ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 3 April 2012

വേനല്‍ ഡയറി


പുഴയെന്നോ ആറെന്നോ പേര് വിളിക്കും 
നൂല് പോലെയെന്തോ ബാക്കിവെച്ച്
ഓരോവ്ചാല്‍ കണക്കെ ശുഷ്കിച്ച് 
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ 
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം  
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി 
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത്‌ മലച്ചങ്ങനെ... 

നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി 
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍   
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത  വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ  ഉറവ നിലച്ച തരിശില്‍ പിന്നെയും...   

ചുവപ്പ് കറുപ്പ്  മഞ്ഞ  പച്ച  
തുമ്പൊടിഞ്ഞ  ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍  
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും  
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി

ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി  തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും 
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും 
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

4 comments:

 1. ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
  ഇരുവശത്ത് നിന്നും വിരല്‍ക്കെണി തീര്‍ത്തു വരണം
  ചിറകിനിട്ടു പിടുത്തം വീഴണം
  പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
  കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
  ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
  കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും
  ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും
  വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

  അതെയതെ...കഷ്ടം

  ReplyDelete
 2. നമ്മള്‍ എത്ര വേനല്‍ കടക്കണം പുഴയെത്തുവാന്‍ ?

  ReplyDelete
 3. മറവിയുടെ ഓര്‍മകളില്‍ നിന്ന് പോലും മറഞ്ഞിരിക്കുന്നു..
  തുമ്പി പാറിക്കളിച്ചിരുന്ന വേനല്‍തൊടി ..
  വരണ്ട കവിളിലെ മിഴിനീര്‍ ചോലയായി മാറി
  കൈവഴി ചിത്രങ്ങള്‍ രചിച്ചിരുന്ന വേനല്‍ പുഴ..
  പിന്നെയും കാലം തെറ്റിയൊരു വേനല്‍ മഴ
  പെയ്യുന്നുണ്ടീ തീരത്ത് മാത്രം..

  ReplyDelete
 4. ഈ പറഞ്ഞതൊന്നും ഓര്‍ക്കനില്ലാത്ത എനിക്ക് ഒരത്ഭുതം .......................സമ്പന്നമായ ബാല്യകാല ഓര്‍മ്മകള്‍ എന്നും പച്ച്ചപോടെ വിഹരിക്കട്ടെ ജീവിതത്തില്‍ എന്ന് ആശംസിക്കുന്നു:) നല്ല വരികള്‍ , ഇഷ്ട്ടമായി!

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...