ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 2 January 2011

ജീവനാശിനിയായി മാറുന്ന എന്‍ഡോസള്‍ഫാന്‍

                                                        മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത രീതിയാണ് ഉത്പാദനരംഗത്തെ എളുപ്പവഴികളുടെ പ്രയോഗവല്കരണം. വേഗവും അളവും മുഖ്യമാനദണ്‍ഡങ്ങള്‍ ആകുമ്പോള്‍ ഉല്പന്നത്തിന്‍റെ ഗുണമേന്മയും ഉത്പാദനരീതികളുടെ ശേഷിപ്പുകളും രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെടുന്നത് സ്വാഭാവികം. രാസകീടനാശിനികളും കളനാശിനികളുമെല്ലാം സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ കാര്‍ഷികോല്പാദനത്തിനു വിഘാതമാവുന്നത് ഇവിടെയാണ്‌. അനിയന്ത്രിതവും അശാസ്ത്രീയവുമായ രാസകീടനാശിനികളുടെ ഉപയോഗം ഇവയെ ജൈവനാശിനികളാക്കി മാറ്റിയിരിക്കുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ ഏറ്റവും അസ്വസ്ഥമാക്കുന്ന സത്യം. രാസകീടനാശിനികള്‍ അപകടകാരികളായി മാറുന്നതിനു ആഗോള സമൂഹം സാകഷ്യം  വഹിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിലാണ്.
       1950 -കളിലാണ് ഇനോര്‍ഗാനിക് രാസവസ്തുക്കളായ കാത്സ്യം ആര്‍സനേറ്റ്, കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്), ലെഡ് ആര്‍സനേറ്റ്, തുടങ്ങിയ മാരകമായ ഹെവി മെറ്റല്‍  സാന്നിധ്യമുള്ള കീടനാശിനികളില്‍ നിന്നും മാറി  ഓര്‍ഗാനിക് സംയുക്തങ്ങളിലേക്ക് കാര്‍ഷികലോകം തിരിയുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം  രാജ്യങ്ങള്‍ തമ്മിലുള്ള അസംസ്കൃത വസ്തുക്കളുടെ കൈമാറ്റങ്ങളില്‍  തടസ്സം നേരിട്ടതോടെ യൂറോപ്പില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന സസ്യജന്യ ജൈവകീടനാശിനികളായിരുന്ന നിക്കോട്ടിന്‍, പൈറിത്രം തുടങ്ങിയവയുടെ വരവ് നിലച്ചു. അതോടെ രസതന്ത്ര ഗവേഷണ രംഗത്ത് പുതിയ രാസകീടനാശിനികളുടെ വികസനത്തിനും ഉല്പാദനത്തിനും വേണ്ടിയുള്ള വ്യാപകമായ സമ്മര്‍ദ്ദം വന്നു. അങ്ങിനെയാണ് 1940 -ല്‍ ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഒരേസമയം 'ഹെക്സാ ക്ലോറോ സൈക്ലോഹെക്സേനിന്റെ' കീടനാശിനി സ്വഭാവം തെളിയിക്കപ്പെടുന്നത്. ഇന്ന് കാണുന്ന ഒരുവിധം എല്ലാ ഓര്‍ഗാനിക് രാസകീടനാശിനികളുടെയും അസ്ഥി എന്നു പറയുന്നത് 'ഹെക്സാ ക്ലോറോ സൈക്ലോഹെക്സേന്‍' ആണ്. ഇതില്‍ നിന്നാണ് ലിന്‍ഡേന്‍, ഡി ഡി റ്റി തുടങ്ങിയവയുടെ ഉത്ഭവം. ഇവയുടെ പ്രയോഗ വിജയം ഈ ദിശയില്‍ ഒട്ടേറെ കീടനാശിനികളുടെ നിര്‍മാണത്തിന് രസതന്ത്ര ലോകത്തിനു ഊര്‍ജ്ജമേകി. താരതമ്യേന എളുപ്പത്തില്‍ നടത്താവുന്ന  'ഡീല്‍സ്-ആല്‍ഡര്‍'  റിയാക്ഷനിലൂടെ 'സൈക്ലോഡൈഈന്‍' വിഭാഗത്തില്‍ പെടുന്ന ഒട്ടേറെ രാസ കീടനാശിനികളാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ കാര്ഷികലോകത്തിനു മുന്നില്‍ അവതരിക്കപ്പെട്ടത്. പ്രയോഗഫലത്തിലെ താരതമ്യേനയുള്ള മേന്മ കൊണ്ടും ഓരോ കീടത്തിനും പ്രത്യേകമായുള്ള ഉല്പന്നങ്ങളുടെ (specificity ) ലഭ്യത കൊണ്ടും എളുപ്പത്തില്‍ പ്രചാരം ലഭിച്ചു. മേല്പറഞ്ഞ ക്ലോറിന്‍ അടങ്ങിയ ഓര്‍ഗനോ  ക്ലോറസ്‌ സംയുക്തങ്ങളോടൊപ്പം ഫോസ്ഫറസ് അടങ്ങിയ ഓര്‍ഗനോ ഫോസ്ഫറസ് വിഭാഗത്തിലുള്ള ബ്ലാഡേന്‍, പാരത്തിയോണ്‍ തുടങ്ങിയ സസതനികള്‍ക്ക് മാരകമായ ഒട്ടേറെ പുതിയ കീടനാശിനികളും ജര്‍മനിയില്‍ നിന്നും ലോക മാര്‍ക്കറ്റിലേക്ക് എത്തിച്ചേര്‍ന്നു. 
         പിന്നീട് ശരവേഗത്തിലായിരുന്നു വിവിധ രാസകീടനാശിനികളുടെ വരവ്. ഒടുവില്‍ ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം ലോകത്തിനു ബോധ്യം വരാന്‍ 1962 - ല്‍  റേച്ചല്‍ കാര്‍സന്‍ പക്ഷികള്‍ പാടാനില്ലാത്ത മൂകവസന്തത്തെക്കുറിച്ചു പുസ്തകമെഴുതേണ്ടി വന്നു. ലോകത്താകമാനം അപകടകാരിയായ രാസകീട നാശിനികള്‍ക്കെതിരെ പ്രകൃതി സ്നേഹികളുടെ ഒരു മുന്നേറ്റമുണ്ടാകുന്നത് ഈയൊരു പുസ്തകത്തിന്‍റെ പ്രകാശനത്തോടെയാണ്. അനന്തരം യു എസില്‍ ഡി ഡി റ്റി നിരോധിച്ചു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ പ്രക്ഷോഭങ്ങളുടെ ഫലമായി ലോകരാജ്യങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു തുടങ്ങി. നിരോധിത കീട നാശിനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു അവയുടെ ഉത്പാദനവും വിതരണവും തടഞ്ഞു. ഡി ഡി റ്റി യോട് ഘടനാ സാമ്യമുള്ള  'ഹെക്സാ ക്ലോറോ സൈക്ലോ പെന്റ ഡൈഈന്‍ ' വിഭാഗത്തില്‍ പെട്ട അതീവ അപകടകാരിയായ ഓര്‍ഗനോ ക്ലോറസ്‌ കീടനാശിനിയായ എന്‍ഡോസള്‍ഫാനും ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സഞ്ചിത വിഷമായും എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ അപകടപ്പെടുത്തുന്ന മാരക വസ്തുവായും പഠനങ്ങളിലൂടെ വെളിപ്പെട്ടതോടെ ആസ്ട്രേലിയ, ന്യൂസീലാന്റ് , യൂറോപ്യന്‍ യൂണിയന്‍, പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍, യു എസ് എ തുടങ്ങിയവരൊക്കെ നിരോധിച്ചപ്പോഴും ഇന്ത്യയും ബ്രസീലുമുള്‍പ്പെടെയുള്ളവര്‍ പിന്നെയും ടണ്‍ കണക്കിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിച്ചു തള്ളിക്കൊണ്ടേയിരുന്നു . രാസകീട നാശിനി ഉത്പാദന രംഗത്തെ ആഗോള ഭീമനായ ബെയര്‍ കോര്‍പറേഷന്‍റെ കൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണു നമ്മുടെ പൊതുമേഖല സ്ഥാപനമായ കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്സെക്ടിസൈഡ് ലിമിറ്റെഡ്. 
      പരീക്ഷണാടിസ്ഥാനത്തിലുള്ള  പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നാഡീ വ്യവസ്ഥക്കും കിഡനികള്‍ക്കും ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചു തെളിവുകള്‍ ഏറെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യനില്‍ നടത്തിയ പഠനങ്ങളുടെ അഭാവമാണ് എന്‍ഡോസള്‍ഫാന്‍ അനുകൂലികളെ നിരോധനത്തിനെതിരെ തിരിയാന്‍ ഊര്‍ജ്ജമാകുന്നത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യജീവികളുടെ നേരവസ്ഥ തന്നെയാണ് വെളിവുള്ളവര്‍ക്ക് ഏറ്റവും വലിയ തെളിവ്. കീടനാശിനി കോര്‍പറേറ്റുകളുടെ ചെലവില്‍ നക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നു പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നവന്‍റെ സാമര്‍ത്ഥ്യം ഒരു ജനതയുടെ പീഡിതാവസ്ഥക്കുള്ള മറുമരുന്ന് തേടുന്നവര്‍ക്ക് തടസ്സമാവരുത്. കാര്യ കാരണ ബന്ധങ്ങളുടെ പുറത്താണ് ശാസ്ത്ര സത്യങ്ങളുടെ നിലനില്‍പ്പ് തന്നെ. ഒരു പ്രദേശത്തങ്ങോളമിങ്ങോളം ഒരു തലമുറ മുഴുവന്‍ മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടു പോകുന്നുണ്ടെങ്കില്‍ അതിന്‍റെ കാരണം അവിടെ അനിയന്ത്രിതമായി പ്രയോഗിക്കപ്പെടുന്ന എന്‍ഡോസള്‍ഫാന്‍ അല്ലെന്നു വാദിക്കുന്നവര്‍ മറിച്ചുള്ള കാരണം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ലോകം ഹരിത രസന്തന്ത്രത്തെയും പരിസ്ഥിതി-സൗഹൃദ മുന്നറ്റങ്ങളെയും പുല്‍കുന്ന ഒരു കാലത്ത് വിഷം തളിച്ച് ഒരു തലമുറയെ കൊല്ലുന്ന ഭരണകൂടങ്ങള്‍ ചരിത്രത്തിലെ കറുത്ത ഏടുകള്‍ തങ്ങള്‍ക്കായി അടയാളപ്പെടുത്താന്‍ കാത്തുവെച്ചവര്‍ തന്നെ.           

3 comments:

  1. ഇനി എന്നാ ഇവരൊക്കെ പഠിക്കുക .....!!!

    ReplyDelete
  2. Think, Support and Work for "Green Chemistry"..!!

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...