സതിരൊഴിയുമ്പോള്‍ മേല്‍ക്കൂരയില്ലാത്ത ആ ഗാനശാലയില്‍ ഒരു ഒഴിഞ്ഞ മേശയ്ക്കപ്പുറമിപ്പുറം ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയാവും നമ്മള്. അപ്പോള്‍ പാട്ടുകാരന് തന്റെ വാദ്യങ്ങളൊക്കെയും നിറംകെട്ട തകരപ്പെട്ടിയില് അടുക്കിവെക്കാനുള്ള തത്രപ്പാടിലായിരിക്കും. അയാളുടെ പോകാനുള്ള തിരക്കില്‍ നമുക്ക് പിന്നിലൂടെ ആയുമ്പോള്‍ തോളില്‍ തൂക്കിയിട്ട പിഞ്ഞിയ ബാഗില്‍ നിന്നും തലയിട്ടു നോക്കുന്ന ആ പച്ച ഗിറ്റാറിന്റെ ഒരു കമ്പി നിന്റെ വിടര്‍ത്തിയിട്ട മുടിയില്‍ കൊളുത്തി അന്ന് വരെ നാം കേട്ടിട്ടില്ലാത്ത ഒരു ശ്രുതിയില്‍ നാദമുതിര്‍ക്കും. അതില്‍ പിന്നെ നമ്മള് മഴയെ ഗര്‍ഭം ധരിക്കാന്‍ ചോടുവിട്ടു മുകളിലേക്കുയരുന്ന ബാഷ്പകണങ്ങളായി അവസ്ഥാന്തരപ്പെടും. ഭാരമില്ലായ്മ പകരുന്ന ലഹരിയില്‍ നമ്മള് മെഹ്ദിയെ ഉച്ചത്തില്‍ പാടും. പിരിഞ്ഞു പോകുന്ന ഗായകന് മിന്നലേറ്റെന്ന പോലെ വാതില്ക്കല് തരിച്ചു നില്ക്കും. തിരിഞ്ഞു നിന്നയാള്‍ തകരപ്പെട്ടിയുടെ പൂട്ട് തുറന്ന് തലമുറകളുടെ വിരലോടിപ്പതിഞ്ഞുതേഞ്ഞ കറുപ്പും വെളുപ്പും കട്ടകളില്‍ തീര്‍ത്ത മന്ത്രികപ്പെട്ടിയുമായി മേശച്ചുവട്ടില്‍ ചമ്രം പടിഞ്ഞിരിക്കും. മേഘം തേടിപ്പോകുന്ന നമ്മളെ നോക്കി അയാള്‍ ഇങ്ങനെ പാടും:
ബന്ധനമുക്തരായി പറന്നുയര്‍ന്നിരുന്ന നമ്മിലെ ഓരോ അണുവും പൊടുന്നനെ ഒരു ദ്യുതിയില്‍ പരസ്പരം ഇണക്കിച്ചേര്‍ക്കപ്പെടും, അനന്തരം ഘനീഭവിച്ച് ചുവന്ന മഴയായി ഗായകന്റെ പാട്ടുപെട്ടിയെ നനച്ചുകൊണ്ട് ചാറിപ്പെയ്യും. അപ്പോള്‍ അയാള്‍ പ്രണയം തീണ്ടിയ ചോരഞെരമ്പുകളെക്കുറിച്ച് അതിശയം കൂറി ശ്രുതി താഴ്ത്തി ഇങ്ങനെ പാട്ടു തുടരും:
മഴ കുതിര്‍ത്ത ആ ഹാര്‍മോണിയപ്പെട്ടിയുടെ വായുജാലകത്തിന്റെ പാളി അയാള്‍ തുറക്കുമ്പോള്‍ അതിലൂടെ രണ്ടു പാറ്റകളായി പൊടിഞ്ഞു നമ്മള് പുറത്തേക്കു ചാടും. അതിലേക്ക് കയറിപ്പോകുന്ന ഈണം പേറുന്ന കാറ്റിന്റെ തലോടലില്‍ നമ്മള്‍ക്ക് പൂമ്പാറ്റയുടെ ചിത്രച്ചിറകുകള്‍ മുളക്കും. മഴ തൊട്ടപ്പോള്‍ പുഷ്പിണിയായ ഇലഞ്ഞിയുടെ കൊമ്പിലേക്ക് അതിന്റെ സുഗന്ധതരംഗങ്ങളെ പിന്തുടര്ന്ന് നമ്മള് കൊതിച്ചു പറക്കും. മധു നുകര്‍ന്ന് ഉന്മത്തനായി ഞെട്ടറ്റു വീഴുന്ന ഇലഞ്ഞിപ്പൂക്കളോടൊപ്പം പമ്പരം കണക്കെ കറങ്ങി താഴേക്കു വരുന്ന എന്നെ നീ ഒരുവേള സാകൂതം നോക്കി നില്ക്കും. പൊടുന്നനെ ബോധത്തിലേക്ക് തിരിച്ചെത്തുന്ന നീ നിന്റെ ചിറകുകളിലേക്കെന്നെ സ്വീകരിക്കും. ഒന്നിച്ചുള്ള വീഴ്ചയുടെ ഒടുക്കം നമ്മള് അടര്‍ന്നു മാറി പാട്ടുപെട്ടിയുടെ വെളുത്ത കട്ടയില്‍ നീയും കറുത്ത കട്ടയില്‍ ഞാനും ചിറകടിച്ചു കിടക്കും. പാട്ടുകാരന് ആ സന്ദര്‍ഭത്തെ ഇങ്ങനെയൊരു വരിയിലേക്ക് വിവര്‍ത്തനം ചെയ്യും:
സരൂര് ഉസ്കി തവജ്ജൊഹ് കി രഹ്ബരീ ഹോ ഗീ
നഷെ മേം ഥാ തൊ മേ അപ്നെ ഹി ഘര്‍ ഗയാ കേസേ
പ്രണയം കൊണ്ട് മുറിവേറ്റ് കിടക്കുന്ന നമ്മളെ ആ പാട്ടുകാരന് തന്റെ വാദ്യങ്ങളോടൊപ്പം ആ തകരപ്പെട്ടിയില് അടക്കം ചെയ്യും. ഇനിയും ജീവന് വിട്ടുപോയിട്ടില്ലാത്ത നമ്മള് അതിനകത്തെ തന്ത്രിവാദ്യങ്ങളുടെ വലിച്ചു കെട്ടിയ കമ്പികള്‍ക്ക് മുകളില്‍ ഊയലാടും, ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ കയറിയിറങ്ങി ഒളിച്ചേ കണ്ടേ കളിക്കും , സന്തൂറിന്റെ സ്വരതന്ത്രികളില്‍ ചിറകിട്ടടിച്ചു രാഗസുധ തീര്‍ക്കും, ഒടുക്കം ജീവന് പറിഞ്ഞുപോകുന്ന ആ കടുംനിമിഷത്തില്‍ പരസ്പരം ഇറുകെ പുണര്‍ന്നു ദേഹമുരച്ച് ചിറകുകള് പൊഴിച്ച് വീണ്ടും പ്യൂപ്പകളായി മാറി ദൈവത്തെ പറ്റിക്കും, അടുത്ത സതിരിനായി പാട്ടുകാരന് തകരപ്പെട്ടി തുറക്കുന്നതും കാത്തു നമ്മള് അങ്ങനെ പുണര്‍ന്നു കിടക്കും, പുനര്‍ജ്ജനിയുടെ അടുത്ത മുഹൂര്‍ത്തത്തിനായി........
ഉരുളന്‍ കല്ലുകള്‍ ചേര്‍ത്ത് വെച്ചു മണ്ണ് തേമ്പി അടുക്കി നിര്‍ത്തിയ ചുറ്റുമതിലിന് മുന്നില്‍ നിൽക്കുമ്പോൾ അതൊരു ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ ഓര്‍മ്മിപ്പിക്കും. . അങ്ങിങ്ങായി മുഴച്ചും മെലിഞ്ഞുമിരിക്കുന്ന അതിന്റെ മുകളില്‍ അപ്പക്കാടുകളും വളളിപടലങ്ങളും വേരിറക്കി തൂങ്ങി നില്ക്കുന്നു . കയ കടന്നു ചെന്നാല്‍ കാണാം
താഴോട്ടു വളഞ്ഞു പുളഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാത. ഇരുവശവും പൂത്തുലഞ്ഞു നില്ക്കുന്ന കശുവണ്ടി മരങ്ങള്‍, ചുറ്റും തേൻ നുകരാൻ മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങൾ
കുറച്ചു കൂടി താഴോട്ടിറങ്ങിയാൽ അണ്ണാറക്കണ്ണന്മാർ കലപില കൂട്ടി ഓടിക്കളിക്കുന്ന കൂറ്റന്‍ വരിക്കപ്ലാവ്. മധുരം കിനിയുന്ന എത്രയോ ചക്കക്കാലം പകര്‍ന്നു തന്ന ഈ മുത്തശ്ശിമരത്തില്‍ നിറയെ പുളിയനുറുമ്പുകളുടെ പ്ലാവിലക്കൂടുകളാണ്.
അല്പം താഴെയായി ഊഞ്ഞാലാട്ടത്തിന്റെ മനോഹര ബാല്യം ഒരുക്കിയ പേരയ്ക്കാമരം വേലിപ്പത്തലിലേക്ക് കൊമ്പ് ചായിച്ചു കിടക്കുന്നു. ഇതിന്റെ ഒരുപാട് ചുള്ളികള്‍ നല്ല എരിവുള്ള വടികളായി
ഏഴ് ഡി ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോര്‍ജ്ജ് മാഷിന്റെ മേശപ്പുറം അലങ്കരിക്കാന്‍ വേണ്ടി ക്ലാസ് ലീഡറിന്റെ ഭാരിച്ച ഉത്തരവാദിത്തത്തോടെ എത്തിച്ചു കൊടുത്ത കാലം. അതേ വടി കൊണ്ട് തന്നെ 'ബില്‍ഡ്' എന്ന വാക്ക് 'ബുയില്‍ഡ്' എന്ന് വായിച്ചതിനു ജോര്‍ജ്ജ് മാഷിന്റെ കയ്യില്‍ നിന്നും ചന്തി
പൊള്ളിച്ചു തല്ല് വാങ്ങിയപ്പോള്‍ ക്ലാസ്സിലെ ശത്രുക്കള്‍ എന്നെ നോക്കി
ചിരിച്ചതും ഇന്നലെ കഴിഞ്ഞ പോലെ.
ഇനിയങ്ങോട്ട് ചെങ്കുത്തായ ഇറക്കമാണ്. ഇടതുവശത്ത് മനം മയക്കുന്ന സുഗന്ധം പരത്തി പൂത്തുനില്ക്കുന്ന ഇലഞ്ഞി. ഞെട്ടറ്റു കുഞ്ഞുപമ്പരങ്ങള്‍ കണക്കെ താഴോട്ടു കറങ്ങി വരുന്ന ഇലഞ്ഞിപ്പൂക്കളെ പൊടിയനി മരത്തിന്റെ ഇല പറിച്ചു കുമ്പിള് കുത്തി അതില്‍ നിറച്ചു വെക്കും, പിന്നീട് നൂലില്‍ കോര്‍ത്ത് മാലയുണ്ടാക്കാന്‍. ഇന്നും ബാല്യം വന്നു വിളിക്കുമ്പോള്‍ ഓര്‍മകളുടെ ഓരത്ത് ആ ഇലഞ്ഞിപ്പൂമണമിങ്ങനെ പരന്നു നടക്കും, വെറുതെ കൊതിപ്പിച്ച് ....
വലിയ ഇറക്കം തീര്‍ന്നു അല്പം നിരപ്പായ ഊടുവഴിയിലൂടെ പിന്നെയും താഴേ തൊടിയിലേക്ക് നടക്കുമ്പോള്‍ ഇരുവശത്തുമായി പലതരം മാവുകള്‍ . വവ്വാലുകളും കിളികളും പാതി തിന്ന് താഴേക്കു കൊത്തിയിട്ട പഴുത്ത മാമ്പഴങ്ങള്‍ പാതയോരത്ത് ചിതറിക്കിടക്കുന്നു. ആ വഴിയിലൂടെ കടന്നു പോകുമ്പോള്‍ നാവില്‍ കൊതിയുടെ കപ്പലോട്ടം. കുഞ്ഞു വലിപ്പമുള്ള ചക്കരമാമ്പഴങ്ങള്‍ ആണ് ഏറ്റവും മധുരിക്കുന്നത്. അതിന്റെ താഴത്തെ കൂര്‍ത്ത അഗ്രത്തില്‍ കടിച്ചു വലിക്കുമ്പോള്‍ ഒരു ശർക്കരപ്പാവ് അപ്പാടെ ഒഴുകി വരും നാവിന് തുമ്പിലേക്ക്.
ചെറിയൊരു കല്പ്പടവിറങ്ങിയാൽ എത്തുന്നത് ആൾമറയില്ലാത്ത ഒരു മണ്‍കുഴിയിലേക്കാണ്. ഏതു കാലത്തും കുളിര് കളയാതെ കാത്തു വെക്കുന്ന
ഇതിലെ തെളിനീരിലാണ് ബാല്യം മുഴുവന്‍ ആറാടിയത്.
ആമകളും മീന്‍കൊത്തി പൊന്മാനും പാമ്പുകളുമെല്ലാം സഹവസിക്കുന്ന ഈ കിണര്‍ ഒരിക്കല്‍ പോലും
വറ്റിപ്പോയതായിട്ടു കണ്ടിട്ടില്ല. പാമ്പുകള്‍ ഇടയ്ക്കിടെ അഴിച്ചു വെച്ച് പോകുന്ന അതിന്റെ പടങ്ങളും വെള്ളാരം കല്ലുകളും വര്ണ്ണരാജികളില് പൊതിഞ്ഞ കോലന്‍ തുമ്പികളുമൊക്കെ ആ കിണറിന്റെ അരികത്തു ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങളായി.
തട്ട് തട്ടായി മുകളിലേക്ക് വിതാനിച്ചിട്ടുള്ള തോട്ടങ്ങളിൽ തെങ്ങും കവുങ്ങും
ഇട കലർന്ന് നിൽക്കുന്നു. ഏറ്റവും താഴെ തട്ടിലെത്തുമ്പോൾ പിന്നെ കാണുന്നത് പരന്നു കിടക്കുന്ന നെൽവയലുകൾ. അങ്ങേ അതിരായി കടലുണ്ടി പുഴയുടെ കൈവഴി , ഇപ്പുറം കുഞ്ഞുകുഞ്ഞു കുളങ്ങൾ. മണ്‍സൂണ്‍ ശക്തമാകുന്നതോടെ പുഴ കരകവിഞ്ഞൊഴുകി വയലും മൂടി മേലെ തോട്ടത്തിലേക്ക് കയറി വരും. ഒപ്പം പുഴമീനുകളുടെ കുത്തൊഴുക്കും. വാഴത്തടിയിൽ തീർത്ത കെട്ടുതോണികളിൽ നായാട്ടു സംഘങ്ങൾ രാത്രി വലിയ ടോർച്ചുമായി മീൻവേട്ടയ്ക്കിറങ്ങും. വീർപ്പടക്കി കാത്തിരുന്നു ഒടുവിൽ കയറിവരുന്ന മീനിന്റെ കണ്ണിലേക്ക് ടോർച്ചിന്റെ കുത്തുന്ന വെളിച്ചം പായിക്കും. ഒരു വേള പകച്ചു നിന്നുപോകുന്ന അതിന്റെ മുതുകിൽ നൊടിയിടയിൽ മിനുത്ത മൂർച്ചയുള്ള കത്തി പതിക്കും. ഒരു പിടച്ചിലിൽ വെള്ളം ചെഞ്ചായമണിയും. 'വെട്ടിപ്പിടുത്തമെന്ന' ഈ സമയകലയിൽ വരാലും ആരലും വാളയും പരൽപൊടികളും രക്തസാക്ഷികളായി മീൻകുട്ടകളിലേക്കും അപ്പുറം വറച്ചട്ടിയിലേക്കും ഒടുക്കം തീന്മേശയിലേക്കും ആനയിക്കപ്പെടും. അങ്ങനെ ഓരോ മണ്‍സൂണ്‍കാലവും പുഴമീൻ മണക്കുന്ന ഓർമ്മപ്പുഴയാകും.
ഡൌണ്ടൌണ് സംഭവാനന്തരം ഒരുപറ്റം കുട്ടികൾ സൈബർവിഹായസ്സിൽ
പറത്തിവിട്ട ചുംബനപരാഗങ്ങൾ മലയാളിയുടെ കപടസദാചാരമുകുളങ്ങളിൽ കയറി നടത്തിയ പരാഗണങ്ങൾ ചില പൂച്ചുകളെ പുറത്തുചാടിച്ചിരിക്കുന്നു.
കാവിഫാഷിസം മുറ്റംകടന്നു കോലായയിലേക്ക് കസേര വലിച്ചിട്ടിരിക്കുന്ന ഈ കെട്ടകാലത്ത് പൊട്ടൻകളിക്കാൻ മാത്രമായി ഇവിടത്തെ മതേതരജനാധിപത്യക്കാരും സദാചാരവാദികളും ഒരുപോലെ നിന്നുകൊടുക്കുന്നു എന്നത് പ്രതീക്ഷക്ക് വകയില്ലാത്ത ഒരു വരുംകാലം നമ്മെ കാത്തിരിക്കുന്നു എന്നതിന്റെ അടയാളമായി കാണണം.
ജയ്ഹിന്ദ് ടീവിയിലെ വോയേറിസം ബാധിച്ച ഒരു ഞരമ്പുരോഗി തന്റെ ക്യാമറ കൊണ്ട് നടത്തിയ ആ ഒളിഞ്ഞുനോട്ടം ചികിത്സ തേടേണ്ട ഒരു രോഗാവസ്ഥയാണ്. എല്ലിൻ കഷ്ണം വീണുകിട്ടിയ പട്ടിക്കൂട്ടങ്ങളെപ്പോലെ ആ ഒരു ബിറ്റിനെ മസാല ചേർത്ത് പൊലിപ്പിച്ചെടുത്ത എഡിറ്റിംഗ് ടേബിളിലെ വാർത്താജീവികൾക്ക് അവർ വേവിച്ചെടുക്കുന്ന സദാചാരഗുണ്ടിന്റെ വിപല്സാധ്യതകൾ അറിയാതെ പോയതാവണം എന്നില്ല. മറിച്ച് ഒരു കൂട്ടിക്കൊടുപ്പിന്റെ പിന്നാമ്പുറരഹസ്യങ്ങൾ ഇനിയും പിടിവിട്ട് പുറത്തുവന്നുകൂടായ്കയില്ല.
സംഘപരിവാർ ഫാഷിസത്തിന്റെ ഇദംപര്യന്തമുള്ള സാമൂഹിക-സാമ്പത്തികാധിനിവേശ രീതിശാസ്ത്രം അറിയാത്തവർക്ക് ഇതൊരു സദാചാരവെടി മാത്രമാണ്. എന്നാൽ ഗുജറാത്ത് അടക്കമുള്ള സംഘ്പരിവാർ പ്രായോജകരായിട്ടുള്ള എണ്ണമറ്റ കലാപങ്ങളുടെയൊക്കെ പ്രാഥമിക ഉന്നം അവിടത്തെ ന്യൂനപക്ഷങ്ങളുടെ വ്യാവസായിക സംരംഭങ്ങളുടെ വേരിൽ തീയിടുക എന്നതായിരുന്നു. അഹമ്മദാബാദിലെ തുണിമിൽ വ്യവസായ രംഗത്തെ ശക്തമായ ന്യൂനപക്ഷസാന്നിധ്യത്തെ തുരത്തലായിരുന്നു ഗുജറാത്ത് കലാപത്തിന്റെ കാതലായ ലക്ഷ്യം. കോഴിക്കോട് ഡൌണ്ടൌണ് ഓപറേഷനും അങ്ങിനെയൊരു മുഖം കൂടി നമ്മൾ കാണേണ്ടതുണ്ട്.
സംഘികളും സദാചാരവും എന്നത് കടലും കടലാടിയും പോലെയുള്ള രണ്ട് സംഗതികളാണ്. അതിനെ രണ്ടിനെയും ബന്ധപ്പെടുത്തുന്നതിലും വലിയ അശ്ലീലം മറ്റൊന്നില്ല. അതിനെല്ലാമപ്പുറം നമ്മളെ അസ്വസ്ഥപ്പെടുത്തേണ്ടത് മലയാളിയുടെ ഹിപോക്രസിയിൽ ചുട്ടെടുത്ത ഒരു വല്ലാത്ത അളിഞ്ഞ സാമൂഹികാവസ്ഥയാണ്. ഒരാണും പെണ്ണും ഒരിടത്ത് ഇരുന്നു സംസാരിക്കുന്നത് പോലും അസഹ്യമായി കാണുന്ന അടക്കിപ്പിടിച്ച തൃഷ്ണകളുടെ ഭണ്ഡാരവുമായി ബീച്ചിലും പാർക്കിലും സദാചാരറഡാറും ഘടിപ്പിച്ച് നടക്കുന്ന 'പരനാറി'സമൂഹമായി മലയാളി മാറിയിരിക്കുന്നു. ഇതിനെ ചികിത്സിക്കാൻ നടപ്പുകാലത്തെ മതവും രാഷ്ട്രീയവും പ്രാപ്തമല്ല. കാരണം അതുരണ്ടും അവയുടെ അടിസ്ഥാന സത്തയുമായി പുലബന്ധം പോലുമില്ലാത്ത കള്ളന്മാരുടെ കൈകളിൽ വന്നു ഭവിച്ചിരിക്കുന്നു.
അപ്പോൾ ഈ ചികിത്സ ഏറ്റെടുത്ത് നടത്തേണ്ടത് പുതിയ കാലത്തെ കുട്ടികൾ തന്നെയാണ്. സാമ്പ്രദായിക കേഡർ സംഘടനകളുടെ സമരങ്ങളും സമരരീതികളും ഇനി ക്ലച്ച് പിടിക്കാനാവാത്ത വിധം കാലഹരണപ്പെട്ടുപോയ ഈ കാലത്ത് നവമാധ്യമങ്ങളിലെ സംവേദനങ്ങളിലൂടെ മാത്രം പരിചയമുള്ള, എന്നാൽ കാപട്യരഹിതമായ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ഇത്തരം അമെച്ച്വർ കൂട്ടായ്മകളുടെ ഇടപെടലുകൾക്ക് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ. ബന്ദും ഹർത്താലും പൊതുമുതൽ തല്ലിതകർക്കലും മാത്രം നടത്തിശീലിച്ച കേരളത്തിലെ ആസ്ഥാന സദാചാരവാദികൾ ഒന്ന് മാറിനിൽക്കുക, ഈ തലമുറ നടത്തുന്ന നവസമരമുറകൾക്ക് അതിന്റെ പേരിലും പ്രചാരത്തിലും ഇവിടത്തെ ഹിപോക്രാറ്റുകളുടെ ഇഡിനെ പുറത്തുചാടിക്കാനുള്ള
പ്രകോപനങ്ങളുടെ കൊളുത്തുകമ്പികൾ ഉണ്ടായേക്കാം, എന്നാലും ബന്ദിലും ഹർത്താലിലുമൊക്കെ സമൂഹജീവിതത്തിനു നേരെ നിങ്ങൾ കാണിക്കുന്ന അശ്ലീലത ഇതിന്റെ നടത്തിപ്പിൽ ഉണ്ടാവില്ല എന്നു തന്നെയാണ് അവർ വിശദീകരിച്ച് കാണുന്നത്.
അവർ മറൈൻ ഡ്രൈവിൽ ഒത്തുചേരുകതന്നെ ചെയ്യട്ടെ, , ഹിന്ദുത്വഫാഷിസത്തിന്റെ നവമാധ്യമ- പി ആർ സംരംഭങ്ങളുടെ ബലത്തിലുള്ള തേരോട്ടത്തിൽ ഇത്രകാലം പാർട്ടിക്ലാസുകളുടെ തുലാമഴ കൊണ്ടിട്ടും ഇടതുപക്ഷം വിട്ട് സഖാക്കൾ വരെ സംഘപരിവാരത്തിലേക്ക് കൂട്ടംകൂട്ടമായി ചേക്കേറുന്നതും അവസരവാദത്തിന്റെ അപ്പോസ്തലന്മാരായി മതപുരോഹിതർ മോഡി സ്തുതിയുമായി കുർബാന കൊള്ളുന്നതും ഒക്കെ കാണേണ്ടി വരുന്ന ഈ ആസുരകാലത്ത് ഈ ചെറുപ്പക്കാരെങ്കിലും ഫാഷിസ്റ്റ്വിരുദ്ധചേരിയിൽ നിലനില്ക്കുന്നു എന്ന ഒരൊറ്റ കാരണം മതി ഈ ഒത്തുചേരലിന് പിന്തുണ കൊടുക്കാൻ. സദാചാരവാദികൾ ഭയപ്പെടുന്നതുപോലെ അവിടെ ശ്ലീലത്തിന്റെ ആകാശമൊന്നും പൊട്ടിവീഴില്ല, നിങ്ങൾ അതിനകത്ത് നുഴഞ്ഞുകയറി വല്ലതും കാണിക്കാതിരിക്കുവോളം.
കേരളത്തിലെ ചില ചാനൽ അന്തിചർച്ചകളിലെ "നിയമജ്ഞർ" ഈ ഒത്തുകൂടൽ നിയമവിരുദ്ധമാണെന്ന് വിധിനല്കിയതായും കണ്ടു. പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിയമം നോക്കികുത്തിയാകുമ്പോൾ ഉരുത്തിരുഞ്ഞു വരുന്ന നിയമലംഘനപ്രതികരണങ്ങളെയാണ് ഇവിടെ സമരങ്ങൾ എന്ന് വിളിക്കുന്നത്. അല്ലാതെ നിയമം അതേപടി പാലിച്ചുനടക്കുന്ന ഏതെങ്കിലും ഒരു സമരത്തെ ഈ പണ്ഡിതർ കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു. ഒരു ഓഫീസ് ഉപരോധിക്കുമ്പോഴും റോഡിലൂടെ ഒരു പ്രതിഷേധ റാലി നടത്തുമ്പോഴും ഉണ്ടാകുന്ന അത്ര പോലും നിയമ വിരുദ്ധത മറൈൻ ഡ്രൈവിലെ ഈ ഒത്തുചേരലിനുണ്ടാകുമെന്ന് തോന്നുന്നില്ല.
നമുക്ക് മുൻവിധികളും വിയോജിപ്പുകളുമുണ്ടെന്നത് കൊണ്ടുമാത്രം ഒരു മൂവ്മെന്റ് തടയപ്പെടേണ്ടതാണെന്ന് വിധികല്പ്പിക്കാനുള്ള സദാചാരവിശുദ്ധിയൊന്നും സമകാലിക മലയാളിക്കില്ല. ചിലർ ധരിച്ചിരിക്കുന്ന പോലെ അവിടെ കൂടാൻ പോകുന്നവർ ഒരു ആഭാസസംഗമം നടത്താൻ മാത്രം കോമാളികളല്ല എന്ന് തന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
അവർ ഒത്തു ചേരട്ടെ. നമ്മളങ്ങോട്ട് ഒളിഞ്ഞു നോക്കാതിരിക്കുക. കയ്യൂക്കിലൂടെ ഇത്തരം പ്രതിരോധങ്ങളെ തടയാൻ സംഘിമൂർച്ചകളെ അനുവദിക്കുന്ന പക്ഷം കൊച്ചിയും ഒപ്പം നമ്മളും വിക്ടോറിയൻ കാലത്തിലേക്ക് തിരിഞ്ഞു നടക്കുന്നു.
************
വാൽക്കഷ്ണം: പ്രസന്ന ആര്യൻ എഴുതുന്നു: "ഇനി ഇതൊക്കെക്കണ്ട് എന്റെ സ്ത്രീ നാളെ ചുംബനസമരം പ്രഖ്യാപിക്കുമോ എന്നു ഭയക്കുന്ന പുരുഷന്മാര്ക്ക്- ശുദ്ധമായ മനസ്സോടെ നിങ്ങള്‍ അതാസ്വദിക്കുക. ഭാര്യയോ പ്രണയിനിയോ ആണെങ്കില്‍ ചുണ്ടിലും അമ്മയാണെങ്കില്‍ നെറ്റിയിലും , പെങ്ങളാണെങ്കില്‍ നെറുകിലും സുഹൃത്താണെങ്കില്‍ ഒരു ചേര്‍ത്തുപിടിക്കലിലും അതേറ്റുവാങ്ങുക. സ്നേഹത്തിന്റെ ഏറ്റവും മനോഹരമായ പ്രകടനമാണത്.."
ശ്രീചിത്രൻ എം ജെ 'അഴിമുഖത്തിൽ എഴുതുന്നു:
"പ്രശ്നം നാലു പിള്ളേരുമ്മവെച്ചതിൽ ഒതുങ്ങുന്നില്ല എന്നും, സംസ്കാരം/സദാചാരം/പാരമ്പര്യം തുടങ്ങിയ സംഘപരിവാർ തന്നിഷ്ടത്തിനു തിരുത്താനുദ്ദേശിയ്ക്കുന്ന സംജ്ഞകളുടെയും അവയുടെ പ്രത്യയശാസ്ത്രത്തിന്റെയും 'അഖിലഭാരതീയ' അജണ്ടയുമായാണ് ഡൗണ്‍ ടൗണ്‍ സംഭവം കണ്ണിചേരുന്നത് എന്നും മുൻപേ വ്യക്തമായിരുന്നു. ഇപ്പോൾ മറൈൻഡ്രൈവിൽ ചുംബിക്കാനെത്തുന്നവരെ (ചുംബിക്കാനെത്തുക എന്നത് സംഘികളുടെ ഭാഷ്യമാണ്, അവരങ്ങനെ എവിടെയും പറഞ്ഞുകണ്ടില്ല. 'കമിതാക്കൾ അവർക്കു തോന്നിയാൽ ചുംബിച്ചോട്ടെ' എന്ന നിലപാടേ കണ്ടുള്ളൂ.) തടയുമെന്നും 'കുടുംബത്തിൽ പിറന്ന', 'അമ്മപെങ്ങന്മാരെക്കുറിച്ചോർക്കുന്ന', 'സംസ്കാരസമ്പന്നരായ' 'ആങ്ങള'മാർ ആണ് തടയാൻ പോവുന്നതെന്നും കേൾക്കുന്നു.................
..........പറഞ്ഞുവന്നത്, എന്നെങ്കിലും ഒരുമ്മ കൊണ്ട് മയിൽപ്പീലിയായി മാറുന്ന പങ്കാളിയെ അനുഭവിച്ചിട്ടുള്ളവർ ചുംബിക്കാൻ വെമ്പുന്നവരെ ചുംബിക്കാനനുവദിക്കുക. അല്ലാതെ നിയമാനുസൃതമായും അല്ലാതെയും ഉള്ള രണ്ടുതരം ബലാത്സംഗം (വിവാഹം കഴിക്കാതെയും കഴിച്ചും) മാത്രം ജീവിതത്തിൽ ചെയ്തു ശീലിച്ചവര്‍ അപകർഷതാബോധവും അസൂയയും കൊണ്ട് അലമ്പുണ്ടാക്കാതിരിക്കുക."
'ടൈംസ് നൗ' ചാനലിൽ അർനബ് ഗോസാമി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തുമ്പോൾ ചാനലിന്റെ സ്ക്രോൾബാറിൽ സസൂക്ഷ്മം കണ്ണുനട്ടിരുന്നുപോയി കുറേ നേരം . ഈ അഭിമുഖത്തെക്കുറിച്ച് 'ടൈംസ് നൗ' നടത്തുന്ന ലൈവ് വീരവാദങ്ങൾ -
തുടർന്നുള്ള ദിവസങ്ങളിലെ എല്ലാ ന്യൂസ് അവറിന്റെ തുടക്കവും ഒടുക്കവും മോഡി അഭിമുഖത്തിന്റെ 'റീച്ചി'നെക്കുറിച്ച് അർനബ് ഏറെ വാചാലനായി കണ്ടു. എല്ലാ ന്യൂസ് ബുള്ളറ്റിനുകളിലും ഇടവേളകളിലും മോഡി-അർനബ് അഭ്യാസത്തിന്റെ പൊതുജനപ്രിയങ്കരതയെക്കുറിച്ച് പുതിയ പുതിയ അത്ഭുതങ്ങൾ 'ടൈംസ് നൗ' വിളമ്പിക്കൊണ്ടേയിരിക്കുന്നു.
ഇന്ത്യയിലെ ഇംഗ്ലീഷ് ന്യൂസ് ചാനലുകളിൽ 'ടൈംസ് നൗ' ടീവിക്ക് ഉള്ള ദൃശ്യജനകീയത കാണിക്കാനാണീ അഭ്യാസങ്ങൾ എന്ന് ഒറ്റകേൾവിയിൽ തോന്നാമെങ്കിലും മോഡി എന്ന ബലൂണ്‍ ഫിഗറിൽ മെയ് 12 നു വാരണസിയിൽ അടക്കം നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് വരെ കാറ്റ് നിറച്ചു നിർത്താനുള്ള അവസാന അടവുകളിൽ ഒന്ന് മാത്രമാണ് അർനബ് അടക്കമുള്ള മീഡിയാ ഫ്രോഡുകൾ യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചായക്കട തൊഴിലാളിയിൽ നിന്നും ഇന്നത്തെ മോഡിയിലേക്കുള്ള വളർച്ചയുടെ പടവുകൾ ചിത്രീകരിക്കുന്ന 'മോഡി' എന്ന പ്രത്യേക ഫീച്ചറും 'ടൈംസ് നൗ' തയ്യാറാക്കി വെച്ചിട്ടുണ്ട്, വാരാണാസി തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രത്യേകം പ്രക്ഷേപണം ചെയ്യാൻ.
ഇന്ത്യയിലെ എണ്ണം പറഞ്ഞ മീഡിയകളൊക്കെയും- ഇങ്ങ് മലയാളത്തിൽ നമ്മുടെ ഏഷ്യാനെറ്റ് വരെ - ഗുജറാത്തിന്റെ വികസനപുരുഷനായി മോഡി എന്ന 'അതിശയനെ' അവതരിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ദേശീയ ഏജൻസികളുടെ ഇതുവരെ പുറത്തുവന്ന വിവിധ സംസ്ഥാനങ്ങളുടെ
ബഹുമുഖ വികസന സൂചികകളൊക്കെ കഴിഞ്ഞ പതിനാലു വർഷത്തെ
മോഡിയൻ ഗുജറാത്തിന്റെ യഥാർത്ഥ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ മോഡിക്ക് കാറ്റ് നിറച്ചുകൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാണ്? ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ എന്താണ് ഇന്ത്യൻ ഫാഷിസത്തിന്റെ ഇതുവരേയുള്ള നാൾവഴികൾ എന്നൊന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നിന്ന് അപഗ്രഥിച്ചാൽ മതിയാകും.
2000 ജനുവരിയിലെ ഇകണോമിക് ആൻഡ് പൊളിറ്റിക്കൽ വാരികയിൽ ഏഷ്യൻ രാഷ്ട്രീയത്തിൽ മികച്ച പഠനങ്ങൾ നടത്തുന്ന പ്രമുഖ ഇറ്റാലിയൻ രാഷ്ട്രീയ നിരീക്ഷക മർസിയ കസോലാരി എഴുതിയ സവിശേഷമായ ഒരു പഠനം ഉണ്ട്. ഇന്ത്യയിലെ തീവ്രദേശീയതയുടെ വക്താക്കളായ ഹിന്ദുത്വ നേതാക്കളും യൂറോപ്പ്യൻ നാസിസ്റ്റ്-ഫാഷിസ്റ്റ് നേതൃത്വവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ പിന്നാമ്പുറങ്ങൾ തെളിവ് സഹിതം അക്കമിട്ടു നിരത്തുന്ന ആ പഠനം ഒന്നു കൂടി വായിച്ചു നോക്കേണ്ട സമയമാണിതെന്നു തോന്നുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും ഫാഷിസത്തിന്റെ വെറും പ്രോപഗണ്ടാ മെഷീനുകളായി തരംതാണു കൊണ്ടിരിക്കുന്നതിന്റെ നേർചിത്രം മുന്നിൽ വരുമ്പോൾ നമ്മൾ തൊള്ളായിരത്തി ഇരുപതുകളിലെ മറാത്തി പത്രങ്ങളിലേക്ക് തരിഞ്ഞു നടക്കണം.
1924 മുതൽ 1934 വരെ 'കേസരി' പത്രം തുടർച്ചയായി മുസ്സോളിനിയുടെ
ഇറ്റാലിയൻ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മഹത്വവും മുസ്സോളിനിയുടെ കീഴിയിൽ ഇറ്റലി കൈവരിച്ച നേട്ടങ്ങളുടെ പട്ടികയും നിരത്തിക്കൊണ്ടേയിരുന്നു. ലിബറൽ ഇറ്റലിയിൽ നിന്നും ഫാഷിസ്റ്റ് എകാധിപത്യത്തിലേക്കുള്ള അതിന്റെ മാറ്റത്തേയും ജനാധിപത്യ തെരഞ്ഞെടുപ്പു രീതിയിൽ നിന്നും നോമിനേഷൻ രീതിയിലേക്കുള്ള പരിവർത്തനത്തേയും ഒരു സർവാധിപതിയുടെ കീഴിൽ പ്രജകൾ വിധേയപ്പെട്ടു ജീവിക്കുന്നതിനേയും യുവാക്കളുടെ സായുധ മിലിഷ്യ രൂപീകരണത്തേയും അത്രയേറെ ആരാധനയോടെ ഇന്ത്യയിൽ വിളമ്പിക്കൊണ്ടിരിക്കുന്നവരായിരുന്നു ഹിന്ദുത്വയുടെ അന്നത്തെ മറാത്തി ജിഹ്വകൾ. RSS അതിന്റെ പ്രചാരണത്തിനുള്ള ഊർജ്ജവും ആശയവും മുസ്സോളിനിയുടെ ഫാഷിസത്തിൽ നിന്നും നേരിട്ട് കടം കൊള്ളുകയായിരുന്നു. 1929 ആഗസ്റ്റിൽ 'കേസരി' പത്രം 'ഇറ്റലിയും യുവജനതയും' എന്ന പേരിൽ ഒരു എഡിറ്റോറിയൽ എഴുതുകയുണ്ടായി. ഹെഡ്ഗേവാർ മഹാരാഷ്ട്രയിലെ ബ്രാഹ്മിണ്‍ യുവജനങ്ങളെ അണിനിരത്തി ബീജാവാപം കൊടുത്ത RSS എന്ന ഹിന്ദുത്വ ഭീകര സംഘടനക്കുള്ള മുന്നോട്ടുള്ള വളർച്ചയുടെ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു ആ എഡിറ്റോറിയൽ. മുസ്സോളിനിയുടെ ഫാഷിസ്റ്റ് ഇറ്റലിയിലെ Balilla എന്ന യുവജന സായുധ പരിശീലന സംഘത്തെക്കുറിച്ചുള്ള മതിപ്പുണ്ടാക്കലും അത്തരമൊരു മിലീഷ്യ രീതിയിലേക്ക് RSS-നെപ്പോലുള്ള ഹിന്ദുത്വ സംഘടനകളെ പരിവർത്തിപ്പിക്കാനുള്ള ആലോചനകൾക്ക് വിത്ത് പാകലുമായിരുന്നു അതിന്റെ ലക്ഷ്യം. പറഞ്ഞുവന്നത് തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും ഹിന്ദുത്വ ശക്തികളുടെ സ്വാധീനമുള്ള മീഡിയകളുടെ പണി മുസ്സോളിനിയെയും ഫാഷിസത്തെയും മഹത്വപ്പെടുത്തലും മുസ്സോളിനിയുടെ കീഴിൽ ഇറ്റലി സ്വർഗരാജ്യമായിരിക്കുന്നു എന്ന് തെര്യപ്പെടുത്തലുമായിരുന്നു, ഇന്ന് മോഡിക്ക് കീഴിയിൽ ഗുജറാത്ത് സ്വർഗരാജ്യമായിരിക്കുന്നുവെന്നു ഇവിടത്തെ മീഡിയാ കോർപ്പറേറ്റുകൾ നമ്മെ നിരന്തരം തെര്യപ്പെടുത്തുന്നത് പോലെ തന്നെ! ചരിത്രം ആണ് ഏറ്റവും വലിയ അധ്യാപകൻ എന്ന് പറയുന്നത് ഇതിനെയാണ്.
ആശ്ചര്യകരമായ ഒരു കാര്യം, അന്നത്തെ കാലത്ത് എങ്ങനെയാണ് ഈ പത്രങ്ങൾക്ക് ഇറ്റലിയെ പോലെയുള്ള ഒരു ഫാഷിസ്റ്റ് ഏകാധിപത്യ സ്റ്റേറ്റിൽ നിന്നും ഇത്രയേറെ വിവരങ്ങൾ കൃത്യമായി ലഭിച്ചുകൊണ്ടിരുന്നത്? അവിടെയാണ് ഹിന്ദുത്വ സ്ഥാപക നേതാക്കളും മുസ്സോളിനി അടക്കമുള്ള ഇറ്റാലിയൻ ഫാഷിസ്റ്റ് നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള വ്യവഹാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത്. RSS സ്ഥാപകൻ ഹെഡ്ഗെവാറിന്റെ രാഷ്ട്രീയ ഗുരുവായ ബി എസ് മൂന്ജെ 1931 -ൽ ഇറ്റലിയിൽ പോയി മുസ്സോളിനിയെ സന്ദർശിക്കുന്നു. അവിടത്തെ ഫാഷിസ്റ്റ് മിലിട്ടറി പരിശീലന കേന്ദ്രങ്ങളും സിവിൽ യുവതക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ് സംഘടനകളുടെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നു. ഏകശിലാ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി യുവതയെ സായുധവൽക്കരിക്കുന്ന ഫാഷിസ്റ്റ് ഐഡിയോളജിയിലുള്ള തന്റെ മതിപ്പ് നേരിട്ട് മുസ്സോളിനിയെ അറിയിക്കുന്നു.
ഇറ്റലിയിൽ നിന്നും തിരിച്ചു വന്ന ബി എസ് മൂന്ജെ തന്റെ ഡയറിയിൽ കുറിച്ചതിൽ നിന്നും ചില ഭാഗങ്ങൾ കാണൂ:
"ഇറ്റലിയിലെ യുവാക്കൾക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ് സംഘടനയുടെ (Balilla) രീതികളും സംഘാടനവും എന്നെ അങ്ങേയറ്റം ആകർഷിച്ചു. മുസ്സോളിനിയുടെ ഫാഷിസം എന്ന ആശയസംഹിത ഇറ്റലിക്കാരുടെ വംശീയേകീകരണം ലക്ഷ്യമിടുന്നു. Balilla യിലെ കുട്ടികൾ അവരുടെ യൂണിഫോമുകളിൽ കായിക പരിശീലനങ്ങൾ നടത്തുന്നത് എനിക്ക് വളരെ മനോഹരമായി തോന്നി. ഇന്ത്യയിലും ഹിന്ദുക്കളുടെ ഏകീകരണത്തിന് ഇതു പോലെയുള്ള സായുധ സംഘാടനം ആവശ്യമാണ്. ഡോ . ഹെഡ്ഗേവാർ ആവിഷ്ക്കരിച്ച ഇന്ത്യയിലെ ഞങ്ങളുടെ RSS എന്നത് ഇതുപോലെയുള്ള ഒരു സംഘടനയാണ്. എന്റെ ജീവിതത്തിന്റെ ശിഷ്ട ഭാഗം RSS നെ ഈ മാതൃകയിൽ മഹാരാഷ്ട്രക്ക് പുറത്തു ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ഞാൻ സമർപ്പിക്കുന്നതാണ്."
മുസ്സോളിനിയെ നേരിട്ട് കണ്ടു സംസാരിച്ചതിന്റെ വിശദാംശങ്ങൾ ബി എസ് മൂന്ജെ അതീവ ആഹ്ലാദത്തോടെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ നിന്നും ഏതാനും വരികൾ താഴെ:
" ഞാൻ വാതിലിൽ എത്തിയതും മുസ്സോളിനി അദ്ധേഹത്തിന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് വന്നെന്നെ സ്വീകരിച്ചു. ഞാൻ ഡോ. മൂന്ജെ ആണെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ധേഹത്തിന് എന്നെക്കുറിച്ചെല്ലാം നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി.........................................................
................................. യൂണിവേർസിറ്റിയൊക്കെ സന്ദർശിച്ചോയെന്ന് അദ്ധേഹം തിരക്കിയപ്പോൾ ഞാൻ ഇവിടത്തെ ആണ്‍കുട്ടികൾക്കുള്ള മിലിട്ടറി സ്കൂളുകളും മറ്റും കാണാനാണ് താല്പര്യം പ്രകടിപ്പിച്ചതെന്നും ഇറ്റലിയിലെ അധികൃതർ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നതിൽ നന്ദിയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവും ഞാൻ balilla പോലുള്ള ഫാഷിസ്റ്റ് യൂത്ത് സംഘാടനങ്ങൾ കാണാനാണ് സമയം ചെലവഴിച്ചത്. എനിക്ക് അവയുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റത്തെ മതിപ്പ് തോന്നി. ഇറ്റലിയുടെ പുരോഗതിക്കും ക്ഷേമത്തിനും ഇത്തരം സംഘങ്ങൾ അനിവാര്യമാണ്. ലോക മാധ്യമങ്ങളും നേതാക്കളും താങ്കളെയും താങ്കളുടെ ഇത്തരം ഫാഷിസ്റ്റ് രീതികളെയും കടുത്ത രീതിയിൽ വിമർശിക്കുന്നതായി ഞാൻ കാണുന്നുണ്ടെങ്കിലും എനിക്ക് താങ്കളുടെ ഈ ഫാഷിസ്റ്റ് രീതിശാസ്ത്രത്തോട് യാതൊരു രീതിയിലുള്ള വിരോധവും തോന്നുന്നില്ല.
അപ്പോൾ മുസ്സോളിനി ഈ വിഷയത്തിൽ എന്റെ നിലപാട് ചോദിച്ചു.
ഞാൻ പറഞ്ഞു: പ്രഭോ, ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്. വളർച്ച തേടുന്ന ഏതൊരു രാഷ്ട്രത്തിനും ഇത്തരം ഫാഷിസ്റ്റ് സംഘാടനം ആവശ്യമാണ്. ഇന്ത്യയും അതിന്റെ സായുധ പുനർനിർമ്മാണത്തിനു ഇത്തരമൊരു ഫാഷിസ്റ്റ് സംഘടന ആവശ്യപ്പെടുന്നു...........................ഞാൻ അതിന്റെ പണിപ്പുരയിലാണ്. ഞങ്ങൾ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സംഘത്തിന് നേരത്തെ തന്നെ ഇതേ ലക്ഷ്യങ്ങളോടെ സ്വതന്ത്രമായി രൂപം നല്കി വെച്ചിട്ടുണ്ട്. എനിക്ക് ഇന്ത്യയിലോ ഇംഗ്ലണ്ടിലോ ലോകത്തെവിടെയുമുള്ള ഏതു പ്ലാറ്റ്ഫോമിലും താങ്കളുടെ balilla അടക്കമുള്ള ഫാഷിസ്റ്റ് സംഘടനകളെ പ്രകീത്തിച്ചു സംസാരിക്കാൻ യാതൊരു മടിയുമില്ല. താങ്കളുടെ ഈ സംഘങ്ങൾക്ക് എല്ലാ വിജയങ്ങളും ഞാൻ നേരുന്നു. മുസ്സോളിനി എന്റെ മറുപടിയിൽ അങ്ങേയറ്റം സംതൃപ്തനായി കാണപ്പെട്ടു. അദ്ധേഹം എനിക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു."
മുസ്സോളിനിയെ കണ്ട വിശേഷങ്ങൾ പങ്കുവെക്കാൻ ഇറ്റലിയിൽ നിന്നും തിരികെയെത്തിയ മൂന്ജെ തന്റെ രാഷ്ട്രീയ ശിഷ്യനും ആർ എസ് എസ് , ഹിന്ദു മഹാസഭ എന്നിവയുടെ നേതാക്കളുമായ ഹെഡ്ഗെവാർ, ലാലൂ ഗോഖലെ എന്നിവരുമായി യോഗം ചേർന്നു. അതിൽ ഹിന്ദു സംഘാടനത്തെക്കുറിച്ചുള്ള ലാലൂ ഗോഖലെയുടെ ചോദ്യത്തിന് ബി എസ് മൂന്ജെ നല്കുന്ന മറുപടി അങ്ങേയറ്റം ശ്രദ്ധേയമാണ്:
"ഹിന്ദു ധർമ്മശാസ്ത്രപ്രകാരം ഇന്ത്യയിലുടനീളം ഹിന്ദുക്കളുടെ ഏകീകരണത്തിനുള്ള ഒരു പദ്ധതി ഞാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, പണ്ടത്തെ ശിവജിയെപ്പോലെയോ ഇന്നത്തെ ഫാഷിസ്റ്റ് ഇറ്റലിയിലെ മുസ്സോളിനിയെപ്പോലെയോ നാസി ജെർമ്മനിയിലെ ഹിറ്റ്ലറെപ്പോലെയോ ഉള്ള ഒരു ഏകാധിപതിയുടെ കീഴിൽ ഒരു 'ഹിന്ദു സ്വരാജ്' രൂപപ്പെടാതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയില്ല തന്നെ. എന്നു വെച്ച് അത് പോലൊരു ഏകാധിപതി ഉയർന്നു വരുന്നത് വരെ നമ്മൾ കയ്യുംകെട്ടി നോക്കി നില്ക്കണമെന്നല്ല. നമ്മൾ ശാസ്ത്രീയമായി ഒരു പദ്ധതി ആവിഷ്ക്കരിച്ച് അതിനുള്ള പ്രോപഗണ്ടാ മാർഗങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്."
മൂന്ജെയുടെ മേൽനോട്ടത്തിൽ ഹെഡ്ഗേവാർ ഇന്ത്യയിൽ ഫാഷിസ്റ്റ് അനുകൂല പ്രചാരണങ്ങൾ തുടങ്ങി. 1934 ജനുവരിയിൽ 'ഫാഷിസവും മുസോളിനിയും' എന്ന ബാനറിൽ കാവ്ടെ ശാസ്ത്രി സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഹെഡ്ഗേവാർ അധ്യക്ഷത വഹിക്കുകയും ബി എസ് മൂന്ജെ സമാപന പ്രസംഗം നടത്തുകയും ചെയ്തു.
ഹിന്ദു ജനതയുടെ സായുധവത്ക്കരണത്തിനുള്ള ഊർജ്ജം മുസ്സോളിനിയുടെ ഫാസി ഇറ്റലിയിൽ നിന്നും നേടിയെടുത്ത സംഘ്പരിവാർ പിന്നെ നേരിടാൻ ഒരു ശത്രുവിനെ സൃഷ്ട്ടിക്കാനുള്ള ഉദ്യമത്തിലാണ് ഏർപ്പെട്ടു കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ജെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചു ഹിന്ദു യുവാക്കൾക്ക് മിലിട്ടറി സ്കൂളുകൾ തുടങ്ങിക്കൊണ്ട് ഹിന്ദുത്വ പ്രമുഖർക്കയച്ച ഒരു കത്തിൽ ഇങ്ങിനെ എഴുതുന്നു:
" സായുധ പരിശീലനം ലക്ഷ്യമാക്കുന്നത് നമ്മുടെ കുട്ടികളെ കൂട്ടക്കുരുതിയുടെ കാര്യത്തിൽ കാര്യപ്രാപ്തരാക്കുക എന്നതാണ്. നമുക്ക് പറ്റാവുന്നത്ര കുറച്ച് ആൾനാശവും ശത്രുവിന് അങ്ങേയറ്റത്തെ നാശവും വരുത്തുന്ന രീതിയിൽ കഴിവുറ്റവരാക്കി അവരെ മാറ്റിയെടുക്കണം....................................അഹിംസ എന്നത് ഭീരുത്വമാണ്. ഇതേ ആശയം ആധുനിക ഇറ്റലിയുടെ ശില്പി മുസ്സോളിനി പ്രഭു കൂടുതൽ വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട്. അദ്ധേഹം പറയുന്നു: യൂറോപ്പുമായുള്ള നമ്മുടെ സമാധാനവും സഹവർത്തിത്തവും മില്ല്യൻ കണക്കിന് ബയണറ്റുകൾ കൊണ്ടുള്ളതാണ്. "
ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ ശത്രുവിനെക്കുറിച്ച് ഒരു വ്യക്തത തുടക്കത്തിൽ മൂന്ജെ എവിടെയും വരുത്തുന്നില്ല എന്നതാണ്. അതിന്റെ പിന്നിൽ വ്യക്തമായ ഒരു ഉദ്ധേശം ഹിന്ദുത്വ നേതാക്കൾക്കുണ്ടായിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര സമര പ്രസ്ഥാനം കൊടുമ്പിരി കൊള്ളുന്ന സമയമാണ് ഇവർ ഫാഷിസത്തിന്റെ വിത്ത് പാകാൻ ഓടി നടക്കുന്നത്. അപ്പോൾ ശത്രു ബ്രിട്ടീഷുകാരാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ചോട്ടേയെന്നുള്ള ഒരു കുത്സിത താല്പര്യം ഇവർക്കുണ്ടായിരുന്നു. അത് കൊണ്ടാണ് ഹിന്ദുത്വ നേതാക്കളുടെ ഫാഷിസ്റ്റ്-നാസിസ്റ്റ് ബന്ധം പറയുമ്പോൾ ഇവർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ചർച്ചയിലേക്ക് വലിച്ചിടാറുള്ളത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുന്നേ തന്നെ സുഭാഷ് ചന്ദ്ര ബോസിന് അച്ചുതണ്ട് ശക്തികളായ ഇറ്റലിയിലെയും ജർമ്മനിയിലെയും ജപ്പാനിലേയുമൊക്കെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം സഖ്യ ശക്തികളിലെ അംഗമായ ബ്രിട്ടനെതിരെയുള്ള നീക്കങ്ങളിലൂടെ ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജ്ജം സംഭരിക്കാനുള്ള വഴികളായാണ് അദ്ധേഹം ഉപയോഗപ്പെടുത്തിയത്. നേതാജിയുടെ ഫോർവേഡ് ബ്ലോക്കിനെ സ്വാതന്ത്ര സമരത്തിന്റെ പേരിൽ ഹിന്ദു മഹാസഭയുടെ ഹൈന്ദവ സായുധ സംഘാടനത്തിന്റെ ആലയിൽ കെട്ടാൻ സവർക്കരുടെ നേതൃത്വത്തിൽ ഒരു പാട് നീക്കങ്ങൾ അന്നേ നടന്നിരുന്നു. . 1940-ൽ സവർക്കറുടെ ദാദറിലെ വസതിയിൽ സുഭാഷ് ചന്ദ്രബോസ് ചർച്ചക്കെത്തിയെങ്കിലും എതിർപ്പുകൾ മൂലം അത്തരമൊരു സഹകരണത്തിന് സാധ്യത തുറന്നില്ല. ആ ഒരു കൂടിക്കാഴ്ച്ചയുടെ ഫലമായി ഉണ്ടായ ഒരു രേഖയും സവർക്കറുടെയോ നേതാജിയുടെയോ എഴുത്തുകളിൽ ലഭ്യവുമല്ല. സുഭാഷ് ചന്ദ്ര ബോസ് സവർക്കരെ വന്നു കണ്ടു ചർച്ച നടത്തിയെന്നുള്ള ഈയൊരു കച്ചിതുരുമ്പ് മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ ആർ എസ് എസ്സിനും ഹിന്ദു മഹാസഭക്കുമുള്ള സംശയാസ്പദമായ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാൻ സംഘപരിവാരം ഇന്നും ഉപയോഗിക്കുന്നത്. സ്വാതന്ത്ര സമരത്തിന് അച്ചുതണ്ട് ശക്തികളുടെ സഹായം തേടാൻ നേതാജിയെ പ്രേരിപ്പിച്ചത് 1940 കളിൽ സവർക്കരാണെന്ന വാദം തന്നെ അസംബന്ധമാണ്. കാരണം 1933 മുതൽ തന്നെ ബോസിന് ഈ രാജ്യങ്ങളിലെ വലതുപക്ഷ നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രേഖകൾ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ കൂടിക്കാഴ്ച്ചയെ വ്യാഖാനിക്കാൻ ഹിന്ദുത്വ ശക്തികൾ എന്നും തയ്യാറായിട്ടുണ്ട്. ഗാന്ധി വധത്തിൽ കുരുക്കിലായതോടെ സവർക്കർ നിലനിൽപ്പിനു വേണ്ടി ഈ ചർച്ചയുടെ വിശദാംശങ്ങൾ എന്ന പേരിൽ കുറെ കാര്യങ്ങൾ പടച്ചുണ്ടാക്കി പുറത്തു വിട്ടിരുന്നു എന്നതും ചരിത്രം.
തുടക്കത്തിൽ ശത്രുവിനെക്കുറിച്ചുള്ള വ്യക്തതയിൽ മൗനം പാലിച്ച ഹിന്ദുത്വ ശക്തികൾ ഹിറ്റ്ലറുടെ നാസീ ജർമ്മനിയേയാണ് ശത്രുരൂപീകരണത്തിന് മാതൃകയാക്കിയത്. ഹെഡ്ഗെവാർ മുസ്സോളിനിയുടെ ഫാഷിസത്തെ ആശ്ലേഷിച്ച് ആർ എസ് എസിന് രൂപഭേദങ്ങൾ വരുത്തിയപ്പോൾ ഗോൾവാക്കറും വീർ സവർക്കരും ഹിറ്റ്ലരുടെ നാസിസത്തിന്റെ ആര്യരക്ത സങ്കല്പ്പത്തിലധിഷ്ടിതമായ വംശീയ ശുദ്ധീകരണ സിദ്ധാന്തം ആഗിരണം ചെയ്ത് മുഖ്യ ശത്രുവിനെ നിർമ്മിച്ചു.
ഗോൾവാക്കർ തന്റെ കുപ്രസിദ്ധമായ "We or our Nationhood defined' എന്ന ഹിന്ദുത്വ യുടെ സൈദ്ധാന്തിക ഗ്രന്ഥത്തിൽ എഴുതുന്നു:
" ജർമ്മൻ ദേശീയതയുടെ സ്വാഭിമാനം ഇന്ന് ചർച്ചയായിരിക്കുന്നു. അവർ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി ജൂതരെ നിഷ്കാസനം ചെയ്തതിലൂടെ വീണ്ടെടുത്ത് ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. തീവ്രദേശീയാഭിമാനത്തിന്റെ ഏറ്റവും ഉദാത്തമായ സാക്ഷാല്കാരമാണത്. വിഭിന്നാശയങ്ങളും സംസ്കാരങ്ങളും നിലനിർത്തുന്നത് ഒരു രാഷ്ട്രത്തിന്റെ ഏകീകരണത്തിന് തീർത്തും അസാധ്യമാണെന്ന പാഠം ജർമ്മനി നമുക്ക് കാണിച്ചു തരുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നല്ലൊരു പാഠമാണിത് , ഭാവിയിൽ നമുക്ക് നേട്ടം കൊയ്യാനും.."
1939-ൽ ഹിന്ദു മഹാസഭയുടെ ഇരുപത്തിയൊന്നാം സെഷനിൽ സവർക്കർ ഹിന്ദുത്വയുടെ ശത്രുവിനെ കൂടുതൽ വ്യക്തമാക്കി:
"ജർമ്മനിയിലെ ജൂതരെപ്പോലെത്തന്നെ ഇന്ത്യയിലെ മുസ്ലിംകൾ അടുത്തുള്ള ഹിന്ദുവിനേക്കാൾ പുറത്തുള്ള അവരുടെ ആളുകളോട് ചാഞ്ഞു നിൽക്കുന്നവരാണ്.............................അവരുടെ പുണ്യസ്ഥലം അങ്ങു ദൂരെ അറേബ്യയിലും ഫലസ്തീനിലുമൊക്കെയാണ്. അവരുടെ വിശ്വാസവും പ്രവാചകനും മതനായകരും ഈ മണ്ണിന്റെ മക്കളല്ല. അവരുടെ രൂപവും പേരുകളും വിദേശിയുടേതാണ്".
ബി എസ് മൂന്ജെ ഒന്നു കൂടി സ്പഷ്ടമാക്കി കാര്യങ്ങൾ:
"ഇന്ത്യയിലെ മുസ്ലിംകൾ വല്ലാത്തൊരു ശല്യങ്ങൾ തന്നെയാണ്. കോണ്‍ഗ്രസ് അവർക്കെതിരെ നില്‍ക്കില്ല എന്ന് മാത്രമല്ല, അവരെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് കൊണ്ഗ്രസ്സിനെയും മുസ്ലിംകളേയും ഒരേ സമയം നേരിടേണ്ടതുണ്ട്. ഹിന്ദു മഹാസഭ അത്തരം കലാപങ്ങൾക്ക് സഹായം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ നഗരങ്ങളിൽ വോളണ്ടിയർമാരെ തയ്യാറാക്കി നിർത്തേണ്ടതും RSS ഇതിൽ ഏറെ സഹായകമായ ഒരു സംവിധാനമായി വർത്തിക്കുകയും ചെയ്യും."
പറഞ്ഞു വന്നത് ഇന്ത്യയിലെ RSS എന്നത് മുസ്സോളിനിയുടെ വംശീയ മിലിട്ടറി വല്കരണ ഫാഷിസവും ഹിറ്റ്ലറുടെ വംശീയ ശുദ്ധീകരണ നാസിസവും സമം ചേർത്ത് രൂപപ്പെടുത്തപ്പെട്ട ഒരു ഹിന്ദുത്വ ഭീകര സംഘടനയാണെന്നതാണ്. അവരുടെ ഉപജ്ഞാതാക്കൾ പണ്ട് ആഗ്രഹിച്ചത് പോലെയുള്ള മുസ്സോളിനിക്കും ഹിറ്റ്ലർക്കും ഗുണവിശേഷങ്ങളിൽ സമം വെക്കാവുന്ന ഒരു ഒന്നാന്തരം ഫാഷിസ്റ്റിനെ ഇന്നവർക്ക് നേതാവായി ലഭിച്ചിരിക്കുന്നു. അതാണ് സാക്ഷാൽ നരേന്ദ്ര മോഡി.
ആരാണൊരു ഫാഷിസ്റ്റ്? അവൻ എപ്പോഴും തീവ്രദേശീയതാ വാദം ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കും. വംശീയത അവന്റെ വാക്കുകളിലും പ്രവർത്തികളിലും എപ്പോഴും കടന്നു വരും. പുരുഷാധികാരത്തിന്റെ ചിഹ്നങ്ങൾ ഇടയ്ക്കിടെ അവന്റെ വാക്കുകളിൽ തികട്ടി വരും. വയലൻസിന്റെ പുനരുത്ഥാന സ്വഭാവം പരമാവധി പ്രയോഗത്തിലൂടെ ഉപയോഗപ്പെടുത്തും. രാജ്യം രാഷ്ട്രീയാഭയം കൊടുത്തവരോട് തികഞ്ഞ വംശീയത പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. ആസൂത്രിതമായ വയലൻസിലൂടെ വംശീയ ഉന്മൂലനത്തിന്റെ പ്രയോക്താവായി മാറും. രാജ്യത്തെ മാധ്യമങ്ങളെ വിലക്കെടുത്ത് ഗീബൽസിയൻ നുണ ബോംബുകളിലൂടെ കപടപ്രതിഛായ നിർമ്മിച്ചെടുക്കും . എതിർപ്പുകളെ തൃണവല്കരിച്ചു സംഘടനയിൽ സുപ്രീം ലീഡർ എന്ന പദവിയിലേക്ക് സ്വയം അവരോധിക്കും. വംശീയതയിലും ഒരു അന്തർദേശീയത പുലർത്തി പോരും. വലിയ ജനക്കൂട്ടങ്ങളെ വെച്ചുള്ള മാസ് ഹിസ്റ്റീരിയ ഒരു ഹരമായി നിലനിർത്തും......
ബി ജെ പിക്കകത്തെ താരതമ്യേന വിഷം കുറഞ്ഞ സുഷമ സ്വരാജിനെയും രാജ്നാഥിനെയും അരുണ്‍ ജയറ്റ്ലിയെയുമൊക്കെ വെട്ടിമാറ്റി നാഗ്പൂരിൽ മോഹൻ ഭഗവതിന്റെ കാർമികത്വത്തിൽ ഇന്ത്യയുടെ മഹത്തായ ജാനാധിപത്യ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് RSS പറത്തി വിട്ട നരേന്ദ്ര മോഡിയെന്ന പ്രതിഭാസത്തെ മുകളിൽ പറഞ്ഞ ഫാഷിസ്റ്റിന്റെ ലക്ഷണ ശാസ്ത്രം വെച്ചൊന്ന് വിലയിരുത്തി നോക്കൂ. നൂറ്റുക്ക് നൂറും ചേർച്ചയുള്ള ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ് സെകുലർ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ഒരു ഇടിത്തീയായി വീഴാൻ കാത്തിരിക്കുന്നതായി കാണാം.
ഏതു കാട്ടാളനെയും ദേവനാക്കി കാണിക്കാൻ കെൽപ്പുള്ള PR സംവിധാനങ്ങളുള്ള ഈ കാലത്ത് സെകുലർപക്ഷത്തെന്നു നാം വെറുതെ തെറ്റിദ്ധരിച്ചുപോയ നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന മോഡി ഭക്തി കാണിക്കുന്നതെന്താണ്? കേവലം ഒരു ബി ജെ പി കാന്റിഡേറ്റ് ആയി മാത്രം മോഡിയെ അവതരിപ്പിക്കുന്നത് ഇവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ചരിത്രമറിയാത്തത് കൊണ്ടായിരിക്കുമോ? സീ ന്യൂസ്, ഇന്ത്യ ടീവി, ടൈംസ് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, അർനബിന്റെ ടൈംസ് നൗ എന്നിങ്ങനെ തുടങ്ങി ഇങ്ങേയറ്റത്ത് നമ്മുടെ ഏഷ്യാനെറ്റിലെ വിനു വീ ജോണ്‍ വരെ പെട്ടിയും കിടക്കയുമെടുത്തു വാരണസിയിൽ മോഡിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഈ രാജ്യത്തിന്റെ സെകുലർ ഡിമോക്രസിയെ ഫാഷിസത്തിന്റെ അന്തപുരത്തിലേക്കു കൂട്ടിക്കൊടുക്കാൻ മാത്രം രാജ്യം ഇവരോടെന്തു ദ്രോഹം ചെയ്തുവെന്നാണ് മനസ്സിലാവാത്തത്. രാജ്യത്തോട് കടപ്പാടുള്ളവനാണെങ്കിൽ വാരണസിയിലേക്ക് വണ്ടി കയറുന്നതിനു മുന്നേ ഇവരൊക്കെ പോവേണ്ടിയിരുന്നത് ഗുജറാത്തിലേക്കാണ്. മോഡിയുടെ പീ ആർ ടീം ഊതിവീർപ്പിച്ച ഗുജറാത്ത് മോഡലിന്റെ പിന്നാമ്പുറങ്ങളിലേക്ക് കാമറ തിരിച്ചുവെച്ച് നാസി കാലത്ത് ഹിറ്റ്ലർ പയറ്റിയ ഇതേ അടവിന്റെ പൊള്ളത്തരങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളെ ഈ രാജ്യം അടയാളപ്പെടുത്തുന്നത് സെകുലർ ഇന്ത്യയുടെ സേവിയർ എന്നാകുമായിരുന്നു.
ഫാഷിസം മുറ്റംകടന്നു കോലായിലേക്ക് കേറാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിക്ഷ്പക്ഷരാണെന്ന പല്ലവി ആവർത്തിച്ചുരുവിട്ടു തുല്യാവസരങ്ങളുടെ പേരില്‍ സകല കുമ്മനം-മോഡിമാരെയും ന്യൂസ് റൂമിലേക്ക് പൂവിട്ടാനയിക്കുന്നതല്ല മീഡിയാ ജനാധിപത്യം എന്നും എന്തുതന്നെ വന്നാലും ഒരു ഫാഷിസ്റ്റിനെയും ഒരു കാലത്തും അവന്റെ വികടവാദങ്ങളുന്നയിക്കാൻ പറ്റാത്ത വിധം ന്യൂസ് സ്റ്റുഡിയോകളുടെ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടക്കുമ്പോഴാണ് ഒരു സെകുലർ ജനാധിപത്യസമൂഹത്തിൽ മാധ്യമങ്ങൾ യഥാർത്ഥത്തിൽ അതിന്റെ നിക്ഷ്പക്ഷത രേഖപ്പെടുത്തുന്നത് എന്നും ഇവനൊക്കെ മനസ്സിലാക്കാൻ ഈ രാജ്യത്ത് ഇനിയും ജനാധിപത്യം ബാക്കിയുണ്ടാവട്ടെ. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിചിത്രത്തിനടുത്തായി വീർ സവർക്കറുടെ ചിത്രം സ്ഥാപിച്ച പഴയ ഫാഷിസ്റ്റ് അശ്ലീലതയുടെ കൂടുതൽ മുന്തിയ പതിപ്പുകൾ നരേന്ദ്രമോഡിയുടെ രൂപത്തിൽ നമ്മെ ഭരിക്കാതിരിക്കട്ടെ. നമ്മളെയും നമ്മുടെ മാധ്യമങ്ങളെയും ദൈവം രക്ഷിക്കട്ടെ.....
നീയും നിലാവും കാറ്റിൽ സുഗന്ധവും ചഷകം നിറയെ മധുവും... ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും.....
ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അടയാളശിലയാണെന്ന് നമ്മൾ കഴിഞ്ഞ മെഹ്ദിപാഠത്തിൽ പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാലിബിൽ നിന്നും നമ്മൾ പിന്നോട്ട് പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടന്നാൽ മറ്റൊരു നാഴികക്കല്ല് കാണാം, മീർ തഖി മീർ, ഗാലിബിനെപ്പോലും അസൂയാലുവാക്കിയ ക്ലാസ്സിക്കൽ ഗസലുകളിലെ മാസ്ട്രോ. സ്ഥായിയായ
വിഷാദഭാവങ്ങളിൽ ദിവ്യാനുരാഗത്തിന്റെ രജതപാത വരച്ചു വെച്ച മിസ്റ്റിക്.
മീർ തഖി മീർ (ചിത്രകാരന്റെ ഭാവനയിൽ)
പത്താം അദ്ധ്യായത്തിൽ നമ്മൾ ആസ്വാദനത്തിനായി തെരഞ്ഞെടുക്കുന്നത് വീണ്ടും ഒരു ഫർമായിശ് ആണ്. പ്രിയ ഓണ്‍ലൈൻ സുഹൃത്തും ഗായകനുമായ തഹ്സീൻ തന്നെയാണ് ഇത്തവണയും ഇഷ്ടഗസൽ
ആവശ്യപ്പെട്ടിരിക്കുന്നത്. മെഹ്ദി പാഠങ്ങളിലെ പഴയ രണ്ടധ്യായങ്ങളും (ദിലെ നാദാൻ....., അബ് കെ ഹം ബിച്ഛ്ടെ....) അദ്ധേഹത്തിന്റെ തന്നെ ഫർമായിശുകളായിരുന്നു. മെഹ്ദി പാഠങ്ങൾ എന്ന ഈയൊരു സീരീസ്
മുന്നോട്ട് കൊണ്ടുപോകാൻ എനിക്കേറ്റവും ഊർജ്ജമായി ഭവിക്കുന്നതും
അദ്ധേഹത്തിന്റെ നിരന്തരമായ പിന്തുടരൽ തന്നെയാണ്.
'ദേഖ് തോ ദിൽ കെ ജാൻ സെ .........യെ ധുവാ സാ കഹാ സെ ഉഠ്താ ഹേ ' എന്ന ഗസൽ മെഹ്ദി ഹസ്സൻ എന്ന നാദവിസ്മയത്തിന്റെ ഏറ്റവും
മനോഹരമായ ആലാപനങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. മീർ തഖി
മീറും മെഹ്ദി ഹസ്സനും -ഇതിനെയാണ് നമ്മൾ ലെജന്ററി കോമ്പിനേഷൻ
എന്നൊക്കെ പറയുക..... ശബ്ദത്തിലെ ആർദ്രത എന്നൊക്കെ ആലങ്കാരികമായി
നമ്മൾ ഉപയോഗിക്കാറില്ലേ, അത് അനുഭവേദ്യമാകണമെങ്കിൽ മെഹ്ദിയെ
കേൾക്കുക, കേട്ടു കൊണ്ടേയിരിക്കുക....
ഈ ഗസൽ തുടങ്ങുമ്പോൾ ഇതിലെ ആശയങ്ങളുടെ സത്ത മുഴുവൻ ആവാഹിച്ച ഹിന്ദിയിലുള്ള രണ്ടു വരികൾ ( 'ദോഹാ' അഥവാ Couplet) മെഹ്ദി സാബ് പലപ്പോഴും ആലപിക്കാറുണ്ട്. അതിമനോഹരമാണ് അതിന്റെയൊരു
ആമ്പിയൻസ്. ആദ്യം ആ ഈരടികളിലേക്ക് പോകാം.
ദേഖ് തോ, ദിൽ കെ ജാൻ സെ ഉഠ്താ ഹേ യെ ധുവാ സാ കഹാൻ സെ ഉഠ്താ ഹേ ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക് ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ ബേഠ്നേ കോൻ ദേ ഹേ ഫിർ ഉസ്കോ ജോ തേരെ ആസ്താൻ സെ ഉഠ്താ ഹേ യൂ ഉഠേ ആഹ് ! ഉസ് ഗലീ സേ ഹം ജേസേ കൊയീ ജഹാൻ സെ ഉഠ്താ ഹേ ഖാനാ -ഏ -ദിൽ സേ സിൻഹാർ ന ജാ കൊയീ ഏസെ മകാൻ സെ ഉഠ്താ ഹേ ? നാലാ സിർ ഖേൻച്താ ഹേ ജബ് മേരാ ഷോർ ഇക് ആസ്മാൻ സെ ഉഠ്താ ഹേ ഇഷ്ഖ് ഇക് 'മീർ' ഭാരീ പത്ഥർ ഹേ കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ
ആശയം സംഗ്രഹിച്ചു നോക്കാം:
നോക്കൂ, ഹൃത്തിൽ നിന്നോ അതോ ആത്മാവിൽ നിന്നോ എവിടെ നിന്നാണീ ധൂമങ്ങളുയരുന്നത് ? ഏതു വ്യഥിതഹൃദയന്റെതാണീ കല്ലറ? വാനരൂഢാ! പകലുകളിലൊരു തീനാളമിവിടെ നിന്നുയരുന്നല്ലോ (ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാം കല്ലറ പകലിലൊരു തീഗോളമിവിടെ നിന്നുദിക്കുന്നല്ലോ ) വേറെയാരയാൾക്കിടം കൊടുക്കുന്നൂ പിന്നെ? ഒരിക്കെ നിന്നിടം വിട്ടുപോയാലതിൽ പിന്നെ നിന്റെയാ തെരുവ് വിട്ടുപോവുന്നതോ .. ഓഹ്! ഈ ലോകമേ വിട്ടൊഴിഞ്ഞുപോകുന്നതു പോൽ ഹൃത്തിടത്തിൽ നിന്നൊരിക്കലും പോകാതിരിക്കുക ഇത്തരമിടത്തിൽ നിന്നാരാണൊഴിഞ്ഞു പോവുക? വേദനയിലേറി വിലാപമെന്നിലുയരുമ്പോഴൊക്കെയും ഒരു മറുരോദനമുയരുന്നുവല്ലോ വാനലോകത്തുനിന്നും അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണ് 'മീർ' ! നിന്നെപ്പോലൊരു ദുർബലനതെപ്പോളുയർത്താനാണ് ?
ഇത് ദിവ്യാനുരാഗത്തിന്റെ പടവുകൾ കയറി ആത്മസാക്ഷാത്കാരത്തിന്റെ
പർവ്വം താണ്ടിയെത്താനുള്ള ഒരു യാത്രികന്റെ (സാലിക്) അഭിലാഷതീവ്രതയുടെ ആവിഷ്കാരമാണ്. ഭൗതികമായ അഭിവാഞ്ജകളെ
തൃണവൽക്കരിച്ച് എല്ലാ പ്രലോഭനങ്ങളെയും അതിജയിച്ച് ആത്യന്തിക
പൊരുൾ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ കഠിനത വിളിച്ചോതുന്നു ഇവിടെ
മീർ.
ഈ ഗസലിന്റെ മക്താ ഇതിന്റെ പൊരുൾ മുഴുവൻ വെളിപ്പെടുത്തുന്നുണ്ട്.
ഇഷ്ഖ് ഇക് 'മീർ' ഭാരീ പത്ഥർ ഹേ കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ
അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണെന്ന് മീർ തിരിച്ചറിയുന്നു. ആഗ്രഹങ്ങളുടെയും ഭൗതിക താല്പര്യങ്ങളുടെയും ദൗർബല്യങ്ങളെ മറികടന്നു പ്രണയഭാജനത്തിലേക്കുള്ള അനുരാഗിയുടെ യാത്രയുടെ കാഠിന്യം
എത്രയാണ്?
പ്രതീക്ഷയുടെ കിരണങ്ങളൊടുങ്ങി പുകച്ചുരുളുകൾ അന്തരാത്മാവിൽ നിന്നും ഉയരുന്നുവോ?
അടക്കപ്പെട്ട ഹൃദയം വ്യഥകളുടെ നീറ്റലിൽ ജ്വലിതമാകുന്നുണ്ടോ?
ഈ ഗസലിലെ രണ്ടാമത്തെ ശേർ അതിന്റെ പ്രയോഗത്തിലെ പ്രത്യേകത കൊണ്ട് വളരെ ശ്രദ്ധേയമാണ്.
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക് ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
ഈ ഈരടിയുടെ ആശയം പലരും പല രീതിയിലാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഞാൻ മുകളിൽ വരികളുടെ ആശയം സംഗ്രഹിച്ചപ്പോൾ ഈ ശേറിന് രണ്ടു രീതിയിൽ അർത്ഥം കൊടുക്കാനുള്ള കാരണവും അതാണ്. മീർ തഖി മീർ എന്ന കവിയുടെ മാസ്റ്ററി തന്നെയാണ് ഇത്തരം വരികൾ. ഒരു ഈരടിക്കകത്ത് തന്നെ നാനാർത്ഥതലങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സിദ്ധി മീറിന്റെ മിക്ക ഗസലുകളിലും കാണാം. അനുവാചകൻ നിർദ്ധരിച്ചെടുക്കാൻ പാടുപെട്ടു വട്ടം കറങ്ങുന്ന വരികൾ.
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും ഒന്ന് മാറ്റി എഴുതിയാൽ:
യെ ഗോർ കിസ് ദിൽജലേ കീ ഹേ, ഫലക്
"ഈ കല്ലറ ഏതു വ്യഥിതഹൃദയന്റെതാണ്? വാനരൂഢാ!"
'ഫലക്' എന്നത് ആകാശം എന്നർത്ഥത്തിൽ ഉപയോഗിക്കാം. എന്നാൽ ഉർദുവിൽ ഫലക് എന്നത് ദേവലോകത്തെ അഭിസംബോധനം ചെയ്താണ്
സാധാരണ ഉപയോഗിക്കാറ്. ഇംഗ്ലീഷിൽ "Oh Heaven!" എന്ന പ്രയോഗം പോലെ. മുകളിൽ എല്ലാം കാണുകയും അറിയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ, അഥവാ വാനരൂഢൻ, ലളിതമായി പറഞ്ഞാൽ ദൈവം, "ഫലക്''.
അപ്പോൾ ഇവിടെ മീർ മുകളിലുള്ളവനോട് ആരായുകയാണ്, ഹൃദയവ്യഥകളാൽ പൊലിഞ്ഞു ഈ കല്ലറക്കകത്ത് അടക്കം ചെയ്യപ്പെട്ടവനെക്കുറിച്ച്, ഒരു പക്ഷേ, മീർ അദ്ധേഹത്തിന്റെ
ഹൃദയത്തെ തന്നെ ഒരു ഖബർ ആയി അവതരിപ്പിക്കുന്നതുമാവാം
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
അവന്റെ എരിയുന്ന ഹൃത്തിന്റെ വേവിൽ നിന്നും
നഷ്ടമോഹങ്ങളുടെ ജ്വാലകൾ ഉയർന്നു വരുന്നതിനെക്കുറിച്ച്,
കേവലാക്ഷരാർത്ഥങ്ങൾക്കപ്പുറം ഈ വരികളെ വായിച്ചാൽ, ഈ ഭൂമിയെ വിഫലമോഹങ്ങളുടെ ശ്മശാനമായി കാണുകയും ഇതെല്ലാം
വിതാനിച്ചു മുകളിലിരുന്നു വീക്ഷിക്കുന്നവനോട് കയർക്കുകയും ചെയ്യുന്നു ഒരു വേള കവി. അല്ലെങ്കിൽ മോഹങ്ങളെ മുഴുവൻ അകമേ കുഴിച്ചുമൂടി ഹൃദയം ഒരു കല്ലറയാക്കി തീർത്ത കവി വിധിയെ വെല്ലുവിളിക്കുന്നതായും വായിക്കാം. സൂഫീധാരയിൽ ആത്മനിന്ദയിലൂടെ, അല്ലെങ്കിൽ
സ്വത്വവിമർശനങ്ങളിലൂടെ ഔന്നത്യം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ
അനുകാരിയായി മീർ കരുതപ്പെടുന്നു.
എന്നാൽ ഇവിടെ 'ഫലക്' എന്നത് 'ആകാശം' എന്ന നേരർത്ഥത്തിൽ തന്നെ
സമീപിക്കുന്നവരും ഉണ്ട്. ജഗജിത് സിംഗ് അദ്ധേഹത്തിന്റെ ഒരു
കണ്സേർട്ടിൽ ഈ വരികളെ സമീപിക്കുന്നത് ആ അർത്ഥത്തിൽ ആണ്.
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും മറ്റൊരു രീതിയിൽ മാറ്റി എഴുതിയാൽ:
കിസ് ദിൽജലെ കി ഗോർ ഹേ യെ ഫലക്
"ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാകും കല്ലറ?"
ഇവിടെ ആകാശത്തെ ഒരു വലിയ ഖബർ ആയി അവതരിപ്പിക്കുന്നു.
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
"പകലുകളിൽ ഒരു തീഗോളം ഇവിടെ നിന്നുയരുന്നല്ലോ"
അഥവാ ആകാശത്തിന്റെ ചക്രവാളത്തിൽ നിന്നും ഓരോ പകലിലും
ഉദിച്ചുയരുന്ന സൂര്യൻ പടർത്തുന്ന ചുവപ്പിനെ അതിൽ അടക്കം
ചെയ്യപ്പെട്ടവരുടെ വ്യഥകളുടെ ബഹിർസ്ഫുരണമായും മനസ്സിലാക്കുന്നു.
ഇതിൽ ഏതാണ് കവി ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തരാൻ സാക്ഷാൽ മീർ തന്നെ
ഖബറിൽ നിന്നും ജ്വാലയായ് ഉയിർത്തെഴുന്നേറ്റു വരേണ്ടി വരുമെന്ന്
തോന്നുന്നു. കാരണം അത്രയ്ക്കും സാധ്യതകളുടെ സാഗരങ്ങളാണ്
അദ്ധേഹത്തിന്റെ ഓരോ ശേറുകളും.
ഏതായാലും ഉർദു ഭാഷാസാഹിത്യത്തിൽ നിപുണരായ സുഹൃത്തുക്കൾക്ക്
ഇതിലെ മിസ്റ്ററി പരിഹരിച്ചു തരാനാവുമെന്ന് കരുതുന്നു (ആരിഫ് സൈൻ
സാബിനെത്തന്നെയാണ് ഉദ്ദേശിച്ചത്!!! അപ്പുറവും ഇപ്പുറവും നോക്കേണ്ട!)
ഈ ഗസൽ മെഹ്ദി സാബിന്റെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു. ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ.
"ശീതൾ ചന്ദാ.......ബസ്തീ ബസ്തീ...." എന്ന് തുടങ്ങുന്ന ഈ ഗസലിന് പുറത്തു നില്ക്കുന്ന ആ രണ്ടു ഹിന്ദി ദോഹാകളെ മാത്രം വീണ്ടും വീണ്ടും കേട്ടു നോക്കൂ... , നിങ്ങൾ നിലാവിന്റെ തണുപ്പിനെ പുൽകും, പിന്നെ
പ്രണയത്തിന്റെ മുറുകിയ ആശ്ലേഷത്തിൽ കുളിരകന്നു ഉഷ്ണമേറുന്നതറിയും, പൊടിപടലങ്ങളിലമർന്നു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ വിജനതയിൽ നിങ്ങൾ ഒറ്റപ്പെട്ട് നില്ക്കും, അകലെ കാടെരിയുന്നതിന്റെ വെളിച്ചം കാണും, ഒടുക്കം കറുത്ത ധൂമപടലങ്ങൾക്കുള്ളിൽ നിങ്ങൾ അപ്രത്യക്ഷരാകും.....
നിങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഫർമായിശുകളും പ്രതീക്ഷിക്കട്ടെ. മറ്റൊരു മെഹ്ദി പാഠവുമായി വരുന്നതുവരേയ്ക്കും ശുഭം....
------------------------------
ഈ ഗസൽ മെഹ്ദി സാബ് മെഹ്ഫിലിൽ അവതരിപ്പിക്കുന്നത് താഴെ കേൾക്കാം
(യൂട്യൂബിൽ ഈ ഗസലിന്റെ അനവധി വേർഷനുകൾ- ഫിലിം വേർഷൻ ഉൾപ്പെടെ - മെഹ്ദി സാബിന്റെതായി തന്നെയുണ്ട്. മുകളിൽ അവതരിപ്പിച്ച എല്ലാ വരികളും ഒരു ആലാപനത്തിൽ ഉണ്ടാവണമെന്നില്ല. എല്ലാ വരികളുടെയും ആസ്വാദനം ലഭിക്കാൻ മെഹ്ദി സാബ് വിവിധ
മെഹ്ഫിലുകളിൽ ഈ ഗസൽ അവതരിപ്പിക്കുന്നത് യൂട്യൂബിൽ കേൾക്കുക.)
ഈ പോസ്റ്റ് മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. 2012 ജൂണ്‍ 13 ന് കറാച്ചിയിൽ വെച്ച് ആ സ്വരസാഗരം എന്നെന്നേക്കുമായി തിരയടങ്ങി നിലച്ചു. ആ മഹാപ്രതിഭ നസീമാബാദിലെ ഷാഹ് മുഹമ്മദ് ഖബറിസ്ഥാനിൽ മണ്ണോടു ചേർന്നുറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ അന്തരീക്ഷത്തിൽ അമൂർത്തമായി അലയടിക്കുന്ന ഗസലിന്റെ ഈരടികൾ മരണം പ്രതിഭകളുടെ അവസാനം രേഖപ്പെടുത്തുന്നില്ല എന്നതിന് അടിവരയിടുന്നു.
-----------
ജനപ്രിയ ഗസലുകളിൽ നിന്നും ഒന്ന് വഴിമാറി സഞ്ചരിക്കുകയാണ് നമ്മൾ ഇത്തവണ. ഉർദു ക്ലാസിക് ഗസലുകളെക്കുറിച്ച് പറയുമ്പോൾ ഗാലിബ് എന്ന നാമം മാറ്റി നിർത്തി ഒരു ചർച്ചയും സാധ്യമല്ല തന്നെ. മിർസ അസദുള്ള ബേഗ് ഖാൻ എന്ന മിർസാ ഗാലിബ് മുഗൾ കാലഘട്ടത്തിലെ ഉർദു -പേർഷ്യൻ കവികളിൽ അവസാന കണ്ണിയാണ്. ഒടുവിലത്തെ മുഗൾ ചക്രവർത്തിയും ഗസൽ കവിയുമായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റെ ദർബാറിൽ നിറഞ്ഞിരുന്ന ഗാലിബ് പതിനൊന്നാം വയസ്സിൽ തന്നെ ഉർദുവിൽ എഴുതാൻ തുടങ്ങിയിരുന്നു. തന്റെ കൗമാരം പിന്നിടുമ്പോൾ എഴുത്തിന്റെ തട്ടകം പേർഷ്യൻ ഭാഷയിലേക്ക് മാറ്റിയിരുന്ന ഗാലിബ് ഉർദു ഗസലുകളിലെ മിക്ക ക്ലാസിക്കുകളും രചിച്ചത് ചെറിയ പ്രായത്തിലാണെന്നത് അത്ഭുതമായി നില്ക്കുന്നു. ഏറെ കാലങ്ങൾക്ക് ശേഷം ഗാലിബിന്റെ സമകാലികനും ഉർദു സാഹിത്യത്തിൽ ബഹദൂർ ഷാ സഫറിന്റെ ഗുരുസ്ഥാനം വഹിച്ചിരുന്ന പ്രമുഖ ഉർദു കവി സൗഖുമായുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായാണ് ഗാലിബ് വീണ്ടും ഉർദുവിലേക്ക് തിരിച്ചു വരുന്നത്.
മിർസാ ഗാലിബ്
ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ
എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ
പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.
ഈ ഗസൽ ഒരു തേട്ടമാണ്. . അനന്തവും അജ്ഞാതവുമായിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണുമിഴിച്ചിരിക്കുന്ന ഒരാളുടെ നിതാന്തമായ അന്വേഷണങ്ങളുടെ ഒരു യാത്ര. ചുറ്റുപാടും കണ്ടുമുട്ടുന്ന അസംബന്ധങ്ങളുടെയും കാട്ടിക്കൂട്ടലുകളുടെയും മുന്നിൽ പകച്ചു പോയ സ്വന്തം മനസ്സാക്ഷിയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരാളുടെ അനേകം ചോദ്യങ്ങൾ. ഒരേ സമയം സ്വന്തം മനസ്സിനോടും ദൈവത്തോടും സംവദിച്ചു കൊണ്ടിരിക്കുന്നു ഇവിടെ ഗാലിബ്.
എല്ലാം ദൈവത്തിൽ നിന്നാകയാൽ പിന്നെയീ കാണുന്ന അസന്തുലിത വ്യവസ്ഥകൾ, പ്രലോഭനങ്ങൾ, പ്രതീക്ഷാരഹിതമനസ്സുകൾ, അസ്വാതന്ത്ര്യം, വ്യഥകൾ, വ്യാധികൾ, അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത സമസ്യകളെക്കുറി ച്ച് ദൈവത്തോട് കലഹിക്കാൻ വെമ്പുന്ന സ്വന്തം മനസ്സിനെപ്പറ്റി ഗാലിബ് വ്യാകുലപ്പെടുന്നു. ശുഭാപ്തി വിശ്വാസിയായിരിക്കാൻ പണിപ്പെടുമ്പോൾ മനസ്സ് നിരാശയുടെ കയത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിനെക്കുറിച്ച് വിലപിക്കുന്നു.
ഇഹത്തിലെ പ്രലോഭനങ്ങളെക്കുറിച്ചും പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും അന്വേഷണങ്ങളുടെ ഒരു നീണ്ട യാത്രയിലാണ് ഇവിടെ ഗാലിബ്. സുമുഖികളായ കാമിനിമാരുടെ പ്രണയാതുരമായ ചേഷ്ടകൾ, അവരുടെ വശ്യമായ നോട്ടങ്ങൾ, മനോഹരമായ കാർക്കൂന്തലുകൾ...ഈ പ്രലോഭനങ്ങളൊക്കെയും നീ തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് ദൈവത്തോട് കയർക്കുന്ന കവി പ്രകൃതിയുടെ ഹരിതാഭമായ വിന്യാസവും വർണ്ണാഭമായ പൂക്കളും
കാരിരുൾ മേഘങ്ങളും കാറ്റും കോളുമൊക്കെയും കണ്ടു അവന്റെ സൃഷ്ടിപ്പിൽ അത്ഭുതം കൂറുകയും ചെയ്യുന്നു.
സ്വജീവൻ തന്നെ നിന്നിൽ ഹോമിക്കുന്നതിനപ്പുറമൊരു പ്രാർത്ഥനയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഗാലിബ് ഒരു സൂഫിയുടെ ദൗത്യമെന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഈ ഗസലിൽ.
ഇനി ഗസലിലൂടെ.....
ദിലെ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ
ആഖിർ ഇസ് ദർദ് കീ ദവാ ക്യാ ഹേ
ഹം ഹേൻ മുഷ്താഖ് ഓർ വോ ബേസാർ
യാ ഇലാഹീ യെ മാജ്റാ ക്യാ ഹേ
ജബ് കി തുജ്ഹ് ബിൻ നഹീ കൊയീ മൗജൂദ്
ഫിർ യെ ഹന്ഗാമ ഏയ് ഖുദാ ക്യാ ഹേ
മേം ഭി മുഹ് മേ സബാൻ രഖ്താ ഹൂം
കാഷ് പൂച്ഹോ കി മുദ്ദാ ക്യാ ഹേൻ
യെ പരീ ചെഹരാ ലോഗ് കേസേ ഹേൻ
അംസ: വോ ഇഷവാ വോ അദാ ക്യാ ഹേൻ
ശിക്നെ സുൽഫെ അംബരീ ക്യോം ഹേൻ
നിഗാഹെ ചഷ്മെ സുറുമാ സാ ക്യാ ഹേൻ
സബ്സ വോ ഗുൽ കഹാ സെ ആയേ ഹേൻ
അബ്ര് ക്യാ ചീസ് ഹേ ഹവാ ക്യാ ഹേ
ജാൻ തും പർ നിസാർ കർതാ ഹൂം
മേം നഹീ ജാൻതാ ദുആ ക്യാ ഹേ
ഹം കൊ ഉസ് സെ വഫാ കീ ഹേൻ ഉമ്മീദ്
ജോ നഹീ ജാന്‍ തേ വഫാ ക്യാ ഹേ
ഹാ ഭലാ കർ തേരാ ഭലാ ഹോഗാ
ഓർ ദർവീഷ് കീ സദാ ക്യാ ഹേ
മേം നെ മാനാ കീ കുഛ് നഹീ ഗാലിബ്
മുഫ്ത് ഹാത് ആയേ തോ ബുരാ ക്യാ ഹേ
ആശയം സംഗ്രഹിച്ചു നോക്കാം:
നിഷ്കളങ്ക ഹൃദയമേ നിനക്ക് പറ്റിയതെന്താണ് ?
ഒടുക്കമീ വ്യഥകൾക്കൊക്കെയുമുള്ള മരുന്നെന്താണ് ?
പ്രതീക്ഷാഭരിതനായ് ഞാൻ, വിരക്തിയിലാണ്ട് അവൻ
എന്റെ നാഥാ, ഈ സംഭവിക്കുന്നതൊക്കെയുമെന്താണ് ?
നീയില്ലയെങ്കിൽ ഒന്നുമേയില്ലെന്നാകുകിൽ
ദൈവമേ പിന്നെയീ ചെയ്തികളൊക്കെയുമെന്തിനാണ് ?
എന്റെ വായിലും ഒരു നാവിരിപ്പുണ്ടല്ലോ
എനിക്കെന്തു പറയാനുണ്ടെന്നൊന്ന് തേടിയിരുന്നെങ്കിൽ
ഈ കാണുന്ന സുമുഖികളൊക്കെയും ആരാണ് ?
ആ കണ്ണിറുക്കലും കൊഞ്ചലും വശീകരണ ചേഷ്ട്ടകളുമെന്തിനാണ് ?
ഈ കാർവർണ്ണച്ചുരുൾമുടികളെന്തിനാണ് ?
സുറുമക്കണ്ണാലുള്ള കടാക്ഷങ്ങളെന്തിനാണ് ?
ഈ ഹരിതലതാതികളും പൂക്കളും എവിടെ നിന്നാണ് ?
ഈ മേഘപടലങ്ങളും മാരുതനുമൊക്കെയെന്താണ്?
സർവ്വസ്വവും നിനക്കായ് ഹോമിക്കുന്നു ഞാൻ
അതിനപ്പുറം ഒരു പ്രാർത്ഥനയെന്തുണ്ടാവോ?
ഞാനവരോട് വിശ്വസ്തനായിരിക്കുന്നു തീർച്ച
വിശ്വസ്തതയെന്തെന്നറിയാത്തവരാകിലും
ഹേ, നന്മ ചെയ്യൂ, നിന്നിലും നന്മ ഭവിച്ചിടും
ഇത് മൊഴിയലല്ലാതെ സൂഫിയുടെ ദൗത്യമെന്താണ് ?
ഈ ഗാലിബ് ഒന്നുമല്ലായെന്നറിയാമെങ്കിലും
സൗജന്യമായി കിട്ടുന്നെങ്കിൽ നഷ്ടമെന്താണ്?
ഗാലിബ് ഒരു സൂഫിയെപ്പോലെ കടന്നു പോയി, ചിന്തകളിലേക്ക് ഒട്ടേറെ ചോദ്യങ്ങളെറിഞ്ഞ്. മെഹ്ദി ആ അന്വേഷണങ്ങളെ രാഗങ്ങളിൽ പൊതിഞ്ഞ് നമ്മിലേക്ക് പകർന്നു, അനശ്വരരായ രണ്ട് ലെജന്റുകൾ ഒരുമിക്കുന്ന അപൂർവ്വ സൃഷ്ടികൾ......
മെഹ്ദി ഗസലുകളിലൂടെയുള്ള പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ്.
"പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ..." എന്ന് പ്രിയകവി വീരാൻകുട്ടി കുറിക്കുമ്പോൾ, അത് ഷഹബാസ് ഉള്ളുലച്ചു പാടുമ്പോൾ,
ഒക്കെയും നമ്മൾ തിരിച്ചറിവിന്റെ നീറ്റുപൊള്ളലിൽ ഉള്ളുലച്ചുരുത്തിരിയുന്ന ഒരാർത്തനാദം പുറത്തേക്കെടുക്കാനാകാതെ മൗനത്തിൽ പൊതിഞ്ഞു കെട്ടിപ്പൂട്ടി വെക്കാറില്ലേ? അതിനാൽ നമ്മൾ പ്രണയത്തെക്കുറിച്ചല്ലാതെ എന്ത് പാടാൻ?
പ്രണയം പാടാൻ മെഹ്ദിയല്ലാതെ ഏതു നാദം?
പ്രേയസ്സി എന്നത് വേറിട്ടൊരു ഉടലും ഉള്ളുമായി നില്ക്കുന്നു എന്നല്ലാതെ എപ്പോഴെങ്കിലും അവൾ നിങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടോ? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്ന തട്ട് വ്യവസ്ഥിതിക്കപ്പുറം അധികാരാധീശത്വങ്ങളുടെ ഗ്രാവിറ്റി ഭേദിച്ച് അപ്പൂപ്പൻതാടികളായി എപ്പോഴെങ്കിലും നിങ്ങളൊരുമിച്ചു ഒരു രാവെങ്കിലും അനുഭൂതിയുടെ ആകാശങ്ങളിലേക്ക് പറന്നു പോയിട്ടുണ്ടോ?
ഇല്ലെങ്കിൽ ഈ ഗസലിലേക്ക് മടങ്ങി വരിക. മെഹ്ദിയെന്ന പ്രേമഗായകന്റെ കൂടെ ഈ രാഗനൗകയിൽ കയറുക. ഔപചാരികതകളും അധീശത്വഭാവങ്ങളും ഈ ആഴിയുടെ ആഴങ്ങളിലേക്കുപേക്ഷിക്കുക. എന്നിട്ട് രണ്ട് അസ്തിത്വങ്ങൾ എങ്ങനെയാണ് ഒന്നായി പരിണമിക്കുന്നതെന്ന് അനുഭവിച്ചറിയുക.
രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ.....
ഈ ഗസലിന്റെ വരികൾ യഥാർത്ഥത്തിൽ ആരുടേതാണെന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു. 'സീനത്ത്' എന്ന പാകിസ്താനി സിനിമക്ക് വേണ്ടി തസ്ലീം ഫസ്ലി എഴുതിയ പാട്ടിന്റെ വരികളാണ് പിന്നീട് മെഹ്ദി ഹസ്സൻ സാബ്
ഗസൽ സതിരുകളിലൂടെ ആസ്വാദകരുടെ പ്രണയതന്ത്രികളിലേക്ക് രാഗോർജ്ജമായി?? (അങ്ങനെയൊരു ഊർജ്ജം ഫിസിക്സിൽ കാണില്ല!) സംവേദനം ചെയ്ത് പോപ്പുലർ ആക്കിത്തീർത്തത്.
എന്നാൽ തസ്ലീം ഫസലി ഇതെഴുതുന്നതിനും ഒരു പതിറ്റാണ്ട് മുന്നേ ബസന്ത്
പ്രകാശിന്റെ സംഗീതത്തിൽ ആശാജിയും മഹേന്ദ്ര കപൂറും 'ഹം കഹാ ജാ രഹേ ഹേ' എന്ന ഹിന്ദി സിനിമക്ക് വേണ്ടി ഇതേ വരികളോട് അങ്ങേയറ്റം
സാമ്യമുള്ള ഒരു പാട്ട് പാടിയിട്ടുണ്ട്....., അതെഴുതിയത് ഇന്ത്യൻ പാട്ടെഴുത്ത്
മേഖലയിൽ ഖമർ ജലാലാബാദി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന
അമൃത്സർ സ്വദേശി ഓം പ്രകാശ് ഭണ്ഡാരിയാണ്.
ആദ്യം തസ്ലീം ഫസലി 1976 -ൽ 'സീനത്ത്' എന്ന പാകിസ്താനി ചിത്രത്തിന്
വേണ്ടിയെഴുതിയ പാട്ട് കേട്ട് നോക്കാം. ഈ സിനിമക്ക് വേണ്ടി പാടിയതും മെഹ്ദി സാബ് തന്നെയാണ്:
ഇനി അതിനും പത്തു വർഷങ്ങൾക്കു മുന്നേ 1966-ൽ ഖമർ ജലാലാബാദി 'ഹം കഹാ ജാ രഹേ ഹേ' എന്ന ഇന്ത്യൻ സിനിമക്ക് വേണ്ടി എഴുതിയ പാട്ട് കേട്ട് നോക്കൂ :
രണ്ടു പാട്ടുകളുടെയും വരികൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും, തസ്ലീം ഫസലി കോപ്പിയടി എന്ന ആഗോള പ്രതിഭാസത്തിൽ സാധാരണ ആരും കാണിക്കാറുള്ള സ്വന്തം പ്രതിഭയുടെ കരവിരുത് പോലും കാണിക്കാൻ മെനക്കെടാതെ ഖമർ ജലാലാബാദിയുടെ വരികളിൽ നിന്നും ഏറെക്കുറെ ഈച്ചകോപ്പി അടിക്കുകയായിരുന്നു.
ഈ പാട്ടിനെ പിന്നെയും വെറുതെ വിടാൻ തയ്യാറാകാതെ പോയ ചരിത്രവും നമുക്കുണ്ട്. മെഹ്ദി സാബിന്റെ ഏറ്റവും ജനകീയമായ ഒരു ഗീതകം എന്നതിനാൽ തന്നെ ഈ പാട്ടിന്റെ വരികൾ ഏവർക്കും ഒരുപക്ഷെ മനപ്പാഠമായിരിക്കും. പോരാത്തതിന് ഇതിന്റെ വരികൾക്കുള്ള യഥാർത്ഥ
ക്രെഡിറ്റ് ആർക്കവകാശപ്പെട്ടതാണെന്നതിനെക്കുറിച്ച് ഇന്ത്യാ-പാകിസ്താൻ അതിർത്തി തർക്കം പോലെ തന്നെയുള്ള ഒരു വിവാദം
ഇരു രാജ്യങ്ങളിലെയും ഗസൽ പ്രേമികൾക്കിടയിൽ നിലനിൽക്കുന്നുമുണ്ട്.
ഇത്രയൊക്കെയായിട്ടും ബോളിവുഡിൽ നമ്മുടെ സ്വന്തം പാട്ടെഴുത്തുകാരൻ
സമീർ ഈ പാട്ടിന്റെ വരികളെ സമർത്ഥമായി വീണ്ടും കോപ്പിയടിച്ചു
എന്നതാണ് രസം. ആമിർഖാനും മമത കുൽക്കർണിയും അഭിനയിച്ച 1995-ൽ ഇറങ്ങിയ ആശുതോഷ് ഗവാർകറിന്റെ 'ബാസി' എന്ന ചിത്രത്തിന്
വേണ്ടിയാണ് സമീർ ഇങ്ങനെയൊരു കരവിരുത് കാണിച്ചത്. അനു മാലികിന്റെ സംഗീതത്തിൽ അൽക യാഗ്നിക്കും ഉദിത് നാരായണും ചേർന്ന് പാടിയ ആ പാട്ടിൽ പക്ഷെ തസ്ലീം ഫസലിയെപ്പോലെ പ്രതിഭാരാഹിത്യം
സമീർ കാണിച്ചില്ല. വിദഗ്ദ്ധമായി സമീർ അദ്ധേഹത്തിന്റെ ക്ലാസ് കാണിച്ചു ആ പാട്ടെഴുത്തിൽ എന്നതാണ് ശരി. 'രഫ്താ രഫ്താ' എന്ന് തുടങ്ങുന്നതിന്
പകരം അദ്ധേഹം 'ധീരേ ധീരേ' എന്നാക്കി.
ഏതു പോലെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ജോണ്സൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടിയ 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി....' എന്ന ഓ എൻ വിയുടെ വരികളെടുത്ത് അതിലെ 'മെല്ലെ മെല്ലെ' എന്നത് വെട്ടി 'പയ്യെ പയ്യെ ...' എന്നാക്കിയാലെങ്ങിനെയിരിക്കും,
അതു തന്നെ!
ആ പാട്ട് താഴെ കേൾക്കാം:
ഏതായാലും മുഴുവനായും പതിച്ചെടുക്കാതെ കുറെ വരികൾ സ്വന്തമായി തന്നെ ചേർത്തിട്ടുള്ളതിനാൽ നമുക്ക് സമീറിനെ വെറുതെ വിടാം.
കൈഫി ആസ്മി, ജാവേദ് അഖ്തർ, ഗുൽസാർ തുടങ്ങിയ നമ്മുടെ പ്രിയപ്പെട്ട
എഴുത്തുകാരുടെ നിരയിൽ തന്നെ നിർത്താവുന്ന പ്രതിഭയുള്ള ഒരാളാണ്
സമീർ എന്നത് എത്രയോ മികച്ച പാട്ടുകളിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.
പാട്ടിന്റെ യഥാർത്ഥ കർത്താവ് ആരുമാവട്ടെ, നമ്മളിലേക്കതെത്തിയത് മെഹ്ദിയെന്ന മാധ്യമത്തിലൂടെയാണ്. അത് കൊണ്ട് തന്നെ നമ്മൾ ആ മാന്ത്രിക വീചികളിലേക്ക് തിരിച്ചു നടക്കുന്നു.
രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ പെഹലെ ജാൻ ഫിർ ജാനെ ജാൻ ഫിർ ജാനെ ജാനാ ഹോ ഗയേ
ആപ് തോ നസ്ദീക് സെ നസ്ദീക് തർ ആതേ ഗയേ പെഹലെ ദിൽ ഫിർ ദിൽറുബാ ഫിർ ദിൽ കെ മെഹമാൻ ഹോ ഗയേ പ്യാർ ജബ് ഹദ് സേ ബഡാ സാരേ തകല്ലുഫ് മിട്ട് ഗയേ ആപ് സേ ഫിർ തും ഹുയേ ഫിർ തൂ കാ ഉൻവാൻ ഹോ ഗയേ
ആശയം സംഗ്രഹിച്ചു നോക്കാം:
മെല്ലെ മെല്ലെ അവളെന്റെ അസ്തിത്വത്തിന്റെ ഭാഗമായി ജീവനായ് പിന്നെ ജീവന്റെ ജീവനായ് പിന്നെയിഷ്ടപ്രാണേശ്വരിയായി അനുദിനം അവളാം അഴകിന്റെ പൊലിവേറിയേറി വന്നൂ പൂവായ് പിന്നെ പൂവുടലായ് പിന്നെയടിമുടി ഒരു പൂമരമായി അവളെന്നിലേക്കനുസ്യൂതം അടുത്തു കൊണ്ടേയിരുന്നു മനമായ് പിന്നെ മനസ്സ്വിനിയായ് ഒടുക്കം ഹൃത്തിന്റെ അതിഥിയായി പ്രണയമതിരുകൾക്കപ്പുറമേറുമ്പോൾ ഔപചാരികതകൾ മാഞ്ഞുപോകുന്നു താങ്കളെന്നത് നിങ്ങളായും പിന്നെയത് നീയെന്നയിനമായും പരിണമിക്കുന്നു
ഈ ഗസൽ കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇനി വീണ്ടും ഒന്നുകൂടി കേൾക്കൂ, വരികളിലെ അനുരാഗഗാഥയുടെ മാധുര്യമറിഞ്ഞു കൊണ്ട്...
രണ്ടുടലുകൾ ഒരസ്തിത്വമാകുന്നതിന്റെ പ്രണയരസതന്ത്രം അനുഭവിച്ചറിയാം ഈയൊരു യാത്രയിൽ....
മെഹ്ദി പാഠങ്ങളിലൂടെ ഇതുവരെയുള്ള നിങ്ങളുടെ യാത്രയെക്കുറിച്ച് ഇവിടെ കുറിക്കുക,നമ്മൾ അറിയാനാഗ്രഹിക്കുന്ന മെഹ്ദി ഗസലുകൾ ഇവിടെ കൊണ്ടു വരിക. നമുക്കൊന്നിച്ച് ആ നാദസാഗരത്തിൽ മുത്തുകൾ തേടി ഊളിയിടാം.
വീണ്ടും വരാം, മറ്റൊരു മെഹ്ദി പാഠവുമായി.... ശുഭം!
ഈ ഗസൽ മെഹ്ദി ഹസ്സൻ സാബ് കണ്സേർട്ടിൽ ആലപിക്കുന്നത് താഴെ കേൾക്കാം:
കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക് പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല്‍ അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മള് വീണ്ടും മെഹ്ദിയിലേക്ക് തിരിച്ചു നടക്കുന്നു. ഇത്തവണ പ്രണയിനിക്ക് മുന്നില്‍ തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ഒരു അഫിഡവിറ്റ് തന്നെ സമര്‍പ്പിക്കുന്ന കാമുകന്റെ ചിത്രം തന്റെ ശബ്ദവീചികള്‍ കൊണ്ട്
വരച്ചിടുകയാണ് മെഹ്ദി സാബ്. ഖതീല്‍ ശിഫായിയുടെ ലളിതവും സുഗ്രാഹ്യവുമായ വരികള്‍ മെഹ്ദി യുടെ ആലാപന വൈവിധ്യം കൊണ്ട് അങ്ങേയറ്റം പോപ്പുലര്‍ ആയി മാറുകയായിരുന്നു. 'ഗസല്‍' എന്ന പദത്തിന് കല്പ്പിക്കപ്പെട്ടിട്ടുള്ള ഒരര്‍ത്ഥം 'പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിക്കുന്നത്' എന്നാണ്. ആ അര്‍ത്ഥത്തിനോട് ഏറ്റവും ചേര്‍ന്ന് നില്ക്കുന്ന ഒരു ഗസലായി ഈ വരികളെ കാണാം.
മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇനി നമ്മള് കടന്നു പോകുന്നത് ഉര്‍ദു
കാവ്യശാഖയെ വിപ്ലവാത്മകമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച ഫൈസ്
അഹമ്മദ് ഫൈസിന്റെ പ്രസിദ്ധമായ ഒരു ഗസലിലൂടെയാണ്.
ഒരു ഗസലിനു വേണ്ട സാഹിത്യപരമായ എല്ലാ ലക്ഷണങ്ങളും
പാലിച്ചെഴുതപ്പെട്ടതാണ് ഇത്.
റാദിഫ് -അഥവാ എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത്
ഒരേ വാക്കിലാകുക എന്നത്- 'ചലേ' എന്ന വാക്കിലൂടെ റാദിഫ് ഇവിടെ പാലിക്കപ്പെട്ടത് കാണാം.
മത് ലാ - അഥവാ ആദ്യത്തെ ഈരടിയുടെ രണ്ടു വരികളിലും അവസാനം
റാദിഫ് ഉണ്ടാവുക എന്നത് - 'ചലേ' എന്ന വാക്ക് ആദ്യ ഈരടിയുടെ
രണ്ടു വരിയുടേയും അവസാനത്തില്‍ വരുത്തി മത് ലാ പാലിക്കപ്പെട്ടിരിക്കുന്നു.
കാഫിയാ - അഥവാ എല്ലാ ഈരടികളുടെയും റാദിഫിന് തൊട്ടു മുന്നേയുള്ള
വാക്ക് ഒരേ പ്രാസത്തില്‍ ഉള്ളതാവുക എന്നത് - കാറോബാര്‍, സിക്റെ-യാര്,
മുശ്ക്ബാര്, ഗംഗുസാര്‍, സന്വാര്, താര് താര്, സൂയെ-ദാര്‍ തുടങ്ങിയ പ്രാസമൊപ്പിച്ച വാക്കുകളിലൂടെ (വാക്കുകളുടെ സങ്കലിതപ്രയോഗങ്ങളുമാകാം) പാലിക്കപ്പെട്ടത് കാണാം.
മഖ്താ- അഥവാ അവസാന ഈരടിയില്‍ കവി തന്റെ തൂലികാനാമം വിദഗ്ദ്ധമായി
ഇണക്കി ചേര്‍ക്കുന്നത്- അവസാന ഈരടിയുടെ ആദ്യ വരിയില്‍ 'ഫൈസ്' എന്ന് ചേര്‍ത്തിരിക്കുന്നത് ഈ ഗസലിന്റെ രചയിതാവ് ഫൈസ് അഹമ്മദ്
ഫൈസ് അദ്ധേഹത്തിന്റെ നാമം മഖ്താ പാലിക്കാന്‍ വേണ്ടി ചേര്‍ത്തതാണ്.
അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള് സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന് /അപരിചിത, അവരുടെ സാമീപ്യം നമ്മെ
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത് മാത്രം പറയാതെ
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്/അവന് സമീപത്തു നിന്നും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ.
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട്
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍
പിന്നെയും ആ പഴയ അപരിചിത(ന്)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇത് വരെയും നമ്മള് പിന്നിട്ടു പോയത് വിരഹത്തിന്റെയും പ്രണയനഷ്ടങ്ങളുടെയും ഹൃദയവേദനകളുടെയും വഴികളെയാണ് . ഇനി നമുക്കൊന്ന് വഴി മാറി നടക്കാം. പ്രണയിനിയുടെ അംഗലാവണ്യത്തില് മദോന്മത്തനായ ഒരു കാമുകന്റെ ആവിഷ്കാരമാണ് ഈ ഗസല്‍. നനഞ്ഞൊട്ടിയ പ്രേയസ്സിയുടെ മെയ്യിന്റെ സുഗന്ധം നുകര്‍ന്ന് മതിമറന്നു പോയ തിരകളേയും അവളുടെ മുടിയിഴകളില്‍ തഴുകിയകന്നതോടെ ലഹരിയില്‍ മയങ്ങി നിന്ന കാറ്റിനെയുമൊക്കെപ്പറ്റി പാടുമ്പോള്‍ മെഹ്ദി സാബിന്റെ ശബ്ദം അങ്ങേയറ്റം കാതരമാകുന്നു.
പട്ടു പോലുള്ള ആ ശബ്ദത്തിന്റെ തൂവല്‍ സ്പര്‍ശം ഏതൊരു കാമുകന്റെയും മനസ്സിലേക്ക് മഴയില്‍
നനഞ്ഞൊട്ടിയ പ്രണയിനിയുടെ ചിത്രം കൊണ്ട് വരുന്നു.
മെഹ്ദിയിലേക്കുള്ള യാത്ര നമ്മള് തുടരുകയാണ്. ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന് ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ്
ഭൂപാലി രാഗത്തില്‍ അല്പം മാറ്റം വരുത്തി ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച് നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
പ്രവാസം ചുമരില്‍ തൂങ്ങുന്ന മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....
ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള്‍ തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.
അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍ ഹൃദയാര്‍ദ്രതയുടെ നനവ് ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.