ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday, 11 May 2014

മോഡി, മീഡിയ, പ്രൊപ്പഗണ്ടാ മെഷീനുകൾ - ഇന്ത്യൻ ഫാഷിസത്തിന്റെ വിളവെടുപ്പുകാലം


'ടൈംസ്‌ നൗ' ചാനലിൽ അർനബ് ഗോസാമി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തുമ്പോൾ ചാനലിന്റെ സ്ക്രോൾബാറിൽ സസൂക്ഷ്മം കണ്ണുനട്ടിരുന്നുപോയി  കുറേ നേരം . ഈ അഭിമുഖത്തെക്കുറിച്ച് 'ടൈംസ്‌ നൗ' നടത്തുന്ന ലൈവ് വീരവാദങ്ങൾ -

 "രാജ്യം കാത്തിരുന്ന ഇന്റർവ്യു..."
"ഏറ്റവും  കൂടുതൽ ആളുകൾ വീക്ഷിച്ച അഭിമുഖം"
 "സോഷ്യൽ മീഡിയയിൽ ഹിറ്റുകൾ റെക്കോർഡുകൾ തകർക്കുന്നു..." 
"ട്വിറ്ററിൽ 30 കോടി ഹിറ്റുകൾ കടന്നു..."

എന്നിങ്ങനെ വന്നും പോയും കൊണ്ടേയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലെ എല്ലാ  ന്യൂസ്‌ അവറിന്റെ  തുടക്കവും ഒടുക്കവും മോഡി അഭിമുഖത്തിന്റെ 'റീച്ചി'നെക്കുറിച്ച് അർനബ് ഏറെ വാചാലനായി കണ്ടു. എല്ലാ ന്യൂസ്‌ ബുള്ളറ്റിനുകളിലും  ഇടവേളകളിലും മോഡി-അർനബ് അഭ്യാസത്തിന്റെ പൊതുജനപ്രിയങ്കരതയെക്കുറിച്ച് പുതിയ പുതിയ അത്ഭുതങ്ങൾ 'ടൈംസ്‌ നൗ' വിളമ്പിക്കൊണ്ടേയിരിക്കുന്നു.  
ഇന്ത്യയിലെ ഇംഗ്ലീഷ് ന്യൂസ്‌ ചാനലുകളിൽ 'ടൈംസ്‌ നൗ' ടീവിക്ക് ഉള്ള ദൃശ്യജനകീയത കാണിക്കാനാണീ അഭ്യാസങ്ങൾ എന്ന് ഒറ്റകേൾവിയിൽ തോന്നാമെങ്കിലും മോഡി എന്ന ബലൂണ്‍ ഫിഗറിൽ മെയ്‌ 12 നു വാരണസിയിൽ അടക്കം നടക്കുന്ന  അവസാനഘട്ട തെരഞ്ഞെടുപ്പ് വരെ കാറ്റ് നിറച്ചു നിർത്താനുള്ള  അവസാന അടവുകളിൽ ഒന്ന് മാത്രമാണ്  അർനബ് അടക്കമുള്ള മീഡിയാ ഫ്രോഡുകൾ യഥാർത്ഥത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ചായക്കട തൊഴിലാളിയിൽ നിന്നും ഇന്നത്തെ മോഡിയിലേക്കുള്ള വളർച്ചയുടെ പടവുകൾ ചിത്രീകരിക്കുന്ന 'മോഡി' എന്ന പ്രത്യേക ഫീച്ചറും 'ടൈംസ്‌ നൗ' തയ്യാറാക്കി വെച്ചിട്ടുണ്ട്, വാരാണാസി തെരഞ്ഞെടുപ്പിന്റെ തലേദിവസം പ്രത്യേകം പ്രക്ഷേപണം ചെയ്യാൻ.  

ഇന്ത്യയിലെ എണ്ണം പറഞ്ഞ മീഡിയകളൊക്കെയും- ഇങ്ങ് മലയാളത്തിൽ നമ്മുടെ ഏഷ്യാനെറ്റ്‌ വരെ - ഗുജറാത്തിന്റെ  വികസനപുരുഷനായി മോഡി എന്ന 'അതിശയനെ' അവതരിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. ദേശീയ ഏജൻസികളുടെ ഇതുവരെ പുറത്തുവന്ന  വിവിധ സംസ്ഥാനങ്ങളുടെ
ബഹുമുഖ വികസന സൂചികകളൊക്കെ കഴിഞ്ഞ പതിനാലു വർഷത്തെ
മോഡിയൻ ഗുജറാത്തിന്റെ യഥാർത്ഥ ചിത്രം വരച്ചു കാണിക്കുന്നുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ മോഡിക്ക് കാറ്റ് നിറച്ചുകൊണ്ടേയിരിക്കുന്നതെന്തുകൊണ്ടാണ്?  ഈ ചോദ്യത്തിനുത്തരം കണ്ടെത്താൻ എന്താണ് ഇന്ത്യൻ ഫാഷിസത്തിന്റെ ഇതുവരേയുള്ള നാൾവഴികൾ എന്നൊന്ന് ചരിത്രത്തിലേക്ക് തിരിഞ്ഞു നിന്ന് അപഗ്രഥിച്ചാൽ മതിയാകും.

      2000 ജനുവരിയിലെ ഇകണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വാരികയിൽ ഏഷ്യൻ രാഷ്ട്രീയത്തിൽ മികച്ച പഠനങ്ങൾ നടത്തുന്ന  പ്രമുഖ ഇറ്റാലിയൻ രാഷ്ട്രീയ നിരീക്ഷക മർസിയ കസോലാരി എഴുതിയ സവിശേഷമായ ഒരു പഠനം ഉണ്ട്.  ഇന്ത്യയിലെ തീവ്രദേശീയതയുടെ വക്താക്കളായ ഹിന്ദുത്വ നേതാക്കളും യൂറോപ്പ്യൻ നാസിസ്റ്റ്-ഫാഷിസ്റ്റ്‌ നേതൃത്വവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ പിന്നാമ്പുറങ്ങൾ തെളിവ് സഹിതം അക്കമിട്ടു നിരത്തുന്ന ആ പഠനം ഒന്നു കൂടി വായിച്ചു നോക്കേണ്ട സമയമാണിതെന്നു തോന്നുന്നു. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളൊക്കെയും ഫാഷിസത്തിന്റെ വെറും പ്രോപഗണ്ടാ മെഷീനുകളായി തരംതാണു കൊണ്ടിരിക്കുന്നതിന്റെ നേർചിത്രം മുന്നിൽ വരുമ്പോൾ നമ്മൾ തൊള്ളായിരത്തി ഇരുപതുകളിലെ മറാത്തി പത്രങ്ങളിലേക്ക് തരിഞ്ഞു നടക്കണം.

1924 മുതൽ 1934 വരെ 'കേസരി' പത്രം തുടർച്ചയായി മുസ്സോളിനിയുടെ
ഇറ്റാലിയൻ  ഫാഷിസ്റ്റ്‌ ഭരണകൂടത്തിന്റെ മഹത്വവും മുസ്സോളിനിയുടെ കീഴിയിൽ ഇറ്റലി കൈവരിച്ച നേട്ടങ്ങളുടെ പട്ടികയും നിരത്തിക്കൊണ്ടേയിരുന്നു. ലിബറൽ ഇറ്റലിയിൽ നിന്നും ഫാഷിസ്റ്റ്‌ എകാധിപത്യത്തിലേക്കുള്ള അതിന്റെ  മാറ്റത്തേയും ജനാധിപത്യ തെരഞ്ഞെടുപ്പു രീതിയിൽ നിന്നും നോമിനേഷൻ രീതിയിലേക്കുള്ള  പരിവർത്തനത്തേയും ഒരു സർവാധിപതിയുടെ കീഴിൽ പ്രജകൾ വിധേയപ്പെട്ടു ജീവിക്കുന്നതിനേയും യുവാക്കളുടെ സായുധ മിലിഷ്യ രൂപീകരണത്തേയും  അത്രയേറെ ആരാധനയോടെ ഇന്ത്യയിൽ വിളമ്പിക്കൊണ്ടിരിക്കുന്നവരായിരുന്നു ഹിന്ദുത്വയുടെ അന്നത്തെ മറാത്തി ജിഹ്വകൾ. RSS അതിന്റെ പ്രചാരണത്തിനുള്ള ഊർജ്ജവും ആശയവും മുസ്സോളിനിയുടെ ഫാഷിസത്തിൽ നിന്നും നേരിട്ട് കടം കൊള്ളുകയായിരുന്നു. 1929 ആഗസ്റ്റിൽ 'കേസരി' പത്രം 'ഇറ്റലിയും യുവജനതയും' എന്ന പേരിൽ ഒരു എഡിറ്റോറിയൽ എഴുതുകയുണ്ടായി. ഹെഡ്ഗേവാർ മഹാരാഷ്ട്രയിലെ ബ്രാഹ്മിണ്‍ യുവജനങ്ങളെ അണിനിരത്തി ബീജാവാപം  കൊടുത്ത  RSS എന്ന ഹിന്ദുത്വ ഭീകര സംഘടനക്കുള്ള മുന്നോട്ടുള്ള വളർച്ചയുടെ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു ആ എഡിറ്റോറിയൽ. മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ Balilla എന്ന യുവജന സായുധ പരിശീലന സംഘത്തെക്കുറിച്ചുള്ള മതിപ്പുണ്ടാക്കലും  അത്തരമൊരു മിലീഷ്യ രീതിയിലേക്ക് RSS-നെപ്പോലുള്ള  ഹിന്ദുത്വ സംഘടനകളെ പരിവർത്തിപ്പിക്കാനുള്ള ആലോചനകൾക്ക് വിത്ത് പാകലുമായിരുന്നു അതിന്റെ ലക്ഷ്യം.  പറഞ്ഞുവന്നത് തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും ഹിന്ദുത്വ ശക്തികളുടെ സ്വാധീനമുള്ള മീഡിയകളുടെ പണി മുസ്സോളിനിയെയും ഫാഷിസത്തെയും മഹത്വപ്പെടുത്തലും മുസ്സോളിനിയുടെ കീഴിൽ ഇറ്റലി സ്വർഗരാജ്യമായിരിക്കുന്നു എന്ന് തെര്യപ്പെടുത്തലുമായിരുന്നു, ഇന്ന് മോഡിക്ക് കീഴിയിൽ ഗുജറാത്ത് സ്വർഗരാജ്യമായിരിക്കുന്നുവെന്നു ഇവിടത്തെ മീഡിയാ കോർപ്പറേറ്റുകൾ നമ്മെ നിരന്തരം തെര്യപ്പെടുത്തുന്നത് പോലെ തന്നെ! ചരിത്രം ആണ് ഏറ്റവും വലിയ അധ്യാപകൻ  എന്ന് പറയുന്നത് ഇതിനെയാണ്.

ആശ്ചര്യകരമായ ഒരു കാര്യം, അന്നത്തെ കാലത്ത് എങ്ങനെയാണ് ഈ പത്രങ്ങൾക്ക് ഇറ്റലിയെ പോലെയുള്ള ഒരു ഫാഷിസ്റ്റ്‌ ഏകാധിപത്യ സ്റ്റേറ്റിൽ നിന്നും ഇത്രയേറെ വിവരങ്ങൾ കൃത്യമായി ലഭിച്ചുകൊണ്ടിരുന്നത്? അവിടെയാണ് ഹിന്ദുത്വ  സ്ഥാപക നേതാക്കളും മുസ്സോളിനി അടക്കമുള്ള ഇറ്റാലിയൻ ഫാഷിസ്റ്റ്‌ നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള വ്യവഹാരങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത്. RSS സ്ഥാപകൻ ഹെഡ്ഗെവാറിന്റെ രാഷ്ട്രീയ ഗുരുവായ ബി എസ് മൂന്ജെ 1931 -ൽ ഇറ്റലിയിൽ പോയി മുസ്സോളിനിയെ സന്ദർശിക്കുന്നു. അവിടത്തെ ഫാഷിസ്റ്റ്‌ മിലിട്ടറി പരിശീലന കേന്ദ്രങ്ങളും സിവിൽ യുവതക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നു. ഏകശിലാ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി യുവതയെ സായുധവൽക്കരിക്കുന്ന ഫാഷിസ്റ്റ്‌ ഐഡിയോളജിയിലുള്ള തന്റെ മതിപ്പ് നേരിട്ട് മുസ്സോളിനിയെ അറിയിക്കുന്നു.
ഇറ്റലിയിൽ നിന്നും തിരിച്ചു വന്ന ബി എസ് മൂന്ജെ തന്റെ ഡയറിയിൽ കുറിച്ചതിൽ നിന്നും ചില ഭാഗങ്ങൾ കാണൂ:

"ഇറ്റലിയിലെ യുവാക്കൾക്ക് വേണ്ടിയുള്ള ഫാഷിസ്റ്റ്‌ സംഘടനയുടെ (Balilla) രീതികളും സംഘാടനവും എന്നെ അങ്ങേയറ്റം ആകർഷിച്ചു. മുസ്സോളിനിയുടെ ഫാഷിസം എന്ന ആശയസംഹിത ഇറ്റലിക്കാരുടെ വംശീയേകീകരണം ലക്ഷ്യമിടുന്നു. Balilla യിലെ കുട്ടികൾ അവരുടെ യൂണിഫോമുകളിൽ കായിക പരിശീലനങ്ങൾ നടത്തുന്നത് എനിക്ക് വളരെ മനോഹരമായി തോന്നി. ഇന്ത്യയിലും ഹിന്ദുക്കളുടെ ഏകീകരണത്തിന് ഇതു പോലെയുള്ള സായുധ സംഘാടനം ആവശ്യമാണ്‌. ഡോ . ഹെഡ്ഗേവാർ ആവിഷ്ക്കരിച്ച ഇന്ത്യയിലെ ഞങ്ങളുടെ RSS എന്നത്  ഇതുപോലെയുള്ള ഒരു സംഘടനയാണ്.  എന്റെ ജീവിതത്തിന്റെ ശിഷ്ട ഭാഗം RSS നെ ഈ മാതൃകയിൽ മഹാരാഷ്ട്രക്ക് പുറത്തു ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ഞാൻ സമർപ്പിക്കുന്നതാണ്."

മുസ്സോളിനിയെ നേരിട്ട് കണ്ടു സംസാരിച്ചതിന്റെ വിശദാംശങ്ങൾ ബി എസ് മൂന്ജെ അതീവ ആഹ്ലാദത്തോടെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ നിന്നും ഏതാനും വരികൾ താഴെ:

" ഞാൻ വാതിലിൽ എത്തിയതും മുസ്സോളിനി അദ്ധേഹത്തിന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് വന്നെന്നെ സ്വീകരിച്ചു. ഞാൻ ഡോ. മൂന്ജെ ആണെന്ന് സ്വയം പരിചയപ്പെടുത്തി. അദ്ധേഹത്തിന് എന്നെക്കുറിച്ചെല്ലാം നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി.........................................................
................................. യൂണിവേർസിറ്റിയൊക്കെ സന്ദർശിച്ചോയെന്ന് അദ്ധേഹം തിരക്കിയപ്പോൾ ഞാൻ ഇവിടത്തെ ആണ്‍കുട്ടികൾക്കുള്ള മിലിട്ടറി സ്കൂളുകളും മറ്റും കാണാനാണ് താല്പര്യം പ്രകടിപ്പിച്ചതെന്നും ഇറ്റലിയിലെ അധികൃതർ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നതിൽ നന്ദിയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവും ഞാൻ balilla പോലുള്ള ഫാഷിസ്റ്റ്‌ യൂത്ത് സംഘാടനങ്ങൾ കാണാനാണ് സമയം ചെലവഴിച്ചത്‌. എനിക്ക് അവയുടെ പ്രവർത്തനങ്ങളിൽ അങ്ങേയറ്റത്തെ മതിപ്പ് തോന്നി.  ഇറ്റലിയുടെ  പുരോഗതിക്കും ക്ഷേമത്തിനും ഇത്തരം സംഘങ്ങൾ അനിവാര്യമാണ്. ലോക മാധ്യമങ്ങളും നേതാക്കളും താങ്കളെയും താങ്കളുടെ ഇത്തരം ഫാഷിസ്റ്റ്‌ രീതികളെയും കടുത്ത രീതിയിൽ വിമർശിക്കുന്നതായി ഞാൻ കാണുന്നുണ്ടെങ്കിലും എനിക്ക് താങ്കളുടെ ഈ ഫാഷിസ്റ്റ്‌ രീതിശാസ്ത്രത്തോട് യാതൊരു രീതിയിലുള്ള വിരോധവും തോന്നുന്നില്ല. 
അപ്പോൾ മുസ്സോളിനി ഈ വിഷയത്തിൽ എന്റെ നിലപാട് ചോദിച്ചു.
ഞാൻ പറഞ്ഞു: പ്രഭോ,  ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്. വളർച്ച തേടുന്ന ഏതൊരു രാഷ്ട്രത്തിനും ഇത്തരം ഫാഷിസ്റ്റ്‌ സംഘാടനം ആവശ്യമാണ്‌.  ഇന്ത്യയും അതിന്റെ സായുധ പുനർനിർമ്മാണത്തിനു ഇത്തരമൊരു ഫാഷിസ്റ്റ്‌ സംഘടന ആവശ്യപ്പെടുന്നു...........................ഞാൻ അതിന്റെ പണിപ്പുരയിലാണ്. ഞങ്ങൾ ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സംഘത്തിന് നേരത്തെ തന്നെ ഇതേ ലക്ഷ്യങ്ങളോടെ സ്വതന്ത്രമായി രൂപം നല്കി വെച്ചിട്ടുണ്ട്. എനിക്ക് ഇന്ത്യയിലോ  ഇംഗ്ലണ്ടിലോ  ലോകത്തെവിടെയുമുള്ള  ഏതു പ്ലാറ്റ്ഫോമിലും താങ്കളുടെ balilla അടക്കമുള്ള ഫാഷിസ്റ്റ്‌ സംഘടനകളെ പ്രകീത്തിച്ചു സംസാരിക്കാൻ യാതൊരു മടിയുമില്ല. താങ്കളുടെ ഈ സംഘങ്ങൾക്ക് എല്ലാ വിജയങ്ങളും ഞാൻ നേരുന്നു. മുസ്സോളിനി എന്റെ മറുപടിയിൽ അങ്ങേയറ്റം സംതൃപ്തനായി കാണപ്പെട്ടു. അദ്ധേഹം എനിക്ക് നന്ദി പറഞ്ഞു എഴുന്നേറ്റു."

 മുസ്സോളിനിയെ കണ്ട വിശേഷങ്ങൾ പങ്കുവെക്കാൻ ഇറ്റലിയിൽ നിന്നും തിരികെയെത്തിയ മൂന്ജെ തന്റെ രാഷ്ട്രീയ ശിഷ്യനും ആർ എസ് എസ് , ഹിന്ദു മഹാസഭ എന്നിവയുടെ നേതാക്കളുമായ ഹെഡ്ഗെവാർ, ലാലൂ ഗോഖലെ എന്നിവരുമായി യോഗം ചേർന്നു. അതിൽ ഹിന്ദു സംഘാടനത്തെക്കുറിച്ചുള്ള ലാലൂ ഗോഖലെയുടെ ചോദ്യത്തിന് ബി എസ് മൂന്ജെ നല്കുന്ന മറുപടി അങ്ങേയറ്റം ശ്രദ്ധേയമാണ്:

"ഹിന്ദു ധർമ്മശാസ്ത്രപ്രകാരം ഇന്ത്യയിലുടനീളം ഹിന്ദുക്കളുടെ ഏകീകരണത്തിനുള്ള ഒരു പദ്ധതി ഞാൻ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, പണ്ടത്തെ ശിവജിയെപ്പോലെയോ ഇന്നത്തെ ഫാഷിസ്റ്റ്‌ ഇറ്റലിയിലെ മുസ്സോളിനിയെപ്പോലെയോ നാസി ജെർമ്മനിയിലെ ഹിറ്റ്ലറെപ്പോലെയോ ഉള്ള ഒരു ഏകാധിപതിയുടെ കീഴിൽ ഒരു 'ഹിന്ദു സ്വരാജ്' രൂപപ്പെടാതെ ഈ പദ്ധതി പ്രാവർത്തികമാക്കാൻ കഴിയില്ല തന്നെ.  എന്നു വെച്ച് അത് പോലൊരു ഏകാധിപതി ഉയർന്നു വരുന്നത് വരെ നമ്മൾ കയ്യുംകെട്ടി നോക്കി നില്ക്കണമെന്നല്ല. നമ്മൾ ശാസ്ത്രീയമായി ഒരു പദ്ധതി ആവിഷ്ക്കരിച്ച് അതിനുള്ള പ്രോപഗണ്ടാ മാർഗങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്."

 മൂന്ജെയുടെ മേൽനോട്ടത്തിൽ ഹെഡ്ഗേവാർ ഇന്ത്യയിൽ ഫാഷിസ്റ്റ്‌ അനുകൂല പ്രചാരണങ്ങൾ തുടങ്ങി. 1934 ജനുവരിയിൽ  'ഫാഷിസവും മുസോളിനിയും' എന്ന ബാനറിൽ  കാവ്ടെ ശാസ്ത്രി സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഹെഡ്ഗേവാർ അധ്യക്ഷത വഹിക്കുകയും ബി എസ് മൂന്ജെ സമാപന പ്രസംഗം നടത്തുകയും ചെയ്തു.


ഹിന്ദു ജനതയുടെ സായുധവത്ക്കരണത്തിനുള്ള ഊർജ്ജം മുസ്സോളിനിയുടെ ഫാസി ഇറ്റലിയിൽ നിന്നും നേടിയെടുത്ത സംഘ്പരിവാർ പിന്നെ നേരിടാൻ ഒരു ശത്രുവിനെ സൃഷ്ട്ടിക്കാനുള്ള ഉദ്യമത്തിലാണ് ഏർപ്പെട്ടു കണ്ടത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ജെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചു ഹിന്ദു യുവാക്കൾക്ക് മിലിട്ടറി സ്കൂളുകൾ തുടങ്ങിക്കൊണ്ട് ഹിന്ദുത്വ പ്രമുഖർക്കയച്ച ഒരു കത്തിൽ ഇങ്ങിനെ എഴുതുന്നു:

" സായുധ പരിശീലനം ലക്ഷ്യമാക്കുന്നത് നമ്മുടെ കുട്ടികളെ കൂട്ടക്കുരുതിയുടെ കാര്യത്തിൽ കാര്യപ്രാപ്തരാക്കുക എന്നതാണ്. നമുക്ക് പറ്റാവുന്നത്ര കുറച്ച് ആൾനാശവും ശത്രുവിന് അങ്ങേയറ്റത്തെ നാശവും വരുത്തുന്ന രീതിയിൽ കഴിവുറ്റവരാക്കി അവരെ മാറ്റിയെടുക്കണം....................................അഹിംസ എന്നത് ഭീരുത്വമാണ്. ഇതേ ആശയം ആധുനിക ഇറ്റലിയുടെ  ശില്പി  മുസ്സോളിനി പ്രഭു കൂടുതൽ വ്യക്തവും ശക്തവുമായി പറഞ്ഞിട്ടുണ്ട്. അദ്ധേഹം പറയുന്നു: യൂറോപ്പുമായുള്ള നമ്മുടെ സമാധാനവും സഹവർത്തിത്തവും മില്ല്യൻ കണക്കിന് ബയണറ്റുകൾ കൊണ്ടുള്ളതാണ്. "


ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഈ ശത്രുവിനെക്കുറിച്ച് ഒരു വ്യക്തത തുടക്കത്തിൽ മൂന്ജെ എവിടെയും വരുത്തുന്നില്ല എന്നതാണ്.  അതിന്റെ പിന്നിൽ വ്യക്തമായ ഒരു ഉദ്ധേശം ഹിന്ദുത്വ നേതാക്കൾക്കുണ്ടായിരുന്നു. ഇന്ത്യയിൽ സ്വാതന്ത്ര സമര പ്രസ്ഥാനം കൊടുമ്പിരി കൊള്ളുന്ന സമയമാണ് ഇവർ ഫാഷിസത്തിന്റെ വിത്ത് പാകാൻ ഓടി നടക്കുന്നത്. അപ്പോൾ ശത്രു ബ്രിട്ടീഷുകാരാണെന്ന് പൊതുസമൂഹം തെറ്റിദ്ധരിച്ചോട്ടേയെന്നുള്ള ഒരു കുത്സിത താല്പര്യം ഇവർക്കുണ്ടായിരുന്നു.  അത് കൊണ്ടാണ് ഹിന്ദുത്വ നേതാക്കളുടെ ഫാഷിസ്റ്റ്‌-നാസിസ്റ്റ് ബന്ധം പറയുമ്പോൾ ഇവർ നേതാജി സുഭാഷ് ചന്ദ്രബോസിനെ ചർച്ചയിലേക്ക് വലിച്ചിടാറുള്ളത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുന്നേ തന്നെ സുഭാഷ്‌ ചന്ദ്ര ബോസിന് അച്ചുതണ്ട് ശക്തികളായ ഇറ്റലിയിലെയും ജർമ്മനിയിലെയും ജപ്പാനിലേയുമൊക്കെയുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം സഖ്യ ശക്തികളിലെ അംഗമായ ബ്രിട്ടനെതിരെയുള്ള നീക്കങ്ങളിലൂടെ ഇന്ത്യയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഊർജ്ജം സംഭരിക്കാനുള്ള  വഴികളായാണ് അദ്ധേഹം ഉപയോഗപ്പെടുത്തിയത്. നേതാജിയുടെ ഫോർവേഡ് ബ്ലോക്കിനെ സ്വാതന്ത്ര സമരത്തിന്റെ പേരിൽ ഹിന്ദു മഹാസഭയുടെ ഹൈന്ദവ സായുധ സംഘാടനത്തിന്റെ ആലയിൽ കെട്ടാൻ സവർക്കരുടെ നേതൃത്വത്തിൽ ഒരു പാട് നീക്കങ്ങൾ അന്നേ നടന്നിരുന്നു. . 1940-ൽ സവർക്കറുടെ ദാദറിലെ വസതിയിൽ സുഭാഷ് ചന്ദ്രബോസ് ചർച്ചക്കെത്തിയെങ്കിലും എതിർപ്പുകൾ മൂലം അത്തരമൊരു സഹകരണത്തിന് സാധ്യത തുറന്നില്ല. ആ ഒരു കൂടിക്കാഴ്ച്ചയുടെ ഫലമായി ഉണ്ടായ ഒരു രേഖയും  സവർക്കറുടെയോ നേതാജിയുടെയോ എഴുത്തുകളിൽ ലഭ്യവുമല്ല. സുഭാഷ് ചന്ദ്ര ബോസ് സവർക്കരെ വന്നു കണ്ടു ചർച്ച  നടത്തിയെന്നുള്ള ഈയൊരു കച്ചിതുരുമ്പ് മാത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ ആർ എസ് എസ്സിനും ഹിന്ദു മഹാസഭക്കുമുള്ള സംശയാസ്പദമായ നിലപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടാൻ സംഘപരിവാരം ഇന്നും ഉപയോഗിക്കുന്നത്. സ്വാതന്ത്ര സമരത്തിന്‌ അച്ചുതണ്ട് ശക്തികളുടെ  സഹായം തേടാൻ നേതാജിയെ പ്രേരിപ്പിച്ചത് 1940 കളിൽ സവർക്കരാണെന്ന വാദം തന്നെ അസംബന്ധമാണ്. കാരണം 1933 മുതൽ തന്നെ ബോസിന് ഈ രാജ്യങ്ങളിലെ വലതുപക്ഷ നേതൃത്വങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. രേഖകൾ ഇല്ലാത്തത് കൊണ്ട് തന്നെ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഈ കൂടിക്കാഴ്ച്ചയെ വ്യാഖാനിക്കാൻ ഹിന്ദുത്വ ശക്തികൾ എന്നും തയ്യാറായിട്ടുണ്ട്. ഗാന്ധി വധത്തിൽ കുരുക്കിലായതോടെ സവർക്കർ നിലനിൽപ്പിനു വേണ്ടി ഈ ചർച്ചയുടെ വിശദാംശങ്ങൾ എന്ന പേരിൽ കുറെ കാര്യങ്ങൾ പടച്ചുണ്ടാക്കി പുറത്തു വിട്ടിരുന്നു എന്നതും ചരിത്രം.


തുടക്കത്തിൽ ശത്രുവിനെക്കുറിച്ചുള്ള വ്യക്തതയിൽ മൗനം പാലിച്ച ഹിന്ദുത്വ ശക്തികൾ ഹിറ്റ്ലറുടെ നാസീ ജർമ്മനിയേയാണ് ശത്രുരൂപീകരണത്തിന് മാതൃകയാക്കിയത്. ഹെഡ്ഗെവാർ മുസ്സോളിനിയുടെ ഫാഷിസത്തെ ആശ്ലേഷിച്ച് ആർ എസ് എസിന് രൂപഭേദങ്ങൾ വരുത്തിയപ്പോൾ ഗോൾവാക്കറും വീർ സവർക്കരും ഹിറ്റ്ലരുടെ  നാസിസത്തിന്റെ ആര്യരക്ത സങ്കല്പ്പത്തിലധിഷ്ടിതമായ വംശീയ ശുദ്ധീകരണ സിദ്ധാന്തം ആഗിരണം ചെയ്ത് മുഖ്യ ശത്രുവിനെ നിർമ്മിച്ചു.

ഗോൾവാക്കർ തന്റെ കുപ്രസിദ്ധമായ "We or our Nationhood defined' എന്ന ഹിന്ദുത്വ യുടെ സൈദ്ധാന്തിക ഗ്രന്ഥത്തിൽ എഴുതുന്നു:

" ജർമ്മൻ ദേശീയതയുടെ സ്വാഭിമാനം ഇന്ന് ചർച്ചയായിരിക്കുന്നു. അവർ രാഷ്ട്രത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി ജൂതരെ നിഷ്കാസനം ചെയ്തതിലൂടെ വീണ്ടെടുത്ത്‌  ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. തീവ്രദേശീയാഭിമാനത്തിന്റെ ഏറ്റവും ഉദാത്തമായ  സാക്ഷാല്കാരമാണത്. വിഭിന്നാശയങ്ങളും സംസ്കാരങ്ങളും നിലനിർത്തുന്നത് ഒരു രാഷ്ട്രത്തിന്റെ ഏകീകരണത്തിന് തീർത്തും അസാധ്യമാണെന്ന പാഠം ജർമ്മനി നമുക്ക് കാണിച്ചു തരുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നല്ലൊരു പാഠമാണിത് , ഭാവിയിൽ നമുക്ക് നേട്ടം കൊയ്യാനും.."

1939-ൽ ഹിന്ദു മഹാസഭയുടെ ഇരുപത്തിയൊന്നാം സെഷനിൽ സവർക്കർ ഹിന്ദുത്വയുടെ ശത്രുവിനെ കൂടുതൽ വ്യക്തമാക്കി:

"ജർമ്മനിയിലെ ജൂതരെപ്പോലെത്തന്നെ ഇന്ത്യയിലെ മുസ്ലിംകൾ അടുത്തുള്ള ഹിന്ദുവിനേക്കാൾ പുറത്തുള്ള അവരുടെ ആളുകളോട് ചാഞ്ഞു നിൽക്കുന്നവരാണ്.............................അവരുടെ പുണ്യസ്ഥലം അങ്ങു ദൂരെ അറേബ്യയിലും ഫലസ്തീനിലുമൊക്കെയാണ്. അവരുടെ വിശ്വാസവും പ്രവാചകനും മതനായകരും ഈ മണ്ണിന്റെ മക്കളല്ല. അവരുടെ രൂപവും പേരുകളും വിദേശിയുടേതാണ്".

ബി എസ് മൂന്ജെ ഒന്നു കൂടി സ്പഷ്ടമാക്കി കാര്യങ്ങൾ:

"ഇന്ത്യയിലെ മുസ്ലിംകൾ വല്ലാത്തൊരു ശല്യങ്ങൾ തന്നെയാണ്. കോണ്ഗ്രസ് അവർക്കെതിരെ നില്ക്കില്ല എന്ന് മാത്രമല്ല, അവരെ സഹായിക്കുകയും ചെയ്യുന്നു. നമുക്ക് കൊണ്ഗ്രസ്സിനെയും മുസ്ലിംകളേയും ഒരേ സമയം നേരിടേണ്ടതുണ്ട്. ഹിന്ദു മഹാസഭ അത്തരം കലാപങ്ങൾക്ക് സഹായം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ നഗരങ്ങളിൽ വോളണ്ടിയർമാരെ തയ്യാറാക്കി നിർത്തേണ്ടതും RSS ഇതിൽ ഏറെ സഹായകമായ ഒരു സംവിധാനമായി വർത്തിക്കുകയും  ചെയ്യും."

 പറഞ്ഞു വന്നത് ഇന്ത്യയിലെ RSS എന്നത് മുസ്സോളിനിയുടെ വംശീയ മിലിട്ടറി വല്കരണ  ഫാഷിസവും ഹിറ്റ്ലറുടെ  വംശീയ ശുദ്ധീകരണ നാസിസവും സമം ചേർത്ത് രൂപപ്പെടുത്തപ്പെട്ട ഒരു ഹിന്ദുത്വ ഭീകര സംഘടനയാണെന്നതാണ്. അവരുടെ ഉപജ്ഞാതാക്കൾ പണ്ട് ആഗ്രഹിച്ചത്‌ പോലെയുള്ള മുസ്സോളിനിക്കും ഹിറ്റ്ലർക്കും ഗുണവിശേഷങ്ങളിൽ  സമം വെക്കാവുന്ന ഒരു ഒന്നാന്തരം ഫാഷിസ്റ്റിനെ ഇന്നവർക്ക് നേതാവായി ലഭിച്ചിരിക്കുന്നു. അതാണ്‌ സാക്ഷാൽ നരേന്ദ്ര മോഡി.

ആരാണൊരു ഫാഷിസ്റ്റ്‌?   അവൻ എപ്പോഴും തീവ്രദേശീയതാ വാദം ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കും. വംശീയത അവന്റെ വാക്കുകളിലും പ്രവർത്തികളിലും എപ്പോഴും കടന്നു വരും.  പുരുഷാധികാരത്തിന്റെ ചിഹ്നങ്ങൾ ഇടയ്ക്കിടെ അവന്റെ വാക്കുകളിൽ തികട്ടി വരും. വയലൻസിന്റെ പുനരുത്ഥാന സ്വഭാവം പരമാവധി പ്രയോഗത്തിലൂടെ ഉപയോഗപ്പെടുത്തും. രാജ്യം രാഷ്ട്രീയാഭയം കൊടുത്തവരോട് തികഞ്ഞ വംശീയത പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. ആസൂത്രിതമായ വയലൻസിലൂടെ വംശീയ ഉന്മൂലനത്തിന്റെ പ്രയോക്താവായി മാറും. രാജ്യത്തെ   മാധ്യമങ്ങളെ വിലക്കെടുത്ത് ഗീബൽസിയൻ നുണ ബോംബുകളിലൂടെ കപടപ്രതിഛായ നിർമ്മിച്ചെടുക്കും . എതിർപ്പുകളെ തൃണവല്കരിച്ചു സംഘടനയിൽ സുപ്രീം ലീഡർ എന്ന പദവിയിലേക്ക് സ്വയം അവരോധിക്കും. വംശീയതയിലും ഒരു അന്തർദേശീയത പുലർത്തി പോരും. വലിയ ജനക്കൂട്ടങ്ങളെ വെച്ചുള്ള മാസ് ഹിസ്റ്റീരിയ ഒരു ഹരമായി നിലനിർത്തും......

ബി ജെ പിക്കകത്തെ താരതമ്യേന വിഷം കുറഞ്ഞ സുഷമ സ്വരാജിനെയും രാജ്നാഥിനെയും അരുണ്‍ ജയറ്റ്ലിയെയുമൊക്കെ വെട്ടിമാറ്റി നാഗ്പൂരിൽ മോഹൻ ഭഗവതിന്റെ കാർമികത്വത്തിൽ  ഇന്ത്യയുടെ  മഹത്തായ ജാനാധിപത്യ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് RSS പറത്തി വിട്ട  നരേന്ദ്ര മോഡിയെന്ന പ്രതിഭാസത്തെ  മുകളിൽ പറഞ്ഞ  ഫാഷിസ്റ്റിന്റെ ലക്ഷണ ശാസ്ത്രം വെച്ചൊന്ന് വിലയിരുത്തി നോക്കൂ. നൂറ്റുക്ക് നൂറും ചേർച്ചയുള്ള ലക്ഷണമൊത്ത ഒരു ഫാഷിസ്റ്റ്‌ സെകുലർ ഇന്ത്യയുടെ തലയ്ക്കു മുകളിൽ ഒരു ഇടിത്തീയായി വീഴാൻ കാത്തിരിക്കുന്നതായി കാണാം.

ഏതു കാട്ടാളനെയും ദേവനാക്കി കാണിക്കാൻ കെൽപ്പുള്ള PR സംവിധാനങ്ങളുള്ള ഈ കാലത്ത് സെകുലർപക്ഷത്തെന്നു നാം വെറുതെ തെറ്റിദ്ധരിച്ചുപോയ നമ്മുടെ മാധ്യമങ്ങൾ പ്രകടിപ്പിക്കുന്ന മോഡി ഭക്തി കാണിക്കുന്നതെന്താണ്?  കേവലം ഒരു ബി ജെ പി കാന്റിഡേറ്റ് ആയി മാത്രം മോഡിയെ അവതരിപ്പിക്കുന്നത് ഇവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ ചരിത്രമറിയാത്തത് കൊണ്ടായിരിക്കുമോ? സീ ന്യൂസ്‌, ഇന്ത്യ ടീവി, ടൈംസ്‌ ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്,  അർനബിന്റെ ടൈംസ്‌ നൗ എന്നിങ്ങനെ തുടങ്ങി ഇങ്ങേയറ്റത്ത്‌ നമ്മുടെ ഏഷ്യാനെറ്റിലെ വിനു വീ ജോണ്‍ വരെ പെട്ടിയും കിടക്കയുമെടുത്തു വാരണസിയിൽ മോഡിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നത് കാണുമ്പോൾ ഇവരൊക്കെ ഈ രാജ്യത്തിന്റെ സെകുലർ ഡിമോക്രസിയെ ഫാഷിസത്തിന്റെ അന്തപുരത്തിലേക്കു കൂട്ടിക്കൊടുക്കാൻ മാത്രം രാജ്യം ഇവരോടെന്തു ദ്രോഹം ചെയ്തുവെന്നാണ് മനസ്സിലാവാത്തത്. രാജ്യത്തോട് കടപ്പാടുള്ളവനാണെങ്കിൽ വാരണസിയിലേക്ക് വണ്ടി കയറുന്നതിനു മുന്നേ ഇവരൊക്കെ  പോവേണ്ടിയിരുന്നത് ഗുജറാത്തിലേക്കാണ്. മോഡിയുടെ പീ ആർ ടീം ഊതിവീർപ്പിച്ച ഗുജറാത്ത് മോഡലിന്റെ പിന്നാമ്പുറങ്ങളിലേക്ക് കാമറ തിരിച്ചുവെച്ച് നാസി കാലത്ത് ഹിറ്റ്ലർ പയറ്റിയ ഇതേ അടവിന്റെ പൊള്ളത്തരങ്ങൾ ലോകത്തോട്‌ വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളെ ഈ രാജ്യം അടയാളപ്പെടുത്തുന്നത് സെകുലർ ഇന്ത്യയുടെ സേവിയർ എന്നാകുമായിരുന്നു.

ഫാഷിസം മുറ്റംകടന്നു കോലായിലേക്ക് കേറാൻ തുടങ്ങുമ്പോൾ ഞങ്ങൾ നിക്ഷ്പക്ഷരാണെന്ന പല്ലവി ആവർത്തിച്ചുരുവിട്ടു തുല്യാവസരങ്ങളുടെ പേരില് സകല കുമ്മനം-മോഡിമാരെയും ന്യൂസ്‌ റൂമിലേക്ക്‌ പൂവിട്ടാനയിക്കുന്നതല്ല മീഡിയാ ജനാധിപത്യം എന്നും എന്തുതന്നെ വന്നാലും ഒരു ഫാഷിസ്റ്റിനെയും ഒരു കാലത്തും അവന്റെ വികടവാദങ്ങളുന്നയിക്കാൻ പറ്റാത്ത വിധം ന്യൂസ്‌ സ്റ്റുഡിയോകളുടെ വാതിലുകൾ അവർക്ക് മുന്നിൽ കൊട്ടിയടക്കുമ്പോഴാണ്  ഒരു സെകുലർ ജനാധിപത്യസമൂഹത്തിൽ  മാധ്യമങ്ങൾ യഥാർത്ഥത്തിൽ അതിന്റെ നിക്ഷ്പക്ഷത രേഖപ്പെടുത്തുന്നത് എന്നും ഇവനൊക്കെ മനസ്സിലാക്കാൻ ഈ രാജ്യത്ത് ഇനിയും ജനാധിപത്യം ബാക്കിയുണ്ടാവട്ടെ. പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിചിത്രത്തിനടുത്തായി വീർ സവർക്കറുടെ ചിത്രം സ്ഥാപിച്ച  പഴയ ഫാഷിസ്റ്റ്‌ അശ്ലീലതയുടെ  കൂടുതൽ മുന്തിയ പതിപ്പുകൾ  നരേന്ദ്രമോഡിയുടെ രൂപത്തിൽ നമ്മെ ഭരിക്കാതിരിക്കട്ടെ. നമ്മളെയും നമ്മുടെ മാധ്യമങ്ങളെയും ദൈവം രക്ഷിക്കട്ടെ.....

ശുഭം.....

Monday, 1 July 2013

മെഹ്ദി പാഠങ്ങൾ - 10 : ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ...

നീയും നിലാവും കാറ്റിൽ  സുഗന്ധവും ചഷകം നിറയെ മധുവും...
ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും..... 

ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അടയാളശിലയാണെന്ന് നമ്മൾ കഴിഞ്ഞ മെഹ്ദിപാഠത്തിൽ പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ  ഗാലിബിൽ നിന്നും നമ്മൾ പിന്നോട്ട് പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടന്നാൽ മറ്റൊരു നാഴികക്കല്ല് കാണാം,  മീർ തഖി മീർ, ഗാലിബിനെപ്പോലും അസൂയാലുവാക്കിയ ക്ലാസ്സിക്കൽ ഗസലുകളിലെ മാസ്ട്രോ. സ്ഥായിയായ
വിഷാദഭാവങ്ങളിൽ ദിവ്യാനുരാഗത്തിന്റെ രജതപാത വരച്ചു വെച്ച മിസ്റ്റിക്.
 


മീർ തഖി മീർ (ചിത്രകാരന്റെ ഭാവനയിൽ)
പത്താം അദ്ധ്യായത്തിൽ നമ്മൾ ആസ്വാദനത്തിനായി തെരഞ്ഞെടുക്കുന്നത് വീണ്ടും ഒരു ഫർമായിശ്  ആണ്.  പ്രിയ ഓണ്‍ലൈൻ സുഹൃത്തും ഗായകനുമായ തഹ്സീൻ തന്നെയാണ് ഇത്തവണയും ഇഷ്ടഗസൽ
ആവശ്യപ്പെട്ടിരിക്കുന്നത്.  മെഹ്ദി പാഠങ്ങളിലെ പഴയ രണ്ടധ്യായങ്ങളും (ദിലെ നാദാൻ....., അബ് കെ ഹം ബിച്ഛ്ടെ....) അദ്ധേഹത്തിന്റെ തന്നെ  ഫർമായിശുകളായിരുന്നു. മെഹ്ദി പാഠങ്ങൾ എന്ന ഈയൊരു സീരീസ്
മുന്നോട്ട് കൊണ്ടുപോകാൻ എനിക്കേറ്റവും ഊർജ്ജമായി ഭവിക്കുന്നതും
അദ്ധേഹത്തിന്റെ നിരന്തരമായ പിന്തുടരൽ തന്നെയാണ്.

'ദേഖ് തോ ദിൽ കെ ജാൻ സെ .........യെ ധുവാ സാ കഹാ സെ ഉഠ്താ ഹേ ' എന്ന ഗസൽ  മെഹ്ദി ഹസ്സൻ എന്ന നാദവിസ്മയത്തിന്റെ ഏറ്റവും
മനോഹരമായ ആലാപനങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. മീർ തഖി
മീറും മെഹ്ദി ഹസ്സനും -ഇതിനെയാണ് നമ്മൾ ലെജന്ററി  കോമ്പിനേഷൻ
എന്നൊക്കെ പറയുക..... ശബ്ദത്തിലെ ആർദ്രത എന്നൊക്കെ ആലങ്കാരികമായി
നമ്മൾ ഉപയോഗിക്കാറില്ലേ, അത് അനുഭവേദ്യമാകണമെങ്കിൽ മെഹ്ദിയെ
കേൾക്കുക, കേട്ടു കൊണ്ടേയിരിക്കുക....   

ഈ ഗസൽ തുടങ്ങുമ്പോൾ ഇതിലെ ആശയങ്ങളുടെ സത്ത മുഴുവൻ ആവാഹിച്ച ഹിന്ദിയിലുള്ള രണ്ടു വരികൾ ( 'ദോഹാ' അഥവാ Couplet) മെഹ്ദി സാബ് പലപ്പോഴും ആലപിക്കാറുണ്ട്.  അതിമനോഹരമാണ് അതിന്റെയൊരു
ആമ്പിയൻസ്. ആദ്യം ആ ഈരടികളിലേക്ക് പോകാം.

ശീതൾ ചന്ദാ അഗ്നി ബൻ ഗയീ , കാണ്‍ഢെ ബൻ ഗയെ ഫൂൽ 
പ്യാർ ന കർനാ  ഓഹോ കിസീ സേ , പ്യാർ ഹേ മൻ കീ ബൂൽ  

ബസ്തീ ബസ്തീ ഖാക് ഉഠീ ഹേ, ജംഗൽ ജംഗൽ ആഗ് 
യെ ധുവാ ബൽ ഖാതാ  ഉഠേ   ജേസെ കാലെ നാഗ് 

(കുളിർനിലാവ് അഗ്നിയായവതരിക്കും, മുള്ളുകളോ മലരുകളായും  
ഹേ പ്രണയമതരുതേ ആരോടും, പ്രണയമതോ മനസ്സിൻ ഭ്രംശമല്ലോ   

ചേരികളൊക്കെയും പൊടിയിലമർന്നൂ, കാടുകളൊക്കെയും തീയിലും   
ധൂമങ്ങളിങ്ങനെ പുളഞ്ഞുയരുന്നുവല്ലോ, കരിനാഗങ്ങളിഴയും പോൽ )


ഇനി ഗസലിലേക്ക്‌:



ദേഖ് തോ, ദിൽ കെ ജാൻ സെ ഉഠ്താ ഹേ
യെ ധുവാ സാ കഹാൻ സെ ഉഠ്താ ഹേ

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ബേഠ്നേ കോൻ ദേ ഹേ ഫിർ ഉസ്കോ
ജോ തേരെ ആസ്താൻ സെ ഉഠ്താ ഹേ

യൂ ഉഠേ ആഹ് ! ഉസ് ഗലീ സേ ഹം
ജേസേ കൊയീ ജഹാൻ സെ ഉഠ്താ ഹേ

ഖാനാ -ഏ -ദിൽ  സേ സിൻഹാർ  ന  ജാ
കൊയീ  ഏസെ മകാൻ സെ ഉഠ്താ ഹേ ?

നാലാ സിർ  ഖേൻച്താ ഹേ ജബ് മേരാ 
ഷോർ ഇക് ആസ്മാൻ സെ ഉഠ്താ ഹേ

ഇഷ്ഖ് ഇക്‌  'മീർ'  ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ


ആശയം സംഗ്രഹിച്ചു നോക്കാം:

നോക്കൂ, ഹൃത്തിൽ നിന്നോ അതോ ആത്മാവിൽ നിന്നോ
എവിടെ നിന്നാണീ  ധൂമങ്ങളുയരുന്നത് ?

ഏതു വ്യഥിതഹൃദയന്റെതാണീ കല്ലറ? വാനരൂഢാ!
പകലുകളിലൊരു തീനാളമിവിടെ നിന്നുയരുന്നല്ലോ

(ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാം കല്ലറ
പകലിലൊരു തീഗോളമിവിടെ നിന്നുദിക്കുന്നല്ലോ )

വേറെയാരയാൾക്കിടം  കൊടുക്കുന്നൂ പിന്നെ?
ഒരിക്കെ നിന്നിടം വിട്ടുപോയാലതിൽ പിന്നെ  

നിന്റെയാ തെരുവ് വിട്ടുപോവുന്നതോ .. ഓഹ്!
ഈ ലോകമേ വിട്ടൊഴിഞ്ഞുപോകുന്നതു പോൽ

ഹൃത്തിടത്തിൽ നിന്നൊരിക്കലും പോകാതിരിക്കുക 
ഇത്തരമിടത്തിൽ നിന്നാരാണൊഴിഞ്ഞു പോവുക?

വേദനയിലേറി വിലാപമെന്നിലുയരുമ്പോഴൊക്കെയും 
ഒരു മറുരോദനമുയരുന്നുവല്ലോ വാനലോകത്തുനിന്നും

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണ് 'മീർ' !
നിന്നെപ്പോലൊരു ദുർബലനതെപ്പോളുയർത്താനാണ്  ?



ഇത് ദിവ്യാനുരാഗത്തിന്റെ പടവുകൾ കയറി  ആത്മസാക്ഷാത്കാരത്തിന്റെ
പർവ്വം താണ്ടിയെത്താനുള്ള ഒരു യാത്രികന്റെ (സാലിക്) അഭിലാഷതീവ്രതയുടെ ആവിഷ്കാരമാണ്.  ഭൗതികമായ അഭിവാഞ്ജകളെ
തൃണവൽക്കരിച്ച് എല്ലാ പ്രലോഭനങ്ങളെയും അതിജയിച്ച് ആത്യന്തിക
പൊരുൾ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ കഠിനത വിളിച്ചോതുന്നു ഇവിടെ
മീർ.

ഈ ഗസലിന്റെ മക്താ ഇതിന്റെ പൊരുൾ മുഴുവൻ വെളിപ്പെടുത്തുന്നുണ്ട്.  

ഇഷ്ഖ് ഇക്‌ 'മീർ' ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണെന്ന് മീർ തിരിച്ചറിയുന്നു. ആഗ്രഹങ്ങളുടെയും ഭൗതിക താല്പര്യങ്ങളുടെയും ദൗർബല്യങ്ങളെ മറികടന്നു പ്രണയഭാജനത്തിലേക്കുള്ള അനുരാഗിയുടെ യാത്രയുടെ കാഠിന്യം 
എത്രയാണ്?

പ്രതീക്ഷയുടെ കിരണങ്ങളൊടുങ്ങി പുകച്ചുരുളുകൾ അന്തരാത്മാവിൽ  നിന്നും ഉയരുന്നുവോ?

അടക്കപ്പെട്ട ഹൃദയം വ്യഥകളുടെ നീറ്റലിൽ ജ്വലിതമാകുന്നുണ്ടോ?

പ്രണയിയുടെ സാമീപ്യത്തിൽ നിന്നൊരിക്കെ  നിഷ്കാസിതനായാൽ പിന്നെയൊരു മടക്കം സാധ്യമാകുമോ?



ഈ ഗസലിലെ രണ്ടാമത്തെ ശേർ  അതിന്റെ പ്രയോഗത്തിലെ പ്രത്യേകത കൊണ്ട് വളരെ ശ്രദ്ധേയമാണ്.

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ഈ ഈരടിയുടെ ആശയം പലരും പല രീതിയിലാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഞാൻ മുകളിൽ വരികളുടെ ആശയം സംഗ്രഹിച്ചപ്പോൾ ഈ ശേറിന് രണ്ടു രീതിയിൽ അർത്ഥം കൊടുക്കാനുള്ള കാരണവും അതാണ്‌. മീർ തഖി മീർ എന്ന കവിയുടെ മാസ്റ്ററി തന്നെയാണ് ഇത്തരം വരികൾ. ഒരു ഈരടിക്കകത്ത്‌ തന്നെ നാനാർത്ഥതലങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സിദ്ധി മീറിന്റെ മിക്ക ഗസലുകളിലും കാണാം. അനുവാചകൻ നിർദ്ധരിച്ചെടുക്കാൻ പാടുപെട്ടു  വട്ടം കറങ്ങുന്ന വരികൾ.

 ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ  'പൊയറ്റിക്' വിന്യാസത്തിൽ നിന്നും ഒന്ന് മാറ്റി എഴുതിയാൽ:

യെ ഗോർ കിസ് ദിൽജലേ കീ ഹേ, ഫലക്

"ഈ കല്ലറ ഏതു വ്യഥിതഹൃദയന്റെതാണ്? വാനരൂഢാ!"

'ഫലക്' എന്നത് ആകാശം എന്നർത്ഥത്തിൽ ഉപയോഗിക്കാം. എന്നാൽ ഉർദുവിൽ ഫലക് എന്നത് ദേവലോകത്തെ അഭിസംബോധനം ചെയ്താണ്
സാധാരണ ഉപയോഗിക്കാറ്. ഇംഗ്ലീഷിൽ "Oh Heaven!" എന്ന പ്രയോഗം പോലെ. മുകളിൽ എല്ലാം കാണുകയും അറിയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ, അഥവാ വാനരൂഢൻ, ലളിതമായി പറഞ്ഞാൽ ദൈവം, "ഫലക്''.

അപ്പോൾ ഇവിടെ മീർ  മുകളിലുള്ളവനോട് ആരായുകയാണ്, ഹൃദയവ്യഥകളാൽ  പൊലിഞ്ഞു  ഈ കല്ലറക്കകത്ത് അടക്കം  ചെയ്യപ്പെട്ടവനെക്കുറിച്ച്, ഒരു പക്ഷേ, മീർ അദ്ധേഹത്തിന്റെ
ഹൃദയത്തെ തന്നെ ഒരു ഖബർ ആയി അവതരിപ്പിക്കുന്നതുമാവാം

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
  
അവന്റെ എരിയുന്ന ഹൃത്തിന്റെ വേവിൽ നിന്നും
നഷ്ടമോഹങ്ങളുടെ ജ്വാലകൾ ഉയർന്നു വരുന്നതിനെക്കുറിച്ച്,

കേവലാക്ഷരാർത്ഥങ്ങൾക്കപ്പുറം ഈ വരികളെ വായിച്ചാൽ,  ഈ ഭൂമിയെ വിഫലമോഹങ്ങളുടെ ശ്മശാനമായി കാണുകയും ഇതെല്ലാം
വിതാനിച്ചു മുകളിലിരുന്നു വീക്ഷിക്കുന്നവനോട് കയർക്കുകയും ചെയ്യുന്നു ഒരു വേള കവി. അല്ലെങ്കിൽ മോഹങ്ങളെ മുഴുവൻ അകമേ കുഴിച്ചുമൂടി ഹൃദയം ഒരു കല്ലറയാക്കി തീർത്ത കവി വിധിയെ വെല്ലുവിളിക്കുന്നതായും വായിക്കാം. സൂഫീധാരയിൽ  ആത്മനിന്ദയിലൂടെ, അല്ലെങ്കിൽ
സ്വത്വവിമർശനങ്ങളിലൂടെ ഔന്നത്യം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ
അനുകാരിയായി മീർ കരുതപ്പെടുന്നു.
  

എന്നാൽ ഇവിടെ 'ഫലക്' എന്നത്  'ആകാശം' എന്ന നേരർത്ഥത്തിൽ തന്നെ
സമീപിക്കുന്നവരും ഉണ്ട്.  ജഗജിത് സിംഗ് അദ്ധേഹത്തിന്റെ ഒരു
കണ്സേർട്ടിൽ ഈ വരികളെ സമീപിക്കുന്നത് ആ അർത്ഥത്തിൽ ആണ്.
    
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും മറ്റൊരു രീതിയിൽ മാറ്റി എഴുതിയാൽ:

കിസ് ദിൽജലെ കി ഗോർ ഹേ യെ ഫലക്

"ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാകും കല്ലറ?"

ഇവിടെ ആകാശത്തെ ഒരു വലിയ ഖബർ ആയി അവതരിപ്പിക്കുന്നു.

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

"പകലുകളിൽ ഒരു തീഗോളം ഇവിടെ നിന്നുയരുന്നല്ലോ"

അഥവാ ആകാശത്തിന്റെ ചക്രവാളത്തിൽ നിന്നും ഓരോ പകലിലും
ഉദിച്ചുയരുന്ന സൂര്യൻ പടർത്തുന്ന  ചുവപ്പിനെ അതിൽ അടക്കം
ചെയ്യപ്പെട്ടവരുടെ വ്യഥകളുടെ ബഹിർസ്ഫുരണമായും മനസ്സിലാക്കുന്നു.


ഇതിൽ ഏതാണ് കവി ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തരാൻ സാക്ഷാൽ മീർ തന്നെ
ഖബറിൽ നിന്നും ജ്വാലയായ് ഉയിർത്തെഴുന്നേറ്റു വരേണ്ടി വരുമെന്ന്
തോന്നുന്നു. കാരണം അത്രയ്ക്കും സാധ്യതകളുടെ സാഗരങ്ങളാണ്
അദ്ധേഹത്തിന്റെ ഓരോ ശേറുകളും.

ഏതായാലും ഉർദു ഭാഷാസാഹിത്യത്തിൽ നിപുണരായ സുഹൃത്തുക്കൾക്ക് 
ഇതിലെ   മിസ്റ്ററി  പരിഹരിച്ചു തരാനാവുമെന്ന് കരുതുന്നു (ആരിഫ് സൈൻ
സാബിനെത്തന്നെയാണ് ഉദ്ദേശിച്ചത്!!! അപ്പുറവും ഇപ്പുറവും നോക്കേണ്ട!)


ഈ ഗസൽ മെഹ്ദി സാബിന്റെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു.  ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ.

"ശീതൾ ചന്ദാ.......ബസ്തീ ബസ്തീ...." എന്ന് തുടങ്ങുന്ന ഈ ഗസലിന് പുറത്തു നില്ക്കുന്ന ആ രണ്ടു ഹിന്ദി ദോഹാകളെ മാത്രം വീണ്ടും വീണ്ടും കേട്ടു  നോക്കൂ... ,  നിങ്ങൾ നിലാവിന്റെ തണുപ്പിനെ പുൽകും, പിന്നെ
പ്രണയത്തിന്റെ മുറുകിയ  ആശ്ലേഷത്തിൽ  കുളിരകന്നു  ഉഷ്ണമേറുന്നതറിയും,  പൊടിപടലങ്ങളിലമർന്നു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ വിജനതയിൽ നിങ്ങൾ ഒറ്റപ്പെട്ട് നില്ക്കും, അകലെ കാടെരിയുന്നതിന്റെ വെളിച്ചം കാണും, ഒടുക്കം കറുത്ത ധൂമപടലങ്ങൾക്കുള്ളിൽ നിങ്ങൾ അപ്രത്യക്ഷരാകും.....

നിങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഫർമായിശുകളും പ്രതീക്ഷിക്കട്ടെ. മറ്റൊരു മെഹ്ദി പാഠവുമായി വരുന്നതുവരേയ്ക്കും  ശുഭം....

------------------------------


ഈ ഗസൽ മെഹ്ദി സാബ് മെഹ്ഫിലിൽ അവതരിപ്പിക്കുന്നത്‌ താഴെ കേൾക്കാം
 (യൂട്യൂബിൽ ഈ ഗസലിന്റെ അനവധി വേർഷനുകൾ- ഫിലിം വേർഷൻ ഉൾപ്പെടെ - മെഹ്ദി സാബിന്റെതായി തന്നെയുണ്ട്‌. മുകളിൽ അവതരിപ്പിച്ച എല്ലാ വരികളും ഒരു ആലാപനത്തിൽ ഉണ്ടാവണമെന്നില്ല. എല്ലാ വരികളുടെയും ആസ്വാദനം ലഭിക്കാൻ മെഹ്ദി സാബ്  വിവിധ
മെഹ്ഫിലുകളിൽ ഈ ഗസൽ അവതരിപ്പിക്കുന്നത്‌  യൂട്യൂബിൽ കേൾക്കുക.)

 

Thursday, 13 June 2013

മെഹ്ദി പാഠങ്ങൾ - 9 : ദിലേ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ...



ഈ പോസ്റ്റ്‌ മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു  മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. 2012 ജൂണ്‍ 13 ന് കറാച്ചിയിൽ വെച്ച് ആ സ്വരസാഗരം എന്നെന്നേക്കുമായി തിരയടങ്ങി നിലച്ചു.  ആ മഹാപ്രതിഭ നസീമാബാദിലെ ഷാഹ് മുഹമ്മദ്‌ ഖബറിസ്ഥാനിൽ മണ്ണോടു ചേർന്നുറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ  അന്തരീക്ഷത്തിൽ അമൂർത്തമായി അലയടിക്കുന്ന ഗസലിന്റെ ഈരടികൾ മരണം പ്രതിഭകളുടെ അവസാനം രേഖപ്പെടുത്തുന്നില്ല എന്നതിന് അടിവരയിടുന്നു.    

-----------

ജനപ്രിയ ഗസലുകളിൽ നിന്നും ഒന്ന് വഴിമാറി സഞ്ചരിക്കുകയാണ് നമ്മൾ ഇത്തവണ. ഉർദു ക്ലാസിക് ഗസലുകളെക്കുറിച്ച് പറയുമ്പോൾ ഗാലിബ് എന്ന നാമം മാറ്റി നിർത്തി ഒരു ചർച്ചയും സാധ്യമല്ല തന്നെ.  മിർസ അസദുള്ള ബേഗ് ഖാൻ എന്ന മിർസാ ഗാലിബ് മുഗൾ കാലഘട്ടത്തിലെ ഉർദു -പേർഷ്യൻ കവികളിൽ അവസാന കണ്ണിയാണ്. ഒടുവിലത്തെ മുഗൾ ചക്രവർത്തിയും ഗസൽ കവിയുമായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റെ ദർബാറിൽ നിറഞ്ഞിരുന്ന ഗാലിബ് പതിനൊന്നാം വയസ്സിൽ തന്നെ ഉർദുവിൽ എഴുതാൻ തുടങ്ങിയിരുന്നു. തന്റെ കൗമാരം പിന്നിടുമ്പോൾ എഴുത്തിന്റെ തട്ടകം പേർഷ്യൻ ഭാഷയിലേക്ക് മാറ്റിയിരുന്ന ഗാലിബ് ഉർദു ഗസലുകളിലെ മിക്ക ക്ലാസിക്കുകളും രചിച്ചത് ചെറിയ പ്രായത്തിലാണെന്നത് അത്ഭുതമായി നില്ക്കുന്നു.  ഏറെ കാലങ്ങൾക്ക് ശേഷം ഗാലിബിന്റെ സമകാലികനും  ഉർദു സാഹിത്യത്തിൽ  ബഹദൂർ ഷാ സഫറിന്റെ ഗുരുസ്ഥാനം വഹിച്ചിരുന്ന  പ്രമുഖ ഉർദു കവി സൗഖുമായുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായാണ് ഗാലിബ് വീണ്ടും ഉർദുവിലേക്ക് തിരിച്ചു വരുന്നത്.  


മിർസാ ഗാലിബ് 
 ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ
എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ
പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച  ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.

ഈ ഗസൽ ഒരു തേട്ടമാണ്‌. . അനന്തവും അജ്ഞാതവുമായിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണുമിഴിച്ചിരിക്കുന്ന ഒരാളുടെ നിതാന്തമായ അന്വേഷണങ്ങളുടെ ഒരു യാത്ര. ചുറ്റുപാടും കണ്ടുമുട്ടുന്ന അസംബന്ധങ്ങളുടെയും കാട്ടിക്കൂട്ടലുകളുടെയും മുന്നിൽ പകച്ചു പോയ സ്വന്തം മനസ്സാക്ഷിയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരാളുടെ അനേകം ചോദ്യങ്ങൾ. ഒരേ സമയം സ്വന്തം മനസ്സിനോടും ദൈവത്തോടും സംവദിച്ചു കൊണ്ടിരിക്കുന്നു ഇവിടെ ഗാലിബ്.

എല്ലാം ദൈവത്തിൽ നിന്നാകയാൽ പിന്നെയീ കാണുന്ന അസന്തുലിത വ്യവസ്ഥകൾ, പ്രലോഭനങ്ങൾ, പ്രതീക്ഷാരഹിതമനസ്സുകൾ, അസ്വാതന്ത്ര്യം, വ്യഥകൾ, വ്യാധികൾ,  അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത സമസ്യകളെക്കുറി ച്ച് ദൈവത്തോട് കലഹിക്കാൻ വെമ്പുന്ന സ്വന്തം മനസ്സിനെപ്പറ്റി ഗാലിബ് വ്യാകുലപ്പെടുന്നു. ശുഭാപ്തി വിശ്വാസിയായിരിക്കാൻ പണിപ്പെടുമ്പോൾ മനസ്സ് നിരാശയുടെ കയത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിനെക്കുറിച്ച് വിലപിക്കുന്നു. 

ഇഹത്തിലെ പ്രലോഭനങ്ങളെക്കുറിച്ചും  പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും  അന്വേഷണങ്ങളുടെ ഒരു നീണ്ട യാത്രയിലാണ് ഇവിടെ ഗാലിബ്. സുമുഖികളായ കാമിനിമാരുടെ പ്രണയാതുരമായ ചേഷ്ടകൾ, അവരുടെ വശ്യമായ നോട്ടങ്ങൾ, മനോഹരമായ കാർക്കൂന്തലുകൾ...ഈ പ്രലോഭനങ്ങളൊക്കെയും നീ തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് ദൈവത്തോട് കയർക്കുന്ന കവി  പ്രകൃതിയുടെ ഹരിതാഭമായ വിന്യാസവും വർണ്ണാഭമായ പൂക്കളും
കാരിരുൾ മേഘങ്ങളും കാറ്റും  കോളുമൊക്കെയും കണ്ടു അവന്റെ സൃഷ്ടിപ്പിൽ അത്ഭുതം കൂറുകയും ചെയ്യുന്നു.

സ്വജീവൻ തന്നെ നിന്നിൽ ഹോമിക്കുന്നതിനപ്പുറമൊരു പ്രാർത്ഥനയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഗാലിബ് ഒരു സൂഫിയുടെ ദൗത്യമെന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഈ ഗസലിൽ.

ഇനി ഗസലിലൂടെ.....


ദിലെ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ 
ആഖിർ ഇസ് ദർദ് കീ ദവാ ക്യാ ഹേ 

ഹം ഹേൻ മുഷ്താഖ് ഓർ വോ ബേസാർ 
യാ ഇലാഹീ യെ മാജ്റാ ക്യാ ഹേ 

ജബ് കി തുജ്ഹ് ബിൻ നഹീ കൊയീ മൗജൂദ് 
ഫിർ യെ ഹന്ഗാമ ഏയ്‌ ഖുദാ ക്യാ ഹേ 

മേം ഭി മുഹ് മേ സബാൻ രഖ്താ ഹൂം 
കാഷ് പൂച്ഹോ കി മുദ്ദാ ക്യാ ഹേൻ 

യെ പരീ ചെഹരാ ലോഗ് കേസേ ഹേൻ  
അംസ:  വോ ഇഷവാ വോ അദാ ക്യാ ഹേൻ 

ശിക്നെ സുൽഫെ അംബരീ ക്യോം ഹേൻ 
നിഗാഹെ ചഷ്മെ സുറുമാ സാ ക്യാ ഹേൻ 

സബ്സ വോ ഗുൽ കഹാ സെ ആയേ ഹേൻ 
അബ്ര് ക്യാ ചീസ് ഹേ ഹവാ ക്യാ ഹേ 

ജാൻ തും പർ നിസാർ കർതാ ഹൂം 
മേം നഹീ ജാൻതാ ദുആ ക്യാ ഹേ 

ഹം കൊ ഉസ് സെ വഫാ കീ ഹേൻ ഉമ്മീദ് 
ജോ നഹീ ജാന് തേ  വഫാ ക്യാ ഹേ 

ഹാ ഭലാ കർ തേരാ ഭലാ ഹോഗാ
ഓർ ദർവീഷ് കീ സദാ ക്യാ ഹേ 

മേം നെ മാനാ കീ കുഛ് നഹീ ഗാലിബ് 
മുഫ്ത് ഹാത് ആയേ തോ ബുരാ ക്യാ ഹേ     


ആശയം സംഗ്രഹിച്ചു നോക്കാം: 


നിഷ്കളങ്ക ഹൃദയമേ നിനക്ക് പറ്റിയതെന്താണ് ?
ഒടുക്കമീ വ്യഥകൾക്കൊക്കെയുമുള്ള മരുന്നെന്താണ് ?

പ്രതീക്ഷാഭരിതനായ് ഞാൻ, വിരക്തിയിലാണ്ട് അവൻ 
എന്റെ നാഥാ, ഈ സംഭവിക്കുന്നതൊക്കെയുമെന്താണ് ?

നീയില്ലയെങ്കിൽ ഒന്നുമേയില്ലെന്നാകുകിൽ 
ദൈവമേ പിന്നെയീ ചെയ്തികളൊക്കെയുമെന്തിനാണ് ? 

എന്റെ വായിലും ഒരു നാവിരിപ്പുണ്ടല്ലോ 
എനിക്കെന്തു പറയാനുണ്ടെന്നൊന്ന് തേടിയിരുന്നെങ്കിൽ 

ഈ കാണുന്ന സുമുഖികളൊക്കെയും  ആരാണ് ?
ആ കണ്ണിറുക്കലും കൊഞ്ചലും വശീകരണ ചേഷ്ട്ടകളുമെന്തിനാണ് ?

ഈ കാർവർണ്ണച്ചുരുൾമുടികളെന്തിനാണ് ?
സുറുമക്കണ്ണാലുള്ള കടാക്ഷങ്ങളെന്തിനാണ് ?

ഈ ഹരിതലതാതികളും പൂക്കളും എവിടെ നിന്നാണ് ?
ഈ മേഘപടലങ്ങളും മാരുതനുമൊക്കെയെന്താണ്?
   
സർവ്വസ്വവും നിനക്കായ് ഹോമിക്കുന്നു ഞാൻ
അതിനപ്പുറം ഒരു പ്രാർത്ഥനയെന്തുണ്ടാവോ?

ഞാനവരോട് വിശ്വസ്തനായിരിക്കുന്നു തീർച്ച 
വിശ്വസ്തതയെന്തെന്നറിയാത്തവരാകിലും 

ഹേ, നന്മ ചെയ്യൂ, നിന്നിലും നന്മ ഭവിച്ചിടും 
ഇത് മൊഴിയലല്ലാതെ സൂഫിയുടെ ദൗത്യമെന്താണ് ?

ഈ ഗാലിബ് ഒന്നുമല്ലായെന്നറിയാമെങ്കിലും 
സൗജന്യമായി കിട്ടുന്നെങ്കിൽ നഷ്ടമെന്താണ്?  


ഗാലിബ് ഒരു സൂഫിയെപ്പോലെ കടന്നു പോയി,  ചിന്തകളിലേക്ക് ഒട്ടേറെ ചോദ്യങ്ങളെറിഞ്ഞ്. മെഹ്ദി ആ അന്വേഷണങ്ങളെ രാഗങ്ങളിൽ പൊതിഞ്ഞ് നമ്മിലേക്ക്‌ പകർന്നു, അനശ്വരരായ രണ്ട് ലെജന്റുകൾ ഒരുമിക്കുന്ന അപൂർവ്വ സൃഷ്ടികൾ......



ഈ ഗസൽ മെഹ്ദി സാബ് ആലപിക്കുന്നത് ഇവിടെ കേൾക്കാം:

 

Tuesday, 16 April 2013

മെഹ്ദി പാഠങ്ങൾ - 8 : രഫ്താ രഫ്താ....


മെഹ്ദി ഗസലുകളിലൂടെയുള്ള  പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ്.

"പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ..." എന്ന് പ്രിയകവി വീരാൻകുട്ടി കുറിക്കുമ്പോൾ, അത് ഷഹബാസ് ഉള്ളുലച്ചു പാടുമ്പോൾ,
ഒക്കെയും നമ്മൾ തിരിച്ചറിവിന്റെ നീറ്റുപൊള്ളലിൽ ഉള്ളുലച്ചുരുത്തിരിയുന്ന ഒരാർത്തനാദം പുറത്തേക്കെടുക്കാനാകാതെ  മൗനത്തിൽ  പൊതിഞ്ഞു കെട്ടിപ്പൂട്ടി വെക്കാറില്ലേ?  അതിനാൽ നമ്മൾ പ്രണയത്തെക്കുറിച്ചല്ലാതെ എന്ത് പാടാൻ?

പ്രണയം പാടാൻ മെഹ്ദിയല്ലാതെ ഏതു  നാദം?

പ്രേയസ്സി എന്നത്  വേറിട്ടൊരു ഉടലും ഉള്ളുമായി നില്ക്കുന്നു എന്നല്ലാതെ എപ്പോഴെങ്കിലും അവൾ നിങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടോ? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്ന തട്ട് വ്യവസ്ഥിതിക്കപ്പുറം അധികാരാധീശത്വങ്ങളുടെ ഗ്രാവിറ്റി ഭേദിച്ച്    അപ്പൂപ്പൻതാടികളായി എപ്പോഴെങ്കിലും നിങ്ങളൊരുമിച്ചു ഒരു രാവെങ്കിലും അനുഭൂതിയുടെ ആകാശങ്ങളിലേക്ക് പറന്നു പോയിട്ടുണ്ടോ?

ഇല്ലെങ്കിൽ ഈ ഗസലിലേക്ക്‌ മടങ്ങി വരിക. മെഹ്ദിയെന്ന പ്രേമഗായകന്റെ കൂടെ ഈ രാഗനൗകയിൽ കയറുക. ഔപചാരികതകളും അധീശത്വഭാവങ്ങളും ഈ ആഴിയുടെ ആഴങ്ങളിലേക്കുപേക്ഷിക്കുക. എന്നിട്ട് രണ്ട് അസ്തിത്വങ്ങൾ എങ്ങനെയാണ് ഒന്നായി പരിണമിക്കുന്നതെന്ന് അനുഭവിച്ചറിയുക.

രഫ്താ രഫ്താ വൊ മേരീ  ഹസ്തീ കാ സാമാ  ഹോ ഗയേ.....


ഈ ഗസലിന്റെ വരികൾ യഥാർത്ഥത്തിൽ ആരുടേതാണെന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു.  'സീനത്ത്' എന്ന പാകിസ്താനി സിനിമക്ക് വേണ്ടി തസ്ലീം ഫസ്ലി എഴുതിയ പാട്ടിന്റെ വരികളാണ് പിന്നീട് മെഹ്ദി ഹസ്സൻ സാബ്
ഗസൽ സതിരുകളിലൂടെ ആസ്വാദകരുടെ  പ്രണയതന്ത്രികളിലേക്ക് രാഗോർജ്ജമായി?? (അങ്ങനെയൊരു ഊർജ്ജം ഫിസിക്സിൽ കാണില്ല!) സംവേദനം ചെയ്ത് പോപ്പുലർ ആക്കിത്തീർത്തത്.

എന്നാൽ തസ്ലീം ഫസലി ഇതെഴുതുന്നതിനും ഒരു പതിറ്റാണ്ട് മുന്നേ ബസന്ത്
പ്രകാശിന്റെ സംഗീതത്തിൽ  ആശാജിയും മഹേന്ദ്ര കപൂറും  'ഹം കഹാ ജാ രഹേ ഹേ' എന്ന ഹിന്ദി സിനിമക്ക് വേണ്ടി ഇതേ വരികളോട് അങ്ങേയറ്റം
സാമ്യമുള്ള ഒരു പാട്ട് പാടിയിട്ടുണ്ട്‌.....,  അതെഴുതിയത് ഇന്ത്യൻ പാട്ടെഴുത്ത്
മേഖലയിൽ ഖമർ ജലാലാബാദി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന
അമൃത്സർ സ്വദേശി ഓം പ്രകാശ് ഭണ്ഡാരിയാണ്.

ആദ്യം തസ്‌ലീം ഫസലി 1976 -ൽ   'സീനത്ത്' എന്ന പാകിസ്താനി ചിത്രത്തിന്
വേണ്ടിയെഴുതിയ പാട്ട് കേട്ട് നോക്കാം. ഈ സിനിമക്ക് വേണ്ടി പാടിയതും മെഹ്ദി സാബ് തന്നെയാണ്:






ഇനി അതിനും പത്തു വർഷങ്ങൾക്കു മുന്നേ 1966-ൽ ഖമർ ജലാലാബാദി  'ഹം കഹാ ജാ രഹേ ഹേ' എന്ന ഇന്ത്യൻ സിനിമക്ക് വേണ്ടി എഴുതിയ പാട്ട് കേട്ട് നോക്കൂ :


രണ്ടു പാട്ടുകളുടെയും വരികൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും, തസ്‌ലീം ഫസലി കോപ്പിയടി എന്ന ആഗോള പ്രതിഭാസത്തിൽ സാധാരണ ആരും കാണിക്കാറുള്ള സ്വന്തം പ്രതിഭയുടെ കരവിരുത് പോലും കാണിക്കാൻ മെനക്കെടാതെ ഖമർ ജലാലാബാദിയുടെ വരികളിൽ നിന്നും  ഏറെക്കുറെ ഈച്ചകോപ്പി അടിക്കുകയായിരുന്നു.

ഈ പാട്ടിനെ പിന്നെയും വെറുതെ വിടാൻ തയ്യാറാകാതെ പോയ ചരിത്രവും നമുക്കുണ്ട്. മെഹ്ദി സാബിന്റെ ഏറ്റവും ജനകീയമായ ഒരു ഗീതകം എന്നതിനാൽ തന്നെ ഈ പാട്ടിന്റെ വരികൾ ഏവർക്കും ഒരുപക്ഷെ മനപ്പാഠമായിരിക്കും. പോരാത്തതിന് ഇതിന്റെ വരികൾക്കുള്ള യഥാർത്ഥ
ക്രെഡിറ്റ് ആർക്കവകാശപ്പെട്ടതാണെന്നതിനെക്കുറിച്ച്  ഇന്ത്യാ-പാകിസ്താൻ  അതിർത്തി തർക്കം പോലെ തന്നെയുള്ള ഒരു വിവാദം
ഇരു രാജ്യങ്ങളിലെയും ഗസൽ പ്രേമികൾക്കിടയിൽ നിലനിൽക്കുന്നുമുണ്ട്.
ഇത്രയൊക്കെയായിട്ടും ബോളിവുഡിൽ നമ്മുടെ സ്വന്തം പാട്ടെഴുത്തുകാരൻ
സമീർ ഈ പാട്ടിന്റെ വരികളെ സമർത്ഥമായി വീണ്ടും കോപ്പിയടിച്ചു
എന്നതാണ് രസം. ആമിർഖാനും മമത കുൽക്കർണിയും അഭിനയിച്ച 1995-ൽ  ഇറങ്ങിയ  ആശുതോഷ് ഗവാർകറിന്റെ  'ബാസി' എന്ന ചിത്രത്തിന്
വേണ്ടിയാണ് സമീർ ഇങ്ങനെയൊരു കരവിരുത് കാണിച്ചത്. അനു മാലികിന്റെ സംഗീതത്തിൽ അൽക യാഗ്നിക്കും ഉദിത് നാരായണും ചേർന്ന് പാടിയ  ആ പാട്ടിൽ പക്ഷെ തസ്ലീം ഫസലിയെപ്പോലെ പ്രതിഭാരാഹിത്യം
സമീർ കാണിച്ചില്ല.  വിദഗ്ദ്ധമായി സമീർ അദ്ധേഹത്തിന്റെ ക്ലാസ് കാണിച്ചു ആ പാട്ടെഴുത്തിൽ എന്നതാണ് ശരി.  'രഫ്താ രഫ്താ' എന്ന് തുടങ്ങുന്നതിന്
പകരം അദ്ധേഹം 'ധീരേ ധീരേ' എന്നാക്കി.
ഏതു പോലെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ജോണ്സൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടിയ 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി....' എന്ന ഓ എൻ വിയുടെ വരികളെടുത്ത്‌ അതിലെ 'മെല്ലെ മെല്ലെ' എന്നത് വെട്ടി 'പയ്യെ പയ്യെ ...' എന്നാക്കിയാലെങ്ങിനെയിരിക്കും,
അതു തന്നെ!

ആ പാട്ട് താഴെ കേൾക്കാം:



ഏതായാലും മുഴുവനായും  പതിച്ചെടുക്കാതെ  കുറെ വരികൾ സ്വന്തമായി തന്നെ ചേർത്തിട്ടുള്ളതിനാൽ നമുക്ക് സമീറിനെ വെറുതെ വിടാം.
കൈഫി ആസ്മി, ജാവേദ്‌ അഖ്തർ, ഗുൽസാർ തുടങ്ങിയ നമ്മുടെ പ്രിയപ്പെട്ട
എഴുത്തുകാരുടെ നിരയിൽ തന്നെ നിർത്താവുന്ന പ്രതിഭയുള്ള ഒരാളാണ്
സമീർ എന്നത് എത്രയോ മികച്ച പാട്ടുകളിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.


പാട്ടിന്റെ യഥാർത്ഥ കർത്താവ് ആരുമാവട്ടെ, നമ്മളിലേക്കതെത്തിയത് മെഹ്ദിയെന്ന മാധ്യമത്തിലൂടെയാണ്.  അത് കൊണ്ട് തന്നെ നമ്മൾ ആ മാന്ത്രിക വീചികളിലേക്ക് തിരിച്ചു നടക്കുന്നു.



രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ 
പെഹലെ ജാൻ ഫിർ ജാനെ ജാൻ ഫിർ ജാനെ ജാനാ ഹോ ഗയേ  

ദിൻ ബെ ദിൻ ബഡ്തീ ഗയീ ഇസ് ഹുസ്ന് കീ രഅനാഇയാം 
പെഹലെ ഗുൽ ഫിർ ഗുൽ ബദൻ ഫിർ ഗുൽ ബെ ദാമൻ ഹോ ഗയേ 

ആപ് തോ നസ്ദീക് സെ നസ്ദീക് തർ ആതേ ഗയേ 
പെഹലെ ദിൽ ഫിർ ദിൽറുബാ ഫിർ ദിൽ കെ മെഹമാൻ ഹോ ഗയേ 

പ്യാർ ജബ് ഹദ് സേ ബഡാ സാരേ തകല്ലുഫ് മിട്ട് ഗയേ 
ആപ് സേ ഫിർ തും ഹുയേ ഫിർ തൂ കാ ഉൻവാൻ ഹോ ഗയേ 



ആശയം സംഗ്രഹിച്ചു നോക്കാം:


മെല്ലെ മെല്ലെ  അവളെന്റെ അസ്തിത്വത്തിന്റെ ഭാഗമായി
ജീവനായ് പിന്നെ ജീവന്റെ ജീവനായ് പിന്നെയിഷ്ടപ്രാണേശ്വരിയായി

അനുദിനം അവളാം  അഴകിന്റെ പൊലിവേറിയേറി വന്നൂ
പൂവായ് പിന്നെ പൂവുടലായ് പിന്നെയടിമുടി ഒരു പൂമരമായി ‌

അവളെന്നിലേക്കനുസ്യൂതം അടുത്തു കൊണ്ടേയിരുന്നു
മനമായ്‌ പിന്നെ മനസ്സ്വിനിയായ് ഒടുക്കം ഹൃത്തിന്റെ അതിഥിയായി  

പ്രണയമതിരുകൾക്കപ്പുറമേറുമ്പോൾ ഔപചാരികതകൾ മാഞ്ഞുപോകുന്നു
താങ്കളെന്നത് നിങ്ങളായും പിന്നെയത് നീയെന്നയിനമായും പരിണമിക്കുന്നു  


ഈ ഗസൽ കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇനി വീണ്ടും ഒന്നുകൂടി കേൾക്കൂ, വരികളിലെ അനുരാഗഗാഥയുടെ മാധുര്യമറിഞ്ഞു കൊണ്ട്...
രണ്ടുടലുകൾ ഒരസ്തിത്വമാകുന്നതിന്റെ പ്രണയരസതന്ത്രം അനുഭവിച്ചറിയാം ഈയൊരു യാത്രയിൽ....

മെഹ്ദി പാഠങ്ങളിലൂടെ ഇതുവരെയുള്ള നിങ്ങളുടെ യാത്രയെക്കുറിച്ച് ഇവിടെ കുറിക്കുക,നമ്മൾ അറിയാനാഗ്രഹിക്കുന്ന മെഹ്ദി ഗസലുകൾ ഇവിടെ കൊണ്ടു വരിക. നമുക്കൊന്നിച്ച്‌ ആ നാദസാഗരത്തിൽ മുത്തുകൾ തേടി ഊളിയിടാം.

വീണ്ടും വരാം, മറ്റൊരു മെഹ്ദി പാഠവുമായി....   ശുഭം!


ഈ ഗസൽ മെഹ്ദി ഹസ്സൻ സാബ് കണ്‍സേർട്ടിൽ ആലപിക്കുന്നത് താഴെ കേൾക്കാം:  



Thursday, 4 April 2013

ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ - അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം

                                              
                                           

കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക്‌ പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല് അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.

Wednesday, 13 March 2013

മെഹ്ദി പാഠങ്ങള്‍ - 7 : സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ...


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും മെഹ്ദിയിലേക്ക് തിരിച്ചു നടക്കുന്നു. ഇത്തവണ പ്രണയിനിക്ക് മുന്നില്‍ തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ഒരു  അഫിഡവിറ്റ് തന്നെ സമര്‍പ്പിക്കുന്ന കാമുകന്റെ ചിത്രം തന്റെ ശബ്ദവീചികള്‍ കൊണ്ട് 
വരച്ചിടുകയാണ്  മെഹ്ദി സാബ്. ഖതീല്‍ ശിഫായിയുടെ ലളിതവും സുഗ്രാഹ്യവുമായ വരികള് മെഹ്ദി യുടെ ആലാപന വൈവിധ്യം കൊണ്ട് അങ്ങേയറ്റം പോപ്പുലര്‍ ആയി മാറുകയായിരുന്നു. ‍ 'ഗസല്'‍ എന്ന പദത്തിന് കല്പ്പിക്കപ്പെട്ടിട്ടുള്ള ഒരര്‍ത്ഥം 'പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിക്കുന്നത്' എന്നാണ്. ആ അര്‍ത്ഥത്തിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗസലായി  ഈ വരികളെ കാണാം.  

Sunday, 2 December 2012

മെഹ്ദി പാഠങ്ങള്‍ - 6 : ഗുലോം മേ രംഗ് ഭരേ.....

ഫൈസ് അഹമ്മദ്‌ ഫൈസ്
  മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇനി നമ്മള്‍ കടന്നു പോകുന്നത്  ഉര്‍ദു
കാവ്യശാഖയെ വിപ്ലവാത്മകമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച ഫൈസ്
അഹമ്മദ്‌ ഫൈസിന്റെ പ്രസിദ്ധമായ ഒരു ഗസലിലൂടെയാണ്. 
ഒരു ഗസലിനു വേണ്ട സാഹിത്യപരമായ എല്ലാ ലക്ഷണങ്ങളും
 പാലിച്ചെഴുതപ്പെട്ടതാണ് ഇത്. 

റാദിഫ് -അഥവാ എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത്
ഒരേ വാക്കിലാകുക എന്നത്- 'ചലേ' എന്ന വാക്കിലൂടെ  റാദിഫ്  ഇവിടെ പാലിക്കപ്പെട്ടത്‌ കാണാം. 

മത് ലാ - അഥവാ ആദ്യത്തെ ഈരടിയുടെ രണ്ടു വരികളിലും അവസാനം
റാദിഫ് ഉണ്ടാവുക എന്നത് - 'ചലേ' എന്ന വാക്ക് ആദ്യ ഈരടിയുടെ
രണ്ടു വരിയുടേയും അവസാനത്തില്‍ വരുത്തി മത് ലാ  പാലിക്കപ്പെട്ടിരിക്കുന്നു. 

കാഫിയാ - അഥവാ എല്ലാ ഈരടികളുടെയും റാദിഫിന് തൊട്ടു മുന്നേയുള്ള
വാക്ക് ഒരേ പ്രാസത്തില്‍ ഉള്ളതാവുക എന്നത് - കാറോബാര്‍, സിക്റെ-യാര്‍,
മുശ്ക്ബാര്‍, ഗംഗുസാര്‍, സന്‍വാര്, താര്‍ താര്‍, സൂയെ-ദാര്‍ തുടങ്ങിയ പ്രാസമൊപ്പിച്ച വാക്കുകളിലൂടെ  (വാക്കുകളുടെ സങ്കലിതപ്രയോഗങ്ങളുമാകാം) പാലിക്കപ്പെട്ടത്‌ കാണാം.  ‍ 

മഖ്താ- അഥവാ അവസാന ഈരടിയില്‍ കവി തന്റെ തൂലികാനാമം വിദഗ്ദ്ധമായി
ഇണക്കി ചേര്‍ക്കുന്നത്- അവസാന ഈരടിയുടെ ആദ്യ വരിയില്‍ 'ഫൈസ്' എന്ന് ചേര്‍ത്തിരിക്കുന്നത് ഈ ഗസലിന്റെ രചയിതാവ് ഫൈസ് അഹമ്മദ്
ഫൈസ് അദ്ധേഹത്തിന്റെ നാമം മഖ്താ പാലിക്കാന്‍ വേണ്ടി ചേര്‍ത്തതാണ്. 

Wednesday, 14 November 2012

മെഹ്ദി പാഠങ്ങള്‍ - 5 : അപ്നോ നെ ഗം ദിയെ തോ മുജ്ഹെ യാദ് ആ ഗയാ...


 അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള്‍ സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ  കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍ 
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന്‍ /അപരിചിത, അവരുടെ സാമീപ്യം നമ്മെ 
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും 
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത്‌  മാത്രം പറയാതെ 
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്‍/അവന്‍ സമീപത്തു നിന്നും  അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്‍) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ. 
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട് 
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍ 
പിന്നെയും ആ പഴയ അപരിചിത(ന്‍)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
പോലെ മനസ്സ് തിരിഞ്ഞു നില്‍ക്കും.  

Sunday, 11 November 2012

മെഹ്ദി പാഠങ്ങള്‍ -4: തേരെ ഭീഗെ ബദന്‍ കീ ഖുശ്ബൂ സെ........


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇത് വരെയും നമ്മള്‍ പിന്നിട്ടു പോയത് വിരഹത്തിന്റെയും പ്രണയനഷ്ടങ്ങളുടെയും ഹൃദയവേദനകളുടെയും വഴികളെയാണ്‌ . ഇനി നമുക്കൊന്ന് വഴി മാറി നടക്കാം. പ്രണയിനിയുടെ അംഗലാവണ്യത്തില് മദോന്‍‍മത്തനായ ഒരു കാമുകന്റെ ആവിഷ്കാരമാണ് ഈ ഗസല്‍. നനഞ്ഞൊട്ടിയ പ്രേയസ്സിയുടെ മെയ്യിന്റെ സുഗന്ധം നുകര്‍ന്ന് മതിമറന്നു പോയ തിരകളേയും  അവളുടെ മുടിയിഴകളില്‍ തഴുകിയകന്നതോടെ   ലഹരിയില്‍ മയങ്ങി നിന്ന കാറ്റിനെയുമൊക്കെപ്പറ്റി പാടുമ്പോള്‍ മെഹ്ദി സാബിന്റെ ശബ്ദം അങ്ങേയറ്റം കാതരമാകുന്നു.
പട്ടു പോലുള്ള ആ   ശബ്ദത്തിന്റെ തൂവല്‍ സ്പര്‍ശം ഏതൊരു കാമുകന്റെയും മനസ്സിലേക്ക് മഴയില്‍
നനഞ്ഞൊട്ടിയ പ്രണയിനിയുടെ ചിത്രം കൊണ്ട് വരുന്നു.  

Wednesday, 10 October 2012

മെഹ്ദി പാഠങ്ങള്‍ -3 : രഞ്ജിഷ് ഹീ സഹീ....


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ അടുത്തത് ജനപ്രിയ മെഹ്ദി 
ഗസലുകളെക്കുറിച്ച്  പറയുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന 
അഹമ്മദ് ഫറാസിന്റെ 'രഞ്ജിഷ് ഹീ സഹീ.....' ആണ്. ഒരു പക്ഷെ 
മെഹ്ദി സാബ് വേദികളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ച ഗസലും 
ഇതായിരിക്കാം.

 
ചില ബന്ധങ്ങള്‍ കണ്ടിട്ടില്ലേ, അസൂയ ജനിപ്പിക്കും വിധം അനുരാഗത്തിന്റെ
ആഴക്കടലില്‍ നീരാടി വന്നു പ്രതിബന്ധങ്ങളെയൊക്കെയും അതിജയിച്ചു  
ജീവിതത്തില്‍ ഒന്നായവര്‍, അപ്രതീക്ഷിതമായി, നമ്മെയൊക്കെ അമ്പരിപ്പിച്ചു
ഒരു നാള്‍ വേര്‍പിരിഞ്ഞു പോകുന്നത്!അവയില്‍ തന്നെ ഭൂരിഭാഗവും 
മാനസികമായി അകന്നു കഴിഞ്ഞിട്ടും ചുറ്റുമുള്ള സമൂഹത്തിന്റെ കണ്ണില്‍ 
തങ്ങളുടെ പ്രണയനാളുകളിലെ  തീവ്രത ഇപ്പോഴും ജീവിതത്തിലും 
നിലനില്‍ക്കുന്നു എന്ന് വെറുതെ ബോധ്യം വരുത്താന്‍ വേണ്ടി ഒരേ കൂരയില്
‍ഹൃദയാതിര്‍ത്തികള്‍ക്കപ്പുറവുമിപ്പുറവുമായി ശിഷ്ടജീവിതം അഭിനയിച്ചു
തീര്‍ക്കുന്നവരാണ്.

Tuesday, 2 October 2012

മെഹ്ദി ‍പാഠങ്ങള്‍ - 2 : അബ് കെ ഹം ബിച്ടെ.....




മെഹ്ദിയിലേക്കുള്ള യാത്ര നമ്മള്‍ തുടരുകയാണ്.  ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന്‍ ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം  ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ  ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ് 
ഭൂപാലി  രാഗത്തില്‍ അല്പം മാറ്റം വരുത്തി  ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്‍സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച്  നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
 ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
ഈ ഗസലിലൂടെ.     

Saturday, 15 September 2012

മെഹ്ദി പാഠങ്ങള്‍ - 1: ആ ജീവിതഗാനം മെഹ്ദി പാടുമ്പോള്‍.......

      



 പ്രവാസം ചുമരില്‍ തൂങ്ങുന്ന  മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....


ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള് തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.

അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍  ഹൃദയാര്‍ദ്രതയുടെ നനവ്‌ ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ  ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.

Sunday, 5 August 2012

ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍

    
       കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ  ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം  കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
 അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ   ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.

എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും  പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ,  പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും 
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക്‌ കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:

 "എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"  

അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ്  വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍  സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ  ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ്  ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ  ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.

Wednesday, 13 June 2012

തേരീ മെഹ്ഫില്‍ മേം ലേകിന്‍ ഹം ന ഹോന്ഗെ....


    രാജസ്ഥാന്റെ ശേഖാവതി  ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ
 ആ മഹാഭേരി ആര്‍ത്തലച്ചു വന്ന്   84  വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക് 
കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍  കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി  കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ  ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും
 തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം  ഒരു വരി പോലും പാടാന്‍ ആകാതെ. 
   
ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട്  മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു  ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍‍മല്യമുള്ള  ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും  
ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു
റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ  അത്ഭുതത്തോടെ 
നോക്കി നിന്ന  ആരാധകരോടദ്ദേഹം പറഞ്ഞു: " ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍ 
കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം".

Saturday, 19 May 2012

സ്റ്റാലിനും വിജയനും തമ്മിലെന്ത് ?

      
      

  ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍‍ ചരടുകളുടെ 
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം. 
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും  വായപ്പടച്ചി  റഫീക്കുമൊക്കെ  ഇത്തരം പാവകളാണ്. 
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും.  അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന് 
വരുന്നു. 


 എന്ത്  കൊണ്ടാണ്  ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത് 
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന്   ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍  ഒന്നാണ് ഇന്ത്യയിലെ സി. പി. എം. 

Friday, 13 April 2012

കണി

പൊന്‍വെയില്‍ പൂക്കുന്ന
മേടപ്പുലരിയിലേക്ക്
‍രാവ്  മിഴി തുറക്കെ
ഇരുട്ട് പാര്‍ക്കുന്ന
അകത്തെ മുറിയില്‍  
മരപ്പലകയിട്ട്
ചെമ്പട്ട്  വിരിച്ചു
പൊന്നുരുളി നിറയെ 
പിടിയരിമണികള്‍
ഒരു ചെമ്പരത്തിപ്പൂ
അരമുറി തേങ്ങ 
ഒരു പടന്ന ഏത്തയ്ക്ക  
ചന്ദനം പടര്‍ത്തി തിരികള്‍
സ്വര്‍ണ വെള്ളരി 
ഇത്തിരി കൊന്നപ്പൂ 
ഒറ്റരൂപാ നാണയങ്ങള്
അഞ്ചാറു വെറ്റില
മടക്കിവെച്ച പട്ടുകോടി
കുഴലൂതി നില്‍ക്കുന്ന 
കണ്ണനു  കാവലായി 
എണ്ണത്തിരിയിട്ട് പകര്‍ന്ന 
രണ്ടു നിലവിളക്കുകള്‍ 
കണ്ണ് പൊത്തി
 തപ്പി തടഞ്ഞു
ഇടനാഴി പിന്നിട്ടു 
കണിയൊരുക്കിയ
അകത്തെ മുറിയിലേക്ക് 
ഇനി  മിഴി തുറന്നാലും
സ്നേഹസമൃദ്ധിയുടെ
പുതു പുലരിയിലേക്ക്.... 
(ഒറ്റമൈനയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍)  

Wednesday, 11 April 2012

പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)


ഞാനെന്തിനാണ് മൌനിയായിരുന്നത്,
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍ 
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും 

അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം 
ഇറാനികള്‍ക്ക്  നാശം വിതക്കുവാനെന്നത് 
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി 
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്‌ 
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം

അതെ, ഞാനെന്തിനു മടിക്കണം 
ആ നാടിന്റെ പേര് പറയാന്‍ 
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ 
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ 
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത  
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍

Tuesday, 3 April 2012

വേനല്‍ ഡയറി


പുഴയെന്നോ ആറെന്നോ പേര് വിളിക്കും 
നൂല് പോലെയെന്തോ ബാക്കിവെച്ച്
ഓരോവ്ചാല്‍ കണക്കെ ശുഷ്കിച്ച് 
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ 
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം  
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി 
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത്‌ മലച്ചങ്ങനെ... 

നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി 
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍   
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത  വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ  ഉറവ നിലച്ച തരിശില്‍ പിന്നെയും...   

ചുവപ്പ് കറുപ്പ്  മഞ്ഞ  പച്ച  
തുമ്പൊടിഞ്ഞ  ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍  
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും  
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി

ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി  തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും 
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും 
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

LinkWithin

Related Posts Plugin for WordPress, Blogger...