ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday, 6 December 2010

തോര്‍ച്ച"ഒരു മഴക്കുള്ള കോളുണ്ടെന്നു തോന്നുന്നു"
     
പുറത്തടിച്ചു തുടങ്ങിയ തണുത്ത കാറ്റിനെ അകത്തേക്ക് വരവേല്‍ക്കാന്‍ കൊതിച്ചു ആവേശപൂര്‍വ്വം കിടപ്പറയുടെ ജനലുകള്‍ തുറക്കുന്ന തിരക്കിലായിരുന്നു  അവള്‍.  
വിരഹച്ചൂടില്‍ പൊള്ളിയിരിക്കുന്ന ഭൂമി അതിന്‍റെ വിള്ളലുകളിലേക്ക്  പെയ്തു തുടങ്ങിയ വലിയ തുള്ളികള്‍ കിനിഞ്ഞിറങ്ങുമ്പോള്‍ വമിപ്പിക്കുന്ന കാതരമായ അതേ വെന്ത മണം കാറ്റിലൂടെ എന്നിലേക്കടിച്ചു കയറി. പൊടിമണ്ണ്  പറക്കുന്ന പകലില്‍ തറവാടിന്‍റെ പിന്‍മുറ്റത്തു  വലിയ കറുത്ത ചെമ്പില്‍ അമ്മമ്മ നെല്ല് പുഴുങ്ങുമ്പോഴാണ് ഇങ്ങനെയൊരു മണം പണ്ടറിയാറുള്ളത്. ഇനി മണ്ണില്‍ ജീവന്‍റെ നാമ്പുകള്‍ പൊങ്ങി തുടങ്ങും. പിന്നെ ഇതുവരെ വസ്ത്രഹീനയായിരുന്ന ഭൂമി പച്ചയുടെ കുപ്പായമണിയും. ജീവന്‍റെ കുഞ്ഞു സ്പന്ദനങ്ങള്‍ ഒക്കെ ഇതുവരെ അതിന്‍റെ മാറില്‍ എങ്ങിനെയാണാവോ ഒളിച്ചു വെച്ചിരുന്നത്?

"ആ.... ആര്‍ക്കറിയാം" 

എന്നിലെ കാല്പനികന്‍റെ ആ ചോദ്യത്തിന് ഞാന്‍ തന്നെ അറിയാതെ മറുപടി പറഞ്ഞു പോയി. ഒറ്റക്കിരുന്നുള്ള എന്‍റെ സംസാരം കേട്ടാവണം  ജനാല വിരികളെ ചുരുട്ടി അറ്റങ്ങളില്‍ ബന്ധിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയത്. അല്‍പ നേരം എന്നെ വിസ്മയിച്ചു നോക്കിയ ശേഷം അവള്‍ എന്‍റെയടുത്തു വന്നു നിന്നു.

" ആ.... എനിക്കറിയില്ല"

"എന്ത്?"
ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി

"നീയല്ലേ ഇപ്പൊ ചോദിച്ചേ, ആര്‍ക്കറിയാമെന്നു?"

"അത് നിനക്കൊട്ടുമറിയാന്‍ വഴിയില്ല"
  എന്‍റെ മറുപടിയില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച  ജിജ്ഞാസയുടെ ഇര കോര്‍ത്ത  കൊളുത്ത്  ഞാനുദ്ധേശിച്ച രീതിയില്‍ തന്നെ കൊണ്ടെന്നു അവളുടെ കടുപ്പിച്ച നോട്ടം ചേര്‍ത്ത് വന്ന ഉടനെയുള്ള ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി

"അതെന്താ, ഞാനറിയാന്‍ പാടില്ലാത്ത ഇത്ര വലിയ കാര്യം?"

പെട്ടുപോയ അപകടത്തില്‍ നിന്നും എങ്ങനെ കര കയറുമെന്ന് ആലോചിച്ചു നില്‍ക്കെ ബെഡ്ഡില്‍ തുറന്നു വെച്ച ലാപ്‌ടോപ്പില്‍ ഒരു പോപ്‌ അപ്പ് ചാറ്റ് വിന്‍ഡോ ഒരു കിളിശബ്ദത്തോടെ തെളിഞ്ഞു വന്നു.

'പുഷ്പിക്കാത്ത ഗര്‍ഭപാത്രം'  ഈ പ്രയോഗം ഓര്‍മ്മയുണ്ടോ?"

എന്‍റെ ദൈവമേ....
മനസ്സിലാണത് പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു അന്‍പതിനായിരം  ഡെസിബെലിനു മുകളിലുള്ള ഒരു നിലവിളിയായിരുന്നു അത്. അവളിതു കണ്ടിട്ടുണ്ടാകരുതെ എന്ന പ്രാര്‍തഥനയോടെ പുറകിലേക്ക് നോക്കിയതും വിതുമ്പലോടെ ബെഡ്ഡിലേക്ക് കമിഴ്ന്നു വീഴുന്ന അവളെയാണ് കണ്ടത്. ഇടി വെട്ടിയവനെ പാമ്പ് കടിക്കുക എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച പരിചയം മാത്രമുണ്ടായിരുന്ന എനിക്ക് അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ശരിക്കുമറിയാന്‍ കഴിഞ്ഞ നിമിഷങ്ങള്‍.
ഈ നേരത്ത് ചാറ്റാന്‍ വന്ന സുഹൃത്തിനെ ശാപവാക്കില്‍ പൊതിഞ്ഞു ലാപ്ടോപ് അടച്ചു പൂട്ടി മേശപ്പുറത്തേക്കെറിഞ്ഞു ഞാന്‍ അനുനയത്തിനുള്ള വാതിലുകള്‍ തേടി കട്ടിലിനു താഴെ മുട്ടുകുത്തിയിരുന്നു. 
ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞു വന്ന ആ വാക്യത്തിലെ ഓരോ അക്ഷരങ്ങളും എന്‍റെ മുന്നില്‍ പരിഹസിച്ചു നൃത്തം ചെയ്യുന്നതായി തോന്നി.
ആ പ്രയോഗത്തിന്‍റെ ഉറവിടം തേടി ഞാന്‍ പിന്നോട്ട് നടന്നു.

      ഹയര്‍ സെകണ്ടറി ക്ലാസില്‍ കെമിസ്ട്രി പഠിപ്പിച്ചു കൊണ്ടിരുന്ന കാലം. എന്‍റെ ഒരു വിദ്യാര്‍ഥിനി സംസ്ഥാന തല സ്കൂള്‍ കലോത്സവത്തില്‍ മലയാളം കഥാ രചനക്ക് ഒന്നാം സ്ഥാനം നേടിയെന്ന വാര്‍ത്ത ഒരു കൌതുകത്തോടെയാണ് കേട്ടത്. സാധാരണ ഉണ്ടാവാറില്ലാത്ത  ഒരു കേള്‍വിയായതിനാല്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. പൊതുവേ സയന്‍സുകാര്‍ ഇത്തരമൊരു പേര് കേള്‍പ്പിക്കാറില്ലാത്തതാണ്. നേര്‍ച്ചക്കോഴികളെപ്പോലെ ഭാവിയില്‍ ഡോക്ടറാവാന്‍  അച്ഛനമ്മമാരാല്‍ ഉഴിഞ്ഞു നിര്‍ത്തപ്പെട്ട ഒരു വര്‍ഗത്തിന്‍റെ പെണ്‍പ്രതിനിധി സര്‍ഗാവിഷ്കാരത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുന്നു. അഭിനന്ദനമറിയിക്കാന്‍ വിളിച്ചപ്പോള്‍ കൂടെ സമ്മാനാര്‍ഹമായ കഥ ഓര്‍ത്തെടുത്തു എഴുതി തരാമോ എന്ന എന്‍റെ ചോദ്യത്തിന് അവള്‍ സന്തോഷത്തോടെ സമ്മതം മൂളി. പിറ്റേ ദിവസം ക്ലാസ് കഴിഞ്ഞയുടനെ എന്‍റെ കയ്യില്‍ ഓര്‍ത്തെടുത്തു എഴുതിക്കൊണ്ടു വന്ന  കഥ തന്നിട്ടാണവള്‍  പോയത്. വീട്ടിലെത്തി സ്വസ്ഥമായി വായിച്ചു നോക്കി. പ്രമേയത്തോട് നീതി പുലര്‍ത്തിയ ശക്തമായ ആഖ്യാനം. വായിച്ചു തീര്‍ന്നിട്ടും എന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന  ഒരു പ്രയോഗം അതിലുണ്ടായിരുന്നു, "പുഷ്പിക്കാത്ത ഗര്‍ഭപാത്രം". ഒരു പതിനാറുകാരി പെണ്‍കുട്ടി എങ്ങിനെ ഇത്തരമൊരു വാക്യത്തെ ആവിഷ്കരിച്ചു എന്നതായിരുന്നൂ അന്നത്തെ എന്‍റെ ചിന്ത മുഴുവന്‍. കഥ ഞാന്‍ എന്‍റെ സുഹൃത്തിനെ കാണിച്ചു. ആ പ്രയോഗം അവനെയും വിസ്മയിപ്പിച്ചു.ഞങ്ങള്‍ അതെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തു നേരം കളഞ്ഞു. പിന്നീടെപ്പോഴോ ആ കഥയും പ്രയോഗവും അബോധ മനസ്സിലേക്ക് സ്ഥാനാന്തരം ചെയ്യപ്പെട്ടിരുന്നു. ഇന്നവനിക്കെവിടന്നാണാവോ ഇതോര്‍മയില്‍ വന്ന് എന്നെ ഇങ്ങനെ മുട്ടിലിരുത്താന്‍ യോഗമുണ്ടാക്കിയത്? അവനൊരു കഥയെഴുതുന്ന കാര്യവും അതിനൊരു പേര് തിരക്കിയുള്ള ഇന്നലത്തെ വിളിയും എന്നിലൂടെ കടന്നു പോയി.

കനത്തൊരു ഏങ്ങല്‍ എന്നെ ഓര്‍മ്മകളില്‍ നിന്നും തിരികെ കൊണ്ടു വന്നു. കമിഴ്ന്നു കിടന്നു വിതുമ്പുന്ന അവളുടെ ഏങ്ങലടികള്‍ പുറത്തു കനത്തു തുടങ്ങിയ മഴയോടൊത്ത്‌ കനം കൂടി വന്നു.

"എന്തുണ്ടായി ഇങ്ങനെ കരയാന്‍ മാത്രം, കമോണ്‍, ചിയര്‍ അപ്പ് "

പ്രതികരണം ഒരു പൊട്ടലായിരുന്നു. സങ്കടങ്ങളുടെ ഒഴുക്കും പരപ്പും പുതപ്പില്‍ കണ്ണുനീര്‍ പകര്‍ത്തി വരച്ച ഒരു ഗ്രാഫിന്‍റെ രൂപം തീര്‍ത്തു.

"അത് അവനൊരു കഥയിലെ പ്രയോഗം ഓര്‍ത്തെടുത്തയച്ചതാണ്. അല്ലാതെ...  "

വാക്കുകള്‍ വഴിമുട്ടിപ്പോകുന്ന നിമിഷങ്ങള്‍. ഒരു നിഘണ്ടു തന്നെ മുന്നിലുണ്ടാകുമ്പോഴും പദങ്ങള്‍ക്കു വേണ്ടി പരതേണ്ടി വരുന്ന ചില നേരങ്ങളുണ്ട്. വാക്കിനാല്‍ നോവിക്കപ്പെട്ടവന്‍റെ മുറിവില്‍ പുരട്ടാന്‍ മരുന്നായുള്ളത് എന്താണാവോ?

 ടെറസ്സില്‍ നിന്നും വീണു താഴെ സിമെന്റു തറയില്‍ തട്ടി ചിതറിത്തെറിക്കുന്ന മഴവെള്ളം അവള്‍ തുറന്നിട്ട ജനലിലൂടെ മുറിക്കകത്തേക്ക് വന്നിരുന്നതിന്റെ ശക്തി കുറഞ്ഞിരിക്കുന്നു. മഴ ഒരു തിരിച്ചുപോക്കിനൊരുങ്ങുന്നതിന്റെ  സൂചനയായി കാറ്റിന്‍റെ ശക്തി കൂടി വന്നു. ഇനി ബാക്കി കടലില്‍ പെയ്യാമെന്നു കരുതിയാവണം ഉരുണ്ടു കൂടിയ മേഘങ്ങളൊക്കെയും കാറ്റിനോടൊപ്പം പടിഞ്ഞാറോട്ട് നീങ്ങിത്തുടങ്ങി. താഴെ വെറും തറയില്‍ മുട്ടുകുത്തിയിരിക്കുന്ന എന്‍റെ കാലിലൂടെ തണുപ്പ് അരിച്ചു കയറി ഉടലിനു ഒരു തരം മരവിപ്പ് വന്നു തുടങ്ങിയിരിക്കുന്നു. ഉടലും ഉള്ളും ഒരു പോലെ മരവിച്ച നേരം.
മഴ ശമിച്ചു തുടങ്ങിയിട്ടും അവളുടെ കണ്ണുനീര്‍ മഴക്കൊരു തോര്‍ച്ചയുമുണ്ടായില്ല. കൊച്ചു കുട്ടികളെപ്പോലെയുള്ള അവളുടെ ആഴത്തിലുള്ള ഏങ്ങലുകള്‍ ഒരു മുള്ള്കമ്പി പോലെ എന്‍റെ നെഞ്ചിനെ കൊരുത്ത് വലിച്ചു തുടങ്ങിയതോടെ ഞാന്‍ എഴുന്നേറ്റു ഷെല്‍ഫിനടുത്തേക്ക്  നടന്നു.കീയിട്ടു തുറന്ന് താഴത്തെ പേര്‍സണല്‍ ഫോള്‍ഡറില്‍   നിന്നും ഏതാനും ചീട്ടുകളെടുത്തു മടങ്ങിവന്നു അവളുടെ പാദങ്ങള്‍ക്ക് താഴെ മുഖം ചേര്‍ത്തു വെച്ചു വീണ്ടും താഴെ മുട്ടുകുത്തിയിരുന്നു. അപ്പോഴുള്ള എന്‍റെ ഭാവഹാദികള്‍ ഒരു കണ്ഫെഷന് ഒരുങ്ങി വന്ന കുഞ്ഞാടിനോടാണ് സമം തോന്നിച്ചത്. കയ്യിലിരുന്ന കടലാസ് കൂട്ടം അവളുടെ മുഖത്തിന്‌ സമീപം നിവര്‍ത്തി വച്ച് ഞാന്‍ വീണ്ടും അവളുടെ പാദങ്ങള്‍ക്കടിയില്‍ മുഖം പൂഴ്ത്തി.

" എല്ലാം എന്‍റെ കുറവ്, എന്‍റെ കുറ്റം, മൈ ഓണ്‍ ബ്ലഡി ഇനെഫിഷ്യന്‍സി റ്റു ഇഗ്നൈറ്റ് എ ലൈഫ് ഇന്‍സൈഡ് യു, നീയെന്തിനു നോവ്‌ തിന്നണം?, എന്നോടു.............."
 എന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി പുറത്തേക്കു വരാതെയായി 

ഒരു ഉണ്മയുടെ വെളിപാടിന്‍റെ വേദന കൊണ്ടാകണം അപ്രതീക്ഷിതമായി ഒരു മിന്നലും പിന്നാലെ ചെവിടടപ്പിക്കുന്ന വെള്ളിടിയും....
മുറിയില്‍ പടര്‍ന്ന അന്ധകാരത്തിന്‍റെ കനിവില്‍  ഞാനും എന്‍റെ കറുപ്പും അവളില്‍ നിന്നും തല്‍ക്കാലത്തേക്ക്  ഒളിപ്പിക്കപ്പെട്ടു.

                                       .                     ******************

3 comments:

 1. Mabrooq...!!!
  Hoping to read more from ur 'key-pad'

  ReplyDelete
 2. ഇതെന്താ ഇവിടെ ആരും
  വരാറില്ലേ.
  ഇഷ്ടപെട്ടു...

  ReplyDelete
 3. sea ല്‍ നിന്ന് ഉണ്ടായ ഞെട്ടല്‍ അത് എനിക്ക് ഇഷ്ടപ്പെട്ടു...

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...