സതിരൊഴിയുമ്പോള്‍ മേല്‍ക്കൂരയില്ലാത്ത ആ ഗാനശാലയില്‍ ഒരു ഒഴിഞ്ഞ മേശയ്ക്കപ്പുറമിപ്പുറം ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയാവും നമ്മള്‍. അപ്പോള്‍ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളൊക്കെയും നിറംകെട്ട തകരപ്പെട്ടിയില്‍ അടുക്കിവെക്കാനുള്ള തത്രപ്പാടിലായിരിക്കും. അയാളുടെ പോകാനുള്ള തിരക്കില്‍ നമുക്ക് പിന്നിലൂടെ ആയുമ്പോള്‍ തോളില്‍ തൂക്കിയിട്ട പിഞ്ഞിയ ബാഗില്‍ നിന്നും തലയിട്ടു നോക്കുന്ന ആ പച്ച ഗിറ്റാറിന്‍റെ ഒരു കമ്പി നിന്റെ വിടര്‍ത്തിയിട്ട മുടിയില്‍ കൊളുത്തി അന്ന് വരെ നാം കേട്ടിട്ടില്ലാത്ത ഒരു ശ്രുതിയില്‍ നാദമുതിര്‍ക്കും. അതില്‍ പിന്നെ നമ്മള്‍ മഴയെ ഗര്‍ഭം ധരിക്കാന്‍ ചോടുവിട്ടു മുകളിലേക്കുയരുന്ന ബാഷ്പകണങ്ങളായി അവസ്ഥാന്തരപ്പെടും. ഭാരമില്ലായ്മ പകരുന്ന ലഹരിയില്‍ നമ്മള്‍ മെഹ്ദിയെ ഉച്ചത്തില്‍ പാടും. പിരിഞ്ഞു പോകുന്ന ഗായകന്‍ മിന്നലേറ്റെന്ന പോലെ വാതില്‍ക്കല്‍ തരിച്ചു നില്‍ക്കും. തിരിഞ്ഞു നിന്നയാള്‍ തകരപ്പെട്ടിയുടെ പൂട്ട് തുറന്ന് തലമുറകളുടെ വിരലോടിപ്പതിഞ്ഞുതേഞ്ഞ കറുപ്പും വെളുപ്പും കട്ടകളില്‍ തീര്‍ത്ത മന്ത്രികപ്പെട്ടിയുമായി മേശച്ചുവട്ടില്‍ ചമ്രം പടിഞ്ഞിരിക്കും. മേഘം തേടിപ്പോകുന്ന നമ്മളെ നോക്കി അയാള്‍ ഇങ്ങനെ പാടും:
ജിസേ ഭുലായെ കയീ സാല്‍ ഹോഗയേ കാമില്‍
മേ ആജ് ഉസ്കീ ഗലി സേ ഗുസര്‍ ഗയാ കേസേ
ബന്ധനമുക്തരായി പറന്നുയര്‍ന്നിരുന്ന നമ്മിലെ ഓരോ അണുവും പൊടുന്നനെ ഒരു ദ്യുതിയില്‍ പരസ്പരം ഇണക്കിച്ചേര്‍ക്കപ്പെടും, അനന്തരം ഘനീഭവിച്ച് ചുവന്ന മഴയായി ഗായകന്റെ പാട്ടുപെട്ടിയെ നനച്ചുകൊണ്ട് ചാറിപ്പെയ്യും. അപ്പോള്‍ അയാള്‍ പ്രണയം തീണ്ടിയ ചോരഞെരമ്പുകളെക്കുറിച്ച് അതിശയം കൂറി ശ്രുതി താഴ്ത്തി ഇങ്ങനെ പാട്ടു തുടരും:
മേ ഹോഷ് മേം ഥാ തൊ ഫിര്‍ ഉസ്പെ മര്‍ ഗയാ കേസേ
യെ സഹര്‍ മേരെ ലഹൂ മേം ഉതര്‍ ഗയാ കേസേ
മഴ കുതിര്‍ത്ത ആ ഹാര്‍മോണിയപ്പെട്ടിയുടെ വായുജാലകത്തിന്റെ പാളി അയാള്‍ തുറക്കുമ്പോള്‍ അതിലൂടെ രണ്ടു പാറ്റകളായി പൊടിഞ്ഞു നമ്മള്‍ പുറത്തേക്കു ചാടും. അതിലേക്ക് കയറിപ്പോകുന്ന ഈണം പേറുന്ന കാറ്റിന്റെ തലോടലില്‍ നമ്മള്‍ക്ക് പൂമ്പാറ്റയുടെ ചിത്രച്ചിറകുകള്‍ മുളക്കും. മഴ തൊട്ടപ്പോള്‍ പുഷ്പിണിയായ ഇലഞ്ഞിയുടെ കൊമ്പിലേക്ക് അതിന്റെ സുഗന്ധതരംഗങ്ങളെ പിന്തുടര്‍ന്ന് നമ്മള്‍ കൊതിച്ചു പറക്കും. മധു നുകര്‍ന്ന് ഉന്മത്തനായി ഞെട്ടറ്റു വീഴുന്ന ഇലഞ്ഞിപ്പൂക്കളോടൊപ്പം പമ്പരം കണക്കെ കറങ്ങി താഴേക്കു വരുന്ന എന്നെ നീ ഒരുവേള സാകൂതം നോക്കി നില്‍ക്കും. പൊടുന്നനെ ബോധത്തിലേക്ക് തിരിച്ചെത്തുന്ന നീ നിന്റെ ചിറകുകളിലേക്കെന്നെ സ്വീകരിക്കും. ഒന്നിച്ചുള്ള വീഴ്ചയുടെ ഒടുക്കം നമ്മള്‍ അടര്‍ന്നു മാറി പാട്ടുപെട്ടിയുടെ വെളുത്ത കട്ടയില്‍ നീയും കറുത്ത കട്ടയില്‍ ഞാനും ചിറകടിച്ചു കിടക്കും. പാട്ടുകാരന്‍ ആ സന്ദര്‍ഭത്തെ ഇങ്ങനെയൊരു വരിയിലേക്ക് വിവര്‍ത്തനം ചെയ്യും:
സരൂര് ഉസ്കി തവജ്ജൊഹ് കി രഹ്ബരീ ഹോ ഗീ
നഷെ മേം ഥാ തൊ മേ അപ്നെ ഹി ഘര്‍ ഗയാ കേസേ
പ്രണയം കൊണ്ട് മുറിവേറ്റ് കിടക്കുന്ന നമ്മളെ ആ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളോടൊപ്പം ആ തകരപ്പെട്ടിയില്‍ അടക്കം ചെയ്യും. ഇനിയും ജീവന്‍ വിട്ടുപോയിട്ടില്ലാത്ത നമ്മള്‍ അതിനകത്തെ തന്ത്രിവാദ്യങ്ങളുടെ വലിച്ചു കെട്ടിയ കമ്പികള്‍ക്ക് മുകളില്‍ ഊയലാടും, ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ കയറിയിറങ്ങി ഒളിച്ചേ കണ്ടേ കളിക്കും , സന്തൂറിന്റെ സ്വരതന്ത്രികളില്‍ ചിറകിട്ടടിച്ചു രാഗസുധ തീര്‍ക്കും, ഒടുക്കം ജീവന്‍ പറിഞ്ഞുപോകുന്ന ആ കടുംനിമിഷത്തില്‍ പരസ്പരം ഇറുകെ പുണര്‍ന്നു ദേഹമുരച്ച് ചിറകുകള്‍ പൊഴിച്ച് വീണ്ടും പ്യൂപ്പകളായി മാറി ദൈവത്തെ പറ്റിക്കും, അടുത്ത സതിരിനായി പാട്ടുകാരന്‍ തകരപ്പെട്ടി തുറക്കുന്നതും കാത്തു നമ്മള്‍ അങ്ങനെ പുണര്‍ന്നു കിടക്കും, പുനര്‍ജ്ജനിയുടെ അടുത്ത മുഹൂര്‍ത്തത്തിനായി........