ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 25 June 2011

അനുയാത്ര

                    ആദ്യമാദ്യം  പ്രണയനിര്‍ഭരങ്ങളായിരുന്നു വാക്കുകളും എഴുത്തുകളും.  പരസ്പരം കണ്ടെത്താന്‍ എന്തേ ഇത്ര വൈകിപ്പോയെന്ന പരിഭവങ്ങളുടെ വേലിയേറ്റങ്ങളുമായി നിരതെറ്റിയ അക്ഷരങ്ങള്‍. പുലരി പോലെ വെട്ടം നിറഞ്ഞ ഉള്ളിനെക്കുറിച്ച്, ഉറക്കം പിടിതരാതെ ഒളിച്ചുപാര്‍ക്കുന്ന രാവിന്‍റെ  കുസൃതിയെക്കുറിച്ച്, തൊലിപ്പുറം തുളച്ചു അകത്തേക്ക് കയറുന്ന തണുപ്പിനെ തടുക്കാനാവാതെ വിറയാര്‍ന്നു പൊട്ടിയ അധരങ്ങളെക്കുറിച്ച്,  പൂക്കളും ഇലയും വീണു പല നിറം ചാലിച്ച ഊടുവഴികളിലൂടെ മരപ്പെയ്ത്തില്‍ നനഞ്ഞുള്ള ഒരു സന്ധ്യാസവാരിയെക്കുറിച്ച്,  കൊന്ന പൂക്കുന്ന മേടമാസത്തിലെ ചൂടില്‍  വിയര്‍പ്പിലൊട്ടിയുള്ള ഒരു ഉച്ചമയക്കത്തെക്കുറിച്ച്, നിലാവിറ്റ് വീഴുന്ന ഒരു തെളിഞ്ഞ രാത്രിയില്‍ പുഴയോര മണലില്‍ മാനം നോക്കി കിടന്നുള്ള ഒരു കൂട്ടു സതിരിനെക്കുറിച്ച്, ചിറ പൊട്ടി വന്ന  ഒഴുക്കില്‍ കുതിച്ചു പായുന്ന  വികാരനൗകയെ   പിടിച്ചു കെട്ടാനുള്ള പെടാപാടിനെക്കുറിച്ച്, അങ്ങിനെയങ്ങിനെയൊരുപാട് ....   

 **********************

"പ്രണയമൂറ്റുന്നത്‌  ഒരു കലയാണോ?" 
ചോദ്യം അപ്രതീക്ഷിതമായിരുന്നു. അത് കൊണ്ട് തന്നെ ഉത്തരം മൗനത്തില്‍ അവസാനിപ്പിച്ചു ഞാന്‍ അവളെ തന്നെ നോക്കിയിരുന്നു.
"ആണല്ലേ, നിന്‍റെ കണ്ണുകള്‍ അങ്ങിനെ പറയുന്നു"
ഞാനൊന്ന് തല കുലുക്കി. ആണെന്നോ അല്ലെന്നോ എന്ന് തിരിച്ചറിയാനാകാത്ത പരുവത്തില്‍‍. 

"എന്നും നോവ്‌ തിന്നുന്നവളുടെ, വിരഹത്തിലൊട്ടി  മൗനമേറുന്നവളുടെ, പിന്നില്‍ ഇരുട്ട് മറക്കുന്നവളുടെ, വഴിയിലെന്നുമൊറ്റപ്പെടുന്നവളുടെ, ഇവരുടെയൊക്കെ പ്രണയമൂറ്റിയെടുക്കുന്നത് ഒരു തരം കല തന്നെ!". 

എന്നിലെ സ്വാര്‍ത്ഥതയുടെ മുനയൊടിക്കുന്ന പ്രയോഗങ്ങള്‍. അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ എന്‍റെ മുഖത്ത്  പടര്‍ന്നു കയറിത്തുടങ്ങിയിരുന്നു.
പക്ഷെ അവള്‍ നിര്‍ത്തിയില്ല. 

"നീ തളരാതെ, പ്രണയമേറ്റുന്നതും ഒരു കല തന്നെയാണേ...പുതുമഴയേറ്റു പൂത്തവളുടെ, മദിതമനസ്സ് മായ്ക്കാത്തവളുടെ, ചേല താഴ്ത്തി മറുക് കാട്ടുന്നവളുടെ, മരണ വഴിയില്‍ നിന്നും തിരിഞ്ഞു നടക്കുന്നവളുടെ, പടവിലിരുന്നു മാല കോര്‍ക്കുന്നവളുടെ....അല്ലേടാ..?" 
     
 "സുഹാനാ, പ്ലീസ്..."

"ഹ! അങ്ങിനെയങ്ങ് തളര്‍ന്നാലോ, ഇതൊക്കെ എന്‍റെ പ്രയോഗങ്ങളല്ല സര്‍, ഓര്‍മ്മകള്‍ക്കൊക്കെ ഒരു മിനിമം ഷെല്‍ഫ് ലൈഫ് കൊടുക്കണ്ടേ സാഹിത്യകാരാ. അധികാരത്തിന്‍റെ  തട്ടുകളാല്‍  വേര്‍തിരിക്കപ്പെട്ട  ബന്ധങ്ങള്‍ക്ക് നിലനില്‍പ്പിന് താങ്ങുവില വേണ്ടി വരുമെന്ന് കണ്ടുപിടിച്ച സോഷ്യലിസ്റ്റ്കാരന് സ്വന്തം മനസാക്ഷിയോടും നല്ലപാതിയോടും നീതി പാലിക്കാന്‍ കഴിയാതെ പോകുന്നതെന്തു കൊണ്ടാണാവോ?"

 ചോദ്യനദിയുടെ ആഴങ്ങളിലേക്ക് വലിച്ചിടപ്പെടും മുമ്പേ ഞാന്‍ മുറി വിട്ടു പുറത്തേക്കു നടന്നു.           

******************************

മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ എന്‍റെ മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ കോര്‍ത്തും അഴിച്ചും കൊണ്ടിരുന്നു. സുഖദു:ഖങ്ങളുടെ ജീവിതവഴികളില്‍ പരസ്പര പൂരകങ്ങളാകുന്നതിന്‍റെ അര്‍ത്ഥതലങ്ങളെ ക്കുറിച്ച് വാചാലനായി ഞാന്‍ കിടന്നു. അവളുടെ മനോഹരമായ കണ്ണുകള്‍ എന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.

"സുഹാനാ..., ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നതിന്‍റെ പിന്നില്‍ എന്താണെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?"

"ഇല്ല, അതിനു നമ്മള്‍ ജീവിച്ചു തുടങ്ങിയതല്ലേ ഉള്ളൂ അമന്‍..."

പുതുമയുടെ തുടിപ്പ് കൊണ്ടാവണം, അവളുടെ മറുപടി ആലോചനകള്‍ക്കൊന്നും കാത്തു നില്‍ക്കാതെ പെട്ടെന്നുള്ളതായിരുന്നു.

"കാരണങ്ങള്‍ എന്തോ ആവട്ടെ, പഴയ ഓര്‍മകളുടെ തടവില്‍ ജീവിക്കുന്നവരായി നമ്മള്‍ ഒരിക്കലും മാറില്ല, ഇതെന്‍റെ ഉറപ്പാണ്. നിനക്ക് തരാന്‍ പറ്റുന്ന  എന്‍റെ ഏക ഉറപ്പ്"

മനസ്സ് നിറഞ്ഞുള്ള അവളുടെ പുഞ്ചിരി കണ്ണുകളെ കൂടുതല്‍ വശ്യമാക്കി. രാവിന്‍റെ ചോട് വിട്ടു ഉതിര്‍ന്നു വീഴാന്‍  പോകുന്ന ഒരു ബാഷ്പമായി അവളെന്നിലേക്ക് പടര്‍ന്നു കയറി . യാത്രയുടെ അറ്റം വരെ ഈയൊരു കരവലയത്തിന്‍റെ സുരക്ഷിതത്വം പ്രതീക്ഷിച്ചാവാം ഒരു തൂമന്ദഹാസത്തോടെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

**************************
പരസ്പരം വികര്‍ഷിതമായ കാന്തങ്ങളെപ്പോലെ  പുറംതിരിഞ്ഞു കട്ടിലിന്‍റെ ഇരുധ്രുവങ്ങളിലായി കിടന്നത് മാത്രം ഓര്‍മയുണ്ട്. തീരുമാനങ്ങളില്‍ ആരുടേതാണ്  അവസാന വാക്കെന്ന് തീരുമാനിക്കാനാവാത്തതായിരുന്നു പതിവായി തുടരുന്ന വഴക്കുകളുടെ നാള്‍വഴിയില്‍ ഇന്നലത്തേതിനു കാരണം. പ്രണയത്തിന്‍റെ മൂര്‍ച്ചയാല്‍   ഹൃദയം പറിച്ചെടുത്ത്‌ ഒപ്പം കൂട്ടിയിട്ട് ഇപ്പോള്‍ അധികാരത്തിന്‍റെ ദംഷ്ട്രങ്ങളാല്‍  അതിനെ ചവച്ചു തിന്നുന്ന ചതിയനായി നിന്നെ കാണുന്നുവെന്ന് പരിതപിച്ചാണ് അവള്‍ ഇന്നലത്തെ അങ്കം അവസാനിപ്പിച്ചത്. ശേഷം പുലര്‍ച്ചയ്ക്ക് തൊട്ടുമുന്നെ വരെ എന്‍റെ ഉറക്കത്തെ ഇടയ്ക്കിടെ അതിക്രമിച്ചു കൊണ്ട് അവളുടെ തേങ്ങലുകള്‍ അവ്യക്തമായി കേട്ടുകൊണ്ടിരുന്നു.

      ജനലിലൂടെ പുലരിയുടെ വെട്ടം കണ്ണിലേക്കു തുളച്ചു കയറിയതോടെ ഞാന്‍ ഞെട്ടിയുണര്‍ന്നു. കട്ടിലിനപ്പുറം
ശൂന്യമായിരുന്നു. അകത്തൊന്നും ഒരു ശബ്ദവും കേള്‍ക്കാനില്ല. നിരാശപ്പെടുത്തുന്ന ഒരു മൂകത രാവിലെത്തന്നെ എന്നെ വലയം ചെയ്യുന്നതായി തോന്നി. എണീറ്റൊന്നു മൂരിനിവര്‍ന്നു അപ്പുറത്തെ കസേരയിലേക്കിരുന്നതും മേശപ്പുറത്തു നിന്നും ഒരു കടലാസ് കഷ്ണം വന്നെന്‍റെ മടിയിലേക്ക്‌ വീണു. അവളുടെ ഡയറിത്താളില്‍ പണ്ട് ഞാന്‍ എഴുതിക്കൊടുത്ത സെറീനയുടെ ഒരു കവിതയിലെ വരികള്‍ പിച്ചിയെടുത്ത്‌ എനിക്ക് വേണ്ടി അവള്‍ കരുതി വെച്ചിരിക്കുന്നു.

ഹൃദയമെങ്ങനെ പറിച്ചെടുത്ത്‌ 
മരക്കൊമ്പില്‍ വെയ്ക്കും, മരിച്ചു പോകില്ലേ? 
കഥയുടെ പകുതിയില്‍ 
കുഞ്ഞു കൗതുകം കണ്‍വിടര്‍ത്തുന്നു.

ചതിയുടെ പുഴ നീന്തിക്കടന്ന
കുരങ്ങന്‍റെ കൌശലത്തില്‍ 
കൈകൊട്ടിയാര്‍ത്തുറങ്ങുമ്പോള്‍ 
ഉറക്കത്തിലും ഒരു കുഞ്ഞു ചിരിത്തുമ്പ
പൂത്തു നില്‍പ്പുണ്ട് ചുണ്ടരികില്‍ 

കഥയില്ലാതെ പുഴ നീന്തി 
കരയില്ലാത്തോരിടത്തു 
കര പറ്റി നില്‍ക്കുമ്പോള്‍, കണ്ണേ, 
ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന
എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനെന്നു
നിന്നോട് പറയണമെന്നുണ്ട്.
ഹൃദയം പറിച്ചെടുക്കാനാവുമെന്നും
മരിച്ചു പോകില്ല, മരണത്തേക്കാള്‍
ആഴത്തില്‍, മുറിവില്‍, നിശബ്ദതയില്‍ 
ജീവിതപ്പെട്ടുപ്പോകുമെന്നും
പറയണമെന്നുണ്ട്.
പക്ഷെ, ഒരു തുമ്പച്ചിരിയില്‍ നിന്നും
വാരിയെടുത്ത നിലാവുമായി ഈ രാത്രി 
വാക്കുകള്‍ക്കു മീതെ തുളുമ്പിപ്പോകുന്നു. 

     "പ്രിയപ്പെട്ട അമന്‍, പേടിക്കേണ്ട, ഞാന്‍ മരിക്കാനൊന്നും പോകുന്നില്ല, പഴയ നല്ല ഓര്‍മ്മകളുടെ തടവില്‍ ജീവിതപ്പെട്ടു പോകാന്‍ ഇനി ഒരു ഹൃദയം ആവശ്യമില്ലെന്ന് അറിയിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട്. ഇനിയും ഒരാള്‍ക്കും ഇത്തരമൊരു ഉറപ്പ് കൊടുക്കരുത് അമന്‍. നിനക്കതു പാലിക്കാനും ലംഘിക്കപ്പെടുമ്പോള്‍ അവര്‍ക്കത്‌ താങ്ങാനും കരുത്തുണ്ടായെന്നു വരില്ല. ഞാന്‍ പോകുന്നു. ഒരു തിരിച്ചുവരവ് അനിവാര്യമാണെന്ന് രണ്ടു പേര്‍ക്കും തോന്നാത്തിടത്തോളം ഇതിങ്ങനെ പോകട്ടെ. ഒരു കടല്‍ ദൂരം താണ്ടുമ്പോഴെങ്കിലും ഒരു പ്രതീക്ഷയുടെ തുരുത്ത്  കാണാതിരിക്കില്ല. ഇതൊരു പ്രതീക്ഷയാണ്. നീയെന്നില്‍ ബാക്കിവെപ്പിച്ചു പോയ ഏക നന്മയുടെ അംശം. ഗുഡ് ബൈ......"- സുഹാന.

അവസാനത്തെ എഴുത്തും ആദ്യത്തെ എഴുത്തും തമ്മിലുള്ള അന്തരത്തിന്‍റെ ഒരു കടല്‍ ദൂരം താണ്ടുമ്പോള്‍ ഞാന്‍ ജീവിതപ്പെട്ടു പോകുമോ അതോ.....? 
                                            ***********************************

 (പ്രിയപ്പെട്ട കവയിത്രി സെറീനയുടെ 'ഒരു തുമ്പപ്പൂ കൊണ്ട്' എന്ന കവിത വായിച്ചപ്പോള്‍ തോന്നിയ ചില മതിഭ്രമങ്ങള്‍...)

9 comments:

 1. Ismail bhaai,

  Story is good, but indigestible in-between..! :)

  ReplyDelete
 2. Hai Ismail,

  Nice,but little difficult to understand

  ReplyDelete
 3. വായിച്ചു നന്നായി എഴുതി ആശംസകള്‍

  ReplyDelete
 4. മറ്റുള്ളവര്‍ക്ക് ഭ്രാന്തെന്ന് തോന്നിക്കുന്ന ഇത്തരം ചിന്തകള്‍ ഞാനും സ്നേഹിക്കുന്നു , ഭ്രാന്തമായി തന്നെ !  സ്നേഹാശംസകള്‍

  ReplyDelete
 5. Thanks Rashi, anony, komban and kunnekkadan for your kind reading and comments

  ReplyDelete
 6. ഋതുക്കള്‍ പറയുന്നത് ..21 July 2011 at 11:37

  കരയോടടുകുകയും ഒന്നും പറയാതെ തിരിച്ചു പോവുകയും ചെയ്യുന്ന തിരയുടെ മൌന വേദനകള്‍ പോലെ ,വാക്കുകള്‍ കൊണ്ടു പകരനാവാത്ത മൂക വിലാപങ്ങലുമായി ജീവിക്കുന്ന ചില മനുഷ്യരുമുണ്ട് ...മനസ്സില്‍ കൊണ്ട പ്രണയത്തിനു മുകളില്‍ കാലത്തിനെന്തു കൊത്തുവേലകള്‍ ചെയ്യാനാവും ?

  ReplyDelete
 7. ഋതുക്കള്‍ പറയുന്നത് ..21 July 2011 at 11:41

  ഒളിച്ചു കളിയുടെ രസമുള്ള യാത്ര ..ഒരു രഹസ്യത്തിന്റെ സാഹസമുള്ള ,യാത്ര...യാത്രകള്‍..എവിടെയാണ്?..

  ReplyDelete
 8. കഥ ഇഷ്ടായിട്ടോ...

  ആശംസകള്‍

  ReplyDelete
 9. പഴയ കോളേജ്‌ മാഗസിനുകളില്‍ ഇത്തരം കഥകള്‍ കണ്ടതോര്‍ക്കുന്നു .ഒറ്റ മൈനക്ക് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ കഴിയില്ലേ ?

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...