ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Wednesday, 14 November 2012

മെഹ്ദി പാഠങ്ങള്‍ - 5 : അപ്നോ നെ ഗം ദിയെ തോ മുജ്ഹെ യാദ് ആ ഗയാ...


 അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള്‍ സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ  കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍ 
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന്‍ /അപരിചിത, അവരുടെ സാമീപ്യം നമ്മെ 
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും 
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത്‌  മാത്രം പറയാതെ 
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്‍/അവന്‍ സമീപത്തു നിന്നും  അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്‍) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ. 
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട് 
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍ 
പിന്നെയും ആ പഴയ അപരിചിത(ന്‍)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
പോലെ മനസ്സ് തിരിഞ്ഞു നില്‍ക്കും.  

അത്തരമൊരു പഴയ സഹയാത്രികന്റെ(യുടെ) ഓര്‍മകളിലേക്ക് മെഹ്ദി ഹസ്സന്‍  സാബ് കൂട്ടിക്കൊണ്ടു 
പോകുകയാണ് നമ്മെ, ഈ മനോഹരമായ ഗസലിലൂടെ:        

       

അപ്നോ നെ ഗം ദിയെ തൊ മുജ്ഹെ യാദ് ആ ഗയാ
ഇക് അജ്നബി ജോ ഗൈര്‍ ഥാ ഓര്‍ ഗംഗുസാര്‍ ഥാ

വൊ സാഥ് ഥാ തൊ ദുനിയാ കെ ഗം ദില്‍ സെ ദൂര്‍ ഥെ
ഖുഷിയോന്‍ കോ സാഥ് ലേ കെ ന ജാനേ കഹാന്‍ ഗയാ

ദുനിയാ സമജ്ഹ് രഹീ ഹേ ജുദാ മുജ്ഹ്സേ ഹോ ഗയാ 
നസരോന്‍ സെ ദൂര്‍ ജാ കെ ഭീ ദില്‍ സേ ന ജാ സകാ   

അബ് സിന്ദഗി കി കോയീ തമന്നാ നഹീന്‍ മുജ്ഹെ
റോഷന്‍ ഉസീ കെ ദം സേ ഥാ ഭുജ്താ ഹുവാ ദിയാ


ആശയം സംഗ്രഹിച്ചു നോക്കാമല്ലേ:

സ്വന്തമെന്നോതിയോര്‍ നോവിച്ചിടുമ്പോഴൊക്കെയും എന്നോര്‍മയിലോടിയെത്തുന്നു  
ഒരപരിചിത(ന്‍), അന്യയാ(നാ)യിട്ടുമെന്‍ വേദനകളില്‍ സദാ അനുതപിച്ചിരുന്നവള്‍ (ന്‍)  

അവരരികിലായുള്ളപ്പോള്‍ സര്‍വ്വദുഖങ്ങളുമെന്‍ മനം വിട്ടേച്ചു പോയിരുന്നു        
എന്നിലെ ഹര്ഷങ്ങളൊക്കെയും കവര്‍ന്നവളെ(നെ)ങ്ങോട്ട്‌ പോയ്മറഞ്ഞു‌

ലോകം കരുതുന്നുണ്ടാവണം അവളെ(നെ)ന്നില്‍ നിന്നും  വേര്‍പ്പെട്ടു പോയെന്നു  
കണ്മുന്നില്‍ നിന്നു മറഞ്ഞെന്നാകിലും ഹൃത്തില്‍ നിന്ന് പറിഞ്ഞു പോകാനാവില്ലല്ലോ 

ഇനി ബാക്കിയില്ലൊന്നുമേ ജീവിതത്തിന്‍ മോഹങ്ങളായിട്ടെന്റെയുള്ളില്‍   
ആ സാന്നിധ്യമായിരുന്നെന്നിലെ വെളിച്ചം,  അണഞ്ഞു തുടങ്ങിയാ വിളക്കും

ഈ യാത്രയില്‍ ഏതോ ഒരു  വഴിസത്രത്തില്‍ കണ്ടുമുട്ടി വേദനാസംഹാരിയായി വര്‍ത്തിച്ചു നേരം പുലരും  മുമ്പേ  യാത്ര പോലും പറയാതെ  അകലേക്ക്‌ നടന്നു മറഞ്ഞ അജ്ഞാതനായ ആ സഹയാത്രികയ്ക്ക്/സഹയാത്രികന് .........

മറ്റൊരു മെഹ്ദി പാഠവുമായി വീണ്ടും കണ്ടുമുട്ടും വരേയ്ക്കും    ശുഭരാത്രി......


 ഈ ഗസല്‍  യൂട്യുബില്‍ കേള്‍ക്കാന്‍ ഇതാ ഇവിടെ:

11 comments:

  1. അപരിചിത സഹയാത്രികര്‍ക്ക്

    ReplyDelete
  2. ഗസലോളം ഒഴുക്കി ഈ വിവരണം
    നന്ദി

    ReplyDelete
  3. നല്ലൊരു വായനാനുഭവം ...നന്ദി ഈ മെഹ്ദി വിവരണങ്ങള്‍ക്കു..

    ReplyDelete
  4. നമ്മുടെ നിസാരന്‍ വഴിയാണ് ഇവിടെ എത്തിപെട്ടത്.. എന്തായാലും ഈ വായനനുഭവം നിരാശപെടുത്തിയില്ല.... ആശംസകള്‍

    ReplyDelete
  5. നീ നന്നായ് എഴുതുന്നുണ്ട്. അഭിനന്ദങ്ങൾ.

    ReplyDelete
  6. നന്നായിരിക്കുന്നു

    ReplyDelete
  7. അർത്ഥവത്തായ വിവരണം, ഹൃദ്യം, ഒരരുവി ഒഴുകുന്നതുപോലെ, ഇളം കാറ്റേറ്റ് കുളിരു കോരും പോലുള്ള അനുഭൂതി, വിവരിക്കാൻ വാക്കുകൾ ഇല്ല. യൂട്യൂബ് വീഡിയോ ലഭിക്കുന്നില്ല..

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...