അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള്‍ സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന്‍ /അപരിചിത, അവരുടെ സാമീപ്യം നമ്മെ
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത് മാത്രം പറയാതെ
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്‍/അവന്‍ സമീപത്തു നിന്നും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്‍) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ.
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട്
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍
പിന്നെയും ആ പഴയ അപരിചിത(ന്‍)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
പോലെ മനസ്സ് തിരിഞ്ഞു നില്‍ക്കും.