

..........പറഞ്ഞുവന്നത്, എന്നെങ്കിലും ഒരുമ്മ കൊണ്ട് മയിൽപ്പീലിയായി മാറുന്ന പങ്കാളിയെ അനുഭവിച്ചിട്ടുള്ളവർ ചുംബിക്കാൻ വെമ്പുന്നവരെ ചുംബിക്കാനനുവദിക്കുക. അല്ലാതെ നിയമാനുസൃതമായും അല്ലാതെയും ഉള്ള രണ്ടുതരം ബലാത്സംഗം (വിവാഹം കഴിക്കാതെയും കഴിച്ചും) മാത്രം ജീവിതത്തിൽ ചെയ്തു ശീലിച്ചവര്‍ അപകർഷതാബോധവും അസൂയയും കൊണ്ട് അലമ്പുണ്ടാക്കാതിരിക്കുക."

LinkWithin

Related Posts Plugin for WordPress, Blogger...