ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 29 November 2011

ഓര്‍മ്മക്കൂട്ടില്‍ 3 - ഓര്‍മയിലെ രണ്ടാം ക്ലാസ്


ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം

   പ്രവാസത്തിന്‍റെ ഊഷരതയില്‍ നിന്നും പിറന്ന മണ്ണിന്‍റെ ഊഷ്മളതയിലേക്ക് പറന്നിറങ്ങിയ ഇക്കഴിഞ്ഞ ഓണക്കാലത്തെ ഒരു സുന്ദര പകല്‍. വീട്ടിലെ സ്വീകരണമുറിയിലെ സോഫയില്‍  അട്ടം നോക്കിക്കിടക്കുകയായിരുന്ന എന്‍റെ അടുത്തേക്ക് ഒരാള്‍  കടന്നു വരുന്നു. വെളുത്ത കുപ്പായത്തിന്‍റെ കീശയില്‍ കുത്തി നിറച്ച ഒരു പാട് കടലാസുകള്‍ക്കിടയില്‍ നിന്നും നാലായി മടക്കിയ ഒരു മുഷിഞ്ഞ പേപ്പര്‍ കഷ്ണം പുറത്തേക്കെടുത്തു എന്‍റെ മുന്നിലേക്ക്‌ നീട്ടിക്കൊണ്ടദ്ദേഹം അരികിലായി ഇരുന്നു. കൊല്ലങ്ങളുടെ പഴക്കം കൊണ്ടാവണം ആ പേപ്പര്‍ കഷ്ണത്തിന്‍റെ അരികുകള്‍ ദ്രവിച്ചു ഉടനീളം ഒരു പിങ്ക് നിറം പരന്നിരിക്കുന്നു. ഞാന്‍ ഒന്നും മനസ്സിലാകാതെ  അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
"സൂക്ഷിച്ചു വെച്ചിരുന്ന പഴയ കുറെ പേപ്പറുകള്‍ വെറുതെ പരതി നോക്കിയപ്പോള്‍ കിട്ടിയതാണ്. അതിലേക്കു നോക്കിയിരുന്നു ഞാന്‍ ഇന്നലെ ഒരുപാട് കരഞ്ഞു"
 
പ്രായം തളര്‍ത്തി തുടങ്ങിയ അദ്ദേഹത്തിന്‍റെ കണ്‍കോണുകളില്‍ ഈറന്‍ മുത്തുകള്‍ നിറഞ്ഞു തിളങ്ങുന്നത് കണ്ടതോടെ അനിയന്ത്രിതമായ ആകാംക്ഷയില്‍ ഞാന്‍ ആ കടലാസിലൂടെ കണ്ണോടിച്ചു.  എന്‍റെ അകം ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു സ്കൂള്‍ ക്ലാസ് മുറിയിലേക്ക് അതിവേഗം ചുരുങ്ങി. ഞാനൊരു രണ്ടാം ക്ലാസുകാരനായി പുനരവതരിച്ചു. ഒരുപാട് ഓര്‍മചിത്രങ്ങളുടെ ഒരു തിരനോട്ടമായിരുന്നു പിന്നെ കുറേ നേരത്തേക്ക്.  പ്രിയപ്പെട്ട പാത്തുമ്മ ടീച്ചര്‍ കയ്യില്‍ ഒരു കൂരിമരത്തിന്റെ വടിയുമായി മേശയില്‍ ഉച്ചത്തില്‍ അടിച്ചു രണ്ടാം ക്ലാസിലെ പോക്കിരികളെ അടക്കിയിരുത്തുന്ന   ചിത്രം, ആറാം വയസ്സിലെ ഡിഫ്തീരിയക്കോ മറ്റോ ഉള്ള കുത്തിവെപ്പ് കഴിഞ്ഞു ചന്തിയില്‍ കൈയുഴിഞ്ഞു ആര്‍ത്തുകരഞ്ഞു ക്ലാസ്സിലേക്കോടി വരുന്ന സഹപാഠികളെ കണ്ടു മുട്ട് വിറച്ചു രണ്ടാം ക്ലാസിന്റെ മുന്നില്‍ നിന്നും കുത്തിവെപ്പ് നടക്കുന്ന സ്റ്റാഫ് മുറിയിലേക്ക് നീളുന്ന വരിയില്‍ തങ്ങളുടെ ഊഴവും കാത്തു  നിലവിളിയോടെ നില്‍ക്കുന്ന ചിത്രം, കടലാസ് തുണ്ടുകള്‍ പ്ലാസ്റ്റിക് കവറില്‍ കുത്തിനിറച്ചു ചാക്ക് നൂല് കൊണ്ട് വരിഞ്ഞുണ്ടാക്കിയ കെട്ടുപന്തു കൊണ്ട് ക്ലാസ്സിനകത്തു ഫുട്ബാള്‍ കളിച്ചു ബെഞ്ചിന്‍റെ കാലില്‍ കൊണ്ട് മുറിഞ്ഞ തള്ളവിരലുമായി പീ റ്റീ മാഷുടെ റൂമില്‍ ടിന്ചെര്‍ അയഡിന്‍റെ എരിവു കൊള്ളാന്‍ കാത്തിരിക്കുന്ന വേദനാചിത്രം, സ്കൂളിനു മുന്നിലെ പെട്ടിപ്പീടികയില്‍ നിന്നും വാങ്ങിയ ഉപ്പുവെള്ളത്തില്‍ പുഴുങ്ങിയ സ്വീറ്റ് കോണിന്‍റെ ബാക്കിയാകുന്ന തണ്ട് കൊണ്ട് സ്കൂളിന്‍റെ ഓടെറിഞ്ഞു പൊട്ടിച്ചതിന് ഹെഡ്മാഷ്‌ കുര്യന്‍ സാറിന്‍റെ കയ്യില്‍ നിന്നും ചൂരല്‍ കഷായം ഏറ്റുവാങ്ങുന്നതിന്‍റെ ദയനീയ ചിത്രം,
തകര്‍ത്താടുന്ന തുലാപെയ്ത്തില്‍ ആരും കാണാതെ രണ്ടാം ക്ലാസിനു മുന്നിലെ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് ഓടിറങ്ങി വരുന്ന മഴവെള്ളത്തോടൊപ്പം നീട്ടി മൂത്രമൊഴിച്ചു കളിക്കുമ്പോള്‍ പറയാതെ വന്ന വെള്ളിടിയില്‍ പേടിച്ചു തിരിഞ്ഞോടുന്ന  ഒരു  മഴചിത്രം, വശങ്ങള്‍ ഉരസി മിനുക്കിയ മാര്‍ബിള്‍ കഷ്ണം  കൊണ്ട് നിലത്തു വിതറിയ  കശുവണ്ടിക്ക് നേരെ ഉന്നം പിടിച്ചെറിഞ്ഞു പിടിക്കുന്ന തമ്പ് കളിയുടെ ആരവങ്ങളുടെ ചിത്രം......


      എന്‍റെ രണ്ടാം ക്ലാസിലെ ഒരു ക്രിസ്മസ് പരീക്ഷയിലെ സയന്‍സിന്‍റെ ഉത്തര പേപ്പര്‍ അത് പോലെ സൂക്ഷിച്ചു വെച്ചെനിക്ക് ഓര്‍മകളുടെ ഒരു പെരുമഴക്കാലം തിരികെ തന്നിരിക്കുന്നു, നീണ്ട 21 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഓര്‍മക്കൊലുസു പോലെ എന്‍റെയുള്ളില്‍ കിലുക്കം തീര്‍ത്തു കൊണ്ട്....എന്‍റെ കണ്ണുകള്‍ നനഞ്ഞു പോയി. ആദ്യാക്ഷരം നുകര്‍ന്ന സ്കൂള്‍ മുതല്‍ കലാലയം വരെയുള്ള എന്‍റെ പഠനവഴിയില്‍ ഒരു കെടാവിളക്ക് പോലെ കൂടെ നിന്നനുഗ്രഹിച്ച, കാലിടറുമ്പോഴോക്കെയും ഒരു പിടിവള്ളിപോലെ മുന്നില്‍ വന്നതിശയിപ്പിച്ച, വഴി മറയുമ്പോഴെല്ലാം ഒരു വഴിയടയാളമായി മുന്നിലവതരിച്ചെന്നെ നേര്‍നടത്തിയ, മഹാവിസ്മയമേ....

     രണ്ടാം ക്ലാസ് ഡി ഡിവിഷനിലെ ഈയുള്ളവന്‍റെ അന്നത്തെ ശാസ്ത്രജ്ഞാനം കണ്ടു സ്വയം അതിശയിച്ചു പോയി. അതിഭീകരമായ സ്വന്തം കണ്ടെത്തലുകള്‍ വരെയുണ്ട് ഈ ഉത്തര പേപ്പറില്‍! അവയില്‍ ചിലതിലൂടെ....

ചോദ്യം: കമ്പിളിരോമത്തിനു വേണ്ടി വളര്‍ത്തുന്ന മൃഗമാണ്‌....................?

ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം

എന്‍റെ ഉത്തരം: ഒട്ടകം

(ഇപ്പോള്‍ ഒട്ടകത്തിന്റെ നാട്ടില്‍ കഴിയുന്ന എന്നോട് ഒട്ടകം ക്ഷമിക്കട്ടെ!)

ചോദ്യം: ..................മണ്ണില്‍ വെള്ളം നില്‍ക്കുകയില്ല? 

എന്‍റെ ഉത്തരം: ചരല്‍ മണ്ണില്

 (ഞാനൊരു ഭൌമശാസ്ത്രഞ്ജന്‍ ആകേണ്ടിയിരുന്നതല്ലേ!?)

ചോദ്യം: കളിമണ്ണില്‍ സസ്യങ്ങള്‍ വളരുകയില്ല, എന്ത് കൊണ്ട്?
എന്‍റെ ഉത്തരം: വെള്ളം ഉണ്ടായത് കൊണ്ട് 

ചോദ്യം: ശൂന്യാകാശത്ത് ഭാരം അനുഭവപ്പെടുന്നില്ല, എന്ത് കൊണ്ട്?
ഉത്തരം: അവിടെ കാറ്റ് ഉള്ളതുകൊണ്ട്

(ന്യൂട്ടനെയും കെപ്ലറെയും ഒക്കെ മാറ്റി എഴുതേണ്ട സമയം അന്നേ  അതിക്രമിച്ചിരുന്നു!!) 

ചോദ്യം: വീടുകൊണ്ടുള്ള പ്രയോജനങ്ങള്‍ ഏവ? 
എന്‍റെ ഉത്തരം: കള്ളന്‍ വരാതിരിക്കാന്

(കള്ളന്‍ വരണമെങ്കില്‍ അവനു കയറാന്‍ ഒരു വീടുണ്ടായിരിക്കണം എന്ന് സത്യായിട്ടും അന്നെനിക്കറിയില്ലായിരുന്നു, ക്ഷമിക്കണം!) 

ശരിയോ തെറ്റോ എന്നെഴുതാനുള്ളിടത്തു എന്‍റെ 'ശരി' എന്നതൊക്കെ 'സെരി' ആണ്. (നമ്മളെന്താണോ സംസാരിക്കുന്നത് അതാണല്ലോ ഭാഷ. അപ്പൊ 'സെരി' ആണ് സെരി, അല്ലേ മാഷ്ടെ....?)

      ഇങ്ങനെയുള്ളവന്‍ ആ യൂ പി സ്കൂളില്‍ നിന്നും ഏഴാം ക്ലാസ് കഴിഞ്ഞു ഹൈസ്കൂളിലേക്ക് പോകുമ്പോള്‍ ആ സ്കൂളിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മികച്ച വിദ്യാര്‍ഥിയായിരുന്നു എന്നറിയുമ്പോഴാണ് ഞാന്‍ നേരത്തെ പറഞ്ഞ ആ മഹാവിസ്മയം എങ്ങനെയാണെന്നെ വഴി നടത്തിയത് എന്ന് മനസ്സിലാകുന്നത്‌. അന്ന് ആ പഞ്ചായത്തിലെ ഏറ്റവും മികച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കുള്ള  ഇരുനൂറു രൂപയുടെ കാഷ് അവാര്‍ഡ്‌ വാങ്ങാന്‍ എന്നെയും കൊണ്ട് അദ്ദേഹം പോയത് ഇന്നും എന്‍റെ ഓര്‍മയില്‍ പച്ചയിട്ട് നില്‍ക്കുന്നു.

  ഇരുപുറവും മഹാഗര്‍ത്തങ്ങളുള്ള നേര്‍ത്ത കല്‍വഴിയിലൂടെ വീഴാതെ അരികു പറ്റി എന്നെ നടത്തിയതിനു, 
ആഘോഷങ്ങളുടെഓളപ്പരപ്പില്‍ ഒളിഞ്ഞു കാത്തിരിക്കുന്ന നീര്‍ചുഴിയില്‍ പെട്ട് കുത്തിയൊലിച്ചു പോകും മുമ്പേ 
നേരറിവിന്റെ കയ്യെറിഞ്ഞു എന്നെ കരക്കെത്തിച്ചതിനു, 
നഷ്ടബാല്യത്തിന്‍റെ സ്വപ്നക്കൂടുകളില്‍ കയറിയിരുന്നു ഓര്‍മയുടെ തൂവലുകള്‍ പെറുക്കിയടുക്കുന്ന നേരത്ത് എനിക്കേറെ  പ്രിയപ്പെട്ട എന്‍റെ രണ്ടാം ക്ലാസിലെ ഉത്തരപേപ്പറുമായി വന്നെന്നില്‍ വിസ്മയം തീര്‍ത്തതിനു, 
എല്ലാത്തിനും..... ഈയുള്ളവന്‍റെ  ദക്ഷിണയായി ഈ ഓര്‍മ്മക്കുറിപ്പ്‌ സമര്‍പ്പിക്കട്ടെ. 
ഇനിയുമേറെക്കാലം എന്‍റെ പ്രയാണങ്ങള്‍ക്കുള്ള ഊര്‍ജസ്രോതസായി അങ്ങെന്‍റെ കൂടെയുണ്ടാവാന്‍ അവന്‍റെ അനുഗ്രഹമുണ്ടാകട്ടെ...

                       (എന്നെ ഞാനാക്കിയ പ്രിയപ്പെട്ട  എന്‍റെ മാതൃപിതാവിന്......)  ‍  

15 comments:

 1. ഹൃദ്യതയില്‍ നിന്ന് ഇഷ്ടമായെന്നു പറയാ൯ നി൪ബന്ധിതമാക്കുന്നുവല്ലോ..വാക്കുകളില്‍ ജീവ൯ തുടിക്കുന്ന ഓ൪മ്മയുടെയീ ഭാഷ..

  ReplyDelete
 2. ഹൃദയസ്പര്‍ശിയായി...

  ReplyDelete
 3. സത്യമായും ഇത് വല്ലാതെ ആകര്‍ഷിച്ച ഒരു ഓര്‍മക്കുറിപ്പ്... സുന്ദരമായ ശൈലിയില്‍ മനോഹരമായി അവതരിപ്പിച്ചു...

  ReplyDelete
 4. മനോഹരമായി എഴുതിയ അനുഭവം ആശംഷകള്‍

  ReplyDelete
 5. എന്നെ കുറെ നേരത്തേക്ക് പഴയ കാലത്തേക്ക് കൊണ്ട് പോയി. ഇതു പോലെയുള്ള ഉത്തരക്കടലാസുകളെ ഓർത്ത് മനസ്സിൽ ഒരു പിടച്ചിൽ .. ആശംസകൾ ഭായ്

  ഈ ഓർമ്മക്കുറിപ്പ് നന്നായി കെട്ടോ !

  ReplyDelete
 6. ഏഴാം ക്ലാസ്സിലെ ഒരു സയന്‍സ് പേപ്പറില്‍ ഋതുക്കള്‍ ഉണ്ടാകുന്നതെങ്ങനെ എന്നൊരു ചോദ്യം ഉണ്ടായിരുന്നു. അത് ഏതോ രോഗം ആണെന്ന് കരുതി ഞാന്‍ എഴുതിയ ഉത്തരം കേള്‍ക്കണോ?

  നമ്മള്‍ കുളിക്കാതിരുന്നാല്‍ ശരീരത്തില്‍ ഋതുക്കള്‍ ഉണ്ടാകും. എന്നും രാവിലെയും വൈകിട്ടും കുളിക്കണം.

  എന്നോടുള്ള പ്രത്യേക വാത്സല്യം കാരണം ആവും, ജോണ്‍ സര്‍ അത് ക്ലാസ്സില്‍ വായിച്ചില്ല.

  ReplyDelete
 7. Ismail, idu edu nattile time aanu?
  hashim kallungalFeb 20, 2012 10:52 PM

  ivide ipol 21/02/2012 uchakk 12.24 aanu.

  ReplyDelete
 8. രണ്ടിലും മൂന്നിലും താഴെ കിടക്കുന്ന മാര്‍ക്ക്‌ മുകളില്‍ കിട്ടിയില്ലെങ്കില്‍ കരഞ്ഞിരുന്ന, പത്തിലെതിയപ്പോള്‍ പത്തു മാര്‍ക്ക് കിട്ടാന്‍ കഷ്ട്ടപെടുന്ന ഒരു ബാലനെ ഓര്‍മിപ്പിച്ചു.

  ഓര്‍മകളിലേക്ക് കൂടികൊണ്ടുപോയി ഈ കുറിപ്പ്‌.

  ReplyDelete
 9. beautiful dear u took way back to childhood..

  ReplyDelete
 10. beautiful dear u took way back to childhood..

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...