ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday, 14 October 2010

ഒരു രാത്രിമഴ പറഞ്ഞത്

വേര്‍പാട്
പ്രകൃതിയുടെ സംഗീതമാണ്
ഏകാന്തതകളില്‍
അതിന്‍റെ തന്ത്രികളില്‍
ചിറകടിച്ചു നടക്കുന്ന
മഴയാണു ഞാന്‍
........
താരകങ്ങളുടെ
ആവര്‍ത്തിക്കുന്ന കണ്ണുനീരും
ഇപ്പോള്‍ സരോദിന്‍റെ

മുറിഞ്ഞ ജാലകങ്ങളാണ്
ചിതലരിച്ച ചില്ലകള്‍
ഇളവെയിലിറ്റു വീഴുന്ന
പ്രഭാതങ്ങളാണ്
.......
ജീവിതം
അനശ്വരമാകുന്നത്
എന്തെന്ന്
ആരോ പാടുകയാണ്
അകലെയാകാശത്തില്‍
മുകിലിന്‍ തിരശീല വകഞ്ഞ്
നനവാര്‍ന്ന
കണ്കളാലെന്നെ നോക്കും
കുരുന്നു നക്ഷത്രങ്ങള്‍

നിറച്ചെന്‍ നെഞ്ചില്‍
കനത്ത തുലാവര്‍ഷം
വേദന കാറ്റായ് വന്നെന്‍
ചില്ലകളുലക്കുന്നു
ഓര്‍മ്മകള്‍ ചിറകടിച്ചുലച്ചു പറക്കുന്നു
.........
ഹൃദയാരണൃം നീളെ
മഴതന്‍ സങ്കീര്‍ത്തനം
പെയ്തിറങ്ങുന്നു
ചുറ്റും
പൂവുകള്‍ കരയുന്നു
ഹൃദയം മുറിഞ്ഞൊരു
മൂകമാം വിലാപം പോല്‍
ഒഴികിയിറങ്ങുന്നു
രക്തത്തിന്‍ നീലാംബരി
..........
ഞാന്‍ വരും
നീ ഓര്‍ക്കാതിരിക്കവേ
മടങ്ങിപ്പോകുന്ന
വഴികളിലൂടെ
ഞാന്‍ വരും
നിനക്കു
കണ്ടില്ലെന്നു നടിക്കാനാകില്ല
ഓര്‍മ്മകള്‍ നിന്നെ അനുസരിക്കുകയില്ല
വാക്കുകള്‍ അടര്‍ന്നു
നിന്നെ വലം വയ്ക്കും
വന്യമായ കരങ്ങളാല്‍
നീ ആനയിക്കപ്പെടും
കരഞ്ഞു തെളിയുന്ന
ജാലകങ്ങളിലേക്ക്
നഗ്നമായ വഴികളിലേക്ക്
ഫണമുയര്‍ത്തി ഇഴഞ്ഞെത്തുന്ന
ചോദ്യ നദികളുടെ
ആഴങ്ങളിലേക്ക്
..........
ഇതാ
എന്നെ അദൃശ്യമാക്കിയ
വേദനയുടെ വെളിച്ചം
ശൂന്യതയുടെ
വനഛായകള്‍ക്ക് മേല്‍
ഞാന്‍ അന്യനല്ലാതെ
ആകാശം പോലെ
നിനക്കതറിയാം
..........
വെട്ടിയും തിരുത്തിയും
വലിച്ചെറിയുന്നു
എന്‍ പ്രിയചിത്രങ്ങള്‍
ഏതോ തുരുമ്പിച്ച രാവിന്‍റെ
കൂടാരത്തില്‍
അണയും നിലാവിന്‍റെ
തിരികള്‍ നീട്ടി
കരള്‍ പിഴിഞ്ഞ്
നിറം ചേര്‍ത്തു
വരച്ച ചിത്രങ്ങള്‍
വലിച്ചെറിയുന്നു
............
ഒരു സായന്തനം
അടര്‍ന്നു വീണെന്‍റെ
കരള്‍ തുടുപ്പിച്ചു
നിറഞ്ഞെരോര്‍മകള്‍
നിശതന്‍
വേദനയലയടിക്കുന്നു
കറുത്ത കായലില്‍
വലിച്ചെറിയുന്നു
വിലോഭനീയമാം
നഭസ്സില്‍ ഞാന്‍ വിതറി
നട്ടൊരാ
വര്‍ണങ്ങള്‍
ഒരു പെരുമഴയില്‍
അലറിയാര്‍ക്കുന്ന
കടലിലേക്കിതാ
വലിച്ചെറിയുന്നു
............

സുഹൃത്തിന്‍റെ സ്നേഹം
നിന്നെ അസ്വസ്ഥമാക്കുംവിധം

ചെരിഞ്ഞുലഞ്ഞ ഒരു ഗോവണിയാണ്
മുഖത്തുഴിയുന്നത്
മാറാലയോ മേഘ മാലയോ
എന്തുമാവട്ടെ
ബാല കുതൂഹലം മിടിക്കുന്ന
നെഞ്ചോടെ
ഞാനിതാ കയറി വരുന്നു
..........
ഇരുട്ട് എന്തുമാകാം
വെളിച്ചം പക്ഷെ
വെളിച്ചം മാത്രമാണ്
അങ്ങനെയാവാം
നമ്മള്‍ സുഹൃത്തുക്കളായത്
...........
നമ്മുടെ സൌഹൃദമാകട്ടെ
ചിലപ്പോള്‍
മഴയും വെയിലും കലര്‍ന്ന
സായാഹ്നത്തില്‍
സുന്ദരമാകുന്ന
ഈ ഇടവഴി പോലെയാകുന്നു
.........
പറയേണ്ടവയൊന്നുമല്ല
പറഞ്ഞുകൊണ്ടിരുന്നതെന്ന മൌഢ്യം
നൊമ്പരപ്പെടുത്തുന്ന ഏകാന്തതകള്‍
വിരസമാകുന്ന വഴിയോരങ്ങളെ കുറിച്ചുള്ള
ആശങ്കകള്‍
..........
നാം ഒഴുകി മറഞ്ഞു കൊണ്ടിരുന്നു
ഏതോ താഴ്വരകളില്‍ ചെമ്മരുതുകള്‍
പൂത്തുലയുന്നുണ്ടാകും
കാറ്റില്‍ ഒരു ഗസലിന്‍റെ
അലകള്‍ ഒഴുകി വരുന്നുണ്ടാകും
നമ്മുടെ സൌഹൃദം

ഒരു മഴക്കാലം പോലെയാകട്ടെ
ഒരിക്കല്‍ നിറയെ പെയ്തു
പിന്നെ മടങ്ങി വരാതെ...

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...