ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday, 22 September 2016

ഹോമിയോപ്പതി എന്ന പശുവിനെ ആധുനികശാസ്ത്രമെന്ന തെങ്ങിൽ കെട്ടി വിശുദ്ധപ്പെടുത്തുമ്പോൾ...


കുറച്ചു കാലങ്ങളായി സമൂഹ, മുഖ്യധാരാമാധ്യമങ്ങളിലൂടെ നിരന്തരം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഹോമിയോപ്പതിയുടെ ശാസ്ത്രീയത എന്നത്. ഈ വിഷയകമായി പ്രചരിക്കുകയോ സംഘടിപ്പിക്കപ്പെടുകയോ ചെയ്ത  ഹോമിയോപ്പതിയുടെ അശാസ്ത്രീയത അനാവരണം ചെയ്യുന്ന മികച്ച പല ഫേസ്ബുക്  പോസ്റ്റുകളുടെയും സംവാദങ്ങളുടേയുമൊക്കെ താഴെ ഹോമിയോവാദികൾ ഒട്ടിച്ചു പോകുന്ന അനേകം ലിങ്കുകളിലൂടെയും അതിൽ പടച്ചു വിടുന്ന വാദങ്ങളിലൂടെയും ഒരു കൗതുകത്തിനു വേണ്ടി വെറുതെ ഒന്നു ഓടിച്ചു പോയതായിരുന്നു. ഹോമിയോപ്പതിയെന്ന കപടശാസ്ത്രത്തെ ആധുനിക സയൻസിന്റെ സങ്കേതങ്ങളുപയോഗിച്ചു പുതിയ കുപ്പായം തുന്നിക്കൊടുത്തു ആളെ പറ്റിക്കാനുള്ള അതീവ ഗുരുതരമായ ശ്രമങ്ങൾ ശ്രദ്ധയിൽ പെടുന്നത് അങ്ങനെയാണ്. ഹോമിയോ എന്തുകൊണ്ട് കപടശാസ്ത്രമാണെന്നതിനെക്കുറിച്ചു വളരെ കൃത്യതയോടെ വൈശാഖൻ തമ്പിയും ദീപു സദാശിവവുമൊക്കെ പല തവണ വിശദീകരിച്ചിട്ടുള്ളതിനാൽ ആ ഒരു വശം വിട്ടു ആധുനിക ശാസ്ത്രത്തിന്റെ പ്രയോഗങ്ങളെയും സങ്കേതങ്ങളെയും വളച്ചൊടിച്ചു ഹോമിയോപ്പതിക്കു മൈലേജൊരുക്കാൻ  ജേർണൽ പ്രബന്ധങ്ങളാക്കുന്ന ഇത്തരക്കാരുടെ മറ്റൊരു തട്ടിപ്പു വശത്തെക്കുറിച്ചു എഴുതണമെന്ന് കരുതിയതായിരുന്നു. പിന്നെ അത്തരമൊരു ചർച്ചയുടെ ബഹളം പതുക്കെ കുറഞ്ഞതോടെ പാതിയിൽ ഉപേക്ഷിച്ചിരിക്കുമ്പോഴാണ് ഹോമിയോപ്പതിയുടെ വികാരം വൃണപ്പെടുത്തിയെന്ന പരാതിയുടെ പേരിൽ പലരീതിയിൽ നമ്മൾക്ക് കേട്ട് പരിചയമുള്ള രണ്ടു പേരെ ഫറോക്ക് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നൊരു വാർത്ത കാണാനിടയായത്. ആയതിൽ പിന്നെ വികാരങ്ങളൊക്കെയും വൃണപ്പെടാനുള്ളതാണെന്ന മഹാവാക്യം അനുസ്മരിച്ചുകൊണ്ട് ഈ ഉദ്യമം പൂർത്തീകരിക്കുകയായിരുന്നു.

പ്രകൃതിയിലെ ചില പാറ്റേണുകളെയും അനുഭവങ്ങളേയും തെറ്റായി അപഗ്രഥിച്ചുണ്ടാക്കിയ സാമുവൽ ഹാനിമാന്റെ തത്വങ്ങളും വാദങ്ങളും പ്രയോഗങ്ങളും ആധുനിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ചു ഒരുനിലക്കും ശാസ്ത്രീയത തെളിയിക്കപ്പെടാൻ കഴിയാത്തതാണെന്ന സത്യം ശാസ്ത്രബദ്ധമായി കാര്യങ്ങളെ വിചാരം ചെയ്യുന്ന ആർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്നതേയുള്ളൂ. സാമ്യ സിദ്ധാന്തവും നേർപ്പിച്ചു കുലുക്കി  ഔഷധശേഷി  കൂട്ടുന്ന പൊട്ടന്റൈസേഷനും വൈറ്റൽ എനർജിയും എന്ന് തുടങ്ങി ഹാനിമാൻ ആവിഷ്കരിച്ചതും ഇന്നും ഹോമിയോ പ്രാക്ടീഷണർമാർ പിന്തുടരുന്നതുമായ ഒട്ടുമിക്ക പ്രയോഗങ്ങളുടേയും അശാസ്ത്രീയത ഖണ്ഡിക്കാൻ പറ്റാത്ത വിധം ലോകത്താകമാനം യുക്ത്യാനുസാരം സ്ഥാപിക്കപ്പെട്ട ഒന്നാണ്. അതുസംബന്ധിയായ സംവാദങ്ങളുടെയും പഠനങ്ങളുടെയും നിയമബില്ലുകളുടെയും പ്രദർശനങ്ങളുടെയും ഒട്ടേറെ തെളിവുകളും  ഇന്ന് ലഭ്യമാണ്. അത് കൊണ്ട് തന്നെ അത്തരമൊരു തലത്തിന് മേൽ വീണ്ടുമൊരു വിശദീകരണത്തിന്റെ ആവശ്യമില്ല തന്നെ.


സാമുവൽ ഹാനിമാൻ 
എന്നാൽ ഇതിനു സമാന്തരമായി അതിഭീകരമായ ശാസ്ത്രവക്രീകരണത്തിന്റെ മറ്റൊരു തലം കൂടി ഹോമിയോപ്പതിക്കാരിലെ "വ്യാഖ്യാന ഫാക്റ്ററി" കളിൽ നിന്നും ഉരുവം കൊണ്ട് നമ്മുടെ ശാസ്ത്രസാഹിത്യങ്ങളുടെ സങ്കേതങ്ങളിൽ നുഴഞ്ഞു കയറുന്നുണ്ട് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നു. ശാസ്ത്രആശയങ്ങളിൽ ധാരണയുള്ളവർക്ക്‌ ഒറ്റനോട്ടത്തിൽ തന്നെ ചിരിച്ചു തള്ളാവുന്ന ഇത്തരം കുടിലസാഹിത്യങ്ങൾ പക്ഷെ പലജാതി കാരണങ്ങളാൽ തങ്ങളെത്തിപ്പെട്ട ഒരു കപടവൈദ്യമേഖലയെ യാഥാസ്ഥികമായി വിശ്വസിച്ചു പോയ കുറെ സാധുക്കളെ ഇത് വഴി തെറ്റിക്കുന്നു എന്നിടത്താണ് പ്രശ്നത്തിന്റെ മർമ്മം.


വിഷയത്തിലേക്കു വന്നാൽ, ന്യൂക്ലിയാർ ഊർജ്ജം, നാനോ ടെക്‌നോളജി, എന്നൊക്കെ തുടങ്ങി ആധുനിക ശാസ്ത്രത്തിന്റെ സങ്കേതങ്ങളെ അതെന്താണെന്നു പോലുമറിയാതെ (അറിഞ്ഞിട്ടും വ്യാഖ്യാനത്തിനു വേണ്ടി വക്രീകരിച്ചും) ഇടക്കിടക്ക് പുട്ടിലെ പീര പോലെ അടിച്ചു കയറ്റിയുള്ള ഹോമിയോ സാഹിത്യങ്ങൾ ഇന്ന് സുലഭമാണ്. അതിലെ ഏറ്റവും ഒടുവിൽ കണ്ട 'അപാരമായ' ഒരു വേർഷൻ ആണ് ഹോമിയോപതി എന്നാൽ  മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ് എന്ന ആധുനിക മോളിക്യൂലാർ മെഡിസിന്റെ ഒരു അത്യന്താധുനിക ശാഖയാകുന്നു എന്ന യമണ്ടൻ വ്യാഖ്യാനം.

വിശദമായി പരിശോധിക്കുന്നതിന് മുമ്പ് എന്തിനാണ് ഹോമിയോപ്പതിക്കാർക്ക്  ഇത്തരമൊരു സാഹസം ചെയ്യേണ്ടിവരുന്നത് എന്ന് പറയാം.
അടിസ്ഥാനപരമായി ഹോമിയോപ്പതി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നത് ഹാനിമാൻ തത്വങ്ങൾ പ്രകാരം അവരുണ്ടാക്കുന്ന പൊട്ടൻസി കൂടിയ മരുന്നുകളിലൊന്നും തന്നെ സാക്ഷാൽ മരുന്നിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്നതാണ്. 12C പൊട്ടൻസിക്കപ്പുറം അവഗാഡ്രോ ലിമിറ്റ് കഴിയുന്നതോടെ അതിൽ ഔഷധ ഗുണമുള്ള മാതൃസത്തയുടെ ഒരു തന്മാത്ര പോലും അവശേഷിക്കുന്നില്ല. ഹോമിയോക്കാരുടെ ക്ലാസിക്കൽ പൊട്ടൻസി മരുന്ന് എന്ന് പറയുന്നത് 30C ആണ്. അതായത് ആ പൊട്ടൻസിയിൽ അവരുടെ മരുന്നെന്നു പറയുന്നത് കേവലം ശുദ്ധ വെള്ളമോ സ്പിരിറ്റിന്റെ ജലീയ ലായനിയോ മാത്രമാണ്. ഈയൊരു സത്യത്തെ നിഷേധിക്കൽ കെമിസ്ട്രിയുടെ ഒരു അടിസ്ഥാന തത്വത്തെ നിരാകരിക്കലായതിനാൽ അവർക്കതിനു കഴിയില്ല. അപ്പോൾ പുതിയ അഭ്യാസങ്ങൾ വേണ്ടിവരുന്നു. അതിലൊന്നാണ് മേൽപറഞ്ഞ മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ് എന്നത്. മോളികുലാർ മെഡിസിനിലേക്കു ഈയൊരു വാക്കിനെ കടത്തിവിട്ട് അതിലേക്ക് ഹോമിയോപ്പതിയെ പരകായം ചെയ്യിക്കുന്ന കുമ്പിടി വേലയാണ് നവഹോമിയോക്കാരൻ ചെയ്യുന്നത്.



മോളിക്കുലാർ മെഡിസിൻ എന്നത് തന്മാത്രാ തലത്തിൽ രോഗകാരണങ്ങളെയും രോഗനിർണയത്തേയും  ജനിതക ക്രമരാഹിത്യങ്ങളേയും രോഗഹേതുവായ ജൈവകാരണങ്ങളുടെ തന്മാത്രകളിൽ മരുന്ന് തന്മാത്രകളുടെ രോഗശമനാത്മകമായ പ്രവർത്തനങ്ങളെയുമെല്ലാം പ്രതിപാദിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ നൂതനമായ ഒരു സങ്കരശാസ്ത്രശാഖയാണ്. അതിൽ ബയോകെമിസ്ട്രിയും ഫാർമക്കോളജിയും ഇതര വൈദ്യശാസ്ത്രസങ്കേതങ്ങളും ഉൾച്ചേർന്നിരിക്കുന്നു. രോഗങ്ങളെ കേവലം ലക്ഷണങ്ങളുമായും അവയവങ്ങളുടെ പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തി അപഗ്രഥിക്കുന്ന ഒരു സ്ഥൂല രീതിയിൽ നിന്നും കാര്യങ്ങളെ ഒന്നുകൂടി സൂക്ഷ്മാംശത്തിൽ അടുത്തുനിന്ന് കാണുക എന്നതാണ് ഈ ശാഖയുടെ താല്പര്യം.

 ഒരു മരുന്ന് ശരീരത്തിൽ പ്രതിപ്രവർത്തിച്ചു രോഗശമനാവസ്ഥ ഉണ്ടാക്കുന്നതിന്  പ്രധാനമായും  രണ്ട് രീതികളാണുള്ളത്. ഒന്ന്, വളരെ ലളിതമായി ശരീരത്തിലെ സ്ഥൂലമായ ഒരു ഭൗതിക/രാസാവസ്ഥയുമായി നേരിട്ട് ഉപരിപ്ലവമായി പ്രതിപ്രവർത്തിച്ചുള്ളത്. ഉദാഹരണമായി നമ്മൾ അസിഡിറ്റി മാറ്റാൻ കഴിക്കുന്ന ജെലൂസിൽ എന്ന മരുന്ന് എടുക്കുക, അലുമിനിയം ഹൈഡ്രോക്‌സൈഡ്, മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ് എന്നീ രണ്ട് ക്ഷാരഗുണമുള്ള പദാർഥങ്ങളാണ് അതിലെ ശമനം നൽകുന്ന ഘടകങ്ങൾ. അസിഡിറ്റിയുള്ള ഒരാളുടെ അന്നനാളത്തിലോ ആമാശയത്തിലോ കുടലിലോ അധികമായി ഉൽപാദിപ്പിക്കപ്പെട്ട അമ്ലത്തെ മരുന്നിലെ  ക്ഷാരം നേരെചൊവ്വേ അങ്ങോട്ട് നിർവീര്യമാക്കുന്നു എന്നതാണ് ശമനാവസ്ഥക്കു പിന്നിലെ മെക്കാനിസം. ഇത്തരം മരുന്നുകൾ നിലവിൽ അധികമുത്പാദിപ്പിക്കപ്പെട്ട അമ്ലത്തെ നിർവീര്യമാക്കുന്നു എന്നല്ലാതെ  പുതിയ  ഉൽപാദനത്തെ തടയുന്നില്ല.

എന്നാൽ മരുന്നുകൾ രോഗശമനം ഉണ്ടാക്കുന്ന രണ്ടാമത്തെ രീതി വളരെ സൂക്ഷ്മതലത്തിൽ തന്മാത്രകളുടെ  ഘടനാ വിശേഷങ്ങളുടെ ഒരു പ്രതിപ്രവർത്തനം വഴിയാണ്. അതായത് ഒരു മരുന്ന് തന്മാത്ര അതിന്റെ ഘടനാപരമായ സാമ്യതകൾ ഉപയോഗപ്പെടുത്തി രോഗകാരണമായ ശരീരത്തിലെ ചില പ്രത്യേക ജൈവ തന്മാത്രകളുമായി തന്മാത്രാതലത്തിൽ രാസ ബന്ധനങ്ങളിൽ ഏർപ്പെട്ടു അത്തരം കാരണങ്ങളെ നിഷ്ക്രിയമാക്കുന്ന ഒരു രീതിയാണത്. ഉദാഹരണമായി എടുത്താൽ നേരത്തെ പറഞ്ഞ ജെലൂസിലിന്റെ കൂടെ  ചില സമയത്തു റാനിറ്റിഡീൻ, അല്ലെങ്കിൽ ഓമിപ്രസോൾ തുടങ്ങിയ മറ്റു  മരുന്നുകൾ കൂടി ചില രോഗികൾക്ക് കൊടുക്കാറുണ്ട്. അതിന്റെ കാര്യം എന്താണെന്ന് വെച്ചാൽ ഭക്ഷണശീലത്തിലെ ദൂഷ്യം കൊണ്ട് വന്ന ഒരു സാധാരണ അസിഡിറ്റിയാവണമെന്നില്ല എല്ലായ്പ്പോഴും. മറിച്ചു ശരീരത്തിലെ ജൈവതന്മാത്രാതലത്തിലുള്ള വ്യതിയാനം കൊണ്ട് ആമാശയഭിത്തികൾ നിരന്തരമായി അമ്ലം ഉത്പാദിപ്പിക്കുന്ന ഒരു രോഗാവസ്ഥ ഉള്ളയാൾക്ക് ജെലൂസിൽ മതിയാകില്ല. അവിടെയാണ് റാനിറ്റിഡീൻ പോലെയുള്ള മരുന്നുകൾ പ്രയോഗിക്കേണ്ടി വരുന്നത്. ആമാശയഭിത്തികോശങ്ങളിലെ H2-റിസപ്റ്റർ എന്ന ജൈവഘടകത്തെ  ദഹനരസം ഉണ്ടാക്കാൻ ഉദ്ദീപിപ്പിക്കുന്നത് ഹിസ്റ്റമിൻ എന്ന ഒരു ജൈവരാസതന്മാത്രയാണ്. റാനിറ്റിഡീൻ മരുന്ന് തന്മാത്ര, ആമാശയഭിത്തികോശങ്ങളിലെ H2-റിസപ്റ്റർ എന്ന ജൈവഘടകത്തോട് രാസബന്ധനം നടത്താനുള്ള  അതിന്റെ ഘടനാപരമായ  സാധ്യതയെ/സാമ്യതയെ  ഉപയോഗപ്പെടുത്തി ആ റിസപ്റ്റർ ഭാഗങ്ങളെ ബ്ലോക്ക് ചെയ്യുകയും അതോടെ ഹിസ്റ്റമിൻ തന്മാത്രയുടെ H2-റിസപ്റ്ററുമായുള്ള ബാന്ധവത്തിന് തടയിടുകയും ചെയ്യുന്നു. അതോടെ ആമാശയഭിത്തിയിലെ അമ്ല ഉത്പാദനം നിയന്ത്രിതമായി രോഗശമനം സംഭവിക്കുന്നു.


മുകളിൽ പറഞ്ഞ രണ്ടാമത്തെ മെക്കാനിസം ഉപയോഗപ്പെടുത്തുന്നത് രോഗപ്രേരണാ കാരണങ്ങളായി വർത്തിക്കുന്ന ജൈവതന്മാത്രകളുമായി രാസബന്ധനത്തിൽ ഏർപ്പെടാനുള്ള ഔഷധ തന്മാത്രകളുടെ ഘടനാപരമായ സാമ്യതയാണ്, ഒരു പൂട്ടിൽ ഒരു താക്കോൽ മാത്രം ഉപയോഗിക്കാൻ പറ്റുന്നത് പോലെയുള്ള ഒരു ഘടനാപരമായ അനുനാദപ്പെടൽ. മോളികുലാർ മെഡിസിനിലെ ഈ 'സാമ്യതാ' ശാസ്ത്രത്തെയാണ് ഹോമിയോപ്പതിക്കാരൻ തന്റെ "സാമ്യം സാമ്യത്തെ ഭേദമാക്കുന്നു" എന്ന ഹാനിമാൻ  തികച്ചും തെറ്റായ മറ്റൊരു കോണ്ടക്സ്റ്റിൽ അവതരിപ്പിച്ച ഹോമിയോപ്പതിയുടെ വിശുദ്ധപശുവിനെ  ആധുനിക ശാസ്ത്രത്തിന്റെ കുറ്റിയിൽ കെട്ടാൻ വേണ്ടി ദുരുപയോഗപ്പെടുത്തുന്നത്.


ഔഷധ തന്മാത്രയും അത്  ടാർഗറ്റ് ചെയ്യുന്ന രോഗകാരണവുമായി ബന്ധപ്പെട്ട ഒരു റിസപ്റ്റർ തന്മാത്രയും തമ്മിൽ ഘടനാസാമ്യപരതയിലധിഷ്ഠിതമായ  ഒരു  ജൈവരാസ പ്രവർത്തനം നടക്കണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് ഈ രണ്ടു തന്മാത്രകളും രോഗിയുടെ ശരീരത്തിലുണ്ടാവണം എന്നതാണ്. ഇവിടെയാണ് ഹോമിയോക്കാരൻ ശരിക്കും പുലിവാല് പിടിക്കുന്നത്. 30C പൊട്ടൻസിയിലുള്ള ഒരു ഹോമിയോ മരുന്നിൽ ഔഷധഗുണമുള്ള "Similimum' ത്തിന്റെ ഒരു തന്മാത്ര പോലുമുണ്ടാകില്ല എന്നത് എട്ടാം ക്ലാസ് ശാസ്ത്രസത്യമാണ് (ഇനി ഞങ്ങളുടെ Similimum ഇങ്ങനെയല്ല, അത് തന്മാത്രകൾക്കുമപ്പുറം infinitesimals ആണെന്നൊക്കെ പറഞ്ഞു വന്നേക്കാം. ഏതായാലും ഹാനിമാൻ പറഞ്ഞ Similimum ഇതൊന്നുമല്ല എന്നത് മറക്കരുത് എന്ന് മാത്രം!). അപ്പോൾ പിന്നെ ആര് ചെന്ന് രോഗകാരണവുമായി ബന്ധപ്പെട്ട  റിസപ്റ്റർ  തന്മാത്രകളെന്ന മറ്റേ സാമ്യവുമായി ബന്ധം സ്ഥാപിച്ചു രോഗശമനാവസ്ഥ ഉണ്ടാക്കും?

ഈയൊരു ചോദ്യത്തോടെ ഹോമിയോക്കാരൻ  തന്റെ "Similimum" എന്ന വിശുദ്ധപശുവിനെ കെട്ടാൻ അടുത്ത കുറ്റി തിരയുകയായി. അതാണ് "മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്സ്".  ആദ്യം ഈ മോളികുലാർ ഇമ്പ്രിന്റ് എന്നത് എന്താണെന്ന് നോക്കാം. പഴയകാലത്ത്   ചില പോളിമർ പദാർത്ഥങ്ങളുടെ നിർമാണ സമയത്തു മറ്റു തന്മാത്രകൾ കൂട്ടിച്ചേർത്തും എടുത്തുമാറ്റിയും നടത്തിയ പരീക്ഷണ ഫലങ്ങളെ  അടിസ്ഥാനമാക്കി ഗവേഷണവഴിയിൽ വളർന്നു വന്ന  ഇപ്പോഴും വികസ്വരാവസ്ഥയിലുള്ള ഒരു ബയോപോളിമർ സയൻസ് സങ്കേതമാണ് മോളികുലാർ ഇമ്പ്രിന്റിങ് എന്നത്. അതായത് ഒരു പോളിമർ പദാർത്ഥത്തിന്റെ  തന്മാത്രാവലയിൽ ആ പോളിമറിന്റെ നിർമ്മാണ സമയത്തു ഘടനാപരമായി നമുക്ക് താല്പര്യമുള്ള  മറ്റൊരു തന്മാത്രയെ ബന്ധിപ്പിക്കുകയും പിന്നീട് ആ തന്മാത്രയെ രാസപ്രവർത്തനത്തിലൂടെ എടുത്തുമാറ്റി അതിന്റെ ഘടനക്കു തുല്യമായ ഒരു അച്ച് ആ പോളിമർ വലയിൽ ഉണ്ടാക്കിയെടുക്കുന്ന സംഗതിയാണിത്.  ലളിതമായി പറഞ്ഞാൽ നമ്മൾ ഒരു സോപ്പ് കഷ്ണത്തിൽ താക്കോൽ പതിപ്പിച്ചു ആ താക്കോലിന്റെ ടെംപ്ലേറ്റ് ഉണ്ടാക്കിയെടുക്കുന്ന ഒരു രീതിയില്ലേ, അത് പോലെയൊന്ന്.



ഇത്തരം ഇമ്പ്രിന്റുകൾ ഉണ്ടാക്കുന്നത് അനുയോജ്യമായ മോണൊമറുകൾ, ടെംപ്ളേറ്റ് തന്മാത്രകൾ, ക്രോസ്സ് ലിങ്ക് സഹായികൾ, ലായകം, രാസപ്രവർത്തന ത്വരകങ്ങൾ   എന്നിവയെല്ലാം കൂടെ അതീവ നിയന്ത്രിത ലബോറട്ടറി സംവിധാനത്തിൽ പരസ്പരം പ്രവർത്തിപ്പിച്ചാണ്.  ഒട്ടേറെ മോണോമറുകൾ (ഒരു വലിയ പോളിമർ പദാർത്ഥത്തിന്റെ അടിസ്ഥാന തന്മാത്രാ ഘടകം) കൂടിച്ചേർന്നു പോളിമർ ഉണ്ടാക്കിയെടുക്കുന്ന വേളയിൽ  ഘടനാപരമായി നമുക്ക് താല്പര്യമുള്ള  ഇത്തരം ടെംപ്ളേറ്റ്  തന്മാത്രകൾ രാസപരമായി അതിന്റെ നെറ്റ്‌വർക്കിൽ വിളക്കി ചേർക്കുകയും പിന്നീട് പോളിമർ രൂപം കൊണ്ടശേഷം രാസപരമായി ആ വിളക്കിച്ചേർത്ത ടെംപ്ലേറ്റ് തന്മാത്രകളെ ഇളക്കി മാറ്റുകയും ചെയ്യുന്ന ഈ രീതി ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗശമനചികിത്സയിൽ  നൂതന സങ്കേതമായി  ഉപയോഗപ്പെടുത്താൻ  തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഇപ്പോഴും ഇത്തരം മോളികുലാർ ഇമ്പ്രിന്റുകൾ പേറ്റന്റ്  അവസ്ഥയിൽ തന്നെ തുടരുകയും അതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാപക ഉപയോഗം എന്നത്  ഇനിയും പ്രാവർത്തികമാകേണ്ട ഒന്നായി തുടരുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം. സാധാരണ സിന്തറ്റിക് പോളിമറുകളിൽ ചെയ്യുന്നത് പോലെ അത്ര എളുപ്പമുള്ള ഒരു രാസനിർമ്മാണ പരിപാടിയല്ല ജൈവ വ്യവസ്ഥകളിൽ പ്രതിപ്രവർത്തിക്കുന്ന ബയോപോളിമറുകളിൽ ഇത്തരം ടെംപ്ളേറ്റ് ഉണ്ടാക്കിയെടുക്കുക എന്നത് എന്ന് സാരം.

ഇനി ഇവയെങ്ങനെയാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ രോഗ ചികിത്സക്ക് ഉപയോഗിക്കുന്നത് എന്ന് നോക്കാം. രോഗപ്രതിരോധത്തിനുള്ള ചില ആന്റിബോഡികൾ കൃത്രിമമായി വലിയ അളവിൽ ഉണ്ടാക്കുക എന്നത് പ്രായോഗികമല്ലാത്ത സന്ദർഭങ്ങളിൽ അത്തരം ആന്റിബോഡി തന്മാത്രയെ ഒരു ബയോപോളിമറിൽ ഇമ്പ്രിന്റ് ചെയ്ത് ആ ആന്റിബോഡി തന്മാത്രയുടെ ഒരു ടെമ്പ്ലേറ്റ് അതിൽ ആലേഖനം ചെയ്തെടുക്കുന്നു. അതോടെ രോഗകാരണമായ ആന്റിജൻ തന്മാത്രകൾ ഘടനാപരമായി അതിന് സംയോജിക്കാൻ സാമ്യതയുള്ള യഥാർത്ഥ ആന്റിബോഡിക്കു പകരം ഈ ആന്റിബോഡിയുടെ അതേ ഘടനാ വിശേഷമുള്ള ടെംപ്ളേറ്റിനകത്തു വന്ന് ബന്ധനസ്ഥനാകുന്നു. അതിലൂടെ രോഗശമനം സാധ്യമായി തീരുന്നു.  അപ്പോൾ ഇത്തരത്തിലുള്ള വികസിച്ചു വരുന്ന  അതീവ സങ്കീർണമായ നൂതനചികിത്സാരീതിയാണ് മോളിക്യൂലാർ ഇമ്പ്രിന്റ് തെറാപ്യൂട്ടിക്‌സ്.


ഇനി നമ്മുടെ ഹോമിയോക്കാരൻ തന്റെ 'Similimum' എന്ന വിശുദ്ധ പശുവുമായി ഈ ഇമ്പ്രിന്റിനെ തേടിയെത്തുകയാണ്. അതായത് നേർപ്പിച്ച് നേർപ്പിച്ച് 'വീര്യം' കൂട്ടിയ തന്റെ മരുന്നിൽ ഒരൊറ്റ തന്മാത്ര ഔഷധ ഗുണമുള്ള Similimum ഇല്ലാത്തതിനാൽ ആ Similimum ത്തിന്റെ പ്രേതത്തെ മോളികുലാർ ഇമ്പ്രിന്റ് എന്ന കാഞ്ഞിരക്കുറ്റിയിലേക്കു ആവാഹിച്ചു ആഞ്ഞു തറക്കുകയാണ് അടുത്തത് . അതായത് നേർപ്പിച്ചു നേർപ്പിച്ചു കുലുക്കിയുണ്ടാക്കിയപ്പോൾ ഹോമിയോക്കാരന്റെ മരുന്നിലെ ഔഷധ ഗുണമുള്ള ആ തന്മാത്രയുടെ ടെമ്പ്ലേറ്റ് ആ ലായനിയിൽ ഇമ്പ്രിന്റ് ചെയ്യപ്പെട്ടിരിക്കുന്നുവത്രെ!! അതോടെ Similimum എന്നത്  'Potencies' എന്ന പേരിലേക്ക് മാറുന്നുണ്ട്, കാരണം ഇത് Similimum- ത്തിന്റെ പ്രേതമാണല്ലോ!  പക്ഷെ ഇവിടെ വീണ്ടും അടുത്ത പണി വരികയാണ് ആധുനിക ഹോമിയോപ്പതിക്കാരന് മുന്നിലേക്ക്. മരുന്ന് കലക്കിയോ അരച്ചോ ഉണ്ടാക്കാൻ ഇവരുടെ കയ്യിൽ പ്രധാനമായും മൂന്ന് ലായക മാധ്യമങ്ങളാണുള്ളത്; വെള്ളം, ആൽക്കഹോൾ, പാൽ പഞ്ചസാര മിട്ടായി. മോളികുലാർ ഇമ്പ്രിന്റ് ആയി ഒരു തന്മാത്രക്ക്  ടെമ്പ്ലേറ്റ് ഉണ്ടാക്കണമെങ്കിൽ അതിനു കയറിപ്പറ്റാൻ ഒരു പോളിമറിക് അസ്ഥിവാരം വേണം. ഇപ്പറഞ്ഞ സാധനങ്ങൾക്കൊന്നും അങ്ങനെയൊന്നില്ല. അത്തരമൊരു മോളികുലാർ ഇമ്പ്രിന്റിങ് ഇവയിൽ സാധ്യമായതായിട്ട് ആധുനിക ശാസ്ത്രത്തിന്റെ മുന്നിൽ തെളിവൊന്നുമില്ല. വീണ്ടും വ്യാഖ്യാന ഫാക്റ്ററികൾക്കു ശാസ്ത്രത്തിനു മുന്നിൽ വഴി മുട്ടുകയാണ്.


ഇനിയാണ്‌  അതിഭീകരമായ ശാസ്ത്രബലാത്‌സംഗം അരങ്ങേറാൻ പോകുന്നത്. പണ്ട് പശുവിനെക്കുറിച്ചെഴുതാൻ പരീക്ഷക്ക് ചോദ്യം വന്നപ്പോൾ ഉത്തരമറിയാത്ത കുട്ടി പശുവിനെ ഒരു തെങ്ങിൽ കെട്ടി പിന്നെ തെങ്ങിനെക്കുറിച്ചു രണ്ടു പേജ് വർണിച്ചെഴുതിയ കഥയോർമ്മയില്ലേ. ഇവിടെ മോളിക്യൂലാർ ഇമ്പ്രിന്റ് അഥവാ ഇവരുടെ Similimum/ Potencies  എന്ന പശുവിനെ ജലത്തിന്റെ ഭൗതിക രസതന്ത്രമെന്ന തെങ്ങിലേക്ക്  ആധുനികനായ ഹോമിയോപ്പതിക്കാരൻ അങ്ങ് കെട്ടുകയാണ്. ശേഷം ഫിസിക്കൽ കെമിസ്ട്രിയുടെയും ബയോകെമിസ്ട്രിയുടെയും രണ്ടു പുസ്തകങ്ങൾ തന്റെ മുന്നിൽ അങ്ങ് തുറന്നു വെക്കുന്നു. എന്നിട്ട് ജലം എന്ന അത്ഭുത വസ്തുവിനെപ്പറ്റിയുള്ള അതിതീവ്ര പ്രസംഗമാണ്. ജലത്തിന്റെ C2v എന്ന പോയിന്റ് ഗ്രൂപ്പും സുപ്രാമോളികുലാർ ഘടനയും ആ ഘടനയിൽ ജലം കാണിക്കുന്ന അത്ഭുതപ്രവർത്തനങ്ങളും അങ്ങനെ അങ്ങനെ നിലക്കാത്ത അക്കാദമിക ഡയേറിയ. ആത്യന്തികമായ ലക്ഷ്യം എന്തെന്നാൽ ജലത്തിന്റെ സുപ്രാമോളികുലാർ ഘടനയ്ക്ക് ഒരു പോളിമർ അസ്ഥിവാരം ഉണ്ടെന്നും അതിനാൽ അതിലേക്കു തന്റെ മരുന്ന് തന്മാത്രയുടെ പ്രേതത്തിനു ഇമ്പ്രിന്റ് ചെയ്ത് അതിന്റെ അടയാളം അവിടെ നിലനിർത്താമെന്നും സമർത്ഥിക്കണം എന്നതാണ്. തെർമോഡൈനാമിക്സ്  പ്രകാരം നിരന്തരം അഴിഞ്ഞും കെണിഞ്ഞും കൊണ്ടിരിക്കുന്ന  അങ്ങേയറ്റം ഡൈനാമിക് ആയ ഒരു പ്രതിഭാസമാണ് ജലത്തെ സംബന്ധിച്ചിടത്തോളം ഈ സുപ്രാമോളികുലാർ ഘടന എന്നത്. അത്തരമൊരു ഘടനക്കകത്തു ഇവർക്ക്  നിരന്തര നേർപ്പിക്കലിലൂടെ ഇല്ലാതായിപ്പോയ തങ്ങളുടെ Similimum/ Potencies എന്ന  തന്മാത്രയുടെ പ്രേതത്തെ എങ്ങനെയെങ്കിലും കുടിയിരുത്തണം. അതിനൊരു ബലക്കുറവ് തോന്നിയതോടെ പിന്നെ ജലത്തിലേക്കു ആൽക്കഹോൾ വരുന്നതോടെ ജലം വീണ്ടും മറ്റൊരു മഹാസംഭവമായി മാറുന്നതിന്റെ വിശേഷങ്ങളാണ്. പിന്നെയാ മഹിമ ലാക്ടോസിലേക്കും വരുന്നുണ്ട്. ഒടുക്കം വായിച്ചു തീർന്നാൽ മനസ്സിലാവുക മദ്യവും പച്ചവെള്ളവും പഞ്ചസാര മുട്ടായിയും കഴിച്ചാൽ സകലമാന രോഗങ്ങളിൽ നിന്നും മുക്തിയായി ചിരഞ്ജീവിയായി ഇരിക്കാം എന്നതാണ്.


അനന്തമായ നേർപ്പിക്കലോടെ ഹോമിയോ മരുന്നുകൾ എന്നത് കേവല പച്ചവെള്ളമോ സ്പിരിറ്റ് വെള്ളമോ പഞ്ചസാര മിട്ടായികളോ മാത്രമാണെന്നും അതിൽ എങ്ങിനെയാണ് ഇത്തരം മരുന്നിന്റെ പ്രേതം കുടിയിരിക്കുന്നതെന്നും ഓരോ നേർപ്പിക്കലിലും ആ പ്രേതമരുന്നിന്റെ പ്രവർത്തനക്ഷമത എങ്ങനെയാണ് വർദ്ധിക്കുന്നതെന്നും  എവിടെ ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകളെന്നും ചോദിക്കുന്നതോടെ അവസാനത്തെ ആയുധവുമായി ഹോമിയോക്കാരൻ 'ശാസ്ത്രകഥനം' നിർത്തുകയാണ്. . അതാണ് "വാട്ടർ മെമ്മറി" എന്ന പണ്ടത്തെ മറിമായവാദം.  അതായത് പണ്ടെപ്പഴോ ലയിച്ചു ചേർന്നിട്ടുണ്ടായിരുന്ന ഒരു പദാർത്ഥത്തിന്റെ 'ഓർമ്മ' എത്ര നേർപ്പിക്കലുകൾക്കു ശേഷവും, ലേയത്തിന്റെ ഒരൊറ്റ തന്മാത്ര പോലും ബാക്കിയാകാത്ത പോസ്റ്റ്-അവഗാഡ്രോ ഡയലൂഷനിൽ പോലും  ജലത്തെ ഇങ്ങനെ വിടാതെ വേട്ടയാടുമത്രേ. ഈ കള്ള സിദ്ധാന്തം ഒരു പേപ്പർ ആക്കി നേച്ചർ മാഗസിനിൽ 1988 -ൽ ജാക്വസ് ബെംവെനിസ്റ്റ പ്രസിദ്ധീകരിപ്പിക്കുകയും പിന്നീട് അബദ്ധം മനസ്സിലാക്കി അത് നേച്ചർ പിൻവലിക്കുകയും പിന്നീട് ഒരു പാട് തവണ പലതരത്തിലുള്ള സ്ഥിരീകരണ വെല്ലുവിളികൾക്കു വിധേയമാകുകയും അതിലൊക്കെയും ദയനീയമായി പരാജയപ്പെടുകയും ചെയ്ത ഒരു ഭാവനാവിലാസം കൊണ്ടുവന്നു അതിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കുറ്റിയിൽ എങ്ങനെയെങ്കിലും വെച്ച് കെട്ടി വെളുപ്പിച്ചെടുക്കാനുള്ള ഈ അടവുണ്ടല്ലോ, അത് ഹോമിയോപ്പതിയെന്ന ലാടവൈദ്യത്തിന്റെ അസ്തമയത്തിലെ അവസാനത്തെ അടവായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇത്തരം ഗിമ്മിക്കുകളിൽ വിശ്വസിച്ചു വലിയ ശാസ്ത്ര പ്രബന്ധങ്ങളായി സകല ഹോമിയോവിമർശന പോസ്റ്റുകൾക്ക് താഴെയും ഒട്ടിച്ചു പോകുന്ന ഗ്രന്ഥം ചുമക്കുന്ന കഴുതകളായി ഒരു പറ്റം നല്ല ബുദ്ധിയും കഴിവുമുള്ള ചെറുപ്പക്കാർ മാറുന്നു എന്നത് എന്തല്ല ശാസ്ത്രം എന്ന് നിരന്തരം പഠിപ്പിക്കാനുള്ള  സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനെ ശരിവെക്കുന്നു.

***************

ഈ ലേഖനം അഴിമുഖം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് താഴെ ലിങ്കിൽ വായിക്കാം:
http://www.azhimukham.com/news/15258/homeopathy-scientific-debate-controversy-modern-medicine-ismail-kalliyan

Tuesday, 20 September 2016

മെഹ്‌ദി പാഠങ്ങൾ -12 : ആപ് കോ ഭൂല് ജായേ ഹം.....

മെഹ്ദിപാഠങ്ങളുടെ ഈ അദ്ധ്യായം സമർപ്പിക്കുന്നത്  പ്രിയപ്പെട്ട നസീമിനാണ്. ഹിന്ദുസ്ഥാനി സംഗീതവഴിയിൽ അരീക്കോട്ടുകാരൻ പീ പി നസീം ജ്ഞാനിയായ ഒരു ശ്രോതാവ് എന്ന അപൂർവ്വ ജെനുസ്സിൽ പെട്ട ഒരു റെഫറൽ പോയിന്റ് ആയിരുന്നു. മെഹ്ഫിലുകൾ തേടിയുള്ള നിതാന്ത അലച്ചിലുകൾ, കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം നടക്കുന്ന ഹിന്ദുസ്ഥാനി സംഗീതോത്സവങ്ങളും കൺസേർട്ടുകളും ലൈവ് ആയി പിന്തുടർന്നിരുന്ന ഒരാൾ, സംഗീതജ്ഞരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന അപൂർവ്വത,  അത്തരം ആസ്വാദനങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ആഴത്തിലുള്ള അറിവും അത്യപൂർവ്വ റിക്കാർഡിങ് ശേഖരങ്ങളും മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ മുന്നിൽ നടന്ന ഒരു സാധാരണ മനുഷ്യൻ. ഹിമാചലിലെ മണാലിയിൽ ട്രെക്കിങ്ങിനിടെ ഹൃദയാഘാതം വന്ന് നസീം ഇവിടം വിട്ടുപോയിരിക്കുന്നു.

മെഹ്ദി പാഠങ്ങൾ എന്ന ഈ എളിയ ശ്രമത്തെ അതീവ താല്പര്യത്തോടെ പിന്തുടരുകയും മനസ്സറിഞ്ഞു അഭിനന്ദിക്കുകയും ചെയ്‍തിരുന്നു നസീം.   ഞങ്ങൾ അംഗങ്ങളായ ഗസൽ ആസ്വാദകരുടെ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മയിൽ കഴിഞ്ഞ മാസം ഒരു ദിനത്തിൽ  നസീം  'ആപ്കോ ഭൂല് ജായേ ഹം....." എന്ന മെഹ്ദി സാബും നൂർജഹാൻജിയും പാടി അനശ്വരമാക്കിയ അതിമനോഹരമായ ഫില്മി ഗീതിന്റെ മെഹ്ദി ലൈവ് വേർഷൻ പോസ്റ്റ് ചെയ്യുകയും ആ വരികളെ  മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ എന്നോട് അഭ്യർത്ഥിക്കുകയും ചെയ്തു. വരികളുടെ നേരിട്ടുള്ള വിവർത്തനം അപ്പോൾ തന്നെ അവിടെ നൽകിയെങ്കിലും അതിനെ മെഹ്ദി പാഠങ്ങളിലെ ഒരദ്ധ്യായമായി വിപുലീകരിക്കാൻ വേണ്ടി ഇവിടെ ഡ്രാഫ്റ്റ് ചെയ്തു വെച്ചിരിക്കവേ ആ അദ്ധ്യായം മുഴുമിപ്പിക്കുന്നതിനു മുന്നേ നസീം യാത്രയായിരിക്കുന്നു.

പ്രിയപ്പെട്ട നസീമിന് ഓർമ്മാഞ്ജലിയായി ഈ അദ്ധ്യായം സമർപ്പിക്കുന്നു.

*************

"തും മിലെ പ്യാർ മിലാ" എന്ന പാകിസ്താനി ചിത്രത്തിന് തസ്‌ലീം ഫസ്‌ലി എഴുതിയ ഈ വരികൾക്ക് നഷാദ് ആണ് സംഗീതം പകർന്നത്. സിനിമയിൽ നൂർജഹാൻജിയോടൊപ്പം ഡ്യൂയറ്റ് പാടിയ മെഹ്ദി ഹസ്സൻ സാബ് ഈ ഗീതിനെ മെഹ്ഫിലുകളിൽ പുതിയ നിറത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

നിരാസത്തിന്റെയും അവിശ്വസ്തതയുടെയും നൈരന്തര്യം പേറുന്ന ഒരു പ്രണയിയുടെ നോവ് വരച്ചിടുന്ന വരികളാണിത്. എല്ലാ കാപട്യങ്ങൾക്കും സ്വയം തപിക്കുകയും കുറ്റമേൽക്കുകയും തന്റെ പ്രണയഭാജനത്തെ കുറ്റവിമുകതമാക്കുകയും ചെയ്യുന്ന ഒരു ദാർശനിക പ്രണയി, പകർന്നു കിട്ടുന്ന നോവുകളിൽ പോലും പ്രണയഹർഷം കണ്ടെത്തുന്ന, അത്തരം നോവുകളെങ്കിലും അനുഭവിക്കാതെ പോയവരെ ഹതഭാഗ്യരെന്ന് നിരീക്ഷിക്കുന്ന, നോവുകളൊക്കെയും പൂവുകളെന്നു ചൊല്ലിപ്പറയുന്ന ഒരാൾ......


ഇനി ഗസലിന്റെ വരികളിലേക്ക് :

*********************

ആപ് കോ ഭൂല് ജായേ ഹം  ഇത്‌നെ തോ ബേവഫാ നഹീ
ആപ് സെ ക്യാ ഗിലാ കരേ    ആപ് സെ കുച്ച് ഗിലാ നഹീ

ഹം തോ സമജ്ഹ് രഹേ ഥേ യേ  തും മിലേ പ്യാർ മിൽഗയാ
ഇക് തേരെ ദർദ് കേ സിവാ  ഹം കോ തോ കുച്ച് മിലാ നഹീ

ശീശാ-ഏ-ദിൽ കോ തോഡ്നാ   ഉൻകാ തോ ഏക് ഖേൽ ഹേ
ഹമീസെ ഭൂൽ ഹോഗയീ   ഉൻ കെ കോയീ ഖതാ നഹീ

കാഷ് വോ അപ്നേ ഗം മുജ്‌ഹേ  ദേദേ തോ  കുച്ച് സുകൂന് മിലേ
വോ കിത്നാ ബദ്-നസീബ് ഹേ  ഗം ഭീ ജിസേ മിലാ നഹീ

ജുറും ഹേ ഗർ വഫാ തോ ക്യാ,     ക്യോ കർ വഫാ കൊ ചോഡ്  ദൂം
കെഹ്തേ ഹേ ഇസ് ഗുനാ കീ   ഹോതീ കോയീ സസാ നഹീ

 
************************************************

വരികളുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു  :

----------------
നിന്നെ വിസ്മരിച്ചുകളയാൻ  മാത്രം കപടനൊന്നുമല്ല ഞാൻ
നിന്നോടെന്തു പരാതിപ്പെടാനാണ്? പരാതിയൊന്നുമേയില്ലയെനിക്ക്

ഞാനോർത്തത് നിന്നെ ലഭിച്ചതും  പ്രണയം കരഗതമായെന്നാണ്
നിന്റെ നോവുകളല്ലാതെ  എനിക്കൊന്നും ലഭിച്ചതില്ലല്ലോ

പളുങ്കുപോൽ ഹൃദയങ്ങളെ തകർക്കുന്നതേ വിനോദം അവർക്ക്
എല്ലാമെന്റെ മാത്രം പിഴ  , അവർക്കൊരു പഴിയുമില്ല തന്നെ

വ്യഥകളെങ്കിലും പകർന്നിരുന്നെങ്കിൽ  ആശ്വാസമായേനെയിത്തിരി
ഒരു വേദന പോലുമവരിൽ നിന്നനുഭവിക്കാത്തവരെത്ര ഭാഗ്യശൂന്യർ!

വിശ്വസ്തനാകുന്നത് ഒരു കുറ്റമാണോ? എന്തിനീ  വിശ്വസ്തതയെ നിരാകരിക്കണം?
പറഞ്ഞുകേട്ടിടത്തോളം  ഈ തെറ്റിനൊരു ശിക്ഷയുമില്ലെന്നാണ് !

---------------


മെഹ്ദിയുടെ നാദം ഈ നോവുകളെയൊക്കെയും  പൂവുകളാക്കുന്നത് അനുഭവിക്കൂ....  പ്രത്യുപകാരേച്ഛയില്ലാതെ  നിത്യപ്രണയത്തിന്റെ സ്മാരകങ്ങളായി നമുക്ക് മുന്നിലുള്ള എല്ലാ മാതൃകകൾക്കും ഈ മധുരനാദവർഷം മരുന്നാകട്ടെ......

മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കാണാം....

=========================
ഈ ഗസലിന്റെ മെഹ്ദി സാബ് ലൈവ് താഴെ കേൾക്കാം:


LinkWithin

Related Posts Plugin for WordPress, Blogger...