ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday 25 September 2010

ഓ എന്‍ വി -എഴുത്തിലെ ആര്‍ദ്രതയുടെ ത്രയാക്ഷരി

"തന്‍റെ സ്വപ്നങ്ങള്‍ക്കൊത്തു ലോകം മാറ്റി പണിയുമെന്ന്  ഒരു എഴുത്തുകാരനും അവകാശപ്പെടാനാവില്ല. ഒരു രക്ഷകന്‍റെ വേഷം ഒരു കവിയെ സംബന്ധിച്ചിടത്തോളം   അങ്ങേയറ്റം ഭാരമേറിയതാണ്. എന്ന് വെച്ച് മാനവികതയോടും മണ്ണിനോടുമുള്ള  അവന്‍റെ കടപ്പാടുകളില്‍ നിന്നു അവനു ഒഴിഞ്ഞു നില്‍ക്കാനാവില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഒരു കവിത എന്നത് പ്രാപ്യമാകാതെ പോയ ഒരു  ആഗ്രഹാമാകാം, സമസ്തലോക  സൌഖ്യങ്ങള്‍ക്കും  വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥനയാകാം, ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന പ്രണയത്തിനുള്ള ഒരു ഉത്തേജകമാകാം, ഒരു കനത്ത കാറ്റിന്‍റെ സൂചകമാവാം, രക്തം വാര്‍ന്നൊഴുകുന്ന ഒരു മുറിവിനു മേലുള്ള ഒരു സാന്ത്വന തലോടലാകാം, അതുമല്ലെങ്കില്‍ ഒരു സാമൂഹിക മാറ്റത്തിനുള്ള ശംഖൊലിയാകാം . കവിതയുടെ ആത്മാവ് എന്നത്, അതിന്‍റെ ഭാഷയ്ക്കപ്പുറം ഭൗമികമായ എല്ലാ മതിലുകളും ഭേദിച്ച് ലോകത്തുള്ള മുഴുവന്‍ പ്രശ്നങ്ങളോടും സംവദിക്കുന്ന ഒന്നാണ്".  'ഒരു കവിയുടെ ബാക്കിപത്രം' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി മുമ്പ് ഡല്‍ഹിയില്‍  ഒരുക്കിയ എഴുത്തുകാരുമായുള്ള സംവാദ പരമ്പരയില്‍ ഓ എന്‍ വി പറഞ്ഞ വാക്കുകളാണിത്.
ഇത് പറയുമ്പോള്‍, വെള്ളിയാഴ്ച  ജ്ഞാനപീഠം ജേതാവായി പ്രഖ്യാപിക്കപ്പെട്ട    മലയാളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സമകാലിക കവി 1946 -ല്‍ ഒരു പ്രാദേശിക വാരികയില്‍ വന്ന 'മുന്നോട്ട്‌' എന്ന പ്രസിദ്ധീകൃതമായ ആദ്യ കവിത മുതല്‍ ഇന്ന് വരെ അവിശ്രമം തുടരുന്ന കാവ്യസപര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. നാല്പതുകളിലെ ഇളകിമറിയുന്ന  സ്വാതന്ത്ര്യസമര ചൂളയിലൂടെയും വിപ്ലവ വീര്യത്തിലൂടെയും കടന്നു വന്ന അപൂര്‍വ്വം കവികളിലൊരാളാണ് ഓ എന്‍ വി. കാലാനുസൃതമായി   വന്ന മാറ്റങ്ങളോടൊപ്പം  സഞ്ചരിച്ചു, മാറുന്ന അഭിരുചികള്‍ക്കനുസരിച്ചു  തന്‍റെ കാവ്യാനുഭവങ്ങളെ   മാറ്റിപ്പണിത്കൊണ്ടിരുന്ന കവി. എന്നാല്‍ അപ്പോഴൊന്നും തന്‍റെ അടിസ്ഥാനപരമായുള്ള പുരോഗമന കാല്‍പനിക നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗതവും ആധുനികവുമായ സങ്കേതങ്ങളെ തന്‍റെ കവിതയിലെ വിഷയങ്ങളിലും സമീപനങ്ങളിലും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
1931 -ല്‍ കേരളത്തിലെ ഒരു തീരദേശ ഗ്രാമമായ ചവറയില്‍ ജനിച്ച ഓ എന്‍ വി വിപ്ലവവീര്യത്തിന്‍റെ  പതിറ്റാണ്ടായി  വിലയിരുത്തപ്പെട്ട 46 -56 -കളില്‍ കവിതകളുമായി സജീവമായി. തുടക്കത്തില്‍ വിപ്ലവമുദ്രകളും വിമോചന പോരാട്ടങ്ങളുടെ ആഹ്വാനങ്ങളും  കൊണ്ടു നിറഞ്ഞ കവിതകളായിരുന്നെങ്കില്‍  അറുപതുകളില്‍ അന്നത്തെ ലോക കാവ്യനഭസ്സില്‍ വീശിയടിച്ച നിത്യസ്വാതന്ത്ര്യ ദാഹങ്ങളുടെയും വിഷാദ കാവ്യങ്ങളുടെയും അനുരണനങ്ങള്‍ അദ്ദേഹത്തിന്‍റെ  കവിതകളില്‍ പ്രതിധ്വനിച്ചു. അപ്പോഴും ലോകത്തെ ചൂഷിത ലക്ഷങ്ങളുടെ വികാരവിചാരങ്ങളുടെ വക്താവാകാന്‍  അദ്ദേഹം മറന്നില്ല.  പിന്നീട് മനുഷ്യന്‍റെ അനിയന്ത്രിതമായ ആര്‍ത്തി മൂലം അപകടത്തിലാകുന്ന ജൈവകുലത്തിന്‍റെ  നിലനില്‍പ്പിന്‍റെ  പ്രശ്നങ്ങളും പീഡിതരുടെ സ്വന്തന്ത്ര്യത്തിനായുള്ള മുറവിളികളും അദ്ദേഹത്തിന് കവിതക്കുള്ള വിഷയങ്ങളായി. ജീവിതത്തിലുടനീളമുള്ള അനുഭവങ്ങളിലൂടെ ആഴത്തിലുള്ള വീക്ഷണങ്ങളും സാഹചര്യങ്ങളുടെ  സമ്മര്‍ദ്ദങ്ങള്‍ക്ക്  വഴിപ്പെടാതെയുള്ള ജീവിത താളവും അദ്ദേഹം ആര്‍ജ്ജിച്ചെടുത്തു. സഞ്ചരിച്ച പല തലങ്ങള്‍ക്കപ്പുറം ആത്യന്തികമായി ഓ എന്‍ വി കവിതകള്‍ സമാധാനത്തിന്‍റെ യും  മാനവികതയുടെയും ഉണര്‍ത്തുപാട്ടുകളാണ്, ഭാവിയില്‍ ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ തണല്‍ വിരിക്കാന്‍ പോകുന്ന ഒരു പച്ചപ്പിനെ ക്കുറിച്ചാണ് പറയുന്നതെങ്കില്‍ പോലും.
മലയാളത്തിലെ  എണ്ണം പറഞ്ഞ മികച്ച പാട്ടെഴുത്തുകാരില്‍ ഒരാള്‍ കൂടിയായ ഓ എന്‍ വി യുടെ പ്രധാന കവിതകള്‍ ഇവയാണ്: 'ദാഹിക്കുന്ന പാനപാത്രം' (1956), 'മയില്‍പീലി (1964), 'അഗ്നിശലഭങ്ങള്‍' (1971), 'അക്ഷരം' (1974), 'കറുത്ത പക്ഷിയുടെ പാട്ട്' (1977 ), 'ഉപ്പ്' (1980), 'ഭൂമിക്കൊരു ചരമഗീതം' (1984), 'ഉജ്ജയിനി' (1994).  1974 -ല്‍ 'അഗ്നിശലഭങ്ങള്‍'-ക്ക്  കേരള സാഹിത്യ അക്കാദമി  അവാര്‍ഡ്‌, 1975 -ല്‍ 'അക്ഷരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, 1982 -ല്‍ ഉപ്പിനു വയലാര്‍ അവാര്‍ഡ്‌, 1989 -ല്‍  മികച്ച പാട്ടെഴുത്തിനുള്ള  കേന്ദ്ര അവാര്‍ഡ്‌, മികച്ച സിനിമ ഗാനരചനക്ക് ഒരു ഡസനിലധികം സംസ്ഥാന അവാര്‍ഡുകള്‍, ഇങ്ങിനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക. 

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...