ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday, 11 November 2012

മെഹ്ദി പാഠങ്ങള്‍ -4: തേരെ ഭീഗെ ബദന്‍ കീ ഖുശ്ബൂ സെ........


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇത് വരെയും നമ്മള്‍ പിന്നിട്ടു പോയത് വിരഹത്തിന്റെയും പ്രണയനഷ്ടങ്ങളുടെയും ഹൃദയവേദനകളുടെയും വഴികളെയാണ്‌ . ഇനി നമുക്കൊന്ന് വഴി മാറി നടക്കാം. പ്രണയിനിയുടെ അംഗലാവണ്യത്തില് മദോന്‍‍മത്തനായ ഒരു കാമുകന്റെ ആവിഷ്കാരമാണ് ഈ ഗസല്‍. നനഞ്ഞൊട്ടിയ പ്രേയസ്സിയുടെ മെയ്യിന്റെ സുഗന്ധം നുകര്‍ന്ന് മതിമറന്നു പോയ തിരകളേയും  അവളുടെ മുടിയിഴകളില്‍ തഴുകിയകന്നതോടെ   ലഹരിയില്‍ മയങ്ങി നിന്ന കാറ്റിനെയുമൊക്കെപ്പറ്റി പാടുമ്പോള്‍ മെഹ്ദി സാബിന്റെ ശബ്ദം അങ്ങേയറ്റം കാതരമാകുന്നു.
പട്ടു പോലുള്ള ആ   ശബ്ദത്തിന്റെ തൂവല്‍ സ്പര്‍ശം ഏതൊരു കാമുകന്റെയും മനസ്സിലേക്ക് മഴയില്‍
നനഞ്ഞൊട്ടിയ പ്രണയിനിയുടെ ചിത്രം കൊണ്ട് വരുന്നു.  
  ‍   
തേരെ ഭീഗെ ബദന്‍  കീ ഖുശ്ബൂ സെ
ലെഹരേ ഭി ഹുയീ മസ്താനീ സീ

തേരീ സുല്ഫ് കൊ ചൂ കര്‍  ആജ് ഹുയീ
ഖാമോശ് ഹവാ ദീവാനീ സീ

യെഹ് രൂപ്‌ കാ കുന്ദന്‍ ദെഹ്കാ ഹുവാ
യെഹ് ജിസ്മ് കാ ചന്ദന്‍  മെഹ്കാ ഹുവാ

ഇല്സാം ന ദേനാ ഫിര്‍ മുജ്ഹ്കോ
ഹോ ജായെ അഗര്‍ നാദാനീ സെ

ബിഖ്‌രാ ഹുവാ കാജല്‍ ആന്ഖോന്‍ മേം
തൂഫാന്‍ കീ ഹല്‍ചല് സാസോന്‍  മേം
  
യെഹ് നറമ് ലബോന്‍ കീ ഖാമോശീ 
പല്കോന്‍ മേ ചുപീ ഹീരാനീ സീ


ആശയം ഏകദേശം ഇങ്ങനെ സംഗ്രഹിക്കാമെന്ന് തോന്നുന്നു:

നിന്‍ ഈറന്‍ മേനിയുടെ ഗന്ധം നുകര്‍ന്ന് ‍ 
അലകള്‍ പോലും  ഉന്മത്തയായി


നിന്‍ വാര്‍മുടി തഴുകിയ കാറ്റ് പോലുമിന്നു
ലഹരിയേറി  മയങ്ങിപ്പോയി


ഈ തങ്കലാവണ്യം ശോഭിതമായി 
ഈ  മെയ്യിന്നഴക്  സുഗന്ധിയായി

പരിഭവമരുതേ പിന്നെയൊരിക്കലുമെന്നില്‍
അറിയാതെയെങ്ങാനുമരുതായ്മ വന്നാല്‍ 

കരിമഷിയിളകി പടര്ന്നീ നയനങ്ങളില്‍
കൊടുംകാറ്റിന്‍ തുടിതാളമീ  നിശ്വാസങ്ങളില്‍    

ലോലമാമീയധരങ്ങളിലൂറും മൌനം
പതറിയൊളിച്ചൂ നിന്‍മിഴിപ്പീലിയോരം  

മനസ്സില്‍ കാല്പനികതയിലൂട്ടിയ പ്രണയം സൂക്ഷിക്കുന്ന സുഹൃത്തുക്കളൊക്കെയും ഇനി
മെഹ്ദിയിലൂടെ ഈ ഗസല്‍ ഒന്ന് കേട്ടു നോക്കൂ. നിങ്ങളുടെ പ്രണയിനി ഈറനണിഞ്ഞു നിങ്ങളുടെ മുന്നില്‍  വരുന്നത് കാണാം, കരിമഷി പടര്‍ത്തിയ കണ്ണുകളും
അര്‍ത്ഥഗര്‍ഭമായ മൌനമൊളിപ്പിച്ച ചുണ്ടുകളുമായി.....നിശ്വാസങ്ങളില്‍ കാമനയുടെ കൊടുങ്കാറ്റു വിതച്ചു.....

പ്രണയം പൂത്തു കൊണ്ടേയിരിക്കട്ടെ........
മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കാണാം.... ശുഭം...


ഈ ഗസല്‍ യൂട്യൂബില്‍ കേള്‍ക്കാന്‍  ഇതാ താഴെ: 



      

3 comments:

LinkWithin

Related Posts Plugin for WordPress, Blogger...