ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday 20 August 2011

ജോണ്‍സണ്‍ - മെലഡിയുടെ ഗുല്‍മോഹര്‍...

        മൂന്നു പതിറ്റാണ്ട് കാലം കൊണ്ട് മലയാളത്തില്‍ വിരിയിച്ചെടുത്ത  ഒരു പിടി മെലഡികളുടെ മാത്രം  മാസ്മരികത മതി ജോണ്‍സണ്‍ എന്ന കുറിയ മനുഷ്യന്‍ അനശ്വരനായി ഇവിടെ നില നില്‍ക്കാന്‍. ശാസ്ത്രീയമായി കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി ഒന്നും അഭ്യസിക്കാത്ത   ജോണ്‍സണ്‍  സുധ ധന്യാസിയിലും കല്യാണിയിലും മോഹനത്തിലും ആഭേരിയിലും പഹാടിയിലും കാപി രാഗത്തിലുമെല്ലാം കടഞ്ഞെടുത്ത പാട്ടുകള്‍ ജന്മസിദ്ധമായ സര്‍ഗ വൈഭവത്തിന്‍റെ കയ്യൊപ്പുകള്‍ ചാര്‍ത്തിയ സംഗീതാല്ഭുതങ്ങളാണ്.  
     പ്രണയിനിക്ക് കൊടുക്കാന്‍ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടേതാണെന്നു ചോദിച്ചാല്‍  ആദ്യം വരുന്നവയിലൊന്ന് തീര്‍ച്ചയായും പൂവച്ചല്‍ ഖാദറിന്‍റെ  വരികള്‍ക്ക്  ജോണ്‍സണ്‍ ഈണമിട്ടു യേശുദാസ് പാടിയ 'ഒരു കുടക്കീഴില്‍' എന്ന ജോഷി ചിത്രത്തിലെ "അനുരാഗിണീ ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...."
ആയിരിക്കും എന്നതില്‍ രണ്ടഭിപ്രായമുണ്ടാവാനിടയില്ല. 
      ഗായകനെന്ന നിലയില്‍ എം ജി ശ്രീകുമാറിന് മേല്‍വിലാസമുണ്ടാക്കി കൊടുത്ത കിരീടത്തിലെ " കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി....", കൗമാര സ്വപ്നങ്ങളില്‍ ഗന്ധര്‍വ സാന്നിധ്യം നിറച്ച 'ഞാന്‍ ഗന്ധര്‍വന്‍' എന്ന ചിത്രത്തിലെ " ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...", തെരുവുഗീതത്തിനും ക്ലാസ് മെലഡിയുടെ സങ്കേതങ്ങള്‍ പറ്റുമെന്ന് കാണിച്ച ചെങ്കോലിലെ "മധുരം ജീവാമൃത ബിന്ദു...",  കെ എസ്   ചിത്രയുടെ എന്നത്തെയും മാസ്റ്റര്‍ പീസ്‌ ആയ ചമയത്തിലെ "രാജഹംസമേ....", ഓ എന്‍ വി യുടെ തൂലികയില്‍ നിന്നുതിര്‍ന്നു വീണ വരികള്‍ക്ക് മെലഡിയുടെ തേന്‍ പുരട്ടി ജോണ്‍സണ്‍ അവതരിപ്പിച്ച പൊന്‍മുട്ടയിടുന്ന താറാവിലെ "  കുന്നിമണി ചെപ്പു തുറന്നു..", കാവാലത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ ജീവന്‍ നല്‍കിയ "  ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി..." , കൈതപ്രവുമായി ചേര്‍ന്നൊരുക്കിയ സല്ലാപത്തിലെ "പൊന്നില്‍ കുളിച്ചു  നിന്ന... ", നമുക്ക് പാര്‍ക്കാന്‍  മുന്തിരിതോപ്പുകളില്‍ ഓ  എന്‍ വി യുമായി ചേര്‍ന്ന് "പവിഴം പോല്‍ പവിഴാധരം പോല്‍..", വരവേല്‍പ്പിലെ "ദൂരെ ദൂരെ സാഗരം...",     ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലെ "മെല്ലെ മെല്ലെ  മുഖപടം..." അങ്ങിനെ എത്രയെത്ര ഗാനോപഹാരങ്ങള്‍....
        തൃശ്ശൂരിലെ നെല്ലിക്കുത്ത് ഫെറോന ചര്‍ച്ചിലെ ക്വയറില്‍ പാടി തുടങ്ങി 'വോയിസ്‌ ഓഫ് തൃച്ചുര്‍' എന്ന ഗാനമേള ട്രൂപില്‍  ഹാര്‍മോണിയം മുതല്‍ കോങ്ഗോ ഡ്രം വരെയുള്ള ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഒറ്റയ്ക്ക് വായിക്കുന്ന അത്ഭുത ബാലനായി വളര്‍ന്നു, ദേവരാജന്‍ മാഷിന്‍റെ ശിഷ്യനായി, സഹായിയായി, 1974 -ല്‍ ഭരതന്‍റെ ആരവത്തില്‍ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ഒരുക്കി ഇന്‍ഡസ്ട്രിയിലേക്ക് വരവറിയിച്ച്, 1981  -ല്‍ സില്‍ക്ക് സ്മിതയുടെ ആദ്യ പടമായ ഇണയെ തേടിയില്‍ ആര്‍ കെ ദാമോദരന്‍റെ വരികള്‍ക്ക് ഈണമിട്ടു ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി, ആര്‍ കെ ശേഖറിന് ശേഷം അര്‍ജ്ജുനന്‍ മാഷിന്‍റെയും ദേവരാജന്‍റെയും എ ടി ഉമ്മറിന്‍റെയുമെല്ലാം പാട്ടുകള്‍ക്ക്  , ഓര്‍ക്കസ്ട്രെഷന് ഒരുക്കി, , കാവാലം , ഓ  എന്‍ വി, ചുള്ളിക്കാട്, കെ ജയകുമാര്‍, കൈതപ്രം, ഗിരീഷ്‌ പുത്തഞ്ചേരി തുടങ്ങി ഒട്ടുമിക്ക പാട്ടെഴുത്തുകാരുടെയും ‍വരികള്‍ക്ക് ഈണം  തീര്‍ത്തു പാട്ടാക്കി, ഇടയിലെ ബീജിയം കമ്പോസ് ചെയ്തു, പാട്ടിന്‍റെ മുഴുവന്‍ ഓര്‍ക്കസ്ട്രെഷന്‍ നിര്‍വഹിച്ചു,  സിനിമകള്‍ക്ക്‌ മുഴുനീളം പശ്ചാത്തല സംഗീതം രചിച്ചു,   വയലാര്‍ - ദേവരാജന്‍, പി ഭാസ്കരന്‍ - എം എസ് ബാബുരാജ്, ശ്രീ കുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി,  ഓ എന്‍ വി - എം ബി ശ്രീനിവാസ്  എന്നിങ്ങനെയുള്ള എഴുത്തും ഈണവും ചേര്‍ന്നുള്ള ഹിറ്റ്‌ കോമ്പിനേഷനുകളിലേക്ക്  കൈതപ്രം - ജോണ്‍സണ്‍   എന്ന പുതിയ ഒരു  കൂട്ടുകെട്ട് കൂടി എഴുതി ചേര്‍ത്ത് അയാള്‍ കാലത്തിനപ്പുറത്തേക്ക് മറഞ്ഞിരിക്കുന്നു, തന്‍റെ സന്തതസഹചാരിയായ ഗിറ്റാറിന്‍റെ തന്ത്രികളില്‍ ശോകഹാരിയായ ഒരു  നോട്ട് ബാക്കി വെച്ച്.....
ഗാനാഞ്ജലികള്‍....

2 comments:

  1. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

    ReplyDelete
  2. Really a painful loss for all music lovers. He will live for ever through his songs in our hearts.
    May his soul rest in peace.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...