ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 5 October 2010

നീ പാടുക, നിലാവലിയുവോളം...

(ഷഹബാസ് അമന്......)

സ്വനതന്തുവിലെ കമ്പനങ്ങളിലെ      
അതിനേര്‍ത്ത ഇടര്‍ച്ചയിലാണ്
ഒരു കടല് മുഴുവന്‍   കുടികൊള്ളുന്നത്
നനവ്‌ ചുരത്തി ആഴങ്ങള്‍ തേടുന്ന
നിന്‍റെ പ്രണയം എന്‍റെയും പ്രണയമാണ്
സതിരിനെ രാഗാതുരമാക്കുന്നത്
നിന്‍ വിരലുകളുടെ ഒഴുക്കും
സ്വരവീചികളിലെ വേദനയുമാണ്
വേര്‍പ്പെടുന്ന ഓരോ ആത്മാവും
ഒരു മുറിവ് ബാക്കിയാക്കുന്നുണ്ട്
അതില്‍ കവിതയുടെ നൂലിനാല്‍ 
മരുന്ന് പുരട്ടുന്നവര്‍ സാഹിറും ഗാലിബും  
അതില്‍ ആര്‍ദ്രതയുടെ പനിനീരൊഴിക്കുന്നവര്‍
ആബിദയും മെഹ്ദിയും നയ്യാര നൂറും
നീ പാടാനോര്‍ത്തൊരാ  മധുരിത ഗാനം
ഇനിയും പാടിയില്ലെന്നു ഓര്‍മപ്പെടുത്തുന്നുണ്ട്
വിഷാദമൂകമായ്  മലബാര്‍ സൈഗാള്‍
കാതങ്ങള്‍ താണ്ടിയെത്തിയ പ്രണയം
നിന്നില്‍ പാടിയുണര്‍ത്തു‍ന്നു റഫിസാഹെബ്
നിന്‍റെ കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയെക്കുറിച്ചു
സ്വരമധുരമായ് തിരക്കുന്നു ദൂരെനിന്നു  മെഹ്മൂദ്
മധുമാസ ചന്ദ്രികയൊരുക്കിയ നിലാവില്‍
ഹാര്‍മോണിയത്തില്‍  ‍വിരലോടിച്ചു ബാബുക്ക
ഒരു ഗാനം ഓര്‍ത്തുവെയ്ക്കാനേല്‍പ്പിച്ചു ദൂരെ
വിടപറയാന്‍ മനസ്സില്ലാതെ പാടുന്നു മുകേഷ്ദ
പ്രിയ  പാട്ടുകാരാ, നീ പാടിക്കൊണ്ടേയിരിക്കുക
നീയും നിലാവും നിറങ്ങളും നിശാഗന്ധിയും
മാനും മധുവും മന്ദാരവും മണല്‍പരപ്പും
കാറ്റും കടലും കനവിലെ കോളും കടക്കണ്ണും
എല്ലാം തഴുകി ഒഴുകട്ടെ നിന്‍റെ ഗസലുകളില്‍
നീ പാടുക, നിലാവിലലിഞ്ഞു നിന്‍ സ്വരം
ഒരു പൂമരമായി പൂത്തുലയുവോളം
അതിനരികെ ആ രാഗതന്തുക്കളുടെ നിശ്വാസങ്ങളില്‍
ഒന്ന് മനസ്സറിഞ്ഞു മയങ്ങി വരട്ടെ ഞാന്‍No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...